UPDATES

സിനിമ

വരുന്നൂ എഴുപതുകാരനായി; ക്ലിന്‍റിന്റെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദന്‍/അഭിമുഖം

“പത്ത് പതിനഞ്ച് വര്‍ഷമായി ഞാന്‍ കൊക്കകോള പോലുള്ള ഡ്രിങ്ക്‌സുകള്‍ കുടിച്ചിട്ട്. അതായത് എനിക്ക് വയസ്സ്‌കാലത്ത് മരുന്നുകള്‍ കുടിച്ച് ആശുപത്രിയില്‍ കിടക്കാന്‍ താല്‍പര്യമില്ല”

അനു ചന്ദ്ര

അനു ചന്ദ്ര

വ്യത്യസ്ത കാറ്റഗറിയിലുളള രണ്ട് സിനിമകള്‍. ഉണ്ണി മുകുന്ദന്‍ എന്ന യുവതാരം ഈ വര്‍ഷം ചര്‍ച്ച ചെയ്യപ്പെടുന്നത് ഈ രണ്ട് സിനിമകളിലൂടെയായിരിക്കും. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ക്ലിന്റ്’, കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തിലുളള ‘അച്ചായന്‍സ്’. സിനിമകളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയ നിമിഷം തൊട്ട് ഉണ്ണി മുകുന്ദന്‍ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ്. ക്ലിന്റിന്റെ അച്ഛന്‍ ജോസഫായി ക്ലിന്റ് എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്നു. എന്നാല്‍ ഉത്തരവാദിത്വരഹിതനായ അച്ചായനായാണ് ‘അച്ചായന്‍സി’ല്‍ ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. ബോംബെ മാര്‍ച്ച് 12 ലൂടെ സിനിമാരംഗത്തെത്തിയ ഉണ്ണി മുകുന്ദന്‍ മുഖ്യധാരാ നായക നിരയിലേക്ക് എത്തുന്നത് മല്ലൂ സിംഗ് എന്ന സിനിമയിലൂടെയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റി, തന്റെതായ ഇടം ഉണ്ടാക്കിയെടുത്ത ഉണ്ണി മുകുന്ദന്‍ തന്റെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന വേളയില്‍ അനു ചന്ദ്രയുമായി സംസാരിക്കുന്നു.

അനു ചന്ദ്ര: ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ക്ലിന്റ് എന്ന സിനിമയില്‍ നിന്ന് തന്നെ നമുക്ക് പറഞ്ഞു തുടങ്ങാം

ഉണ്ണി മുകുന്ദന്‍: സംവിധായകന്‍ ഹരികുമാര്‍ സാറിന്റെ കൂടെ രണ്ടാമത്തെ സിനിമയാണ് ‘ക്ലിന്റ്’. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ‘കാറ്റും മഴ’യിലും ഞാന്‍ തന്നെയായിരുന്നു നായകന്‍. അത് തിയേററര്‍ റിലീസ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഫെസ്റ്റിവലിലെല്ലാം അവതരിപ്പിച്ച് വളരെ നല്ല അഭിപ്രായം നേടിയ, സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സിനിമയായിരുന്നു ‘കാറ്റും മഴയും’. അതിന് ശേഷമാണ് ഈ സിനിമയിലേക്ക് വരുന്നത്. പിന്നെ, ക്ലിന്റിനെ കുറിച്ച് ഒരു വിശദീകരണത്തിന്റെ ആവശ്യകതയില്ലാതെ തന്നെ പ്രേക്ഷകര്‍ക്കെല്ലാം അറിയുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ക്ലിന്റിന്റെ ജീവിതമാണ് സിനിമയാക്കുന്നത്. ഞാനതില്‍ ചെയ്യുന്നത് ക്ലിന്റിന്റെ അച്ഛനായ ജോസഫ് എന്ന കഥാപാത്രമാണ്. അതില്‍ തന്നെ 35, 70 എന്നീ രണ്ട് പ്രായങ്ങളിലായി സ്‌ക്രീനില്‍ വരുന്നുണ്ട് എന്നത് ഒരു സവിശേഷതയാണ്. ക്ലിന്റ് മരണപ്പെടുന്ന കാലഘട്ടത്തില്‍ അച്ഛനായ ജോസഫിന് 35 വയസ്സായിരുന്നു. മാത്രമല്ല ജോസഫങ്കിളും ക്ലിന്റിന്റെ അമ്മയായ ചിന്നമ്മയാന്റിയും ഇന്നും ജീവിച്ചിരിക്കുന്നു, അവരുടെ ഇപ്പോഴത്തെ കാലഘട്ടമായാണ് എഴുപത് വയസ്സില്‍ വരുന്നത്.


അനു: ക്ലിന്റിന്റെ അച്ഛന്‍ ജോസഫ് ഇന്നും ജീവിച്ചിരിക്കുന്ന വ്യക്തിയാണ്.അത്തരത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളായി വരിക എന്നത് വെല്ലുവിളിയല്ലേ?

ഉണ്ണി: സാധാരണ ഒരു കഥാപാത്രം തിരഞ്ഞെടുക്കുമ്പോള്‍ അല്ലെങ്കില്‍ അവതരിപ്പിക്കുമ്പോള്‍ നിലവിലുളള വ്യക്തിയുമായിട്ട് ഏതെങ്കിലും തരത്തില്‍ ശാരീരികമായിട്ടോ മാനസികമായിട്ടോ ഉളള ചേര്‍ച്ചയുണ്ടാകും. എന്നാലിതിലിപ്പോള്‍ സംഭവിച്ചത്, ജോസഫ് എന്ന കഥാപാത്രം ഇതില്‍ നിന്നെല്ലാം വളരെയധികം വ്യത്യസ്തമാണ്. ഫിസിക്കലി ആയാല്‍ പോലും. ഇവിടെ സംഭവിച്ചിരിക്കുന്നത് ഡയറക്ടര്‍ ഹരികുമാര്‍ സാറിന്റെ കാഴ്ചപ്പാടിലുള്ള ക്ലിന്റിന്റെ അച്ഛന്‍ എന്ന രീതിയിലാണ് ഞാനീ കഥാപാത്രത്തെ സമീപിക്കുന്നത്. ഇത് ജോസഫിന്റെ കഥ അല്ല. ക്ലിന്റിന്റെ കഥയാണ്. ജോസഫ് എന്ന് പറയുന്നത് ക്ലിന്റിനെ വളരേ പോസിറ്റീവിലി ഇന്‍ഫ്‌ളുവെന്‍സ് ചെയ്ത ഒരു വ്യക്തിയാണ്. ക്ലിന്റ് വരച്ചെടുത്ത പല ചിത്രങ്ങളും അതായത് രാവണന്‍, ഗണപതി തുടങ്ങിയ പല ചിത്രങ്ങളും ജോസഫിന്റെ കാഴ്ചപ്പാടില്‍ വന്നതാണ്. അങ്ങനെ നില്‍ക്കുമ്പോള്‍, സംവിധായകന്റെ കാഴ്ചപ്പാടിലുളള ഒരു ജോസഫിനെയാണ് ഞാന്‍ സ്‌ക്രീനില്‍ കൊണ്ട് വരുന്നത്.

അനു: മല്ലൂ സിംഗ്, വിക്രമാദിത്യന്‍ തുടങ്ങിയ സിനിമയിലൂടെ താങ്കള്‍ ഉണ്ടാക്കിയെടുത്ത ഒരു ഹീറോയിസത്തെ ബ്രെയ്ക്ക് ചെയ്യുകയല്ലേ ഈ സിനിമയിലൂടെ?

ഉണ്ണി: ബോംബെ മാര്‍ച്ച് 12 ആണ് എന്റെ ആദ്യത്തെ സിനിമ. ഈ പറഞ്ഞ ഹീറോയിസമൊന്നുമില്ലാത്ത, വളരെ പേടിച്ച്, അവന്‍ കാരണം വീട്ടുകാര്‍ വിഷമിക്കരുതെന്ന് കരുതി നാട് വിട്ട് ഓടി പോയ ഒരാളുടെ കഥ. എന്നാല്‍ കെ.എല്‍ പത്തിലാണെങ്കില്‍ കുടുംബത്തിന്റെ ഒരു പ്രശ്‌നത്തിലും കൂട്ടു നില്‍ക്കാന്‍ പറ്റാത്ത, വളരെ പൈങ്കിളിയായി നടക്കുന്ന ഒരു സാധാരണക്കാരന്റെ വേഷമാണ്. ഇത്തരത്തില്‍ പല തരത്തിലുളള കഥാപാത്രങ്ങളും ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നു ഈ ഹീറോയിസമെന്ന് പറയപ്പെടുന്ന കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതലായി എത്തുന്നത് കൊണ്ട് ഇതെല്ലാം ഉള്‍വലിഞ്ഞു നില്‍ക്കുന്നു എന്ന്. highy commercial packaging-ല്‍ ഉളള സിനിമകള്‍ ചെയ്യുമ്പോ അതിന്റെ കൂട്ടത്തില്‍ നമ്മള്‍ ചെയ്ത വളരേ രസമുളള, simplicity ഉളള കഥാപാത്രങ്ങളെ ആളുകള്‍ ശ്രദ്ധിച്ചില്ല. താല്‍പര്യമുളള തിരക്കഥയും കഥയുമാണ് തെരഞ്ഞെടുത്തതെല്ലാം. അങ്ങനെ നോക്കുമ്പോള്‍ ജോസഫ് എന്ന കഥാപാത്രത്തെ കുറിച്ച് ഇതില്‍ നിന്നെല്ലാം വിഭിന്നമായ പ്രതീക്ഷയോ, അമിതമായ ചിന്തയോ, പുതിയ തരത്തിലുളള ഒരു ഇമേജ് കടന്നു വരുമെന്ന തോന്നലോ, ആശങ്കയോ, പ്രശ്‌നമോ ഒന്നും തന്നെയില്ല. മറ്റുളളത് പോലെ തന്നെ വളരെ comfortable ആയി, വളരെ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു കഥാപാത്രമാണിത്.


അനു: റിലീസിങ്ങിനൊരുങ്ങി നില്ക്കുന്ന അച്ചായന്‍സിനെ കുറിച്ച്…

ഉണ്ണി: വളരെ സാമ്പത്തികമുളള കുടുംബത്തിലെ ഉത്തരവാദിത്വരഹിതനായ എന്നാല്‍ വളരെ പാവത്താനായ ഒരു funny ക്യാരക്ടര്‍ ആണ് എന്റെത്. തമാശയും കളിയും ചിരിയുമൊക്കെയുളള ഒരു നല്ല സിനിമയായിരിക്കും. പിന്നെ ഇതിലൂടെ ഞാന്‍ ഗാനരചയിതാവായും, ഗായകനായും വരുന്നു എന്നത്തില്‍ സന്തോഷവുമുണ്ട്. ഞാന്‍ എഴുതിയ വരികള്‍ ഞാന്‍ തന്നെ പാടുന്നു..

അനു: മമ്മൂക്ക, ലാലേട്ടന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു. ഇപ്പോഴിതാ അച്ചായന്‍സില്‍ ജയാറാമിനൊപ്പവും. ഇവരില്‍ നിന്നെല്ലാം ഒരുപാട് പഠിച്ചെടുക്കാനുണ്ടെന്ന് തോന്നിയോ?

ഉണ്ണി: അഭിനയം തെരഞ്ഞെടുക്കുന്നതിനും മുമ്പേ തന്നേ എനിക്ക് പ്രചോദനമായ ആള്‍ക്കാരാണ് ഇവരൊക്കെ. ഞാന്‍ അന്നും ഇന്നും ഇവരുടെയെല്ലാം ആരാധകനാണ്. പിന്നെ ഇവര്‍ക്കൊപ്പമെല്ലാം അഭിനയിക്കുമ്പോള്‍ ഒരു തരം ചലഞ്ച് ആയാണ് ഞാന്‍ എടുക്കുന്നത്. ഉളളിന്റെ ഉളളില്‍ എന്റെ ഭാഗത്ത് നിന്നും competition അനുഭപ്പെടാറുണ്ട്. അപ്പോള്‍ അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ അഭിനയത്തെ കുറച്ചു കൂടി സൂക്ഷ്മതയോടെ ശ്രദ്ധിക്കാന്‍ ശ്രമിക്കാറുണ്ട്.


അനു: ആയിരം കോടി ചിലവില്‍ രണ്ടാംമൂഴം സിനിമയാകുന്നു. അതിലൊരു ഭാഗമാകണമെന്ന ആഗ്രഹമുണ്ടോ? അതല്ലെങ്കില്‍ ഏതെങ്കിലും dream project മനസ്സിലുണ്ടോ?

ഉണ്ണി: നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹമുണ്ട്. നല്ല സിനിമകളും കഥാപാത്രങ്ങളും എപ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പിന്നെ രണ്ടാംമൂഴം എന്നത് മലയാള ഫിലിം ഇന്‍ഡസ്ട്രിയുടെ ഒരു പൊന്‍തൂവലായാണ് ഞാന്‍ കാണുന്നത്. പൊതുവില്‍ ഫാന്റസി സിനിമകളെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ആനിമേഷന്‍ പടങ്ങളിഷ്ടമാണ്. ശ്രദ്ധിച്ചാലറിയാം, ഒരു മുറൈ വന്ത് പാര്‍ത്തായ ആയാലും കെ.എല്‍ പത്ത് ആയാലുമെല്ലാം അതിലെല്ലാം തന്നെ ഒരു തരം ഫാന്റെസി ഉണ്ട്. ഒരു മുറൈയിലെ നായകന്‍ യക്ഷിയുമായി പ്രണയത്തിലാകുന്നു എന്ന് പറയുമ്പോള്‍ യക്ഷി ഒരു തരം ഫാന്റെസി/കടംങ്കഥ ആണ്. കെ.എല്‍ പത്തില്‍ ഒരു ജിന്നിന്റെ അദൃശ്യമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. അപ്പോള്‍ ഫാന്റെസി എന്ന് പറയുന്നത് എന്നെ ഭയങ്കരമായി ഹോണ്ട് ചെയ്യുന്ന ഒരു സംഭവം തന്നെയാണ്. ഇപ്പോള്‍ dream project എന്നതിലോട്ടൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. ഞാന്‍ ആഗ്രഹിക്കുന്ന പല basic charactersഉം ചെയ്യുന്നു.

അനു: മല്ലൂ സിംഗ് ഒരു ഭാഗ്യമായി കാണുന്നുണ്ടോ?

ഉണ്ണി: സിനിമ വിജയമായത് കൊണ്ട് വലിയൊരു ഭാഗ്യമായി പലപ്പോഴും പലരും പറയാറുണ്ട്. പിന്നെ കിട്ടിയ അവസരം വൃത്തിയായി ചെയ്യാന്‍ പറ്റി എന്നുളള സന്തോഷമുണ്ട്.

അനു: ആരോഗ്യസംരക്ഷണം/boady building എന്നതിലെത്ര മാത്രം ശ്രദ്ധ കൊടുക്കുന്നു?

ഉണ്ണി: സിനിമക്കായി 24 മണിക്കൂറും വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരാളായൊന്നും എന്നെ കാണരുത്. ഞാന്‍ എന്ന വ്യക്തി ആഗ്രഹിക്കുന്ന രീതിയില്‍ ശരീരം ശ്രദ്ധിക്കുന്നു. ഏതാണ്ട് ഒരു പത്ത് പതിനഞ്ച് വര്‍ഷമായി ഞാന്‍ കൊക്കകോള പോലുള്ള ഡ്രിങ്ക്‌സുകള്‍ കുടിച്ചിട്ട്. അതായത് എനിക്ക് വയസ്സ്‌കാലത്ത് മരുന്നുകള്‍ കുടിച്ച് ആശുപത്രിയില്‍ കിടക്കാന്‍ താല്‍പര്യമില്ല. അപ്പോള്‍ പിന്നെ ഇന്നത്തെ ചുറ്റുപാടിനെ മനസ്സിലാക്കി നമ്മള്‍ ഹെല്‍ത്ത് കോണ്‍ഷ്യസ് ആകണം. ആ ഒരു ചിന്തയാണ് ആണ് എന്റ ലൈഫ് സ്‌റൈറല്‍

അനു: സോഷ്യല്‍ മീഡിയയിലെ വലിയൊരു സ്‌പെയ്‌സ് അതേ സമയം നായിക സനൂഷയെയും ഉണ്ണിയെയും ചേര്‍ത്ത് ഇതേ മീഡിയയിലൂടെ നടത്തിയ വ്യക്തിഹത്യ ഇതിനെ രണ്ടിനെയും എങ്ങനെ നോക്കി കാണുന്നു?


ഉണ്ണി: സിനിമ പ്രമോട്ട് ചെയ്യാന്‍ വന്നതിന് ശേഷമാണ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. സമൂഹത്തില്‍ നടക്കുന്ന പല ദാരുണമായ കാര്യങ്ങളും ഈയൊരു സ്‌പെയ്‌സില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, വ്യക്തിപരമായി അതില്‍ പലതും നമ്മളെ വേദനിപ്പിക്കും.അതേ സമയം തന്നെ ജീവിതത്തെ കുറിച്ചും ചുറ്റുവട്ടത്തെ കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുമുണ്ട്. അപ്പോള്‍ തീര്‍ച്ചയായും പ്രതികരിച്ച് പോകും. കാരണം ഒരു നായകന്‍ പറയുന്ന വാക്കുകള്‍ക്ക് കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ. ഒരാള്‍ക്കെങ്കിലും തിരിച്ചറിവുണ്ടാകുമെന്ന തോന്നല്‍. അത് മാത്രമല്ല ഒരു സംഘടനയുടെയോ രാഷ്ട്രീയ നേതാവിന്റെയോ ശ്രദ്ധയില്‍ പെട്ടാല്‍ അവര്‍ എന്തെങ്കിലും ചെയ്യുമെന്നുളള പ്രതീക്ഷ കൂടിയുണ്ട്. നമ്മുടെ frustrations തീര്‍ക്കാനുളള നല്ലൊരിടം കൂടി ആണ് സോഷ്യല്‍ മീഡിയ. പിന്നെ സനൂഷയുമായുളള ആരോപണം; സത്യാവസ്ഥ ഉണ്ടെങ്കില്‍ അല്ലേ നമ്മള്‍ വിഷമിക്കേണ്ടതുളളൂ. നടനായത് കൊണ്ട് ഇത്തരത്തില്‍ പല വര്‍ത്തമാനങ്ങളുമുണ്ടാകുമെന്ന് ഞാന്‍ പണ്ടേ തിരിച്ചറിഞ്ഞതാണ്. പിന്നെ അതിന് ജനങ്ങള്‍ക്ക് മുന്‍പാകെ ഒരു പ്രസ്താവന ഇറക്കേണ്ടി വരുന്നത് സനൂഷ ഒരു നായിക മാത്രമല്ല, വ്യക്തി കൂടിയാണെന്ന തിരിച്ചറിവ് കൊണ്ടാണ്. കാരണം നാളെ ഈ ആരോപണം ആ കുട്ടിയെ മറ്റൊരു തരത്തിലും ബാധിച്ചു കൂടാ എന്ന് ഞാനാഗ്രഹിക്കുന്നു. പിന്നെ ഇന്റര്‍നെറ്റ് ഒരു curiosity-യുടെ ഇടം കൂടിയാണ്. പല വാര്‍ത്തകളും forward ചെയ്യുമ്പൊള്‍ മനുഷ്യന്‍ ആനന്ദം കണ്ടെത്തുന്നു.അങ്ങനെ വേണം കരുതാന്‍.

അനു: പ്രണയാഭ്യര്‍ത്ഥനകളുമായി ആരാധികമാര്‍ സമീപിക്കാറുണ്ടോ?

ഉണ്ണി: സമീപിച്ചിട്ടുണ്ട്. പിന്നെ പണ്ടത്തെത് പോലെ ഒന്നുമല്ലല്ലൊ, accessibility കൂടി. ആളുകള്‍ക്ക് എന്ത് പറയാനുണ്ടെങ്കിലും ഓണ്‍ലൈന്‍ മീഡിയിലേക്ക് ടെക്‌സ്റ്റ് മെസേജോ പേഴ്‌സണ്‍ മെസേജോ ചെയ്യാമെന്നായി. ഓട്ടോഗ്രാഫിന് പകരമായി സെല്‍ഫി വന്നു. അങ്ങനെ ജനങ്ങള്‍ക്കും താരങ്ങള്‍ക്കുമിടയിലെ അകലം കുറഞ്ഞു. പിന്നെ എന്റെ പതിനേഴാം വയസ്സില്‍ എനിക്ക് പല നായികമാരോടും ആകര്‍ഷണം തോന്നിയിട്ടുണ്ട്. ഇത് പോലെ ഒരു കാമുകി വേണമെന്ന് തോന്നിയിട്ടുണ്ട്. അത്‌കൊണ്ട് ഈ പ്രണയാഭ്യര്‍ത്ഥന എന്ന അവസ്ഥ എനിക്ക് ഊഹിക്കാവുന്നതേയൊളളൂ. അതിനെ ചിരിച്ച് തളളാറാണ് പതിവ്.

അനു: വിവാഹം, പ്രണയം?

ഉണ്ണി: അങ്ങനെയൊന്നും നോക്കുന്നില്ല. വീട്ടുകാര്‍, കരിയര്‍, സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇതൊക്കെയെ മനസ്സിലുളളൂ.


അനു: 2017 മുതല്‍ ഉണ്ണി മുകുന്ദന്റെ സുവര്‍ണഘട്ടം തുടങ്ങുകയാണോ?

ഉണ്ണി: ശുഭാപ്തി വിശ്വാസം ഉണ്ട്. നാല് സിനിമകളാണ് ഈ വര്‍ഷം എന്റെതായി വരുന്നത്. ഒരു പക്ഷേ അവരുടെ രാവുകള്‍ എന്ന സിനിമ പുറത്തിറങ്ങും. അതില്‍ ഞാനും ആസിഫുമാണ് ഉളളത്. പിന്നെ ഈ വര്‍ഷാവസാനം ഞാന്‍ ഒരു ബ്രെയ്ക്ക് എടുക്കും. ആദ്യമായിട്ടാണ് ഒരു വര്‍ഷത്തില്‍ എന്റെ നാല് സിനിമ റിലീസ് ചെയ്യുന്നത്. തെലുങ്കില്‍ അനുഷ്‌കാ ഷെട്ടിയുടെ നായകനായി ഒരു സിനിമ ചെയ്യുന്നുണ്ട്. ജയറാമേട്ടനാണ് അതില്‍ വില്ലനായി വരുന്നത്. ഒറ്റപ്പാലത്ത് പുതിയതായി വെച്ച വീട്ടില്‍ താമസം തുടങ്ങും. എന്റെ കുടുംബം വര്‍ഷങ്ങളായി ഗുജറാത്തിലാണ്. ഇവിടെ വീട് വയ്ക്കണം, അവരെ നാട്ടിലേക്ക് കൊണ്ട് വരണമെന്ന ആഗ്രഹത്തില്‍ കൂടിയാണ് ഞാന്‍ സിനിമയിലെത്തുന്നത്. ആ ആഗ്രഹം ഉടന്‍ സാക്ഷാത്കരിക്കും. ഇനി ഒരു ബ്രെയ്ക്ക് എടുത്ത് കുറച്ച് കാലം അച്ഛനും അമ്മക്കും കൂടെ ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍