UPDATES

സിനിമ

കത്തി, വെട്ടുകത്തി, കൊടുവാൾ, കൊലപാതകം; മ്യാരകം തന്നെ സാമീ…

വർഷങ്ങളെടുത്ത് ശരീരം പുതുക്കിപ്പണിഞ്ഞും പരീക്ഷണങ്ങൾ നടത്തിയുമുള്ള മെയ്ക്കോവറുകളിലൂടെ പൊട്ടപ്പടങ്ങളിലൂടെ പൊട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തുടരുകയാണ് വിക്രം

ശൈലന്‍

ശൈലന്‍

കത്തി, വെട്ടുകത്തി, കൊടുവാൾ, കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മാസ് മസാലപ്പടങ്ങൾ ഒരുക്കാൻ തെന്നിൻഡ്യയിൽ ഹരിയെ കവിഞ്ഞൊരു ഡയറക്ടർ വേറെ കാണില്ല. (ബോളിവുഡിൽ ഒരുപക്ഷെ, രോഹിത്ഷെട്ടി ഉണ്ടാവും.) “അരുവാൾ ഡയറക്ടർ” എന്ന് വിക്കിപീഡിയ പ്രകാരം ഇരട്ടപ്പേര് തന്നെയുള്ള ഹരിയുടെ സിനിമകളുടെ പ്രത്യേകതകൾ അതിനായകത്വത്തിന്റെ അൾട്ടിമേറ്റത്തിൽ നിൽക്കുന്ന, അസാധ്യമെന്നൊരു വാക്ക് നിഘണ്ഡുവിലില്ലാത്ത, സൂപ്പർനായകന്മാരും എക്സ്ട്രീം വയലൻസിന്റെ കന്നിമാസങ്ങളിൽ വിഹരിക്കുന്ന പ്രതിനായകകഥാപാത്രങ്ങളും രണ്ടുപേരും സംഘവും ചേർന്ന് പരസ്പരം സംഘടിപ്പിക്കുന്ന യുദ്ധസമാനമായ സംഘട്ടനരംഗങ്ങളും പറന്നുപൊങ്ങി പൊട്ടിത്തെറിക്കുന്ന സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളും മസാലയുടെ മറ്റു ബഹുവിധമായ തീക്ഷ്ണചേരുവകളുമാണ്. സ്വാമിയിലൂടെയും സിങ്കം സീരിസുകളിലൂടെയും പോലീസ് വീരചരിതങ്ങൾ പറഞ്ഞ് മതിവന്നിട്ടില്ലാത്ത ഹരി 2003ൽ ഇറങ്ങി മെഗാഹിറ്റായി മാറിയ സാമിയുടെ സീക്വലായ “സാമി സ്ക്വയറു”മായി ഇന്ന് വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുന്നു.

ഹരിയുടെ സിനിമകൾ കാണാൻ പോവുമ്പോൾ ഒരു പ്രത്യേകതരം മാനസികാവസ്ഥ സെറ്റ് ചെയ്തുവെക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ, മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഒരു പ്രത്യേകതരം മാനസികാവസ്ഥയുള്ള പ്രേക്ഷകരെ മുന്നിൽ കണ്ടാണ് ഹരി തന്റെ സിനിമകൾ ഒരുക്കുന്നത്. ഇൻഡ്യൻ സിനിമയിൽ മൊത്തത്തിലുണ്ടായ പുതുതരംഗങ്ങൾ ഒന്നും തന്നെ ഹരിയ്ക്കും ഹരിയുടെ പ്രേക്ഷകർക്കും ബാധകമേ അല്ല. ലോജിക്കിന്റെയും റിയാലിറ്റിയുടെയും മറ്റും അസുഖമുള്ളവർ ആ വഴിക്ക് പോവാതിരിക്കയാവും ഭേദം. കണ്ടേതീരൂ എന്ന് വാശിയുണ്ടെങ്കിൽ, അത്തരത്തിലുള്ള കുപ്പായവും ചെരുപ്പുമൊക്കെ അഴിച്ചുവെച്ച് തിയേറ്ററിൽ കേറുകയുമാവാം.

2003 ൽ വന്ന സാമിയിലെ നായകൻ ആറുച്ചാമി തിരുനെൽവേലി നഗരത്തിലെ അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നു. രാവിലെ ഉണർന്നെഴുന്നേറ്റാൽ “ചായത്തണ്ണിയ്ക്ക് ബദലാക ചാരായത്തണ്ണിയെ ഊത്തിക്കുടിക്കുന്നവനും” ഇഡലിയെ ബിയറൊഴിച്ച് കുഴച്ച് സാപ്പിടുന്നവനുമൊക്കെയായ പോക്ക്രിപ്പോലീസ് ആയ ആറുച്ചാമി മാനറിസങ്ങളാൽ മാസ് ആയിരുന്നു. 15 കൊല്ലങ്ങൾക്ക് മുൻപ് സാമി നിർത്തിയേടത്ത് നിന്ന്, ഇത്രയും കൊല്ലം സിനിമയിൽ വന്ന മാറ്റങ്ങളെയൊക്കെ ശൂ..ന്ന് ഊതിപ്പറത്തി കൂളായി ഹരി സാമി സ്ക്വയർ തുടങ്ങുന്നു.. ഇത്തവണ ആറുച്ചാമി മാത്രമല്ല, മകൻ രാമച്ചാമി കൂടിയുണ്ട് നായകസ്ഥാനത്ത്. അതുകൊണ്ടാണ് സാമിയുടെ സീക്വലിന് ശീർഷകം “സാമി സ്ക്വയർ” ആയി മാറുന്നത്.

തിരുനെൽവേലി നഗരത്തിലെ ഡോൺ ആയിരുന്ന പെരുമാൾ പിച്ചയെ ഇഷ്ടികച്ചൂളയിൽ ആരും കാണാതെ/തെളിവില്ലാതെ പൊതച്ച ആദ്യഭാഗത്തിന്റെ ക്ലൈമാക്സിൽ നിന്നും പോന്ന് സാമി പിന്നീട് സേവനമനുഷ്ഠിക്കുന്നത് ദിണ്ടിഗൽ മാവട്ടത്തിലെ പഴനി നഗരത്തിൽ ആണ്. ഒരു സ്പൂഫ് സിനിമയെ കടത്തിവെട്ടുന്ന അന്യായ ഇൻട്രോയുമായി സാമി പഴനി പോലീസ് സ്റ്റേഷനിൽ അവതരിക്കുന്നു. എ സി പിയ്ക്കെന്താാ ലോക്കൽ സ്റ്റേഷനിൽ കാര്യമെന്നൊന്നും എനിക്കറിയില്ല. ശിഷ്ടകാലം സാമി ദിണ്ടിഗൽ ഡിസ്ട്രിക്റ്റിലെ ക്രിമിനലുകളെ പഞ്ഞിക്കിട്ടുകൊണ്ട് ഔദ്യോഗികജീവിതം തുടരുമെന്ന് നമ്മൾ ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും ഹരി ക്യാമറയെ ശ്രീലങ്കയിലേക്കും തുടർന്ന് ഇരുപത്തെട്ട് കൊല്ലങ്ങൾക്കപ്പുറത്തേക്കും കട്ട് ചെയ്യും.. കണ്ണടച്ച് തുറക്കുമ്പോഴേക്കാണ് ആറുച്ചാമി പോയി രാമച്ചാമി വരുന്നത്. ലൊക്കേഷനാവട്ടെ കൊളംബോ, ഡെൽഹി, മുസോറി, തിരുനെൽവേലി, പഴനി, ഉദയ്പൂർ, ജയ്സാൽമീറ് എന്നിങ്ങനെ മാറിമറിയുകയും ചെയ്യും.

സാമി കൊന്ന പെരുമാൾ പിച്ചയ്ക്ക് കൊളംബോയിൽ സുധാചന്ദ്രൻ അവതരിപ്പിക്കുന്ന ഒരു ശ്രീലങ്കൻ ഭാര്യ ഉണ്ടായിരുന്നു എന്നും മഹേന്ദ്ര പിച്ച, ദേവേന്ദ്ര പിച്ച, രാവണപിച്ച എന്നിങ്ങനെ ഗഡാഗഡിയന്മാരായ മൂന്നുമക്കൾ ഉണ്ടായിരുന്നു എന്നും അതിൽതന്നെ രാവണനാമധാരിയായവൻ കൊടും ക്രിമിനൽ ആയിരുന്നെന്നും അപ്പനെ കൊന്ന ആറുച്ചാമിയെ മക്കൾ ചേർന്ന് തട്ടിക്കളയുന്നുവെന്നുമൊക്കെയാണ് തുടർന്ന് കാണുന്നത്. അന്ന് അദ്ഭുതകരനായി രക്ഷപ്പെട്ട ഗർഭസ്ഥശിശുവായിരുന്ന ആറുച്ചാമി മകൻ രാമച്ചാമി ഇരുപത്തെട്ട് കൊല്ലങ്ങൾക്ക് ശേഷം അതേ തിരുനെൽവേലി നഗരത്തിൽ ഐ പി എസ് കാരനായി തിരിച്ചുവന്ന് രാവണനെയും സഹോദരന്മാരെയും സമയമാവോളമെടുത്ത്, തന്ത്രപരമായി തട്ടിക്കളഞ്ഞ് പ്രതികാരം ചെയ്യുന്നതായിട്ടാണ് സാമി സ്ക്വയറിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സാധാരണഗതിയിൽ രാവണൻ ദ്രാവിഡർക്കും തെലുങ്കർക്കും അത്രമേൽ മ്ലേച്ഛനും നികൃഷ്ടനും വെറുക്കപ്പെട്ടവനും അല്ല എങ്കിലും സിനിമയിലെ രാവണനെ നൃശംസതകൾ നിറഞ്ഞ കൊടൂരനായും രാമന് കൊല്ലാൻ പാകത്തിലുള്ള വേട്ടമൃഗവുമായിട്ടാണ് ഉരുവപ്പെടുത്തിയെടുത്തിരിക്കുന്നത്. സംഘപരിവാർ സ്വാധീനം തന്നെയായിരിക്കും ഈ രാമരാവണയുദ്ധനിർമ്മിതിക്ക് പിന്നിൽ പ്രവർത്തിക്കാൻ പ്രേരണയേകിയിട്ടുണ്ടാവുക. അഭിനയത്തിന് ദേശീയ പുരസ്കാരം തന്നെ നേടിയ രണ്ട് മികച്ച നടന്മാരെത്തന്നെയാണ് ഹരി രാമ-രാവണ വേഷങ്ങൾക്കായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നത് കൌതുകമാണ്. ബോബി സിംഹയാണ് രാവണപ്പിച്ച

വർഷങ്ങളെടുത്ത് ശരീരം പുതുക്കിപ്പണിഞ്ഞും പരീക്ഷണങ്ങൾ നടത്തിയുമുള്ള മെയ്ക്കോവറുകളിലൂടെ പൊട്ടപ്പടങ്ങളിലൂടെ പൊട്ടക്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിക്രം, 15 കൊല്ലം കൊണ്ട് പ്രത്യേകിച്ച് ശാരീരികാവശതകളൊന്നും വരാത്ത ആറുച്ചാമിയെയും 28വയസുകാരനായ മകനെയും ആണ് ഇത്തവണ സ്ക്രീനിലെത്തിക്കുന്നത്. ആറുച്ചാമിയും മകനും കിടുവാണെങ്കിലും 28വയസ് എന്നത് ഇത്തിരിയെന്തെങ്കിലുമൊക്കെ കൂട്ടായിരുന്നു.. അതുമാത്രേ ഒള്ളോ സിനിമയിൽ ലോജിക്കലായുള്ള പ്രശ്നം എന്ന് ചോദിച്ചാൽ അതും തീർന്നു. 27കൊല്ലത്തിന് അപ്പുറവും ഇപ്പുറവുമുള്ള തിരുനെൽവേലിയെയും തമിഴ്നാടിനെയും ലോകത്തിനെയുമൊക്കെ വേർതിരിച്ച് കാണിക്കുന്നതിൽ ഒരു ശ്രമവും കാണിക്കാതെയുള്ള ഹരി അപ്രോച്ച് മ്യാരകം.

സിംഹയുടെ നിറഞ്ഞാട്ടത്തെ എടുത്ത് പറയാതിരിക്കാൻ വയ്യ. കീർത്തി സുരേഷിനെ വില്ലൻ തട്ടിക്കൊണ്ടുപോവുമ്പോഴൊക്കെ തട്ടിക്കളയുമെന്ന് നമ്മൾ പ്രതീക്ഷിക്കുമെങ്കിലും നോ രക്ഷ. മുഴുനീളത്തിൽ തന്നെ സഹിക്കണം. ദേവി ശ്രീപ്രസാദിന്റെ വക പാട്ടുകളും ഡ്യുയറ്റ് ഉൾപ്പടെയുള്ള ആട്ടങ്ങളും തുരു തുരാ. പ്രതീക്ഷിക്കുന്നതൊക്കെ തന്നെയേ പടത്തിൽ ഉടനീളം സംഭവിക്കുന്നുള്ളൂ. പ്രതീക്ഷിക്കാത്തതായി ക്ലൈമാക്സ് ഒഴികെ മറ്റൊന്നും സ്വാമിയിലും സ്ക്വയറിലും സംഭവിക്കുന്നുമില്ല. അല്ലെങ്കിൽ തന്നെ ഹരിയുടെ പടത്തിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ. ഹരിയുടെ പടത്തിന് എന്ത് റിവ്യൂ എഴുതാൻ..

“സാമിയിൻ വേട്ടൈകൾ തൊടരും” എന്നൊരു മുന്നറിയിപ്പ് മാത്രം എന്‍ഡ് ക്രെഡിറ്റ്സിൽ ഭീഷണിയായുണ്ട്. അത്രന്നെ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍