UPDATES

സിനിമ

ഏതു സിനിമ കാണാന്‍ പാടില്ല എന്നു പറയുന്നവര്‍ എന്തു കാണണമെന്നു പറയുന്ന കാലവും വിദൂരമല്ല

ഡോക്യുമെന്ററി സെന്‍സര്‍ഷിപ്പ് എന്നൊരു പദം കടന്നു വരുന്നു എന്നതാണ് ഭയപ്പെടുത്തുന്നത്- ഷോണ്‍ സെബാസ്റ്റ്യന്‍

ബി.സി 399-ല്‍, ഗ്രീക്ക് തത്വചിന്തകനായ സോക്രട്ടീസിന് ഒരു കോടതിയെ അഭിമുഖീകരിക്കേണ്ടി വന്നു. രാജ്യം അംഗീകരിച്ച ദൈവങ്ങളെ സോക്രട്ടീസും അനുയായികളും അനുസരിച്ചില്ല എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. രാജ്യം അംഗീകരിച്ച ദൈവങ്ങളില്‍ വിശ്വസിക്കാതിരുന്നതും യുവാക്കളെ വഴി തെറ്റിച്ചതും വലിയ കുറ്റമായി വിധിയെഴുതിയ ഏതന്‍സിലെ  കോടതി, നിറയെ വെള്ളപ്പൂക്കളുള്ള ‘ഹെംലോക്ക്’ എന്ന വിഷച്ചെടിയുടെ സത്ത് കുടിച്ച് സോക്രട്ടീസിനെ വധിക്കാന്‍ ആയിരുന്നു അന്ന് ഉത്തരവിട്ടത്. സോക്രട്ടീസിന്റെ മരണത്തില്‍ നിന്ന് കാലം സഹസ്രാബ്ദങ്ങള്‍ ഇപ്പുറത്തേക്ക് സഞ്ചരിക്കുമ്പോഴും, തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നിശബ്ദരാക്കാന്‍ ഭരണകൂടങ്ങള്‍ ഇപ്പോഴും ജാഗരൂകരാണ്.

സിനിമാ എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ പല ഭരണകൂടങ്ങളും അവ പ്രൊപ്പഗണ്ട ഉപകരണമായി ഉപയോഗിച്ചിട്ടുമുണ്ട്. നാസി ജര്‍മ്മനിയും സോവിയറ്റ് റഷ്യയുമെല്ലാം തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി സിനിമകളെ ആശ്രയിച്ചത് ഉദാഹരണം. അതുപോലെ തന്നെ നാസികളും സോവിയേറ്റ് റഷ്യയും നിരോധിച്ച എണ്ണമില്ലാത്ത സിനിമകളും ചരിത്രമാണ്. സോവിയേറ്റ് റഷ്യയുടേയും നാസി ജര്‍മ്മനിയുടേയും ഉള്‍പ്പെടുന്ന ഈ പട്ടികയിലേക്ക് സമീപകാലത്ത് ഇന്ത്യ നീങ്ങിയിട്ടുണ്ടോ എന്ന സംശയം ആരെങ്കിലും ഉന്നയിച്ചാല്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ല.

2015-ല്‍ മാത്രം ആറോളം സിനിമകള്‍ക്കാണ് ഇന്ത്യയില്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നേരിട്ട് പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുള്ളത്. അനുമതി നിഷേധത്തിന് നല്‍കിയ കാരണങ്ങള്‍ ആവട്ടെ, വളരെ വളരെ വിചിത്രവുമാണ്. ‘അണ്‍ഫ്രീഡം’ എന്ന സിനിമയ്ക്ക് അനുമതി നിഷേധിക്കാന്‍ കാരണമായി പറഞ്ഞത് അതില്‍ സ്വവര്‍ഗ്ഗാനുരാഗം പ്രമേയമായി വരുന്നു എന്നതായിരുന്നു. ഇത് സമൂഹത്തില്‍ പ്രകൃതിവിരുദ്ധമായ താല്‍പര്യങ്ങള്‍ക്ക് വഴി തുറക്കും എന്നും പ്രഖ്യാപിച്ചു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ക്ക’, മലയാള സിനിമയായ ‘ചായം പൂശിയ വീടുകള്‍’ എന്നിവയെല്ലാം ഇതുപോലെ തക്കതായ കാരണങ്ങളില്ലാതെ നിരോധിക്കപ്പെട്ട സിനിമകളാണ്. ‘മസ്റ്റിസാദെ’ പോലെ, സ്ത്രീകളെ ലൈംഗികോപകരണങ്ങളായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം കൊടുക്കുമ്പോഴാണ് ഇതെന്നോര്‍ക്കണം.

എന്നാല്‍ ഇന്ത്യയില്‍ പ്രദര്‍ശനാനുമതി പലപ്പോഴും നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ചലച്ചിത്ര മേലകളിലേക്ക് ഈ കത്രിക കൈകള്‍ കടന്ന് കയറാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. പൊതുപ്രദര്‍ശനാനുമതി നിഷേധിച്ചിട്ട് ചലിച്ചിത്ര മേളകളില്‍ കാണിച്ചിട്ടുള്ള സിനിമകളാണ് ചായം പൂശിയ വീടുകളും പാപ്പിലിയോ ബുദ്ധയും കാ ബോഡിസ്‌കേപ്പ്സുമെല്ലാം. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ നടന്ന കഴിഞ്ഞ അന്താരാഷ്ട്രാ ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലും ‘മുസാഫര്‍നഗര്‍ ബാക്കി ഹേ’ പോലെയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. നഗ്നത, രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍, ചീത്ത വിളികള്‍, ലൈംഗികത എന്നിവയെല്ലാം സെന്‍സറിങ്ങിന് വിധേയമാകാതെ കാണാന്‍ അനുമതി ഉള്ള ഇടമാണ് ചലച്ചിത്രമേളകളുടേത്. ആ ചലച്ചിത്ര സംസ്‌ക്കാരത്തിന് മുകളിലാണ് ഇപ്പോള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം കത്രിക വയ്ക്കുന്നത്.

ചലച്ചിത്രമേളയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് കശ്മീര്‍ പ്രശ്നത്തെ അധിഷ്ഠിതമാക്കി എന്‍സി ഫാസിലും ഷോണ്‍ സെബാസ്റ്റ്യനും സംവിധാനം ചെയ്ത ‘ഇന്‍ ദ ഷേഡ് ഓഫ് ഫാളണ്‍ ചിനാര്‍’. ചലച്ചിത്രമേളയിലെ ഷോര്‍ട്ട് ഡോക്യുമെന്ററി മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ഈ ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളും മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ മകനുമായ ഷോണ്‍ സിനിമ നീക്കം ചെയ്തതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

‘ഞങ്ങളുടെ പേഴ്സസണല്‍ ഫിലിം നിരോധിച്ചു എന്നതിലുപരിയായി, ഡോക്യുമെന്ററി സെന്‍സര്‍ഷിപ്പ് എന്നൊരു പദം കടന്നു വരുന്നു എന്നതാണ് എന്നെ ഭയപ്പെടുത്തുന്നത്. ഡോക്യുമെന്ററി എന്ന് പറയുന്നത് പലരും കാണാത്ത വിഷയങ്ങള്‍ കൃതൃമത്വം ഇല്ലാതെയും ആഴത്തിലും അവതരിപ്പിക്കുക എന്നതാണല്ലോ? ഇത്തരം ഡോക്യുമെന്ററി ചിത്രങ്ങളുടെ സെന്‍സര്‍ഷിപ്പ് ലോകത്തിലെവിടേയും തന്നെ കേട്ടുകേള്‍വി ഇല്ലാത്ത ഒരു കാര്യമാണ്. ഈ നിരോധനം ഒരു ഒറ്റപ്പെട്ട സംഭവവുമല്ല. ഇതിന മുമ്പ് നടന്ന സമാന സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടേ കാണാന്‍ സാധിക്കുകയുള്ളു. കമല്‍ സാറും അക്കാദമയും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞത് വളരെ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഈ ഫെസ്റ്റിവലില്‍ അത് കാണിക്കുമോ എന്നറിയില്ല, കാരണം വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ ഇനി മേള തുടങ്ങാന്‍ ബാക്കിയുള്ളു. എന്നിരുന്നാലും, ഡോക്യുമെന്ററി സെന്‍സര്‍ഷിപ്പ് എന്ന് ഗവണ്മെന്റിന്റെ ഈ നീക്കത്തിനെതിരെ അതിശക്തമായി പ്രതികരിക്കുവാന്‍ തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടേയും തീരുമാനം. ഈ നിരോധനം ഈ ഫെസ്റ്റിവലില്‍ മാത്രമാണോ, അതൊ മറ്റ് സ്ഥലങ്ങളിലുമുണ്ടോ എന്ന് പരിശോധിച്ച ശേഷം ആവശ്യമായ നടപടികളുമായി പോവുകതന്നെ ചെയ്യും.’

ഇന്‍ ദ ഷേഡ് ഓഫ് ഫാളണ്‍ ചിനാര്‍ നേരത്തെ തന്നെ യൂട്യൂബില്‍ ലഭ്യമായിരുന്നു. നിരോധന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന്, ചിത്രം കണ്ട പലരും എന്തിനാണ് നിരോധനം എന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരികയുണ്ടായി. സാമാന്യയുക്തിക്ക് നിരക്കുന്ന കാരണങ്ങളൊന്നും സിനിമ കണ്ടവര്‍ക്ക്, നിരോധിക്കാന്‍ തക്കതായി കണ്ടെത്തുവാന്‍ സാധിക്കുകയില്ല. സംഗീതം കൊണ്ടും ചിത്രങ്ങള്‍ കൊണ്ടും പ്രതിരോധം തീര്‍ക്കുവാന്‍ ശ്രമിക്കുന്ന ഒരു യുവജനതയെ പറ്റിയാണ് ഡോക്യുമെന്ററി മുഖ്യമായും സംസാരിക്കുന്നത്.

ഈ ഡോക്യുമെന്ററിയെ കൂടാതെ ഹൈദരാബാദ് സര്‍വകലാശലയില്‍ ജാതി പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയെ കുറിച്ചുള്ള ‘ദ അണ്‍ബിയറബിള്‍ ബിയിംഗ് ഓഫ് ലൈറ്റ്‌നസ്’ (സംവിധാനം പിഎന്‍ രാമചന്ദ്ര), ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളെ കുറിച്ചുള്ള ‘മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച്’ (സംവിധാനം കാത്തു ലൂക്കോസ്) എന്നീ ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുന്നത്. രോഹിത് വെമുലയെ കുറിച്ചുള്ള ചിത്രം ലോംഗ് ഡോക്യുമെന്ററി വിഭാഗത്തിലും മറ്റ് രണ്ട് ചിത്രങ്ങള്‍ ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തിലുമാണ് പ്രദര്‍ശിപ്പിക്കാനിരുന്നത്.

ഷോണ്‍ അഭിപ്രായപ്പെട്ട പോലെ, ഇതിനെ പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ ഉണ്ടായ ഒരു ഒറ്റപ്പെട്ട തീരുമാനം ആയി കാണാന്‍ വയ്യ. സിനിമ എന്ന മാധ്യമത്തിനും അത് തീര്‍ക്കുന്ന പ്രതിരോധങ്ങളേയും പ്രതിരോധിക്കാനും അടിച്ചമര്‍ത്താനും ഫാസിസ്റ്റ് ശക്തിക്കള്‍ ഒരുപാട് നാളുകളായി ശ്രമിക്കുന്നുണ്ട്.  പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ സമരം, ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തയത്, പഹലജ് നിഹലാനിയെ പോലുള്ളവരെ ഉപയോഗപ്പെടുത്തി തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ ചിത്രങ്ങള്‍ നിരോധിക്കല്‍ തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി തന്നെ വേണം ഇതിനെ വിലയിരുത്താന്‍. ഇതാ ഒടുവില്‍ ചലച്ചിത്ര മേളകളില്‍ വരെ എത്തി നില്‍ക്കുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കൈകടത്തല്‍. ഇന്ന്, എന്ത് സിനിമ കാണരുത് എന്ന് പറയുന്നവര്‍ നാളെ തീര്‍ച്ചയായും എന്ത് സിനിമ കാണണം എന്നും പറയും. തങ്ങളുടെ താല്പര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സിനിമകള്‍ മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കുക എന്ന് ഉറപ്പ് വരുത്തുന്ന സര്‍ക്കാര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നത് ലോകചരിത്രത്തിലെ ചില ഉദാഹരങ്ങളെയാണ്; പക്ഷേ ജനം അതിനെയൊക്കെ പ്രതിരോധിച്ചിട്ടുമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍