UPDATES

സിനിമാ വാര്‍ത്തകള്‍

‘ഞാൻ ദളിതുമല്ല, ഹിന്ദുവുമല്ല, കാളിവിശ്വാസിയായ പുലയനാണ്; സംഘപരിവാർ ഡെഡ്ലി ക്രിമിനൽസാണ്”: വിനായകന്‍

തനിക്കെതിരായ യുവതിയുടെ ആരോപണങ്ങൾ വിനായകൻ നിഷേധിച്ചു

ഫോണിലൂടെ അശ്ലീല ചുവയോടെ സംസാരിച്ചെന്ന ദളിത് പ്രവര്‍ത്തക മൃദുല ശശിധരന്റെ പരാതിയിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള അഭ്യുഹങ്ങൾക്കിടയിൽ കേസിൽ വിനായകന് ജാമ്യം ലഭിച്ചിരിക്കുകയാണ്. തന്റെ നേരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുകയാണ് വിനായകൻ. ‘ഞാൻ ദലിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. അതുകൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫെയ്സ്ബുക്കിൽ ആ ചിത്രമിട്ടത്’- വിനായകൻ പറയുന്നു. ആരോപണങ്ങളെ കുറിച്ച് ‘കീബോഡ് ജേണലിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാൻ ദളിതനല്ല. ഞാൻ പുലയനാണ്. കാളിവിശ്വാസിയായ പുലയനാണ്. ഞാൻ ഇങ്ങനെ പറഞ്ഞുവെന്ന് നിങ്ങൾക്ക് എഴുതാൻ ധൈര്യമുണ്ടോ? ഞാൻ ദളിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്. ഞാൻ അത് കൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫെയ്സ്ബുക്കിൽ ആ ചിത്രമിട്ടത്. പുലയനായ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റയ്ക്ക് അത് നേരിട്ടു. അപ്പോ ‘ഇവര്’ എന്നെ പെടുത്താനാണ് നോക്കിയത്. ബട്ട് ഐ ‍ഡോണ്ട് കെയർ. സംഘപരിവാറുമായി പ്രശ്നമുണ്ടായപ്പോൾ മുസ്ലിം സമുദായം എന്നോടൊപ്പം നിന്നു. പ്രത്യേകിച്ച് ജമാഅത്ത് പോലെയുള്ള സംഘടനകളിൽ ഉള്ളവർ. സംഘപരിവാർ ഡെഡ്ലി ക്രിമിനൽസാണ്’- വിനായകൻ പറയുന്നു.

അതേസമയം, തനിക്കെതിരായ യുവതിയുടെ ആരോപണങ്ങൾ വിനായകൻ നിഷേധിച്ചു. കഴിഞ്ഞ ഏപ്രിൽ 18-ാം തീയതി തന്നെ ആദ്യം ഫോണിൽ വിളിച്ചത് ഒരു പുരുഷനാണ്. പരാതി കൊടുത്ത യുവതി ആരാണെന്ന് പോലും തനിക്ക് അറിയില്ല എന്നാണ് ന്യൂസ്18 കേരളത്തിനോട് വിനായകന്‍ പ്രതികരിച്ചത്. തന്നെ ആദ്യം ഫോണിൽ വിളിച്ചത് പുരുഷൻ ആണ്. ഇയാൾ അസഭ്യം പറഞ്ഞതോടെ താനും തിരിച്ച് മോശമായി പ്രതികരിക്കുകയാണ് ചെയ്തത്.

താൻ ജീവിതത്തിൽ ഇത് വരെ ഒരു പെൺകുട്ടിയോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ഫോൺ സംഭാഷണം പൂർണമായും പരിശോധിച്ചാൽ എല്ലാ കാര്യങ്ങളും ബോധ്യമാകുമെന്നും വിനായകൻ കൂട്ടിച്ചേർത്തു.

Read More: ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരെ മൊഴി കൊടുത്തയാള്‍, സംഘപരിവാറിന്റെ രൂക്ഷവിമര്‍ശകന്‍; സഞ്ജീവ് ഭട്ടിനെ കാത്ത് ഇനിയും കേസുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍