UPDATES

സിനിമാ വാര്‍ത്തകള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ ശില്പ ; വിസ്മയിപ്പിക്കാന്‍ വീണ്ടും വിജയ് സേതുപതി

ത്യാഗരാജന്‍ കുമരരാജായാണ് സംവിധായകന്‍

സിനിമ ലോകത്തില്‍ എപ്പോഴും രണ്ടു തരത്തിലുള്ള താരങ്ങള്‍ ഉണ്ടാകാറുണ്ട്. അതിമാനുഷിക പ്രകടനം കൊണ്ട് തിയേറ്ററിനെ ഇളക്കി മറിക്കുന്ന, പഞ്ച് ഡയലോഗുകളും അത്യുഗ്രന്‍ സംഘട്ടനങ്ങളും കൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്തുന്ന അതിമാനുഷികര്‍. അത്തരം കഥാപാത്രങ്ങള്‍ സിനിമ തിയേറ്റര്‍ വിട്ടു പോയിക്കഴിഞ്ഞാല്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നു. ഇവര്‍ ഇപ്പോഴും താരങ്ങള്‍ ആയി തന്നെ നില നിലനില്‍ക്കും. രണ്ടാമത്തെ ആളുകള്‍, താരങ്ങള്‍ എന്ന ചട്ടക്കൂടില്‍ നില്‍ക്കാതെ, ലഭിക്കുന്ന സീനുകളുടെ എണ്ണം കണക്കിലെടുക്കാതെ കഥാപാത്രത്തിന്റെത വ്യത്യസ്തത കൊണ്ട് മാത്രം അഭിനയിക്കുന്നവര്‍. തമിഴ് സിനിമയ്ക്ക് ലഭിച്ച അത്തരത്തിലുള്ള(അപൂര്‍വമായതും) അഭിനേതാവാണ് വിജയ് സേതുപതി. ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷകരുടെ ‘മക്കള്‍ സെല്‍വന്‍’ ആയി മാറാന്‍ കാരണവും ഇതല്ലാതെ വേറൊന്നുമല്ല.

2004ല്‍ ഒരു ജൂനിയര്‍ അര്‍ട്ടിസ്റ്റ് ആയി അഭിനയം തുടങ്ങിയ വിജയ്ക്ക് 2012 ല്‍ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെ ആണ് താരപരിവേഷം ലഭിക്കുന്നത്. തുടര്‍ന്നും അദ്ദേഹം ചെയ്ത സിനിമകള്‍ എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. വിജയ് സേതുപതിയുടെതായി ഇറങ്ങാന്‍ പോകുന്ന ‘സൂപ്പര്‍ ഡീലെക്‌സ്’ എന്ന ചിത്രത്തിലെ കഥാപാത്രം ഈ വിശേഷണങ്ങള്‍ക്കുള്ള മറ്റൊരു തെളിവാണ്. ഈ ചിത്രത്തില്‍ ശില്പ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആയാണ് വിജയ് എത്തുന്നത്. സിനിമയുടെ സംവിധായകന്‍ ത്യാഗരാജന്‍ കുമരരാജാ തന്റെ ട്വീറ്റര്‍ അകൗണ്ടിലൂടെ വിജയ്‌യുടെ ഒരു ചിത്രവും ഷെയര്‍ ചെയ്തു. കഥാപാത്രത്തിനു ചേരുന്ന രീതിയില്‍ മേക് അപ്പ് ഇട്ടുനില്‍ക്കുന്ന വിജയ്‌യുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ആയിമാറിക്കഴിഞ്ഞു. ‘അനീതി കഥൈകള്‍’ എന്ന പേരിലായിരുന്നു ചിത്രം ആദ്യം അനൗണ്‍സ് ചെയ്തത്. പിന്നീട് പേര് മാറ്റുകയായിരുന്നു.

"</p

സിനിമയില്‍ പല നടന്മാരും സ്ത്രീ വേഷം ധരിച്ച് അഭിനയിക്കാറുണ്ട്. എന്നാല്‍ അവയൊക്കെ ഒരു പരിധി കഴിയുമ്പോള്‍ സഭ്യതയുടെ അതിര്‍ത്തി ലംഘിക്കുകയും ചെയ്യും. തമാശ ഉണ്ടാക്കാനായി മാത്രം ഇത്തരം രൂപങ്ങള്‍ സിനിമയില്‍ കെട്ടിയാടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭിന്നലിംഗക്കാര്‍ക്ക് ഒരു തരത്തിലും ഈ കഥാപാത്രങ്ങള്‍ നീതി പുലര്‍ത്തിയിരുന്നില്ല. കൂടാതെ അവരുടെ ജീവിതത്തിന്റെ യഥാര്‍ത്ഥവശം ചിത്രീകരിക്കുന്ന സിനിമകള്‍ ഇന്ത്യന്‍ സിനിമാമേഖലയില്‍ തന്നെ വളരെ വിരളമാണ്. മലയാള സിനിമയില്‍ അര്‍ദ്ധനാരീശ്വരന്‍ എന്ന സിനിമയില്‍ ഭിന്നലിംഗക്കാര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവഗണനയും ചിത്രീകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതേസമയം ചാന്ത്‌പൊട്ട് എന്ന ചിത്രം ചിത്രീകരിച്ചിരിക്കുന്നത് മറ്റൊരു രീതിയാണ്. ഫലിതത്തിന്റെ അതിപ്രസരത്താല്‍ ഭിന്നലിംഗക്കാര്‍ക്ക് ഉണ്ടാകുന്ന വികാരങ്ങള്‍ നമ്മള്‍ കാണാതെ പോയി. തമിഴിലും ഇതേ അവസ്ഥ തന്നെയാണ്. ഇരുമുഗനില്‍ അത്തരമൊരു കഥാപാത്രത്തെ വിക്രം അവതരിപ്പിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തില്‍ വിശേഷിപ്പിക്കപ്പെടേണ്ടതായി തോന്നുന്നില്ല. കേട്ടിയാടപ്പെടെണ്ട കോലങ്ങള്‍ അല്ല ഭിന്നലിംഗക്കാര്‍ എന്ന് മനസിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

ബംഗാളിയില്‍ ഋതുപര്‍ണ ഘോഷിന്റെ ചിത്രങ്ങള്‍ വ്യത്യസ്തത പുലര്‍ത്തി . തന്റെ വ്യക്തി ജീവിതത്തെ തന്നെ ഋതു ചിതീകരിച്ചു എന്നുള്ളതാണ് അവയ്ക്കുണ്ടായ സവിശേഷത. സിനിമ മേഖലയ്ക്കുള്ളില്‍ ഈ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രത്തിലെ നായിക ഒരു ഭിന്നലിംഗക്കാരി ആണെന്നുള്ളത് എടുത്തു പറയേണ്ടുന്ന കാര്യമാണ്. പല മേഖലകളിലും അവര്‍ക്ക് അംഗീകാരം ലഭിക്കുന്നുണ്ട് എന്നതും സത്യമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അഭിനയിക്കുന്ന ആഭാസം എന്ന ചിത്രം ഉടന്‍ പുറത്തിറങ്ങും.

"</p

മികവും വ്യത്യസ്തതയും കൈമുതലായ നടന്‍ എന്ന നിലയില്‍  വിജയ് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ ഇതുവരെയും പ്രേക്ഷകര്‍ക്ക് അരോചകത്വം സൃഷ്ടിച്ചിട്ടില്ല. പരാജയപ്പെട്ട ചില ചിത്രങ്ങളില്‍ പോലും അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. വിജയ് സേതുപതിയില്‍ നിന്ന് എല്ലായിപ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിക്കുന്നതിനാല്‍ തന്നെ സൂപ്പര്‍ ഡീലക്‌സും അതിലെ ശില്പ എന്ന കഥാപാത്രവും പ്രേക്ഷകര്‍ക്ക് സ്വീകാര്യമാകുമെന്നും ഭിന്നലിംഗക്കാരെ അരോചകമായ രീതിയില്‍ ചിത്രീകരിക്കുകയില്ല എന്ന് തന്നെയാണ് പ്രതീക്ഷ. ഏതായാലും പുറത്തു വന്ന സേതുപതിയുടെ മേക് ഓവര്‍ ചിത്രം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. മക്കള്‍ സെല്‍വന്റെ അടുത്ത അത്ഭുതകരമായ പ്രകടനത്തിനായി കാത്തിരിക്കാം…

 

അനില രതീഷ്‌

അനില രതീഷ്‌

മാധ്യമ വിദ്യാര്‍ഥിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍