UPDATES

സിനിമാ വാര്‍ത്തകള്‍

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തൽ: രേവതി സമ്പത്തിന് പിന്തുണയുമായി ഡബ്ല്യൂസിസി

നമ്മുടെ ഇൻഡസ്ട്രിയിൽ ഇത്തരം കാര്യങ്ങളൊന്നും തന്നെ നടക്കുന്നില്ലെന്ന് വാദിക്കുന്നവർ തന്നെ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കൂടി മനസിലാക്കി തരുകയാണ് ഈ വെളിപ്പെടുത്തൽ.

നടന്‍ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുമായി എത്തിയ നടി രേവതി സമ്പത്തിന് പിന്തുണയുമായി ഡബ്ല്യൂസിസി. രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയുന്നതെന്നും ഇതേ തുടർന്ന് രേവതിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചതായും ഡബ്ല്യൂസിസിയുടെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തതായും ഡബ്ല്യൂസിസി പ്രവർത്തകയായ നടി സജിത മഠത്തിൽ അഴിമുഖത്തോട് പറഞ്ഞു.

ഈ വിഷയത്തിൽ രേവതിയുടെ ഭാഗത്ത് നിന്ന് വിശദീകരണം ലഭിച്ചാൽ മാത്രമാണ് കൂടുതൽ എന്താണ് ചെയ്യുവാൻ സാധിക്കുക എന്ന് പറയാനാവുക. ഈ അടുത്ത കാലത്ത് തന്നെ ഇത്തരത്തിൽ ഒന്നിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വളരെ ഓപ്പണായിട്ട് ഇത്തരം കാര്യങ്ങൾ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് മനസിലാക്കാൻ ഈ വെളിപ്പെടുത്തലും ഒരു അവസരമായെന്ന് മാത്രം. നമ്മുടെ ഇൻഡസ്ട്രിയിൽ ഇത്തരം കാര്യങ്ങളൊന്നും തന്നെ നടക്കുന്നില്ലെന്ന് വാദിക്കുന്നവർ തന്നെ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് കൂടി മനസിലാക്കി തരുകയാണ് ഈ വെളിപ്പെടുത്തൽ. വളരെ ചെറിയ പ്രായത്തിൽ തനിക്ക് നേരിട്ടൊരു അനുഭവം തുറന്ന് പറയുന്നതുകൊണ്ട് ആ കുട്ടിക്ക് പ്രത്യേകിച്ച് ഒന്നും നേടാനുമില്ലന്നും സജിത മഠത്തിൽ പറയുന്നു.

ഏറെ കാലം അടക്കിവെച്ചൊരു സങ്കടം ഒരു സാഹചര്യത്തിൽ ആ കുട്ടി വെളിപ്പെടുത്തിയെന്ന് മാത്രം അല്ലാതെ ഇതിൽ മറ്റെന്തെങ്കിലും ലക്ഷ്യം ഉള്ളതായി തോന്നുന്നില്ലെന്നും സജിത മഠത്തിൽ കൂട്ടി ചേർത്തു.

ഇന്നലെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രേവതി സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയതായി വെളിപ്പെടുത്തിയത്. സിദ്ദിഖും കെപിഎസി ലളിതയും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കുവച്ചായിരുന്നു രേവതിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ഈ വീഡിയോ കണ്ടതിന് ശേഷം ഇത് പറയാതിരിക്കാന്‍ ഇനിയും എന്നെ കൊണ്ട് സാധിക്കില്ല. ഈ നടന്‍, സിദ്ദഖ് 2016-ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂവില്‍ എന്നെ ലൈംഗികമായി ആക്രമിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ കൊണ്ടുള്ള ലൈംഗിക അധിക്ഷേപങ്ങള്‍ ഇരുപത്തിയൊന്നുകാരിയായ എന്നെ മാനസികമായി തളര്‍ത്തി.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് എന്റെ ഊഹം. അവള്‍ അദ്ദേഹത്തിന്റെ അടുത്ത് സുരക്ഷിതമായിരിക്കുമോയെന്ന് ചിന്തിക്കുകയാണ്. ഇതേ കാര്യം നിങ്ങളുടെ മകള്‍ക്കാണ് സംഭവിച്ചിരിക്കുന്നതെങ്കില്‍ എങ്ങനെയാണ് സിദ്ദിഖ് നിങ്ങള്‍ പ്രതികരിക്കുക?

വളരെ അന്തസോടെ പ്രവര്‍ത്തിക്കുന്ന ഡബ്ല്യൂസിസി പോലത്തെ ഒരു സംഘടനയ്‌ക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുള്ളത്.

നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ചുനോക്കൂ. ഉളുപ്പ് ഉണ്ടോ?

സ്വയം മാന്യന്‍ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ ഒക്കെ ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്താക്കണം – രേവതി സമ്പത്ത് ഫേസ്ബുക്കിൽ കുറിച്ചു.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍