UPDATES

സിനിമ

ക്യാപ്റ്റന്‍ രാജുവിനെ എക്കാലവും ഓർമ്മിക്കാൻ ഒരു അരിങ്ങോടർ മാത്രമേയുള്ളോ നിങ്ങളുടെ കയ്യില്‍?

സിനിമാ താരങ്ങളേ നിങ്ങള്‍ക്ക് ക്യാപ്റ്റനിൽ നിന്ന് ചിലത് പഠിക്കാനുണ്ട്

ക്യാപ്റ്റൻ രാജു മരിച്ചു എന്നു കേട്ടപ്പോൾ ആദ്യം നിങ്ങളുടെ ഓർമ്മയിലെത്തിയതെന്താണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി അദ്ദേഹം പകർന്നാടിയ കഥാപാത്രങ്ങൾ തന്നെയാവും. എത്രയെണ്ണം വന്നു. പകുതി. അതിന്റെയും പകുതി. പോട്ടെ അതിന്റെയുമതിന്റെയും പകുതി! ഉണ്ടാവില്ല.

ക്യാപ്റ്റൻ രാജു ചെയ്ത വേഷങ്ങൾ കുറച്ചല്ല. ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതമെടുത്താൽ വേഷങ്ങൾ അധികം തന്നെയാണ്. എൻ.എൻ പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകം മുതൽ ‘മാസ്റ്റർപീസ്’ എന്ന സിനിമ വരെ ഏകദേശം അഞ്ഞൂറിലധികം കഥാപാത്രങ്ങൾ. അതിൽ ഒട്ടുമിക്കതും നാം കണ്ടുകാണും. പക്ഷെ അതിലേതൊക്കെ വേഷങ്ങൾക്ക് നിങ്ങളുടെ ഓർമ്മകളിൽ വേരുകളാഴ്ത്താൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കൈവിരലുകളിലെല്ലാമെടുത്താൽ അതിൽ ക്യാപ്റ്റന്റെ മുദ്ര പതിഞ്ഞ എത്ര വേഷപ്പകർച്ചകളുണ്ടാവും. എത്ര ഓർമ്മകളുണ്ടാവും. സംശയമാണ്. എന്നാൽ സിനിമ കാണുന്ന മലയാളിയോടാരോടു ചോദിച്ചാലും ക്യാപ്റ്റൻ അനശ്വരമാക്കിയ വടക്കൻ വീരഗാഥയിലെ ആ അരിങ്ങോടർ കാണുമെന്ന് തീർച്ചയാണ്. പിന്നെ ചിരിച്ചുകൊണ്ട് ചെറുവിരലിൽ പവനായിയെയും ഓർത്തെടുക്കുമായിരിക്കും!
ഇടയിൽ ഏതൊക്കെ വേഷങ്ങൾ നിങ്ങളുടെ ഓർമ്മയിലിപ്പോഴുമുണ്ട്. ചിലതുണ്ട്. സാമ്രാജ്യത്തിലെ കൃഷ്ണദാസ്, ആഗസ്റ്റ് ഒന്നിലെ നിക്കോളാസ്, അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസർ സത്യരാജ്, പഴശ്ശിരാജയിലെ ഉണ്ണിമൂത്ത, അഗ്നിദേവനിലെ പരീത്, പിന്നെ…?

പിന്നെ പറയൂ. വില്ലനായും സഹനടനായും ഹാസ്യതാരമായും അഞ്ഞൂറോളമില്ലേ!

കരസേനയിൽ നിന്ന് കലയിലേക്ക് വന്ന ഈ നടനെ എക്കാലവും ഓർമ്മിക്കാൻ ഒരു അരിങ്ങോടർ വേഷം മാത്രമേ നിങ്ങളുടെ/അയാളുടെ കയ്യിൽ ബാക്കിയുള്ളൂ!

അതു തന്നെ എം.ടി.തിലകനു വേണ്ടി മാറ്റിവെച്ചതായിരുന്നു എന്നാണ് കേട്ടത്. പക്ഷെ ഹരിഹരന്റെ നിർബന്ധമായിരുന്നു, അല്ലെങ്കിൽ അങ്കത്തട്ടിൽ ചന്തുവിനേക്കാൾ ഉയരമുള്ളൊരാൾ എന്ന സംവിധായകന്റെ ഭാവനയായിരുന്നു അരിങ്ങോടരെ ക്യാപ്റ്റന്റെ ശരീരത്തിലേക്കെത്തിച്ചത്. ഉറുമിയുമായി വരുന്ന പോരാളിക്ക് ആയുധമില്ലാതെ വീരചരമം പ്രാപിക്കേണ്ട ഇടം. ഏത് സ്വസ്ഥതയിലേക്കും ഒടുക്കം അരിങ്ങോടരുണ്ടല്ലോ എന്ന വീരൻമാരുടെ പ്രതീക്ഷ. അതൊക്കെയായിരുന്നു ആ കഥാപാത്രം. 1989 ലെ വടക്കൻ വീരഗാഥയ്ക്കു ശേഷം പിന്നെയും എത്രയോ കഥാപാത്രങ്ങളിലേക്ക് അയാൾ പരകായപ്രവേശം നടത്തി. പക്ഷേ അരിങ്ങോടരെ പരുക്കേൽപ്പിക്കാൻ ഒരു വേഷത്തിനുമായില്ല. ഇപ്പോൾ ചമയങ്ങളെല്ലാം അഴിച്ചുമാറ്റി കാലയവനികയ്ക്കുള്ളിൽ ഈ നടനും മറഞ്ഞു. അല്ലെങ്കിൽ മരിച്ചു.

‘ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ’ എന്ന കവിയുടെ ചോദ്യം ക്യാപ്റ്റൻ രാജുവിലേക്കും തിരിച്ചു വിടാം. നടൻ മരിച്ചപ്പോൾ ജീവിക്കുന്ന കഥാപാത്രങ്ങൾ ഏതൊക്കെ?
അതിൽ ജ്വലിച്ചു നിൽക്കുന്നവരെത്ര?
മരണത്തെ അതിജീവിച്ചവരെത്ര?
ഒരൊറ്റ അരിങ്ങോടർ മാത്രമോ!
ചന്തു ചോദിച്ച പോലെ ശേഷം എന്തുണ്ട് കയ്യിൽ ബാക്കി!

ഇത് ക്യാപ്റ്റന് മാത്രം സംഭവിച്ച ദുരന്തമല്ല. എത്രയോ താരങ്ങൾ സിനിമ എന്ന ഒറ്റവേരിൽ ശാഖോപശാഖകളായി അനേക വേഷങ്ങളായി ഇവിടെ തുടരുന്നുണ്ട്. അതിൽ കൂടുതലും വില്ലൻമാരാണ്. അവരോടൊപ്പമുള്ളവരാണ്. അവർ അഭിനയിച്ചിട്ടുണ്ട്. അല്ലെങ്കിൽ അവരുടെ ശരീരമുള്ള സിനിമകളുണ്ട്. വില്ലൻമാരിൽ ചിലരുടെ ഗതിയാണത്. നായകൻമാർക്ക് അഭിമുഖമായി നിൽക്കാനുള്ള ആകാരം മാത്രമായി അവശേഷിക്കുന്നവർ. പ്രതിനായകന്റെ ശൗര്യത്തിനു മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് ഒരേ ശരീരങ്ങളുടെ ആവർത്തനങ്ങളായവർ. ജനപ്രിയ സിനിമയിലെ രാക്ഷസ വംശത്തിന്റെ പ്രതിനിധാനങ്ങൾ മാത്രമായി ചുരുങ്ങിപ്പോയവർ. ഇങ്ങനെയൊരു നടനാണ് ക്യാപ്റ്റൻ രാജുവും. ഇത് തിരിച്ചറിഞ്ഞ ചില വില്ലൻമാരെല്ലാം പിൽക്കാലത്ത് കോമഡി ചെയ്ത് മറുകണ്ടം ചാടി അതിജീവിക്കാൻ ശ്രമിച്ചിരുന്നു. ക്യാപ്റ്റന്റെ വംശപരമ്പരയിൽ ബാബു ആന്റണിയെപ്പോലെ, സ്ഫടികം ജോർജിനെപ്പോലെ, ഭീമൻ രഘുവിനെപ്പോലെ, അബു സലിമിനെപ്പോലെ എത്രയോ പേർ ഇനിയുമുണ്ട്!
അതവരുടെ മാത്രം കുറവുകളല്ല. സംവിധായകരുടെയും എഴുത്തുകാരുടെയും കുറവുകളും കൂടിയാണ്. ജനപ്രിയ സിനിമകളിലെ ചില വേഷങ്ങളുടെ ദുർഗതിയും കൂടിയാണ്. ജനപ്രിയ സിനിമയിലെ കഥാപാത്രങ്ങൾ മോശമാണെന്നല്ല പറഞ്ഞത്. ചിലതിൽ ഒന്നും ചെയ്യാനില്ലെങ്കിലും പ്രതിഭ കൊണ്ട് അതിനെയും മറികടക്കുന്ന നടൻമാർ ഇവിടെയുണ്ട്. അതിനെ കുറച്ചു കാണുന്നില്ല.അതുകൊണ്ടാണ് ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ തമ്പുരാൻ കഥാപാത്രത്തേക്കാൾ തനിക്ക് പ്രിയപ്പെട്ടതായി ബെസ്റ്റ് ആക്ടറിലെ ആശാനെ നെടുമുടി വേണുവിനൊപ്പം നമുക്കും തോന്നിയത്.അതാണ് നടന്റെ റേഞ്ച് . ചിലരങ്ങനെയാണ് ഏത് വേഷത്തിലും വിസ്മയിപ്പിച്ചു കളയും!

പറഞ്ഞു വരുന്നത് ക്യാപ്‌റ്റന്റെ പിന്നിലുള്ള നടൻമാരോടു തന്നെയാണ്. എണ്ണത്തിലില്ല. ഗുണത്തിലാണ് കാര്യം. ഒരിക്കൽ മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായ ജഗതി ശ്രീകുമാറിനോട് താങ്കൾ എത്ര സിനിമയിലഭിനയിച്ചു എന്നു ഒരവതാരക ചോദിച്ചപ്പോൾ പത്തിൽ താഴെ സിനിമകളിൽ എന്നു പറഞ്ഞിരുന്നു. ബാക്കിയൊക്കെ കളികളായിരുന്നത്രെ!

ജീവിക്കാൻ വേണ്ടിയുള്ള വെറും സിനിമാക്കളി വേഷങ്ങൾ. പക്ഷെ, ജഗതി പോലും വൈകിപ്പോയി. അതുകൊണ്ട് എല്ലാ വേഷങ്ങൾക്കും തലവെച്ചു കൊടുക്കലല്ല ഒരു നടന്റെ ജീവിതം. ചില തെരഞ്ഞെടുപ്പുകൾക്കു കൂടിയുള്ള അവസരമായി തന്റെ കഴിവിനെ ശരീരത്തെ നടൻ കാണണം. ഇല്ലെങ്കിൽ ക്യാപ്റ്റന്റെ വിധി മറ്റുള്ളവർക്കുമുണ്ടാകും.

അതുകൊണ്ട് പ്രിയപ്പെട്ട നടൻമാരേ ഒരിക്കൽ നിങ്ങൾ താരമായി വളർന്നിട്ടുണ്ടെങ്കിൽ അതോടൊപ്പം നിങ്ങൾ നടൻമാരും കൂടിയായി വളർന്നിട്ടുണ്ടോ എന്ന് ആത്മവിമർശനത്തോടെ നിന്ന് തിരിഞ്ഞു നോക്കാവുന്നതാണ്. അങ്ങനെ നോക്കിത്തുടങ്ങുമ്പോഴാണ് നല്ല സിനിമകളുമുണ്ടാകുന്നത്. ഒരാളുടെ മരണസമയത്ത് പറയേണ്ട കാര്യമല്ല ഇതെന്നറിയാം. എന്നാലും ഇപ്പോഴിത് പറഞ്ഞില്ലെങ്കിൽ താരപ്പൊലിമയിൽ പിന്നീട് നിങ്ങളതിന് ചെവികൊടുക്കണമെന്നില്ല. മുന്നിൽപ്പോയ ക്യാപ്റ്റൻ ഒരു സൂചനയാണ്. മരണത്തിൽപ്പോലും പിന്നിലുള്ളവർക്ക് വഴികാട്ടിയാവുന്നവൻ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

*ഫേസ്ബുക്ക് പോസ്റ്റ്

ജോബിഷ് വി കെ

ജോബിഷ് വി കെ

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍