UPDATES

സിനിമ

96ലെ ഒരു പത്താം ക്ലാസ് കാലം; മനം കവര്‍ന്ന് സേതുപതിയും തൃഷയും

ക്ലാസ്മേറ്റ്സ്, ലുക്കാച്ചുപ്പി, ഒരു കല്ലൂരിയിൻ കഥൈ തുടങ്ങിയ സിനിമകളിലൊക്കെ കണ്ടിട്ടുള്ള വിധമുള്ളൊരു പൂർവവിദ്യാർത്ഥി സംഗമത്തിലൂടെയാണ് 96 പുരോഗമിക്കുന്നത്

ശൈലന്‍

ശൈലന്‍

മണിരത്നത്തിന്റെ മൾട്ടിസ്റ്റാർ ഡ്രാമാത്രില്ലർ “സെക്ക സിവന്ത വാന” ത്തിൽ ഒരു പടി മേലെ നിൽക്കുന്ന ഹീറോയിക് പരിവേഷത്തോടെ തിയേറ്ററുകളിൽ തിളങ്ങി നിൽക്കവെ തന്നെ മക്കൾ സെൽവൻ വിജയ് സേതുപതിയുടെ അടുത്ത ചിത്രവും കൃത്യം ഏഴാം നാൾ റിലീസ് ചെയ്തിരിക്കുന്നു. സി. പ്രേംകുമാർ എന്ന പുതിയ സംവിധായകന്റെ 96 ആണ് ഈയാഴ്ചത്തെ സേതുപതിചിത്രം. സസ്പെൻഷനിലുള്ള പോക്കിരിപ്പോലീസ് ആയ റസൂൽ ഇബ്രാഹിം ആയിട്ടായിരുന്നു സെക്ക സിവന്ത വാനത്തിലെങ്കിൽ തീർത്തും വിഭിന്നമായ എക്സ്ട്രീമിലുള്ള കെ രാമചന്ദ്രൻ എന്ന ഏറക്കുറെ അന്തർമുഖനായ റൊമാന്റിക് ഹീറോ ആണ് 96ലെ വിജയ് സേതുപതി.

ഇളയരാജയ്ക്ക് നന്ദി അർപ്പിച്ചുകൊണ്ട് ടൈറ്റിലുകളൊന്നും എഴുതാതെ നേരിട്ട് പ്രവേശിക്കുന്ന ഓപ്പണിംഗ് സോംഗിൽ തന്നെ നമ്മൾക്കു മനസിലാവും കെ രാമചന്ദ്രൻ ഒരു ട്രാവൽ ഫോട്ടോഗ്രാഫർ ആണെ‌ന്ന്. ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’ എന്ന സിനിമയുടെ സിനിമാറ്റോഗ്രാഫർ ആയി വന്നു സംവിധായകനായി മാറുന്ന സി പ്രേംകുമാർ ഗംഭീരമായ ഒരു വിഷ്വൽ ട്രീറ്റാക്കി മാറ്റും സിനിമയെ എന്ന് തുടക്കത്തിൽ തന്നെ പ്രതീക്ഷ ജനിപ്പിക്കും. പക്ഷെ, അല്പനേരത്തിനുള്ളിൽ നമ്മൾക്ക് മനസിലാവും സിനിമയുടെ പാത വ്യത്യസ്തമാണെന്ന്.

ഫോട്ടോഗ്രാഫി അധ്യാപകൻ കൂടിയായ രാമചന്ദ്രൻ തന്റെ വിദ്യാർത്ഥിനി ആയ പ്രഭ ഓടിക്കുന്ന കാറിലിരുന്ന് ഉറങ്ങിപ്പോവുകയും ഉണരുമ്പോൾ കാറ് വഴിമാറി സഞ്ചരിക്കുന്നത് തന്റെ ജന്മദേശമായ തഞ്ചാവൂരിലൂടെ ആണെന്ന് മനസിലാക്കി എക്സൈറ്റഡാവുകയും ചെയ്യുന്നു. തുടർന്ന് കനത്ത ഗൃഹാതുരത്വത്തിലേക്ക് വീണുപോവുന്ന അയാൾ താൻ പഠിച്ച ഹൈസ്കൂളിലേക്കാണ് എത്തിപ്പെടുന്നത്. തുടർന്ന് രാമചന്ദ്രനൊപ്പം നമ്മളെയും ഹെവിനൊസ്റ്റാൾജിയാ ഫീൽഡിലേക്ക് വലിച്ചിടുന്നു 96.

96 എന്ന ടൈറ്റിലിൽ ദുരൂഹമായ ഒന്നുമില്ല. 1996 എന്ന വർഷത്തിനെയാണ് അത് സൂചിപ്പിക്കുന്നത്. രാമചന്ദ്രൻ പത്താം ക്ലാസ് പഠിച്ച് സ്കൂളിൽ നിന്ന് പിരിഞ്ഞുപോയ വർഷമാണ് അത്. സ്കൂളിൽ അയാൾ അത്യന്തം ലജ്ജാലുവായ കൗമാരക്കാരനാണ്. ലൈവായി നിൽക്കുന്ന പത്ത് സി ഡിവിഷനിലെ ഏറ്റവും മിടുക്കി പെൺകുട്ടിയായ ജാനകിദേവിയും അവനും തമ്മിൽ ഒരിക്കലും തുറന്ന് പറയാത്ത ഒരു മൗനാനുരാഗമുണ്ട്. ഏതെങ്കിലും കാലത്ത് ഏതെങ്കിലും സ്കൂളിൽ ഏതെങ്കിലും വിധത്തിൽ സമാനമായ അപൂർണ പ്രണയങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരെ മൊത്തം നനച്ച് കുതിർക്കും വിധമാണ് ഇന്റർവെൽ വരെ സിനിമയുടെ പോക്ക്.

ക്ലാസ്മേറ്റ്സ്, ലുക്കാച്ചുപ്പി, ഒരു കല്ലൂരിയിൻ കഥൈ തുടങ്ങിയ സിനിമകളിലൊക്കെ കണ്ടിട്ടുള്ള വിധമുള്ളൊരു പൂർവവിദ്യാർത്ഥി സംഗമത്തിലൂടെയാണ് 96ന്റെ തുടർന്നുള്ള പുരോഗതി. തഞ്ചാവൂരിലെ ആൾ സെയിന്റ്സ് മെട്രിക്കുലേഷൻ സ്കൂളിൽ നിന്ന് എസ് എസ് എൽ സി കഴിഞ്ഞവർ മുന്നൂറ്റിയൻപതോളം കിലോമീറ്റർ ദൂരെയുള്ള ചെന്നൈയിലാണ് പൂർവവിദ്യാർത്ഥി മീറ്റ് നടത്തുന്നത്. എല്ലാവർക്കും എത്തിച്ചേരാൻ സുഗമമായ ഇടം എന്നൊക്കെയാണ് എക്സ്ക്യൂസ് പറയുന്നത്.. (എന്തരോ എന്തോ)

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം മുപ്പത്തേഴാം വയസിൽ കണ്ടുമുട്ടുമ്പോഴും രാമചന്ദ്രൻ അവിവാഹിതനും ഏറക്കുറെ അതേ പതിനഞ്ചാം വയസിലെ മാനസികാവസ്ഥയുള്ള രാമും ആണെന്നതും ജാനകി എന്ന ജാനി സിംഗപ്പൂരിൽ കുടുംബസ്ഥയും ഒരു പെൺകുട്ടിയുടെ അമ്മയാണ് എന്നതുമാണ് പടത്തിന്റെ തുടർന്നങ്ങോട്ട് അങ്ങോളമിങ്ങോളമുള്ള വിങ്ങിപ്പൊട്ടൽ.

ഇന്ത്യൻ സദാചാര സങ്കല്പങ്ങളെ കൈവിട്ടുകൊണ്ടുള്ള ഒരു കളിയ്ക്കും സംവിധായകനോ നായകനോ നായികയോ തയ്യാറാവാതെയുള്ള രണ്ടാം പകുതിയിലെ പാതിരാക്കറക്കങ്ങളും കഥപറച്ചിലുകളും സാധാരണ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിച്ചാൽ തെറ്റു പറയാനാവില്ല. മനസിൽ തട്ടുന്ന രംഗങ്ങളാൽ സമൃദ്ധമാണ് പടമെങ്കിലും ഒടുവിലെത്തുമ്പോൾ അധികമായാൽ അമൃതും വിഷം എന്ന അവസ്ഥയിലെത്തും. പടത്തിന്റെ ആവശ്യത്തിൽ കൂടുതലായുള്ള ദൈർഘ്യവും അപ്പോൾ ഒരു വിഷയമായിത്തോന്നും.

തുടർച്ചയായുള്ള പടങ്ങളിൽ എനർജി പാക്ക്ഡ് പവർഹൗസ് പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന വിജയ് സേതുപതിയുടെ അടക്കിപ്പിടിച്ച നിരുപാധികപ്രണയമാണ് രാമചന്ദ്രനിൽ കാണുന്നത്. ഊഷ്മളമാണത്. സ്വഭാവനടനായ എം എസ് ഭാസ്കറിന്റെ മകനായ ആദിത്യഭാസ്കർ ആണ് പത്താം ക്ലാസുകാരനായ രാമചന്ദ്രൻ. പയ്യനും കൊള്ളാം. ചെറുപ്പത്തിലെ ജാനകിയാവുന്ന ഗൗരിയാണ് 96ലെ പ്രകാശം പരത്തുന്ന പെൺകുട്ടിയും പ്രധാന എനർജി സോഴ്സും. മുതിർന്ന ജാനകി തൃഷയ്ക്ക് കിട്ടിയ മികച്ചൊരു റോൾ.

തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദമേനോൻ ബീജിയെമ്മിലൂടെയും പാട്ടുകളിലൂടെയും പടത്തിന്റെ സത്ത രൂപീകരിക്കുന്നതിൽ നിർണായകമാവുന്നുണ്ട്. കൂടുതൽ കഥാപാത്രങ്ങളിലൂടെയും സംഭവനിർമ്മിതികളിലൂടെയും സങ്കീർണമാക്കാതെ സുതാര്യമായി കടന്നുപോകുന്ന കഥാശരീരത്തിന് ഞെട്ടിക്കുന്ന വഴിത്തിരിവുകളോ പരിണാമഗുപ്തികളോ ഒന്നുമില്ല. നിരൂപകകോണിലൂടെ നോക്കിയാൻ ശ്രദ്ധേയമെന്ന് വേണമെങ്കിൽ വിലയിരുത്താം സാധാരണക്കാരനെ സംബന്ധിച്ച് കാണുന്ന മൂഡിനനുപാതമായിരിക്കും ആസ്വാദ്യത.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍