UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

കെയർഫുൾ: പ്രശസ്തമായൊരു സിനിമയുടെ പരിക്കുകൾ ഇല്ലാത്ത റീമേക്ക്

മരുഭൂമിയിലെ ആനക്ക് ശേഷം റിലീസ് ചെയ്യുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് കെയർഫുൾ.

അപര്‍ണ്ണ

മരുഭൂമിയിലെ ആനക്ക് ശേഷം റിലീസ്  ചെയ്യുന്ന വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയാണ് കെയർഫുൾ. വ്യത്യസ്തമായ തീമുകൾ കൊണ്ട് ഇടക്ക് ശ്രദ്ധേയമാകാറുണ്ട് വി കെ പി സിനിമകൾ. ജോമോൾ ഇടവേളയ്ക്കു ശേഷം തിരിച്ചു വരുന്നതും ത്രില്ലർ മാതൃകയിലുള്ള ട്രെയിലറും ഒക്കെയാണ് കെയർഫുള്ളിനെ ശ്രദ്ധേയമാക്കിയത്. നോമ്പിനും സമരത്തിനും ബാഹുബലിക്കും ഒക്കെ ഇടയിലാണ് കെയർഫുൾ തീയറ്ററുകളിൽ എത്തിയത് എന്നതുകൊണ്ടു തന്നെ ഈ സമയത്തെ സിനിമാ റിലീസിംഗ് വലിയ വെല്ലുവിളിയാണ്.

കന്നഡ ചിത്രം യൂ ടേണിന്റെ റീമേക്ക് ആണ് കെയർഫുൾ. ഇന്ത്യയിലോട്ടുക്ക് ശ്രദ്ധിക്കപ്പെട്ട സിനിമയാണ് യു ടേണ്‍. അനധികൃതമായ യു ടേൺ വഴി പോകുന്നവർ എല്ലാം ദുരൂഹമായി മരണപ്പെടുന്നു. ഒരു നിയമ ലംഘന സ്റ്റോറി ചെയ്യാൻ ആഗ്രഹിച്ചു വന്ന പത്രപ്രവർത്തകയും പോലീസുദ്യോഗസ്ഥനും ഈ മരണങ്ങൾക്ക് പിന്നിലെ ദുരൂഹത അന്വേഷിച്ചു നടക്കുന്നു. അവർക്ക് നേരിടേണ്ടി വരുന്ന ഭീകരമായ വെല്ലുവിളികളും അവർ എത്തിച്ചേരുന്ന വിചിത്രമായ വഴികളും ഉത്തരങ്ങളും ഒക്കെയാണ് സിനിമ. ഒരു ക്രൈം ത്രില്ലറിന്റെയും ഹൊറർ സിനിമയുടെയും മൂഡിൽ സഞ്ചരിക്കുന്ന സിനിമയാണ് യു ടേണും കെയർഫുള്ളും. അതീന്ദ്രിയ ശക്തിയുള്ള ആത്മാവും പത്രപ്രവർത്തകയും തമ്മിൽ നേരിട്ടുള്ള ഇടപെടൽ രംഗങ്ങളിൽ മാത്രമാണ് യു ടേണും കെയർഫുള്ളും തമ്മിൽ പ്രകട വ്യത്യാസമുള്ളത്. ബാക്കി രംഗങ്ങളിൽ എല്ലാം പവൻ കുമാർ രംഗങ്ങളുടെ വലിയ അളവിലുള്ള സ്വാധീനമാണ് കെയർഫുള്ളിനെയും വി കെ പ്രകാശിനെയും മുന്നോട്ട് നയിക്കുന്നത്.

റോഡ് സുരക്ഷ, നിയമ ലംഘനം ഒക്കെ സംബന്ധിച്ച ഒരു ബോധവത്ക്കരണത്തിന് യു ടേണിനെ അപേക്ഷിച്ച് കെയർഫുൾ ഊന്നൽ അധികം നൽകിയിട്ടുണ്ട്. കേരളത്തിൽ റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാവാം കാരണം. നിയമം ഒരിക്കലെങ്കിലും തെറ്റിച്ചവർക്കും റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ആണ് സിനിമ സമർപ്പിച്ചിട്ടുള്ളത്. മറ്റൊരു പ്രകട വ്യത്യാസമുള്ളത് ക്ലൈമാക്സിലാണ്. ഒറിജിനലിനോളം അതിഭാവുകത്വം ഈ സിനിമയുടെ ക്ലൈമാക്സിൽ ഇല്ല. കനകമുന്തിരികൾ എന്ന വി കെ പ്രകാശിന്റെ തന്നെ പുനരധിവാസത്തിലെ ഗാനത്തിന്റെ റീമിക്സിങ്ങിനിടയിൽ കാര്യങ്ങൾ സംവദിക്കുന്ന രീതിയിലാണ് സിനിമ തീരുന്നത്. ഇത് കൃത്യമായും മലയാളം ഇതര ദക്ഷിണേന്ത്യൻ സിനിമാ രീതികളുടെ ഭാവുകത്വ വ്യത്യാസത്തെ അടയാളപ്പെടുത്തുന്നു. അതിവൈകാരികമായ ക്ലൈമാക്സുകൾ മലയാളികൾ തങ്ങളുടെ സിനിമകളിൽ അംഗീകരിക്കാറില്ല. മലയാള സിനിമയുടെ മിതത്വ സങ്കല്പത്തോട് ചേർന്ന് നിന്നാണ് കെയർഫുള്ളിന്റെ രണ്ടാം പകുതി സംഭവിക്കുന്നത്.

ഒരു അതീന്ദ്രിയ ശക്തിയുടെ സാന്നിധ്യം അവ്യവസ്ഥാപിത മാർഗത്തിലൂടെ എസ്റ്റാബ്ലിഷ്‌ ചെയ്യുക വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പ്രേതം വെള്ള സാരിയുടുത്ത് ആളൊഴിഞ്ഞ വഴിയിൽ രാത്രി മോഹിച്ചെത്തുന്ന രൂപമായാൽ അധിക ചോദ്യങ്ങൾ ഇല്ലാതെ പ്രേക്ഷകർ അതിനെ സ്വീകരിക്കും. അത് നമ്മുടെ കാഴ്ച്ച, വായനാ കാര്യങ്ങളിലൂടെ ശീലപ്പെട്ട ഒന്നാണ്. നഗര തിരക്കിൽ സാന്നിധ്യമായോ മുന്നറിയിപ്പായോ വരുന്ന അതീന്ദ്രിയ സാന്നിധ്യം ഒക്കെ ചിത്രീകരിക്കാൻ വെല്ലുവിളികൾ കുറെയുണ്ട്. ആ വെല്ലുവിളികളെ കെയർഫുൾ ഫലപ്രദമായി ഉപയോഗിച്ചോ എന്ന് സംശയമാണ്. മർഡർ മിസ്റ്ററി, ഹൊറർ മൂഡിലേക്കു മാറാൻ വേണ്ട സമയമോ സാവകാശമോ കഥ കേൾക്കാൻ ആകാംക്ഷയോടെ ഇരിക്കുന്ന പ്രേക്ഷകർക്ക് കിട്ടിയില്ല. ഒരു റിയൽ ലൈഫ് സ്റ്റോറിൽ നിന്നും നിമിഷ വേഗം കൊണ്ട് അതല്ലാത്ത ഒന്നായി മാറി സിനിമ അവസാനിക്കുന്നു. രണ്ടാം പകുതി കുറച്ചു കഴിയുമ്പോൾ പെട്ടന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു. കൊലപാതകം നടത്തിയ ആളെ, കാണിച്ച കഥാപാത്രങ്ങൾക്കിടയിൽ തിരയുന്ന പ്രേക്ഷകരെ നിരാശരാക്കുന്ന രീതിയിൽ അഞ്ചു മിനിറ്റ് കൊണ്ട് കഥ മാറുകയാണ്. അതിന്റെ സിംബോളിക്ക് വശങ്ങളിലേക്കും സിനിമ ശ്രദ്ധ തിരിക്കുന്നില്ല; അല്ലെങ്കിൽ അത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തുന്നില്ല.

യു ടേൺ സിനിമ കണ്ടവർക്ക് പുതുതായി എന്തെങ്കിലും ഈ സിനിമ തരുന്നുണ്ടെന്ന് തോന്നുന്നില്ല. സിനിമാ വ്യവസായങ്ങൾ തമ്മിലുള്ള മാറ്റം പഠിക്കാം എന്നല്ലാതെ യു ടേണിന്റെ വ്യത്യസ്തമായൊരു അവതരണം ഇവിടെ നടന്നിട്ടില്ല. പ്രധാന കഥാപാത്രമായ രചനയുടെ പേരിലോ ശരീര ഭാഷയിലോ പ്രകട വ്യത്യാസങ്ങൾ ഒന്നുമില്ല. സിനിമാ റീമേക്കുകളിൽ എങ്ങനെയൊക്കെ, എന്തൊക്കെ മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് പഠിക്കാം. മൊഴിമാറ്റം, പുനർ നിർമാണം തുടങ്ങിയവയുടെ അതിർവരമ്പുകൾ എന്താണ്, എവിടെയാണ് എന്നൊക്കെ താത്പര്യമുള്ളവർക്ക് അന്വേഷിക്കാൻ പുതിയ ഒരു സാധ്യതയുണ്ട് ഈ സിനിമയിൽ. അതിനപ്പുറം കൊച്ചി നഗരത്തിലും കേരളത്തിലോ അല്ലെങ്കിൽ രാജ്യത്ത് മുഴുവൻ തന്നെയോ അത് വ്യക്തിപരമായ അശ്രദ്ധയുടെ മാത്രം വിഷയമല്ല; നിയമ സംവിധാനങ്ങൾ വ്യക്തികൾക്ക് നൽകുന്ന അതി സ്വാതന്ത്ര്യങ്ങൾക്കുള്ള പഴുതുകളിലും അസ്വാതന്ത്ര്യങ്ങളുടെ പരിധികളിലും ഒക്കെ വരുന്ന വിഷയമാണത്. സിനിമ സംസാരിക്കുന്ന മറ്റു വിഷയങ്ങളും ഏകതാനമായതല്ല. നിയമ സംവിധാനത്തിലെ അപാകതകൾ, ന്യൂ മീഡിയയുടെ കാലത്തെ പത്രമോഫീസ്, വക്കീൽ, പോളിസി പ്രശ്‌നം എല്ലാം അവിടെയും ഇവിടെയും എത്താതെ സ്പർശിച്ചു പോകുന്നുണ്ട് സിനിമയിൽ എന്ന് മാത്രം.

പ്രശസ്തമായൊരു സിനിമയുടെ പരിക്കുകൾ ഇല്ലാത്ത റീമേക്ക് ആണ് കെയർഫുൾ. പരിചയ സമ്പന്നനായ ഒരു സംവിധായകന് എളുപ്പത്തിൽ സാധിക്കാവുന്ന ഒന്ന്. യു ടേൺ നിങ്ങളുടെ ഇഷ്ട സിനിമാ ഗണത്തിൽപ്പെട്ട ഒന്നാണെങ്കിൽ കെയർഫുൾ പരീക്ഷണ വിധേയമായി കാണാവുന്നതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍