UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

സന്ധി ചെയ്യലുകളുമായി സന്ധിയാവാമെങ്കിൽ അങ്കിളിനു കയറാം

സദാചാര പോലീസിങ്ങും അതിനിരയാക്കപ്പെടുന്നവരുടെ ജീവിതവും അനുഭവ പരിസരങ്ങളും ഒക്കെ സാമൂഹ്യ പ്രസക്തി ഉള്ള വിഷയങ്ങൾ തന്നെയാണ്. അത് സിനിമ പോലൊരു ശക്തമായ മാധ്യമത്തിലൂടെ പറയുന്നത് തീർച്ചയായും പ്രേക്ഷകരെ സ്വാധീനിക്കുമെങ്കില്‍ നല്ലതുതന്നെ

അപര്‍ണ്ണ

ഈയടുത്തായി മമ്മൂട്ടിയോളം റിലീസുകൾ തുടരെ ഉള്ള സൂപ്പർസ്റ്റാർ ഇന്ത്യയിൽ തന്നെ ഉണ്ടോ എന്ന് സംശയമാണ്. ബോക്സ് ഓഫീസും പ്രേക്ഷകരും അത്ര കണ്ടു സ്വീകരിക്കാത്ത ഒരു നിര ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഇപ്പോൾ പുറത്തു വരുന്നത്. ഇതിനു ഒരു ഇടവേള ഉണ്ടാകും എന്ന പ്രതീക്ഷ അങ്കിൾ എന്ന സിനിമയെ കുറിച്ച് ആദ്യമായി വാർത്ത കേൾക്കുമ്പോൾ മുതൽ പ്രേക്ഷകർക്കുണ്ടായിരുന്നു. നവാഗതനായ ഗിരീഷ് ദാമോദറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സിനിമയുടെ വലിയ ഒരു ആകർഷണം ജോയ് മാത്യുവിന്റെ തിരക്കഥ എന്നതായിരുന്നു. ഷട്ടർ എന്ന ശ്രദ്ധിക്കപ്പെട്ട സിനിമക്ക് ശേഷം ആണ് അദ്ദേഹം തിരക്കഥ എഴുതുന്നത്. ഷട്ടറിനു പ്രേക്ഷകർ നൽകിയ സ്വീകരണമായിരുന്നു അങ്കിളിന്റെ പ്രതീക്ഷ. മമ്മൂട്ടിയുടെ പതിവ് അടിപിടി ഹീറോ കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ എന്തൊക്കെയോ ഉണ്ടെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്ന ഒന്നായിരുന്നു സിനിമയുടെ ട്രെയിലറും. വില്ലൻ ഛായയിൽ ഉള്ള ഒരു കഥാപാത്രമെന്ന സൂചനകൾ ആണ് സിനിമയെ സംബന്ധിച്ച ചർച്ചകളിൽ ഉയർന്നു വന്നത്. മമ്മൂട്ടി എന്ന താരത്തെക്കാൾ കൂടുതൽ നടനെ ഉപയോഗിച്ച സിനിമ എന്നതും അങ്കിളിലേക്ക് ഒരു വിഭാഗം പ്രേക്ഷകരെ ആകർഷിച്ച ഘടകമായിരുന്നു.

മൈ ഡാഡ്സ് ഫ്രണ്ട് എന്ന വിശദീകരണം ഉണ്ട് അങ്കിളിന്റെ ടൈറ്റിൽ കാർഡ് മുതൽ. എന്റെ അച്ഛന്റെ കൂട്ടുകാരൻ എന്നത് ദുരൂഹതകൾക്കും വ്യാഖ്യാനങ്ങൾക്കും ഒരുപാടു സാധ്യതകൾ തരുന്നുണ്ട്. അങ്ങനെ ഒരു ഊഹത്തിനുള്ള സാധ്യതകളെ നൽകി തന്നെയാണ് സിനിമ തുടങ്ങുന്നത്. ശ്രുതി (കാർത്തിക മുരളീധരൻ) ഊട്ടിയിലെ ഒരു കോളേജ് വിദ്യാർത്ഥിനി ആണ്. അപ്രതീക്ഷിതമായി ഒരു സമരത്തിനിടയിൽ അവൾ ഒറ്റപ്പെടുന്നു. തിരിച്ചു പോകാൻ വണ്ടികൾ കിട്ടുമെന്ന് ഉറപ്പില്ലാതെ അവൾ നിൽക്കുമ്പോൾ ആണ് അച്ഛന്റെ കൂട്ടുകാരൻ കൃഷ്ണകുമാർ മേനോൻ എന്ന കെ കെയെ (മമ്മൂട്ടി) കാണുന്നത്. അയാളുടെ കാറിൽ അവർ ഒന്നിച്ചു കോഴിക്കോട്ടേക്ക് യാത്ര തുടങ്ങുന്നു. ശ്രുതിയുടെ അച്ഛൻ വിജയന് (ജോയ് മാത്യു) പക്ഷെ കെ കെയെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല. സൗഹൃദ സദസ്സുകളിലും ആഘോഷങ്ങളിലും എല്ലാം കെ കെയുടെ സ്ത്രീകളോടുള്ള ആസക്തി പ്രധാന ചർച്ചാ വിഷയമാണ്. ഭാര്യയോട് (മുത്തുമണി) അങ്ങനെ ഒരു ചിത്രം നൽകാത്തത് കൊണ്ട് അവർ ആശങ്കകളില്ലാതെ മകളെ കാത്തിരിക്കുന്നു. അനിശ്ചിതത്വത്തിലൂടെ ആണ് പിന്നീട അവരുടെ യാത്ര. യാത്ര കുറച്ചു ദൂരം താണ്ടുമ്പോൾ പക്ഷെ അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടാവുന്നു. ആ യാത്രക്കിടയിൽ നടക്കുന്ന അപ്രതീക്ഷിതമായ വഴിത്തിരുവുകളിലൂടെയും വീട്ടിൽ ഉള്ള ശ്രുതിയുടെ അച്ഛനമ്മമാരുടെ കാത്തിരിപ്പിലൂടെയും ഭയങ്ങളിലൂടെയും മാറി മാറി സഞ്ചരിക്കുകയാണ് അങ്കിൾ.

ഒരു റോഡ് മൂവിയുടെ സാധ്യതകളെ ഉപയോഗിച്ച ത്രില്ലർ ഗണത്തിൽ പെട്ട സിനിമ ആണ് അങ്കിൾ എന്ന് പറയാം. സ്ത്രീജിതനായ കെ കെ സുഹൃത്തിന്റെ മകളോട് എങ്ങനെ പെരുമാറും എന്ന ആശങ്കയിലാണ് സിനിമയുടെ മുക്കാൽ ഭാഗവും സഞ്ചരിക്കുന്നത്. അയാൾ നല്ലവനാണോ കെട്ടവനാണോ എന്ന അന്വേഷണമാണ് ശ്രുതിയുടെ രക്ഷിതാക്കളെ പോലെ നമ്മളെയും മുന്നോട്ട് നയിക്കുന്നത്. ഊട്ടിയിൽ നിന്ന് കോഴിക്കോട് വരെ ദൂരം കൂടിയ വഴിയിലൂടെ ഉള്ള യാത്രയിൽ റോഡ് മൂവിയുടെ അംശങ്ങളുണ്ട്. പക്ഷെ ത്രില്ലർ സ്വഭാവം നിലനിർത്താൻ കെ കെയുടെ സ്വഭാവം സംബന്ധിച്ച സൂചനകളിലേക്ക് സിനിമ നീങ്ങുന്നുണ്ട്. ഷട്ടറിനു സമാനമായ ഒരു മുറുക്കം ആദ്യ പകുതിയിൽ ഉണ്ട്. അച്ഛന്റെ കൂട്ടുകാരൻ ആശയ കുഴപ്പം ഉണ്ടാക്കിയാണ് മുന്നോട്ട് നീങ്ങുന്നത്. അയാൾ ശ്രുതിയെ എങ്ങനെ കാണുന്നു എന്ന് സംബന്ധിച്ച അവ്യക്തതകൾ പ്രേക്ഷകരെ കുറച്ചൊക്കെ സംഘർഷത്തിലാക്കുന്നു. അരക്ഷിതമായ ഒരു പെൺയാത്രയുടെ എല്ലാ ആകുലതകളും ഈ ഭാഗത്തുണ്ട്. കൂട്ടുകാരുടെ ആഘോഷ ലോകത്തു നിന്നും മധ്യവർത്തി സമൂഹത്തിലെ വീട്ടമ്മമാർ എന്നും പുറത്താണ്. കെ കെയുടെ ഒഴുകിയുള്ള ജീവിതം വിജയനെ ഭ്രമിപ്പിക്കുന്നുണ്ട്. കുടുംബ സദാചാരത്തിൽ നിൽക്കുമ്പോളും സമാന്തരമായി കെ കെയുടെ ജീവിതത്തോട് അസൂയ കലർന്ന ആരാധന പുലർത്തുന്നവരാണ് അയാളുടെ സുഹൃത്സംഘം. മധ്യവർഗത്തിന്റെ സദാചാരം പാലിച്ചു നിൽക്കുന്ന ആ ആണുങ്ങളുടെ ആഗ്രഹം കൂടിയാണ് കെ കെ ജീവിച്ചു തീർക്കുന്നത്. അതുകൊണ്ടാണ് വിജയൻ അടക്കം എല്ലാവരും അയാളെ പിന്തുടർന്നത്. അയാളെ സംബന്ധിച്ച് ഒന്നുമറിയാതെ അയാളെ സുഹൃത്തായി കൂട്ടുന്നത്. ഇതുകൊണ്ട് കൂടിയാണ് മകൾ അയാളുടെ കൂടെ യാത്ര ചെയ്യുമ്പോൾ അയാൾക്ക് ഭയം ഭാര്യയോട് പങ്കു വെക്കാൻ കഴിയാത്തത്. തന്റെ സൗഹൃദത്തെ കുറിച്ച് അയാൾ കാണിച്ച കപടതയിലാണ് അയാളുടെ ഭാര്യയും മകളും സുരക്ഷിതത്വ ബോധത്തോടെ കെ കെക്കൊപ്പം നിൽക്കുന്നത്. ഇങ്ങനെ മുറുക്കമുള്ള ആദ്യ പകുതിയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കഥാപരിസരത്തേക്കാണ് രണ്ടാം പകുതിയിൽ അങ്കിൾ സഞ്ചരിക്കുന്നത്. റോഡ് മൂവി ത്രില്ലർ സ്വഭാവത്തിൽ നിന്ന് സിനിമ പുറത്തു കടക്കുന്നു. സാമൂഹ്യ പ്രസക്തിയിലേക്കും സന്ദേശം നൽകലിലേക്കും ഒക്കെ സിനിമ നടക്കുന്നു. ഇത് സിനിമയുടെ മൊത്തം മൂഡിനെ മാറ്റി പെട്ടന്ന് അവസാനിപ്പിക്കുന്നു. ആരാണ് നല്ലവർ ആരാണ് കെട്ടവർ തുടങ്ങിയ ചോദ്യങ്ങൾക്ക് സിനിമ വേറിട്ട ഉത്തരം നൽകാനാണ് ശ്രമിക്കുന്നത്. ആദ്യ പകുതിയുടെ സൂക്ഷ്മതയും ഈ ഭാഗത്ത് കൈവിടുന്നു. ഇവിടെ സിനിമ മമ്മൂട്ടി എന്ന നടനെ പൂർണമായും കൈവിടുകയും താരത്തോട് സമരസപ്പെടുകയും ചെയ്യുന്നു.

നമ്മുടെയൊക്കെ വീടുകളില്‍ കാണും ഓരോ അങ്കിള്‍മാര്‍: ജോയ് മാത്യു-അഭിമുഖം

സദാചാര പോലീസിങ്ങും അതിനിരയാക്കപ്പെടുന്നവരുടെ ജീവിതവും അനുഭവ പരിസരങ്ങളും ഒക്കെ സാമൂഹ്യ പ്രസക്തി ഉള്ള വിഷയങ്ങൾ തന്നെയാണ്. അത് സിനിമ പോലൊരു ശക്തമായ മാധ്യമത്തിലൂടെ പറയുന്നത് തീർച്ചയായും പ്രേക്ഷകരെ സ്വാധീനിക്കുമെങ്കില്‍ നല്ലതുതന്നെ. ആൺ പെൺ ബന്ധം ചോദ്യം ചെയ്യപ്പെടാത്ത ഇടങ്ങളും ഉണ്ടാവണം. ആൾക്കൂട്ടം ആൺകൂട്ടം, പെൺകുട്ടിയുടെ മുഖം ദൃശ്യത ഒക്കെ മലയാള സിനിമ സംസാരിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. ആ നിലക്ക് ഒരു ഇടം തീർച്ചയായും അങ്കിളിനു ഉണ്ട്. പക്ഷെ ‘മി ടൂ’ എന്ന് പെൺകുട്ടിയും നോട്ട് ഓൾ മെൻ എന്ന് പുരുഷനും ഒരേ സമയത്തു പറയുന്ന ബാലൻസിങ് പ്രശ്നവത്കരിക്കേണ്ടി വരും. നന്മമരമായ ഒരാളിലേക്ക് അയാൾ മാറുന്നു. ആൾക്കൂട്ടത്തെ തല്ലി തോൽപ്പിച്ച് എവിടെയോ നഷ്ടപ്പെട്ട ഹീറോയിസം പൂർണമായ ശക്തിയോടെ തിരിച്ചു വാങ്ങി ആണ് അങ്കിൾ അവസാനിക്കുന്നത്. ആണും പെണ്ണും കിടപ്പറയയിൽ ചെയ്യേണ്ടത് പൊതുസ്ഥലത്ത് ചെയ്യരുത് എന്ന് പറഞ്ഞ ആളെ സദാചാര പോലീസിങ്ങിനെ നേരിടാൻ വിളിക്കു൦ എന്ന് പറയുന്നിടത്തും സിനിമ മാസ്സ് ഹീറോയിസത്തോടു സന്ധി ചെയ്യുന്നു. അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ ഇല്ലയോ എന്നത് തീർത്തും വ്യക്ത്യധിഷ്ഠിതമാണ്. പക്ഷെ ജോയ് മാത്യുവിനെ പോലെ രാഷ്ട്രീയ ശരി തെറ്റുകളെ കുറിച്ച് ബോധ്യമുള്ള ആളുകൾ ഇത്തരം സന്ധി ചെയ്യലുകൾ നടത്തുന്നത് അത്ര സുഖമുള്ള അനുഭവമല്ല. സിനിമയുടെ നീളവും പ്രശ്നമാകുന്നുണ്ട്. ആ യാത്രയിൽ നിന്ന് പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിലേക്കുള്ള യാത്ര നീണ്ടു പോയ പോലെ തോന്നി.

മമ്മൂട്ടിയുടെ ആകാശം മുട്ടി ചാട്ടത്തിൽ നിന്ന് മോചനം ഉണ്ടെങ്കിലും നന്മമര കാഴ്ച അവശേഷിക്കുന്നുണ്ട്. സദാചാര പോലീസിനെതിരെ നിൽക്കുമ്പോഴും നോട്ട് ഓൾ മെൻ എന്ന് ന്യായീകരിക്കുന്നുണ്ട്. തലശ്ശേരിയിൽ നിന്ന് വിജയേട്ടൻ വിളിക്കുമെന്ന് പറഞ്ഞും ഒറ്റക്ക് നായകൻ മുഖത്തു തല്ലിയും കയ്യടികളെ ഏറ്റുവാങ്ങുന്നുണ്ട്. ഈ സന്ധി ചെയ്യലുകളുമായി സന്ധിയാവാമെങ്കിൽ അങ്കിളിനു കയറാം.

‘എന്താ ജോണ്‍സാ കള്ളില്ലേ, കല്ലുമ്മക്കായില്ലേ..’ മമ്മൂട്ടി പാടുന്നു/വീഡിയോ കാണാം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍