UPDATES

സിനിമ

ഉദാഹരണം മഞ്ജു; ഈ ‘വാര്‍പ്പ് നായിക’യെ എന്തുകൊണ്ട് നമ്മള്‍ ഇഷ്ടപ്പെടുന്നു?

അഭിനയ ജീവിതത്തിന്റെ ആദ്യ പകുതിയില്‍ മഞ്ജു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എല്ലാം നായകന്റെ കരവലയത്തില്‍ അവസാനിക്കുന്നവരായിരുന്നു

മഞ്ജു വാര്യരുടെ രണ്ടാം വരവ് കേരളത്തിലെ സ്ത്രീകള്‍ ആഘോഷമാക്കുകയായിരുന്നു. ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമ എന്തുകൊണ്ടും ഒത്ത സൃഷ്ടിയായിരുന്നു ആ ആവേശക്കാഴ്ചയ്ക്ക്. 35 വയസ്സിന് മുകളില്‍ നിരാശാഭരിതമായ കുടുംബ ജീവിതത്തിലൂടെ കടന്നു പോകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രചോദനമായി മാറി ആ സിനിമ. സിനിമ കണ്ടിട്ട് അവര്‍ പച്ചക്കറി കൃഷി തുടങ്ങിയോ എന്നല്ല. മറിച്ച് ഒരാള്‍ക്കെങ്കിലും തങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുവാന്‍, കുഴിച്ചുമൂടിയ സ്വപ്നങ്ങളെ പുറത്തെടുക്കാന്‍ ആ സിനിമ കാരണമായിട്ടുണ്ടെങ്കില്‍ നമുക്ക് മഞ്ജുവാര്യരോട് നന്ദി പറയാം. കാരണം തന്റെ ജീവിതം കൊണ്ട് അവര്‍ തെളിയിക്കുന്നതും അതാണ്.

നടന്‍ ദിലീപുമായി വേര്‍പിരിഞ്ഞതിന് ശേഷം സിനിമയായിരുന്നില്ല അവരുടെ മുഖ്യ തട്ടകം. സിനിമയില്‍ വരുന്നതിന് മുന്‍പ് അവര്‍ കഴിവ് തെളിയിച്ച എന്നാല്‍ ദാമ്പത്യ ജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും പുറത്തെടുക്കാത്ത നൃത്തമായിരുന്നു. ഈ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നിരവധി വേദികളിലാണ് നര്‍ത്തകിയായി അവര്‍ പ്രത്യക്ഷപ്പെട്ടത്. ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരത്തെ ഓണാഘോഷ വേദിയിലും അവരെ കണ്ടു.

മഞ്ജുവിന്റെ ജീവിതത്തെ കുറിച്ചല്ല ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. 2014 മുതല്‍ അവര്‍ ചെയ്ത കഥാപാത്രങ്ങളെ കുറിച്ചാണ്. ഒരച്ചില്‍ വാര്‍ത്ത ആ വാര്‍പ്പ് കഥാപാത്രങ്ങളെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നതിനെ കുറിച്ചാണ്.

നിരുപമ
ഭര്‍ത്താവും മകളും ജീവിതത്തിന്റെ മറ്റൊരു മേച്ചില്‍പ്പുറം തേടിയപ്പോള്‍ തന്നിലേക്ക് നോക്കുകയും സ്വയം കണ്ടെത്തുകയും പ്രതിബന്ധങ്ങള്‍ തരണം ചെയ്തു വിജയം വരിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് നിരുപമ രാജീവ്. കോളേജ് പഠന കാലത്തെ ഫയര്‍ ബ്രാന്‍ഡ് കല്യാണം കഴിച്ചു സര്‍ക്കാര്‍ ഗുമസ്തയാകുന്നതോടെ ഒതുങ്ങിപ്പോകുന്നതിന്റെ ഉദാഹരണമായിരുന്നു നിരുപമ. “ആരാണ് സ്ത്രീകളുടെ സ്വപ്നത്തിന് എക്സ്പൈയറി ഡെയ്റ്റ് നിശ്ചയിക്കുന്നത്?” എന്ന നിരുപമയുടെ ചോദ്യം മൂര്‍ച്ചയേറിയതും പുരുഷാധിപത്യ സമൂഹത്തിന്റെ അടിക്കല്ലില്‍ ചെന്നു കൊള്ളുന്നതുമായിരുന്നു.

അഡ്വ. ദീപ
പിന്നീട് മഞ്ജു പ്രത്യക്ഷപ്പെട്ടത് സത്യന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു. അതിലെ അഡ്വക്കറ്റ് ദീപ ഭര്‍ത്താവുമായി പിരിഞ്ഞു ഒറ്റയ്ക്ക് ജീവിക്കുന്നവളാണ്. മകളുടെ സംരക്ഷണവും അവളുടെ ചുമലിലാണ്. ഒരു സാധാരണ സത്യന്‍-ലാല്‍ സിനിമയായിരുന്നിട്ടുകൂടി മഞ്ജുവിന്റെ വക്കീല്‍ കഥാപാത്രം മികച്ചു നിന്നു. മകള്‍ക്ക് വേണ്ടിയിട്ടാണെങ്കിലും ആ പോരാട്ടവും.

പത്മിനി
ഭര്‍ത്താവിനോട് പിണങ്ങി മണാലിയിലേക്ക് ടൂര്‍ പോകുന്ന ഭാര്യയുടെ കഥാപാത്രമാണ് പിന്നീട് വന്ന റാണി പത്മിനിയില്‍ മഞ്ജുവിന് ചെയ്യാനുണ്ടായിരുന്നത്. ആഷിക്ക് അബുവിന്റെ ഈ സിനിമയില്‍ റിമ കല്ലിങ്കലിന്റെ റാണിയോടൊപ്പമുള്ള പത്മിനിയുടെ യാത്ര ഏതൊരു സ്ത്രീയും കൊതിക്കുന്നതാണ്. കുടുംബമായാല്‍ ഭര്‍ത്താവും കുട്ടിയുമൊത്തുള്ള യാത്രയ്ക്കപ്പുറം ചിന്തിക്കാന്‍ കഴിയാത്ത മലയാളി സ്ത്രീകളെ സംബന്ധിച്ചിടത്തോളം റാണി പത്മിനി ഒരു സാഹസികമായ ട്രെക്കിംഗ് അനുഭവം തന്നെയായിരുന്നു.

ജോ
ജോ ആന്‍ഡ് ദി ബോയ് (റോജിന്‍ തോമസ്) എന്ന ചിത്രത്തില്‍ ആണുങ്ങള്‍ ഭരിക്കുന്ന ആനിമേഷന്‍ വ്യവസായ ലോകത്ത് വിജയം വരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ്. തന്റെ കഥാപാത്രവുമായുള്ള അവള്‍ക്കുള്ള ബന്ധം സൃഷ്ടിക്കുന്ന അതിവൈകാരികതയാണ് സിനിമയുടെ കേന്ദ്രമെങ്കില്‍ കൂടി വിജയം നേടുന്ന സ്ത്രീ എന്ന കഥാപാത്ര തുടര്‍ച്ച ഇവിടെയും ആവര്‍ത്തിക്കുന്നു.

ശ്രീബാല
രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ടയില്‍ കമ്മീഷണര്‍ ശ്രീബാല എന്ന ഐ പി എസ് ഓഫീസറെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. ഒരു സസ്പെന്‍സ് ക്രൈം ത്രില്ലര്‍ ആണെങ്കിലും പോപ്പുലര്‍ സിനിമയുടെ നരേറ്റിവില്‍ നായികയ്ക്ക് നായകനോളമോ അതിനെക്കാളോ പ്രാധാന്യമുണ്ടെന്ന് തെളിയിച്ച സിനിമയായിരുന്നു വേട്ടയും. ഇതിലും നായികാ കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിനു വലിയ പ്രാധാന്യമില്ല എന്നതും ശ്രദ്ധിയ്ക്കുക.

വന്ദന
പ്രമേയം കൊണ്ട് വേറിട്ട അനുഭവം തന്ന സിനിമയാണ് കരിങ്കുന്നം സിക്സ് (ദീപു കരുണാകരന്‍). ആണ്‍ മേധാവിത്ത ലോകമായ പുരുഷ ജയിലിനുള്ളില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പെട്ട് കഴിയുന്നവരെ ഒന്നിപ്പിച്ച് ഒരു വോളിബോള്‍ ടീം ഉണ്ടാക്കുന്ന വനിതാ പരിശീലകയായ വന്ദനയുടെ കഥയാണ് കരിങ്കുന്നം. സ്പോര്‍ട്ട്സ് സിനിമാ കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രം സ്ത്രീ കഥാപാത്ര പ്രധാനവുമാണ്. അനൂപ് മേനോന്റെ ഭര്‍ത്താവ് നായകന്‍ ശയ്യാവലംബിയാണ് ഈ ചിത്രത്തില്‍.

സൈറാ ബാനു
C/o സൈറാ ബാനു (ആന്‍റണി സോണി) എന്ന ചിത്രത്തിലെ പോസ്റ്റ് വുമനും മഞ്ജുവിന്റെ വേറിട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. കോളേജ് വിദ്യാര്‍ത്ഥിയായ ജോഷ്വായും സൈറായും തമ്മിലുള്ള അമ്മ-മകന്‍ ബന്ധത്തിന്റെ കഥയാണ് C/o സൈറാ ബാനു. ഒരു പ്രത്യേക സാഹചര്യത്തില്‍ സൈറയ്ക്ക് എടുത്തു വളര്‍ത്തേണ്ടി വന്ന കുട്ടിയാണ് ജോഷ്വ. സൈറ ഒറ്റയ്ക്ക് ജീവിതത്തെ നേരിടുന്ന അവിവാഹിതയായ സ്ത്രീയാണ്. മകന്‍റേതല്ലാത്ത കാരണത്താല്‍ കൊല്ലപ്പെട്ട ബംഗാളി തൊഴിലാളിയുടെ അമ്മയെ തേടിയുള്ള സൈറയുടെ ബംഗാളിലേക്കുള്ള യാത്രയില്‍ അവസാനിക്കുന്ന ചിത്രം സത്യസന്ധമായ ഒരു ആവിഷ്കാരം എന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

സുജാത
ഏറ്റവും ഒടുവില്‍ ഉദാഹരണം സുജാതയിലും ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതുന്ന സ്ത്രീ എന്ന പ്രതിച്ഛായ തുടരുകയാണ് മഞ്ജു. നഗരത്തിലെ ചേരിയില്‍ താമസിക്കുന്ന വീട്ടു വേലക്കാരിയായ ഒരു വിധവയും അവളുടെ കൌമാരക്കാരിയായ മകളും തമ്മിലുള്ള ബന്ധത്തിന്റെയും വിജയത്തിന്റെയും കഥയാണ് ഉദാഹരണം സുജാത. കണക്കില്‍ പിറകിലായ മകളെ പരീക്ഷ വിജയിപ്പിക്കാന്‍ ഒരമ്മ നടത്തുന്ന ഒരു ഗെയിമാണ് തുടക്കത്തില്‍ സിനിമ. സിനിമ അവസാനിക്കുമ്പോള്‍ ഗെയിമില്‍ ഒരു പോലെ വിജയം വരിക്കുന്ന അമ്മയെയും മകളെയുമാണ് പ്രേക്ഷകര്‍ കാണുന്നത്.

ഇനി വരാന്‍ പോകുന്ന കമലാ സുരയ്യയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ‘ആമി’യിലും മോഹന്‍ലാല്‍ ആരാധികയായ മീനൂട്ടിയുടെ കഥ പറയുന്ന ‘മോഹന്‍ലാലി’ലും ആഖ്യാനത്തിന്റെ മുഖ്യ കേന്ദ്രം മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചിലപ്പോള്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ കഥാപാത്ര പ്രധാനമായ സിനിമകളില്‍ അഭിനയിച്ച നടിയെന്ന നേട്ടവും കൂടി മഞ്ജു സ്വന്തമാക്കിയേക്കാം.

അഭിനയത്തിന്റെ ആദ്യ പകുതിയില്‍ അവതരിപ്പിച്ച ഈ പുഴയും കടന്നു, സമ്മര്‍ ഇന്‍ ബെത്ലഹേം, കന്മദം, കണ്ണെഴുതിപൊട്ടും തൊട്ട്, പത്രം തുടങ്ങിയ സിനിമകള്‍ എല്ലാം നായകനോളം പോന്ന ചിലപ്പോള്‍ നായകനിലും മുകളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒടുവില്‍ ബ്ലൌസിനിടയില്‍ പോകുന്ന ഒരു ചെണ്ടക്കോലിലും (കുടമാറ്റം) ഒരു ചുംബനത്തിലും (കന്മദം) അവസാനിക്കുന്നത്ര ആയുസ് മാത്രമേ അവയ്ക്കൊക്കെ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തില്‍ തളര്‍ന്നുവീഴുന്ന നായികയ്ക്ക് ആശ്രയം നായകന്‍ തന്നെ. ഈ പരമ്പരാഗത വാര്‍പ്പ് മാതൃകയെ പൊളിക്കുന്നുണ്ട് മഞ്ജുവിന്‍റെ പുതിയ പൊരുതുന്ന സ്ത്രീകള്‍.

അതുകൊണ്ട് തന്നെ ജീവിതത്തോട് ഒറ്റയ്ക്ക് പടവെട്ടുന്ന ഈ പെണ്ണിനെ മലയാളി ഇഷ്ടപ്പെടുന്നു. സിനിമയിലും ജീവിതത്തിലും.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍