UPDATES

സിനിമ

വികടകുമാരൻ; പഴയ ശ്രീനിവാസന്‍ കാല കോമഡി-ഫീൽ ഗുഡ് സിനിമ

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ പാത തന്നെ പിന്തുടർന്നുള്ള ഒന്നാം പകുതിയാണ് വികടകുമാരന്റേത്

അപര്‍ണ്ണ

അപര്‍ണ്ണ

കട്ടപ്പനയിലെ ഹൃതിക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി അഭിനയിച്ച ചിത്രമാണ് വികടകുമാരൻ. ജനപ്രിയൻ, റൊമാൻസ് തുടങ്ങി പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകളുടെ സംവിധായകൻ ബോബൻ സാമുവലിന്റെ ഈ സിനിമ പ്രതീക്ഷകളുടെ വലിയ ഭാരമില്ലാതെയാണ് തീയറ്ററുകളിൽ എത്തിയത്. ഒരു കോമഡി-ഫീൽ ഗുഡ് സിനിമകളുടെ ഗണത്തിൽ പെട്ടതാണ് ചിത്രം ഒരു ഉത്സവകാല ഹാസ്യത്തിന്റെ സാധ്യതകളാണ് സിനിമ ഉപയോഗപ്പെടുത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ – ധർമജൻ കോമ്പിനേഷന്റെ ഹാസ്യമായിരുന്നു കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ ശ്രദ്ധേയമായ ഘടകം. അതെ കോമ്പിനേഷനാണ് വികടകുമാരനും ഉപയോഗിച്ചിട്ടുള്ളത്

ചിത്രത്തിൽ ബിനു വക്കീൽ ആയി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നു. ഒരു ചെറിയ നഗരത്തിലെ കോടതിയിൽ വലിയ സ്വപ്നങ്ങളുമായി കഴിയുന്ന ആളാണ് ബിനു വക്കീൽ. കുറെ കടങ്ങളും പ്രാരബ്ധങ്ങളും ഒക്കെയുള്ള ബിനു ഒരു സുപ്രീം കോടതി വക്കീൽ ആകുന്നത് സ്വപ്നം കാണുന്നു. നന്ദഗോപാൽ മാരാർ ആണ് അയാളുടെ റോൾ മോഡൽ. പക്ഷെ അലിബി എന്ന് പോലും പറയാൻ അറിയാത്ത സ്വന്തം കഴിവ് കൊണ്ട് ഒരു കേസും ജയിക്കാത്ത ആളാണ് ബിനു. ബിനുവിന്റെ ഗുമസ്തനാണ്‌ മണികണ്ഠൻ (ധർമജൻ). ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ ജഡ്‌ജുമൊത്ത് (സംവിധായകൻ റാഫി) ഉള്ള ചെറിയ കേസുകളുമായി ജീവിച്ചു പോകുകയാണ് ബിനു വക്കീൽ. കോടതിയിലെ കാന്റീൻ നടത്തിപ്പുകാരിയോട് (മാനസ) ബിനുവിന് പ്രണയമുണ്ട്. പക്ഷെ സ്വന്തം രൂപത്തിലുള്ള അപകർഷതാബോധം കൊണ്ട് അയാൾക്കതു പറയാൻ സാധിക്കുന്നില്ല. കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാനും തന്റെ ഇഷ്ടം പറയാനും ഉള്ള വഴികൾ അന്വേഷിക്കുന്നതിനിടക്ക് തനിക്കു മുൻപരിചയമുള്ള ഒരാളുടെ ദുർമരണം സംബന്ധിച്ച കേസ് അയാളെ തേടി എത്തുന്നു. ഈ കേസിൽ രഹസ്യ മൊഴി നല്കാനിരുന്ന പ്രമുഖ നടി ഐശ്വര്യയും മരണപ്പെടുന്നു. റോഷി (ജിനു ജോസഫ്) എന്ന കോടീശ്വരനും സ്വാധീന ശക്തിയുമുള്ള ദുഷ്ടനായ ബിൽഡർക്കു വേണ്ടി ബിനു ഹാജരാവാൻ തീരുമാനിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് വികടകുമാരനെ മുന്നോട്ട് നയിക്കുന്നത്.

വളരെ ലഘുവായി എടുത്ത കോർട്ട് റൂം ഡ്രാമയാണ് വികടകുമാരൻ. അക്ഷയ് കുമാര്‍ അഭിനയിച്ച സുഭാഷ് കപൂറിന്റെ ജോളി എൽഎൽബി സീരിസിനെ അറിഞ്ഞോ അറിയാതെയോ പിൻപറ്റി എടുത്ത ഒരു ബ്ലാക്ക് ഹ്യൂമർ കലർന്ന കോർട്ട് റൂം ഡ്രാമ എന്നും പറയാം. ഹാസ്യവും മണ്ടത്തരങ്ങളും കലർന്ന ഒന്നാം പകുതിയും കേസും വിസ്താരവും നിറഞ്ഞ രണ്ടാം പകുതിയുമാണ് സിനിമയ്ക്കുള്ളത്. ബിൽഡർ റോഷിയുടെ കേസ് നിസാം സംഭവത്തിൽ നിന്നും സ്വാധീനം ഉൾക്കൊണ്ട ഒന്നാണ്. ഇതിലേക്ക് ബിനുവിന്റെ എൻട്രിയും സിനിമ കണ്ടു ശീലമുള്ള ആർക്കും പ്രവചിക്കാവുന്ന ട്വിസ്റ്റുകളും ഒക്കെയായാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്. അങ്ങനെ പുതുമയുള്ള കഥയോ സന്ദർഭങ്ങളോ ഒന്നും സിനിമയിൽ ഇല്ല. നന്മ നിറഞ്ഞവർ സിനിമയിൽ വരുന്നത് തന്നെ മരിക്കാൻ ആണെന്ന ഇന്ത്യൻ സിനിമയുടെ വളരെ പഴയ അലിഖിത നിയമം അടക്കം എല്ലാം അതേപടി പകർത്തി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. പ്രേക്ഷകരുടെ യുക്തിയെ ചോദ്യം ചെയ്തും ചെയ്യാതെയും സിനിമ അങ്ങനെ കഥ പറഞ്ഞു തീരുന്നു.

ധര്‍മജന്‍/അഭിമുഖം: ഞാന്‍ നിര്‍മിക്കുന്ന സിനിമയുടെ പ്രത്യേകത, അതില്‍ പിഷാരടി ഇല്ല എന്നതാണ്

കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ പാത തന്നെ പിന്തുടർന്നുള്ള ഒന്നാം പകുതിയാണ് വികടകുമാരന്റേത്. നായകന്‍റെ വളരെ സാധാരണമായ രൂപത്തെയും കറുപ്പ് നിറത്തെയും കളിയാക്കിയുള്ള തമാശകൾ, അയാളുടെ ആത്മവിശ്വാസക്കുറവ്, ധർമജനും അയാളും തമ്മിലുള്ള കെമിസ്ട്രി, പ്രണയം പറയാനുള്ള ഭീതി തുടങ്ങി ഒരേ രീതിയിൽ കഥ നീങ്ങുന്നു. പഴയ കുറെ സിനിമയിലെ ശ്രീനിവാസൻ കഥാപാത്രങ്ങളുടെ പിന്തുടർച്ചകൾ ഇതിൽ കാണാം. നായകനായും സഹനടനായും ഒക്കെ വിഷ്ണു അഭിനയിച്ച കഥാപാത്രങ്ങളിൽ ഒരേ പാറ്റേൺ ആവർത്തിക്കപ്പെടുന്നു. സിനിമയുടെ ആ കോമഡി മൂഡ് പതിയെ ഇല്ലാതാവുന്നു. രണ്ടാം പകുതി മുഴുവൻ കോടതിയാണ്. ജിനു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനോളം വയലന്റ് ആയ കഥാപാത്രമാണ് റോജി. അയാൾ അത് വളരെ വിശ്വസനീയമായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു. പക്ഷെ അയാളുടെ കഥാപാത്ര സൃഷ്ടിക്ക് ഒട്ടും വിശ്വസനീയതയില്ല. സിനിമയുടെ ക്രൈം സീക്വൻസുകളിലും തുടർന്നുള്ള അന്വേഷണ, വാദ പ്രതിവാദങ്ങളിലോ ഒന്നും യാതൊരു യുക്തിയും ഇല്ല. കാലങ്ങളായി മലയാള സിനിമയിൽ ഉള്ള വില്ലന്മാരും കൂട്ടാളികളും അതുപോലെ തന്നെ ഈ സിനിമയിലും പ്രത്യക്ഷപ്പെടുന്നു. ഒരിക്കലും ഒരു കോടതി മുറിയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത കുറെ കാര്യങ്ങൾ അടുക്കും ചിട്ടയും ഇല്ലാതെ സിനിമയിൽ പകർത്തി വെച്ച പോലെ തോന്നി, കുറെ രംഗങ്ങൾ കണ്ടപ്പോൾ. തമാശകൾ കൂടി ഇല്ലാതായി പ്രത്യേകിച്ചൊന്നും പറയാനില്ലാതെ യുക്തിക്കു നിരക്കാത്ത സംഭവങ്ങളുമായി സിനിമ മുന്നോട്ട് നീങ്ങി.

വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ തീയറ്ററുകളിൽ എത്തിയ സിനിമയാണ് വികടകുമാരൻ. കാണികൾക്ക് വേഗം കണ്ടു മറക്കാവുന്ന ശരാശരി സിനിമകളിൽ ഒന്ന്. അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാത്ത വിഭാഗം പ്രേക്ഷകർക്ക് പരീക്ഷിക്കാവുന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നോ ഉളുപ്പ് മിസ്റ്റര്‍ ജിനു ജോസഫ്? ഇത് സര്‍ക്കാസം അല്ല തരംതാഴ്ന്ന ന്യായീകരണമാണ്

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ; ഒരു മുഴുനീള ജെയില്‍ ബ്രേക്ക് ഡാര്‍ക്ക് ത്രില്ലര്‍

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍