UPDATES

സിനിമ

എന്തുകൊണ്ട് ഖയ്യാമിന്റെ ‘കഭീ കഭീ മേരേ ദില്‍ മേ’ മോഹന്‍ലാല്‍ ചിത്രം മായാമയൂരത്തില്‍ ഉപയോഗിച്ചു; സിബി മലയിൽ സംസാരിക്കുന്നു

മുകേഷും ലത മങ്കേഷ്‌കറും ആലപിച്ച ഗാനം മലയാളത്തിൽ കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്

ഇന്ത്യന്‍ സംഗീത ലോകത്തെ തന്നെ വിസ്മയിപ്പിച്ച സംഗീത സംവിധായകനാണ് ഖയ്യാം (മുഹമ്മദ് സാഹുര്‍ ഖയ്യാം ഹാഷ്മി). ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ജൂലായ് 28നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എണ്ണത്തിൽ കുറവാണെങ്കിലും എന്നും മൂളി നടക്കാൻ ഒരു പിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടാണ് അദ്ദേഹം വിട പറഞ്ഞത്. കഭീ കഭീ, ഉംറാവ് ജാൻ എന്നിവ അവയിൽ ചിലത് മാത്രം. ഒട്ടേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി ഹിറ്റ് ചാർട്ടിൽ ഇടം നേടിയപ്പോൾ ഇന്നും പ്രേക്ഷകർ ഏറ്റുപാടുന്ന ഗാനമാണ് “കഭീ കഭീ മേരേ ദില്‍ മേ” എന്ന ഗാനം. 1976ൽ പുറത്തിറങ്ങിയ ‘കഭീ കഭീ’ എന്ന ചിത്രത്തിലെ ഗാനമാണിത്. വർഷങ്ങൾ ഏറെ പിന്നിറ്റിട്ടും ഇന്നും ‘ഖയ്യാം’ എന്ന സംഗീത സംവിധായകനെ ഓർക്കുന്നത് ഈ ഗാനത്തിലൂടെയാണ്.

മലയാള സിനിമയിലും ഈ ഗാനം ഒരു ഭാഗമായിട്ടുണ്ട്. സിബിമലയിൽ സംവിധാനം ചെയ്‌ത ‘മായാമയൂരം’ എന്ന ചിത്രത്തിലാണ് ഈ ഗാനം ഉപയോഗിച്ചിട്ടുള്ളത്. 76’ൽ പുറത്തിറങ്ങിയ ഗാനം പതിനേഴ് വർഷങ്ങൾക്കിപ്പുറം 1993ൽ പുറത്തിറങ്ങിയ  മലയാള സിനിമയിൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു.

മുകേഷും ലത മങ്കേഷ്‌കറും ആലപിച്ച ഗാനം മലയാളത്തിൽ കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. എന്നാൽ ഗാനം അതേപടി ഉപയോഗിക്കാതെ ചില വരികൾ മാത്രമാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നര മിനുട്ട് മാത്രമാണ് മായാമയൂരത്തിൽ ഗാനത്തിന്റെ ദൈർഘ്യം.

ഇന്ത്യയിൽ അക്കാലത്തും ഏറെ ഹിറ്റായിരുന്ന ഒരു പ്രണയ ഗാനമായിരുന്നു അത്. നായകന് നായികയോടുള്ള പ്രണയം പ്രതിഫലിപ്പിക്കാൻ ഇതിലും മികച്ചൊരു ഗാനം ഉണ്ടായിരുന്നില്ല. സിനിമ ആസ്വാദകരുടെ വലിയ സ്വീകാര്യത ലഭിച്ച ഒരു ഗാനവുമായിരുന്നു. അതുകൊണ്ടാണ് ഈ ഗാനം തന്നെ തന്റെ സിനിമയിൽ ഉൾപെടുത്തിയതെന്ന് സംവിധായകൻ സിബി മലയിൽ അഴിമുഖത്തോട് പറഞ്ഞു.

‘രണ്ട് വരികൾ മാത്രമാണ് ഉപയോഗിച്ചത് അതുകൊണ്ട് തന്നെ ‘റൈറ്റ്സ്’ ചോദിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞങ്ങൾ ഉദ്ദേശിച്ച ഒരു റൊമാൻറ്റിക്ക് ഫീൽ നല്കാൻ ആ ഗാനത്തിന് കഴിഞ്ഞു.’ സിബി മലയിൽ പറയുന്നു.

അദ്ദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞത് മുതൽ ഒട്ടേറെ പേരാണ് മായാമയൂരത്തിൽ “കഭീ കഭീ..” എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. ഇന്നത്തെ തലമുറ കൂടുതലും ‘മായാമയൂരത്തി’ലെ ഈ ഗാനത്തിലൂടെയാകാം ആ പാട്ടിനെ അടുത്തറിഞ്ഞത്, അതുകൊണ്ടാകാം കൂടുതൽ ആളുകളും ഈ ഗാനം പങ്കുവെക്കുന്നത് എന്നും സിബി മലയിൽ കൂട്ടിച്ചേർത്തു.

‘ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും പ്രഗത്ഭനായ സംഗീത സംവിധായകരിൽ ഒരാളാണ് ഖയ്യാം. ഒരു കാലഘട്ടത്തിലെ ഇന്ത്യൻ സിനിമയുടെ സംഗീതത്തിന്റെ ചരിത്രം രേഖപ്പെടുത്തിയത് അദ്ദേഹത്തിലൂടെയാണ്. അത് കൊണ്ട് തന്നെയാണ് ഖയ്യാമിന്റെ ഗാനങ്ങൾ പ്രേക്ഷകർ ഇന്നും ഏറ്റു പാടുന്നത്.’- സിബി മലയിൽ പറയുന്നു.

1961-ലെ ഷോലാ ഓർ ശബ്നം എന്ന ചിത്രത്തിലൂടെയാണ് ഖയ്യാം പ്രശസ്തനായത്. ഉംറാവ് ജാനിന്‍റെ സംഗീതസംവിധാനത്തിന് ഖയ്യാമിനെ ദേശീയ ചലച്ചിത്ര പുരസ്കാരം തേടിയെത്തി. സംഗീത നാടക അക്കാദമിയുടെ ലൈഫ് ടൈം അവാർഡ് 2007-ൽ ഖയ്യാമിനായിരുന്നു. 2011-ൽ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.

1948ല്‍ പുറത്തിറങ്ങിയ ഹീര്‍ രാഞ്ഛായ്ക്ക് സംഗീതം നല്‍കിയ ശര്‍മ്മാജി – വര്‍മ്മാജി കൂട്ടുകെട്ടിലെ ശര്‍മ്മാജി, ഖയ്യാം ആയിരുന്നു. സംഗീത സംവിധായകന്‍ എന്ന നിലയില്‍ ആദ്യ സിനിമയും ഇതായിരുന്നു. ബീവി എന്ന സിനിമയില്‍ മുഹമ്മദ് റാഫി ആലപിച്ച ഗാനങ്ങള്‍ വലിയ ഹിറ്റുകളായി.

1953ല്‍ പുറത്തിറങ്ങിയ ഫൂട്ട് പാത്ത് എന്ന സിനിമയ്ക്കാണ് ആദ്യമായി ഒറ്റയ്ക്ക് സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചത്. കൈഫി അസ്മി ഗാനങ്ങളെഴുതിയ ഷോല ഓര്‍ ഷബ്‌നം, ചേതന്‍ ആനന്ദ് സംവിധാനം ചെയ്ത ആഖ്രി ഖാത് എന്നീ സിനിമകളിലെ ഗാനങ്ങള്‍ ശ്രദ്ധേയമായി. 1976ല്‍ പുറത്തിറങ്ങിയ യാഷ് ചോപ്രയുടെ ‘കഭീ കഭീ’ എന്ന സിനിമയിലെ ടൈറ്റില്‍ സോംഗ് ആണ് ഖയ്യാം സംഗീതം നല്‍കിയ ഗാനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയത്. സാഹിര്‍ ലുധിയാന്‍വി രചിച്ച് ഖയ്യാം സംഗീതം നല്‍കി മുകേഷും ലത മങ്കേഷ്‌കറും ആലപിച്ച ‘കഭീ കഭീ മേരേ ദില്‍ മേ’ എന്ന പാട്ട് ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി. മുസാഫര്‍ അലി സംവിധാനം ചെയ്ത ഉമ്രാവോ ജാനില്‍ (1981) ഖയ്യാം സംഗീതം നല്‍കി ആശ ഭോസ്ലെ ആലപിച്ച ‘ഇന്‍ ആന്‍ഖോം കേ മസ്തി’, ‘ദില്‍ ചീസ് ക്യാ’ തുടങ്ങിയ ഗാനങ്ങള്‍ വലിയ ഹിറ്റുകളായി.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍