UPDATES

സിനിമ

ലാല്‍ ഫാന്‍സിന്റെ ഗുഡ് ബുക്കില്‍ ഉണ്ടായിട്ടും 16 ചിത്രങ്ങള്‍ മാത്രം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല

വഴിയോരക്കാഴ്ചകളിലെ ഇന്ദ്രജാലക്കാരന്‍ വിടവാങ്ങുമ്പോള്‍

ശൈലന്‍

ശൈലന്‍

അതീവപുലർകാലെ തന്നെ ബാലഭാസ്കറിന്റെ അകാലവിയോഗവാർത്ത കേട്ട് ഒന്നുമെഴുതാനും പറയാനും ചിന്തിക്കാനുമൊന്നുമാതെ ഗാന്ധിജയന്തി ദിനത്തിൽ നെഞ്ചിലൊരു വിങ്ങലുമായിരിക്കുമ്പോഴാണ് ഉച്ചയ്ക്ക് ആ വാർത്ത കേട്ടത്. തമ്പി കണ്ണന്താനം അന്തരിച്ചു. അറുപത്തഞ്ച് വയസായ അദ്ദേഹത്തിന്റേത് സ്വാഭാവികമായ മരണമായിരുന്നു എങ്കിലും മലയാള സിനിമയ്ക്ക് അതൊരു നികത്താനാവാത്ത നഷ്ടം തന്നെ. ബാലുവിന്റെ വിയോഗം വാക്കുകളെ വിരൽതുമ്പിൽ മരവിപ്പിച്ചിരിക്കയായിരുന്നുവെങ്കിലും, ഫെയ്സ്ബുക്കിൽ “വഴിയോരക്കാഴ്ചകളിൽ ഇന്ദ്രജാലം കാട്ടി രാജാവിന്റെമകനെ സൃഷ്ടിച്ച നാടോടി മാന്ത്രികൻ തമ്പി കണ്ണന്താനം പോയി…” എന്നുകുറിച്ച് ഒരു സാഡ് സ്മൈലി ഇടാതിരിക്കാനായില്ല. അത് ഒരുപക്ഷെ ഒരു തലമുറയുടെ വികാരം ആണ്.

ഇക്കാലത്ത് സിനിമ കാണുന്ന പ്രേക്ഷകന് തമ്പി കണ്ണന്താനം എന്ന പേര് അത്ര പ്രസക്തമായ ഒന്നായി തോന്നുകയേ ഇല്ല ഒരു പക്ഷെ. രണ്ടായിരാമാണ്ടിന് ശേഷം അത്ര ശ്രദ്ധേയമല്ലാത്ത രണ്ട് മലയാളസിനിമകൾ മാത്രമെടുത്ത ഒരു സംവിധായകൻ. ആകെ ചെയ്ത പടങ്ങൾ 16. അതിലാകട്ടെ ഭൂരിഭാഗവും ഫ്ലോപ്പ്. പക്ഷെ, ഈ ഗൂഗിൾ സ്റ്റാറ്റിസ്റ്റിക്സ് വച്ച് അളക്കുവാൻ കഴിയുന്ന ഒരു സിനിമാവ്യക്തിത്വമേ ആയിരുന്നില്ല തമ്പി കണ്ണന്താനം. പ്രത്യേകിച്ചും എൺപതുകളിലും തൊണ്ണൂറുകളിലും സിനിമ കണ്ടുതുടങ്ങിയവർക്കും മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിനും ഒരേസമയം ഹിറ്റ് മെയ്ക്കറും കിംഗ് മെയ്ക്കറുമായ കണ്ണന്താനത്തിന്റെ ഇമേജ് അവരുടെ മനസിൽ വളരെ തിളക്കത്തിലും ഉയരത്തിലും തന്നെയായിരിക്കും.

മോഹൻലാൽ എന്ന നടന്റെ തലവര തന്നെ മാറ്റിമറിച്ച് അദ്ദേഹത്തിന്റെ പേരിന്റെ കൂടെ സൂപ്പർസ്റ്റാർ എന്ന പ്രിഫിക്സ് തുന്നിപ്പിടിപ്പിച്ച പടം ഏതെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. രാജാവിന്റെ മകൻ എന്ന തമ്പി കണ്ണന്താനം സിനിമയായിരുന്നു അത്. കേവലം 21 സീനുകൾ മാത്രമുള്ള വിൻസെന്റ് ഗോമസ് എന്ന കഥാപാത്രത്തിലൂടെ തമ്പിയും തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും കൂടി മോഹൻലാലിന്റെ ജീവിതത്തിൽ കാണിച്ച അദ്ഭുതം വളരെ വലുതായായിരുന്നു. രാജാവിന്റെ മകനോ വിൻസെന്റ് ഗോമസോ ഉണ്ടായിരുന്നില്ലെങ്കിലും മോഹൻലാൽ എന്ന സൂപ്പർസ്റ്റാർ സംഭവിക്കുമായിരുന്നില്ലേ എന്നൊക്കെ വേണമെങ്കിൽ ദോഷൈകദൃക്കുകൾക്ക് ചോദിക്കാം. പക്ഷെ, എല്ലാത്തിനും ഓരോ നിമിത്തമുണ്ടല്ലോ. ഇരുന്നതിന് ശേഷമാണല്ലോ കാലുനീട്ടിവെക്കാനാവുന്നത്.

രാജാവിന്റെ മകൻ ഉണ്ടായതിനെക്കുറിച്ചും രസകരമായ അണിയറ വർത്തമാനങ്ങൾ കണ്ണന്താനവും ഡെന്നീസ് ജോസഫും അഭിമുഖങ്ങളിൽ പറയുന്നത് കേട്ടിട്ടുണ്ട്. 1983ൽ സ്വതന്ത്ര സംവിധായകനായി മാറിയ കണ്ണന്താനം താവളം, പാസ്പോർട്ട് (1983), ആ നേരം അല്പദൂരം (1985) എന്നീ ആദ്യ മൂന്നു സിനിമകളുടെ തുടർച്ചയായുള്ള പരാജയത്തിന് ശേഷം ഡെന്നീസ് ജോസഫിന്റെ രാജാവിന്റെ മകൻ സ്ക്രിപ്റ്റുമായി അന്ന് സൂപ്പർസ്റ്റാർ ലെവലിലേക്ക് ഉയർന്ന് തുടങ്ങിയിരുന്ന മമ്മൂട്ടിയെ ആണ് സമീപിച്ചത്. ആ നേരം അല്പദൂരത്തിലെ നായകൻ കൂടിയായിരുന്ന മമ്മൂട്ടി ആ പ്രൊജക്റ്റ് നിഷ്കരുണം തള്ളുകയും കണ്ണന്താനത്തെ ഹർട്ട് ചെയ്യുന്ന മട്ടിൽ സംസാരിക്കുകയും ചെയ്തത്രേ. ഈഗോയ്ക്ക് മുറിവേറ്റ കണ്ണന്താനവും വിട്ടുകൊടുത്തില്ല. “ഞാനിത് മോഹൻലാലിനെ വച്ച് ചെയ്ത് ഹിറ്റാക്കുകയും അന്ന് മുതൽ നിന്റെ പേര് അതിന്റെ താഴെ പോവുകയും ചെയ്യും” എന്ന് തിരിച്ചും വെല്ലുവിളിക്കുകയും അങ്ങനെ തന്നെ സംഭവിപ്പിക്കുകയും ചെയ്തു. രാജാവിന്റെ മകൻ റിലീസായ 1986 ജുലൈ 17 എന്ന തിയതി മോഹൻലാലിന്റെയെന്നപോൽ തമ്പി കണ്ണന്താനത്തിന്റെ ജീവിതത്തെയും അപ്പുറമിപ്പുറം തിരിച്ചിട്ടു.

കാഞ്ഞിരപ്പള്ളിക്കാരനായ തമ്പി കണ്ണന്താനം ആദ്യം ശശികുമാറിന്റെയും പിന്നീട് ജോഷിയുടെയും ശിഷ്യനായിട്ടാണ് സിനിമയിൽ വന്നതെങ്കിലും ഗുരുക്കന്മാരെ പോലെ വലിച്ചു വാരി സിനിമകൾ ചെയ്ത ഒരാളായിരുന്നില്ല. എൺപതുകളിലും തൊണ്ണൂറുകളിലും ഏറ്റവും വിപണിമൂല്യമുള്ള ഒരു ബ്രാൻഡ് നെയിം ആയിരുന്നു തന്റേതെങ്കിലും 16 മലയാളപ്പടങ്ങളും ഒരു ഹിന്ദിപ്പടവും മാത്രമേ അദ്ദേഹം സംവിധാനം ചെയ്തുള്ളൂ… അതിൽ തന്നെ പലതും തന്റെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ ജൂലിയാ പിക്ചേഴ്സിന് വേണ്ടിയായിരുന്നു.

രാജാവിന്റെ മകന് ശേഷം വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, ഒന്നാമൻ എന്നിവയാണ് തമ്പി കണ്ണന്താനം-മോഹൻലാൽ കൂട്ടുകെട്ടിൽ സ്ക്രീനിലെത്തിയ സിനിമകൾ. ഇതിൽ ഒന്നാമൻ ദുരന്തവും നാടോടി ആവറേജുമായപ്പോൾ ബാക്കിയെല്ലാം വൻ വിജയങ്ങളായി. ഇന്ദ്രജാലമൊക്കെ തിയേറ്ററിലുണ്ടാക്കിയ ഓളം രണ്ടായിരത്തിന് ശേഷം സിനിമ കാണാൻ തുടങ്ങിയ പ്രേക്ഷകന് സങ്കല്പിക്കാവുന്നതിന് അപ്പുറമാണ്. രാജൻ പി ദേവിനെ കാർലോസ് എന്ന വറൈറ്റി വില്ലൻ വേഷം നൽകി സ്ക്രീനിലെത്തിച്ചതും ഇന്ദ്രജാലത്തിലൂടെ ആയിരുന്നു.

തമ്പി കണ്ണന്താനം പ്ലസ് മോഹൻലാൽ സമം സൂപ്പർഹിറ്റ് എന്നത് ഒരു ഫോർമുലയായിരുന്നുവെങ്കിലും മോഹൻലാലില്ലാത്ത തമ്പി കണ്ണന്താനം സിനിമകൾ ഒരു ചലനവുമുണ്ടാക്കിയില്ല എന്നത് കരിയർ പരിശോധിച്ചാൽ മനസിലാക്കാനാവും. സുരേഷ്ഗോപിയെ വച്ച് മാസ്മരം, ചുക്കാൻ പോലുള്ള പടങ്ങൾ ലാൽ ഫോർമുലയിൽ സൃഷ്ടിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു കാര്യവുമുണ്ടായില്ല. രാജാവിന്റെ മകൻ ഇഷ്യൂ കാരണം, നല്ല സുഹൃത്തായിട്ടും മമ്മൂട്ടിയെ വച്ച് പടം ചെയ്യാൻ അദ്ദേഹം തയ്യാറായതുമില്ല. പക്ഷെ, 1999ൽ ഇറങ്ങിയ തച്ചിലേടത്തു ചുണ്ടൻ എന്ന മമ്മൂട്ടിചിത്രത്തിന്റെ നിർമ്മാണം കണ്ണന്താനത്തിന്റെ ജൂലിയാ പിക്ചേഴ്സ് ആയിരുന്നു എന്നത് അവർ തമ്മിൽ ശത്രുക്കളായിരുന്നില്ല എന്നതിന് തെളിവാണ്. 2000ന് ശേഷം ഒന്നാമൻ ഫ്രീഡം എന്നിങ്ങനെ രണ്ട് സിനിമകൾ മാത്രമാണ് തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നുള്ളൂ. മോഹൻലാലിന്റെ കുട്ടിക്കാലമവതരിപ്പിക്കാനായി പ്രണവിനെ സ്ക്രീനിലെത്തിച്ചു എന്നതുകൊണ്ട് മാത്രം ഫാൻസ് ഓർക്കുന്ന പടമാണ് ഒന്നാമൻ.

തന്റെ കഴിവുകളെക്കാളുപരി പരിമിതികളെ തിരിച്ചറിഞ്ഞിരുന്ന സംവിധായകൻ ആയിരുന്നു തമ്പി കണ്ണന്താനം എന്നാണ് ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ മനസിലാവുക. സിനിമയുടെ കലാമൂല്യം വച്ച് നോക്കുമ്പോൾ തന്റെ സിനിമകൾ എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായ ബോധ്യവുമുണ്ടായിരുന്നുവെന്ന് തോന്നുന്നു. 141 പടങ്ങൾ സംവിധാനം ചെയ്ത ശശികുമാറിന്റെയോ എൺപതില്‍പരം സിനിമകൾ ചെയ്ത ജോഷിയുടെയോ പാത, സകലമാന സാധ്യതകളും സ്വന്തം പ്രൊഡക്ഷൻ കമ്പനിയും ഉണ്ടായിട്ടും, കണ്ണന്താനം സ്വീകരിച്ചില്ല. മോഹൻലാൽ ഫാൻസിന്റെ ഗുഡ് ബുക്കിൽ അക്കാലത്ത് അദ്ദേഹത്തിന്റെ പേര് ഏറ്റവും മുകളിലായി ഉണ്ടായിരുന്നു എന്നും ഓർക്കുക. എന്നിട്ടും 16 മലയാള സിനിമകളിൽ ഒതുങ്ങുക എന്നത് ഒരു ചില്ലറക്കാര്യമേയല്ല.

റെസ്റ്റ് ഇൻ പീസ് കണ്ണന്താനം സാർ..!

എന്നെ ‘രാജാവിന്റെ മകന്‍ ‘ എന്ന് ആദ്യം വിളിച്ചയാള്‍-മോഹന്‍ലാല്‍

ഒരിക്കല്‍ തമ്പി ലാലിനോട്‌ ചോദിച്ചു: “കാല് കൊണ്ട് മാത്രം ഫൈറ്റ് ചെയ്യാമോ” എന്ന്

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍