UPDATES

സിനിമ

എസ് ദുര്‍ഗ: ആത്മാവില്ലാത്ത വെറും ‘സെക്സി’ പരീക്ഷണങ്ങള്‍

ഒരു സിനിമാ സിദ്ധാന്ത ലേഖനമെഴുതാൻ ഒരുപാടു സാധ്യതകൾ ഉള്ള സിനിമയാണ് എസ് ദുർഗ

അപര്‍ണ്ണ

അപര്‍ണ്ണ

തുടക്കകാലം മുതൽ വിവാദങ്ങളിലൂടെയായിരുന്നു എസ് ദുർഗ്ഗയുടെ യാത്ര. ഒഴിവുദിവസത്തെ കളി എന്ന ശ്രദ്ധേയമായ സിനിമയ്ക്ക് ശേഷം സനൽ കുമാർ ശശിധരൻ അനൌണ്‍സ് ചെയ്ത സിനിമ ആയിരുന്നു സെക്‌സി ദുർഗ. ദുർഗാ ദേവിക്ക് മുന്നേ സെക്‌സി എന്ന വിചിത്ര വാദവും എസ് ദുർഗയിലേക്കുള്ള പരിണാമവും ഒക്കെ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ വർഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിലെ ചർച്ചകൾക്ക് പല മാനങ്ങൾ നൽകാൻ സിനിമയ്ക്കും പേര് മാറ്റത്തിനും സാധിച്ചു. ഗോവൻ ചലച്ചിത്രമേളയിൽ എസ് ദുർഗ തഴഞ്ഞതും അതിന്റെ കാരണങ്ങളും ചർച്ചയായി. പിന്നീടും എസ് ദുർഗയും സനൽ കുമാർ ശശിധരന്റെ പല പ്രസ്താവനകളും വലിയ വിവാദങ്ങളും ചർച്ചകളും ഒക്കെയായി. ഒടുവിൽ സംസ്ഥാന അവാർഡ് പ്രഖ്യാപന സമയത്തും എസ് ദുർഗയെ തഴഞ്ഞത് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായും ചർച്ചകൾ ഉണ്ടായി. അങ്ങനെ ഒരു വിഭാഗം പ്രേക്ഷകർ സെക്‌സി ദുർഗയെ കാത്തിരുന്നിരുന്നു. പ്രാദേശിക ചലച്ചിത്ര സംഘടനകളെ കൂടി കൂട്ട് പിടിച്ചു കൊണ്ടുള്ള റിലീസ് രീതി കേരളത്തിൽ മുന്നേ പരീക്ഷിക്കാത്ത ഒന്നാണ്. ഇതിനും അനുകൂലമായും പ്രതികൂലമായും ചർച്ചകൾ ഉണ്ടായി. എന്തായാലും ഭാവിയിലെ സിനിമാ റിലീസിംഗ്, മാർക്കറ്റിങ് രീതികളിൽ ഒരു മാറ്റം വരുത്താൻ ഇത് ഉപകരിച്ചേക്കും. കുറഞ്ഞ പക്ഷം പുതിയൊരു റിലീസിംഗ് രീതിയുടെ സാധ്യതകൾ ചർച്ചയെങ്കിലും ആയേക്കും.

അബ്‌സേഡിറ്റി ആണ് എസ് ദുർഗ്ഗയുടെ കാതൽ. ദുർഗാ ദേവീ പൂജയുടെ ഏറ്റവും കടുത്ത ആത്മ പരപീഡ രംഗങ്ങളിൽ നിന്നാണ് എസ് ദുർഗ തുടങ്ങുന്നത്. വളരെ അലസമായി, ശ്രദ്ധേയമായ അശ്രദ്ധയിലൂടെ പതിഞ്ഞ് ക്യാമറ നീങ്ങുന്നു. അവിടെ നിന്ന് മറ്റൊരു സംസ്ഥാനക്കാരിയായ ദുർഗ്ഗയുടെ രാത്രി ഒറ്റയ്ക്കുള്ള കാത്തു നിൽപിലേക്ക് കാണികൾ നീങ്ങുന്നു. അവളുടെ പാർട്ണർ ആയ കബീറും അവളും രാത്രി ഒരു വണ്ടിക്ക് കൈകാട്ടുന്നു. പിന്നീട് ദുർഗയും കബീറും നേരിടേണ്ടി വരുന്ന ക്രൂരമായ സാഡിസ്റ്റിക്ക് പീഡനങ്ങളും അതിൽ നിന്നും രക്ഷപ്പെടാനുള്ള അവരുടെ ദുർബല, വിഫല ശ്രമങ്ങളുമാണ് എസ് ദുർഗ. ഒരു റോഡ് മൂവിയുടെ യുക്തികളെ വലിച്ചെറിയുന്ന അബ്‌സേഡിറ്റിയുടെ, കാമറ മന:പൂർവം വരുത്തുന്ന അശ്രദ്ധയുടെ ഒക്കെ സാധ്യതകൾ ഉപയോഗിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. ഹരത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ബോളിവുഡ് നടി, നാടക പ്രവർത്തക ഒക്കെയായ രാജശ്രീ ദേശ്പാണ്ഡെ ദുർഗ്ഗയാകുന്നു. കണ്ണൻ നായർ കബീറും.

ഒഴിവു ദിവസത്തെ കളി വയലൻസിനെ ഏറ്റവും വിജയകരമായി ഉപയോഗിച്ച മലയാള സിനിമകളിൽ ഒന്നാണ്. എസ് ദുർഗയും ഉപയോഗിക്കാൻ ശ്രമിക്കുന്നത് വയലൻസിനെയാണ്. ഗരുഡൻ തൂക്കവും കനലിൽ ചവിട്ടലും ശൂലം കുത്തലും വെളിച്ചപ്പാട് തുള്ളലും തുടങ്ങിയ ആത്മപീഡനങ്ങൾ സാഡിസ്റ്റിക് ആനന്ദം നൽകുന്ന ഭക്തർ ഉണ്ട്. ഒരർത്ഥത്തിൽ അവരെ പോലെയാണ് ഒരു വണ്ടിയിൽ ദുർബലരും ഭീരുക്കളുമായ രണ്ടു പേരെ ഉപദ്രവിക്കും എന്ന തോന്നൽ ഉണ്ടാക്കി പീഡിപ്പിക്കാൻ കൊണ്ട് പോകുന്നവരും. രണ്ടു പേരും അനുഭവിക്കുന്ന ആനന്ദം ഒന്നാണ് എന്ന് എസ് ദുർഗ പറയുന്നു. കബീർ എന്ന പേര്, ദുർഗ്ഗയുടെ ഭാഷ അറിയായ്മ, ഇവരുടെ രണ്ടു പേരുടെയും അപരിചിതത്വ൦ തുടങ്ങി പല ഘടകങ്ങൾക്കുള്ള വ്യഖ്യാന സാധ്യതകളും സിനിമ ഉപയോഗിച്ചിട്ടുണ്ട്. അപൂർണമായ കാഴ്ചകൾ ബാക്കി വച്ച് ഒന്നര മണിക്കൂർ പോലും ഇല്ലാതെ സിനിമ തീരുന്നു. അഭിനയിക്കുന്ന ആരുടെയെങ്കിലും മുഖമോ സംഭാഷണങ്ങളോ ഹൈലൈറ്റ് ചെയ്യാതെ ആ വണ്ടിക്കുള്ളിൽ പലയിടത്തു നിന്നും കൂടുന്ന ആൾക്കൂട്ടത്തിന്റെ അലർച്ചകൾക്ക് സംഭാഷണങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കുന്നു. വലിയ ദുരൂഹതകളിൽ നിന്ന് തുടങ്ങി യാതൊരു ദുരൂഹതയും ബാക്കി ഇല്ലാതെ സിനിമ അവസാനിക്കുന്നു.

സെക്സി ദുര്‍ഗയല്ല; കൂടുതൽ അശ്ലീലമാകുന്ന മലയാളി പുരുഷൻ

ദുർഗ എന്ന പ്രതീകം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഇപ്പോൾ ചർച്ചയായ ആരാധന- പീഡന വൈരുദ്ധ്യങ്ങളെ സിനിമ കാണിക്കാൻ ശ്രമിക്കുന്നു. ചിന്തകളെ ശക്തമായി ആവശ്യപ്പെടുന്ന സിനിമ ഓരോ ദൃശ്യത്തിനും സൂക്ഷ്മാർത്ഥം കണ്ടു പിടിക്കാൻ പ്രേക്ഷകരോട് ആവശ്യപ്പെടുന്നു. ദുർഗയും കബീറും യുക്തിയുടെ പൂർണമായ അഭാവത്തിലൂടെ മാത്രമേ ആ വണ്ടിക്കു കൈനീട്ടൂ… പൊതുവാഹനങ്ങളുടെ സുരക്ഷിതത്വ൦ ഉള്ള ഇടം എന്ന് തോന്നിക്കുന്നിടത്താണ് ദുർഗയും കബീറും നിൽക്കുന്നത്. അവിടെയൊക്കെ അബ്‌സേഡ് മേക്കിങ്ങിന്റെ സാധ്യതകളാണ് സംവിധായകൻ ഉപയോഗിക്കുന്നത്. പ്രേക്ഷകർ യുക്തികളും അയുക്തികളും കൊണ്ട് ഒരു പദപ്രശ്നം പൂരിപ്പിക്കുന്ന രീതിയിൽ സിനിമ കാണാൻ എസ് ദുർഗ പ്രേരിപ്പിക്കുന്നു. അത് മന:പൂർവം സൃഷ്ടിച്ച മേക്കിങ് രീതി ആണ്.

അവിടെ രണ്ടാമത് ചോദ്യം വരിക വൈകാരികതയെ കുറിച്ചാണ്. ദുർഗ എന്ന അധികം പ്രിവിലേജ് ഇല്ലായ്മയുള്ള സ്ത്രീയുടെ ഭീതിതമായ അവസ്ഥ പ്രേക്ഷകരെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് കുറച്ചു പേർക്കെങ്കിലും പ്രധാനപ്പെട്ട കാര്യമായിരിക്കും. ദുർഗ ക്രൂരമായി ആക്രമിക്കപ്പെടും എന്ന് ആദ്യം മുതൽ ഉണ്ടാവുന്ന തോന്നലിൽ നിന്നും സിനിമ തുടങ്ങി അവസാനിക്കുന്നു. ഇതിനിടയിൽ പ്രതീകങ്ങളുടെ, സൂചനകളുടെ ഒക്കെ വ്യഖ്യാന സാധ്യതകൾ നിരവധി ഉണ്ട്. ലോക ക്ലാസ്സിക്കുകളുമായി താരതമ്യം ചെയ്യാൻ സാധ്യതയും ഉണ്ട്. പക്ഷെ ഒരു ക്രൂരമായ വയലന്സിന്റെ ഞെട്ടൽ പ്രേക്ഷരിലേക്ക് എത്തിക്കുന്ന രീതി ഡ്രൈ ആയാണ്. ഒഴിവുദിവസത്തെ കളി വളരെ കൃത്യമായി പ്രേക്ഷകരെ തൊടുമ്പോൾ ദുർഗ വ്യഖ്യാന സാധ്യതകൾ തന്ന് യുക്തിയോടു മാത്രം സംവദിക്കുന്നു.

ആക്രമിക്കപ്പെടാൻ ഒരു രാത്രി കബീറിനൊപ്പം അപരിചതരുടെ വണ്ടിയിൽ കയറുന്ന ദേവീ നാമധാരിണി തന്നെ ആകണം എന്നില്ല. അവരുടെ വണ്ടിയിൽ വടിവാളും തിളങ്ങുന്ന ദേവീ രൂപവും വേണമെന്നില്ല. അബ്‌സേഡിറ്റിയുടെ കൂട്ട് പിടിച്ച് മന:പൂർവം സൃഷ്ടിച്ച അയുക്തികളും വേണ്ട. അവിടെയാണ് ദുർഗ എന്ന പേരിന്റെ മാർക്കറ്റിങ് അടക്കമുള്ള എല്ലാ സാധ്യതകളെയും ആദ്യം ചിന്തിച്ച് സാഹചര്യം ഉണ്ടാക്കിയ പോലെ ചില രംഗങ്ങളിൽ തോന്നുന്നത്. സെക്സി ദുർഗ എന്ന പേരിലെ സാധ്യതകൾ അനുസരിച്ച് അവിടെ തൂക്കം, ഇവിടെ ആക്രമണം എന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ ചിലപ്പോഴെങ്കിലും ദേവിമാർ ആക്രമിക്കപ്പെടുന്ന ഇന്ത്യ എന്ന മട്ടിലുള്ള പത്ര ഫീച്ചറിന്റെ ദൃശ്യവത്കരണം പോലെ തോന്നും. അവിടെയും സംഭവങ്ങളെക്കാൾ സാധ്യതകൾക്ക് പ്രാധാന്യം കൊടുത്ത പോലെ തോന്നി. ഇരുട്ടോ പേരോ നാടോ അവസ്ഥയോ ഒന്നും ബാധകമല്ലാത്ത ബലാൽഭോഗങ്ങൾ നടക്കുന്ന നാട്ടിൽ സെക്സി ദുർഗ എന്ന പേരിൽ ഒരു ഇമേജ് ബിൽഡിങ് അനാവശ്യമായി തോന്നി. ഇരുട്ട്, അപരത്വ൦, എലിക്കെണി, ഭക്തി തുടങ്ങി വ്യഖ്യാന സാധ്യതകൾ തിരയുന്നതിനിടയിൽ വിഷയത്തിന്റെ സെന്‍സിറ്റിവിറ്റി ഒട്ടും ഉൾക്കൊള്ളാത്ത കുറെ കാഴ്ചകളും ഉണ്ടായി.

ഒരു സിനിമാ സിദ്ധാന്ത ലേഖനമെഴുതാൻ ഒരുപാടു സാധ്യതകൾ ഉള്ള സിനിമയാണ് എസ് ദുർഗ. ഓരോ ദൃശ്യത്തിലേയും വ്യഖ്യാന സാധ്യതകൾ തിരഞ്ഞു പോയാലും നിരാശപ്പെടില്ല. പക്ഷെ ദുർഗയുടെയോ കബീറിന്റെയോ ആക്രമികളുടെയോ ഭക്തരുടെയോ കഥ പറയുന്നുണ്ടോ അവകാശപ്പെടും പോലെ എസ് ദുർഗ എന്ന് സംശയമാണ്. ആത്മാവില്ലാത്ത രൂപങ്ങളെയാണ് പൊതുവിൽ നമ്മുടെ എല്ലാവരുടെയും പൊതുബോധം ഇപ്പോഴും സെക്സി എന്ന് വിളിക്കാറ്. ഘടനയിലും പ്രപോഷനുകളിലും സാധ്യതകൾ ഉള്ള, എന്നാല്‍ തീരുമാനവും ആത്മാവും ഇല്ലാത്ത രൂപങ്ങളാണ് നമുക്ക് സെക്സി ആയവർ. അത് തന്നെയാണ് എസ് ദുർഗയെ പറ്റിയും പറയാനുള്ളത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഭിമുഖം: സനല്‍കുമാര്‍ ശശിധരന്‍ – രസമുകുളങ്ങള്‍ മരവിച്ചുപോയവര്‍ക്ക് നല്ല സിനിമ മനസ്സിലാവില്ല

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍