UPDATES

സിനിമ

സെക്സി ദുര്‍ഗയല്ല; കൂടുതൽ അശ്ലീലമാകുന്ന മലയാളി പുരുഷൻ

ഹൃദയം കൈയിലെടുത്ത് പിടിക്കാൻ തോന്നും വിധം ഉദ്വേഗം സൃഷ്ടിക്കുന്നു സെക്സി ദുര്‍ഗ

രാത്രിയിൽ വിജനമായ റോഡുവക്കത്ത് അവൾ ആരെയോ കാത്തു നിൽക്കുകയായിരുന്നു. ചീറി വന്ന ബൈക്കിന്റെ പിൻസീറ്റിൽ നിന്ന് ചാടിയിറങ്ങിയ ചെറുപ്പക്കാരനെ കണ്ടപ്പൊ അവൾക്ക് ആശ്വാസമായി. ഇനി അവർക്ക് പോകേണ്ടത് റെയിൽവേ സ്റ്റേഷനിലേക്കാണ്. അജ്ഞാതമായ ഇടങ്ങളിലേക്ക് നമ്മളെ കൊണ്ടു പോകുന്നത് ആ നീളൻ വാഹനമാണല്ലോ!

എല്ലാ പ്രണയികൾക്കും അഭിനയിക്കേണ്ടി വരുന്നത് ഒരേ രംഗമാണ്. കബീറും ദുർഗ്ഗയും ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന അതേ രംഗം.

ഇപ്പോൾ അവരുടെ മുമ്പിൽ വന്നു നിൽക്കുന്ന വാഹനം ഒരു ഓംനി വാനാണ്. അവരുടെ ദുരിതം നിറഞ്ഞ യാത്ര ആരംഭിക്കുന്നത് അവിടം തൊട്ടായിരുന്നു. മറ്റുള്ളവരുടെ ഇച്ഛകൾക്കും തീരുമാനങ്ങൾക്കും വഴങ്ങേണ്ടി വരുന്ന ഒരു കാളരാത്രിയായി അത് മാറുന്നു. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ് ദുർഗ്ഗ എന്ന സിനിമയുടെ തുടക്കമാണിത്.

ഹൃദയം കൈയിലെടുത്ത് പിടിക്കാൻ തോന്നും വിധം ഉദ്വേഗം സൃഷ്ടിക്കുന്ന ഈ സിനിമ ഒരു റോഡ് മൂവിയാണ് എന്നു പറയാം. യഥാർത്ഥത്തിൽ അതിലെ കഥാപാത്രങ്ങളുടെയും കാണികളായ നമ്മുടെയുമൊക്കെ ഉദ്വേഗത്തിന് കാരണം അസമയം എന്നു നമുക്കു തോന്നുന്ന സമയത്ത് കാണപ്പെടുന്ന ഒരു സ്ത്രീയുടെ സാന്നിധ്യമാണ്. രണ്ടു ചെറുപ്പക്കാർ ഓടിച്ചു വരുന്ന വാഹനം അവരുടെ മുമ്പിൽ നിൽക്കാൻ കാരണം വാഹനത്തിന് കൈ നീട്ടിയവരിൽ ഒരാൾ ഒരു പെൺകുട്ടി ആയതാണ്. അവർക്ക് എന്ത് സംഭവിക്കും എന്ന നമ്മുടെ പരിചിതമായ ഉത്കണ്ഠയുടെ ഹേതുവും ഈ പെൺകുട്ടി തന്നെയാണ്. അതുകൊണ്ട് ഈ ചതുരവണ്ടി നമ്മുടെ സംസ്കാരത്തിന്റെ വാഹനം കൂടിയായി മാറുന്നു. ഈ വണ്ടി ഓടിക്കുന്നത് ക്രിമിനൽ പശ്ചാത്തലമുള്ള ആ ചെറുപ്പക്കാർ മാത്രമല്ല നമ്മളും കൂടിച്ചേർന്നാണ് എന്നർത്ഥം.

രാത്രി ഒറ്റയ്ക്കോ ഒരു ചെറുപ്പക്കാരന്റെ കൂടെയോ ഒരു പെൺകുട്ടിയെ കാണുമ്പോൾ നമ്മുടെ ഉദ്വേഗങ്ങൾ ഉണർന്നെണീക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടേതും അവരുടേതുമായ ഈ ഉദ്വേഗമാണ് എസ് ദുർഗ്ഗ എന്ന ഈ സിനിമ സാധിതമാക്കിയത്.

പ്രണയിക്കുകയും ഓടിപ്പോവുകയും ചെയ്യുന്ന അരക്ഷിതരായ ചെറുപ്പക്കാർക്കും കയറാനുള്ളത് ഇതേ വാഹനത്തിലാണ്. ഈ വാഹനത്തിൽ എല്ലാവർക്കുമിടമുണ്ട്. എന്നാൽ നിങ്ങൾ സുരക്ഷിതരാണ് എന്നതിന് ഒരുറപ്പുമില്ല. നിങ്ങളുടെ ജീവൻ ബാക്കി തന്നേക്കാം. എന്നാൽ നിങ്ങൾ അപമാനിക്കപ്പെടുകയോ ഭയം കൊണ്ട് ചൂളുകയോ ചെയ്യും. നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുകയോ എത്താതിരിക്കുകയോ ചെയ്യാം. എന്നാൽ നിങ്ങൾക്ക് കേറാൻ വേറെ വാഹനമില്ല.

അഭിമുഖം: സനല്‍കുമാര്‍ ശശിധരന്‍ – രസമുകുളങ്ങള്‍ മരവിച്ചുപോയവര്‍ക്ക് നല്ല സിനിമ മനസ്സിലാവില്ല

രണ്ടു ദുർഗ്ഗമാരാണ് ഈ സിനിമയിലുള്ളത്. രണ്ടു പേരേയും പുരുഷൻമാരാണ് കൊണ്ടു നടക്കുന്നത്. ഒരാൾക്ക് ജീവനില്ല. ജീവനില്ലാത്തതിനെയാണ് നാം ദൈവം എന്നു വിളിക്കുക. ദൈവമായതുകൊണ്ട് അവൾക്ക് പുരുഷൻമാരെ പൂർണ്ണമായും അനുസരിക്കേണ്ടി വരുന്നു. പുരുഷനെ അനുസരിക്കുന്ന സ്ത്രീക്ക് വേണ്ടി അവർ എന്തും ചെയ്യും. ലോഹക്കൊളുത്തിൽ ശരീരം തൂക്കിയിട്ട് സ്വയം പീഡിപ്പിക്കുകയോ, അഗ്നിയിലൂടെ നടന്ന് കാലു പൊള്ളിക്കുകയോ ശരീരത്തിൽ ശൂലം കുത്തിക്കയറ്റുകയോ ഒക്കെ ചെയ്യും. അവളെ അമ്മയെന്നോ ദേവിയെന്നോ വിളിക്കും.

എന്നാൽ കബീറിന്റെ ദുർഗ്ഗ പീഡനമേറ്റുവാങ്ങുന്നവളാണ്. അന്യ മതസ്ഥനൊപ്പം രാത്രിയിൽ പുറപ്പെട്ടു പോകാനൊരുങ്ങിയവൾക്ക് അവകാശങ്ങളൊന്നുമില്ല. അവളുടെ മാനത്തിന് വിലയേ ഇല്ല. വഴിയിൽ തടഞ്ഞു നിർത്തി ആർക്കും അവളെ ചോദ്യം ചെയ്യാം. അവളെ ആർക്കും സഹായിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാം.

സെക്‌സി ദുര്‍ഗയും വിവരമില്ലാത്ത ഭക്തരും; ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയേണ്ടതുണ്ട്‌

ഏതു സമയവും നല്ലവരോ ചീത്തവരോ ആകാനിടയുള്ള ഒരു കൂട്ടം ചെറുപ്പക്കാർക്കൊപ്പം ദുർഗ്ഗ എന്ന നോർത്തിന്ത്യൻ പെൺകുട്ടിയും അവളുടെ പ്രിയനായ കബീറും ഒറ്റപ്പെട്ടു പോകുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ആ ചെറുപ്പക്കാർ അവരെ ശാരീരികമായി ഉപദ്രവിക്കുന്നില്ല. എന്നാൽ അവരുടെ സാന്നിധ്യത്തിന്റെ ഭയാനകത അവരെ വല്ലാതെ പീഡിപ്പിക്കുന്നുണ്ട്.

ആത്മപീഡനത്തിന്റെയും പര പീഡനത്തിന്റെയും രണ്ട് സമാന്തരങ്ങൾക്കിടയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഒരിടത്ത് ദുർഗ്ഗാ പൂജയാണ്. വലിയ ആൾക്കൂട്ടം. ഉറഞ്ഞാടുന്ന ചെറുപ്പക്കാർ. ഇരുമ്പു കൊളുത്തുകളിൽ ശരീരം തൂക്കിയിട്ടു നടത്തുന്ന ഗരുഡൻ തൂക്കത്തിന്റെ പീഡാകരമായ ദൃശ്യങ്ങൾ.

മറ്റൊരിടത്ത് ഉൻമത്തരായ ചെറുപ്പക്കാർക്കിടയിൽ വിവശയായ പെൺകുട്ടിയും അവളുടെ കാമുകനും. പീഡയോടുള്ള ഒരു രതിയിലാണ് നാം പെട്ട് കിടക്കുന്നത്. സാഡിസ്റ്റുകളോ മസോക്കിസ്റ്റുകളോ അല്ലാത്ത ആത്മപീഡകരോ പരപീഡകരോ അല്ലാത്ത ഒറ്റ മലയാളിയും ജീവിച്ചിരിക്കുന്നില്ല എന്ന് സിനിമ പരോക്ഷമായി നമ്മോട് പറയുന്നുണ്ട്.

ഞാന്‍ ഒന്നുമല്ല, പക്ഷെ നിങ്ങള്‍ എല്ലാമാണെന്ന് കരുതരുത്: മോദി സര്‍ക്കാരിനോട് സനല്‍കുമാര്‍ ശശിധരന്‍

ഓമ്നി വാനിൽ നിന്ന് രക്ഷപ്പെട്ട് റോഡരികിൽ മറ്റൊരു വാഹനം കാത്തു നിൽക്കുന്ന കബീറിനും ദുർഗയ്ക്കുമരികിൽ വന്നു നിൽക്കുന്ന സ്കൂട്ടർ യാത്രികരായ മാന്യൻമാർക്കും ഫലത്തിൽ യാതൊരു മാറ്റവുമില്ല. അവരുടെ പെരുമാറ്റം ആ ചെറുപ്പക്കാരുടേതിനേക്കാൾ മോശമായിരുന്നു. ആ ചെറുപ്പക്കാർ തന്നെയാണ് അവിടെ നിന്ന് കബീറിനെയും ദുർഗ്ഗയെയും രക്ഷിച്ചെടുക്കുന്നതും. അനിശ്ചിതത്വവും ഭയവും നിറഞ്ഞ ആ ചതുരവണ്ടിയിലേക്ക് പിന്നേയും അവർക്ക് കയറേണ്ടി വരുന്നു. ഇങ്ങനെ പല തവണ ഇറങ്ങിക്കയറുന്നതിന്റെ അനിശ്ചിതത്വത്തിലാണ് അപൂർണ്ണമെന്ന് തോന്നുംവിധം സിനിമ അവസാനിക്കുന്നത്. ഈ അപൂർണ്ണതയാണ് സിനിമയിലെ പൂർണ്ണത. അനിശ്ചിതവും ഭീതിജനകവുമായ ഒരു രാത്രിയാത്രയാണ് പുതിയ കാലത്ത് നമ്മുടെയൊക്കെ ജീവിതം എന്ന് നാം തിരിച്ചറിയുന്നു. ഒഴിവു ദിനത്തിലെ കളി എന്ന സനലിന്റെ ആദ്യ സിനിമ പോലെത്തന്നെ ദുർഗ്ഗയും ഒരു രാഷ്ട്രീയ സിനിമയായി മാറുന്നു.

സെൻസർ ബോർഡ് വെട്ടിക്കളഞ്ഞ സെക്സി ദുർഗയിലെ സെക്സി എന്ന പദം ദുർഗയ്ക്കല്ല മലയാളി പുരുഷനാണ് കൂടുതൽ ചേരുക. മലയാളി പുരുഷൻ എന്നത്തേതിനേക്കാളും കൂടുതൽ അശ്ലീലമായിരിക്കുന്നു.

‘സെക്സി ദുര്‍ഗ’യെ അഭിനന്ദിച്ച് അനുരാഗ് കശ്യപ്

നാസിര്‍ കെ.സി

നാസിര്‍ കെ.സി

അധ്യാപകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍