UPDATES

സിനിമ

ആടും ആദിയും ആൾക്കൂട്ടത്തിന് വിടൂ, എന്തുകൊണ്ട് കേരളം ജൂഡ് കാണണം?

രോഗങ്ങൾ ബാധിച്ചവർ ഒട്ടും നോർമലല്ല, അവർ എന്തോ ഭീകരമായ മാനസിക, ശാരീരിക വൈകല്യങ്ങൾക്ക് അടിമയായവർ എന്ന് കരുതുന്നവർ ഏറെയുണ്ട് ഇന്നും. ഇത്തരം മുൻവിധികൾ മാറ്റി അവരെ അവരുടെ കഴിവുകൾ അംഗീകരിച്ച് നമുക്കൊപ്പം ചേർക്കാൻ ഹേയ് ജൂഡ് പ്രേരണയാകും.

ശാരീരിക, മനോവൈകല്യമുള്ള വ്യക്തികളോട്, പ്രത്യേകിച്ച് കുട്ടികളോട് സമൂഹം പെരുമാറുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ..? നോക്കിൽ സഹതാപം കരകവിയും. വാക്കിൽ അയ്യോ, പാവം, കഷ്ടം എന്നിങ്ങനെ ഉരുവിടും. എന്‍റെ കുട്ടിക്ക് ഇങ്ങനെയൊന്നും വന്നില്ലല്ലോ എന്ന ആശ്വാസം തികട്ടും. എല്ലാത്തിനും ശേഷം ഏത് ജോലിയാണോ ചെയ്തു കൊണ്ടിരുന്നത് അത് തുടരുകയും ചെയ്യും. കുറ്റപ്പെടുത്തുകയല്ല, ഇത് സമൂഹം സാമാന്യമായി പ്രകടിപ്പിക്കുന്ന വികാരമാണ്. വൈകല്യങ്ങൾക്കപ്പുറം ചില കാര്യങ്ങളിൽ അവർക്കുള്ള അസാധാരണമായ കഴിവുകൾ അംഗീകരിക്കാൻ മടിയാണ്. അവയ്ക്കുള്ള അനുമോദനങ്ങൾ പോലും സഹതാപത്തിന്‍റെ ലേബൽ ഒട്ടിച്ചാണ്. അവൻ അല്ലെങ്കിൽ അവൾ അബ്നോർമലാണ്, അതുകൊണ്ട് ഇങ്ങനെയൊക്കെ ചില കാര്യങ്ങൾ ചെയ്യാനാകുന്നു എന്നൊക്കെയങ്ങ് ഏകപക്ഷീയമായി വിധിച്ചു കളയും. ആ വിധി പ്രഖ്യാപനത്തിലൂടെ നമ്മുടെ കുറവുകളെ, വൈകല്യങ്ങളെ കുഴിച്ചുമൂടും.

പൊതുസമൂഹത്തിൽ മാത്രമല്ല, സ്വന്തം വീടിനകത്ത് പോലും ഇവരുടെ കഴിവുകൾ തിരിച്ചറിഞ്ഞുള്ള സ്നേഹനിർഭരമായ പരിചരണം പലപ്പോഴും അന്യമാണ്. അവരുടെ ലോകവും അവർ കൊതിക്കുന്ന ചിലതും അവർ ആഹ്ളാദം കണ്ടെത്തുന്ന ചില ഇടങ്ങളുമുണ്ട്. അതൊന്നും സാധിച്ചെടുക്കാൻ വലിയ പണച്ചിലവുള്ളവ അല്ല. പക്ഷെ, അവയൊന്നും അടുത്തവർ പോലും പലപ്പോഴും തിരിച്ചറിയാറില്ല. അറിയാതെ പോകുന്ന ആ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിലേക്ക് നമ്മെ നയിക്കുകയാണ് ഹേയ് ജൂഡ് എന്ന ചിത്രം.

ഒരു അഭിനേതാവ് എന്ന നിലയിൽ നിവിൻപോളിയിൽ സാധ്യമായ പക്വതയാർന്ന പരിണാമത്തിന്‍റെ തിരരൂപമാണ് ജൂഡ് എന്ന കഥാപാത്രം. ഓട്ടിസത്തിന്‍റെ വകഭേദമായ ആസ്പെർജർ സിൻഡ്രോം എന്ന അവസ്ഥയിലൂടെയാണ് ജൂഡ് കടന്നുപോകുന്നത്. അവന് അവന്‍റേതായ ഇഷ്ടങ്ങൾ, രുചികൾ, സമയം ഒക്കെയാണ്. അതെല്ലാം അപരന് അസാധാരണമെന്നും തോന്നാം. എന്നാൽ, ഗണിതത്തിൽ അവന്‍റെ സിദ്ധിയും പ്രതിഭയും ആരെയും അത്ഭുതപ്പെടുത്തും. മറ്റുള്ളവർ വലിയ ആഗ്രഹങ്ങൾക്കും പണത്തിനും പിറകെ പാഞ്ഞ് നിരാശരാകുമ്പോൾ ലഭ്യമായ സന്തോഷങ്ങളിൽ തൃപ്തനാണ് ജൂഡ്. ആ ആഹ്ളാദത്തിന്‍റെ അതിരുകൾ അൽപം കൂടി ക്രിസ്പി ആയ ദോശയും അക്വേറിയവും ഒക്കെയായി ഏറെ പരിമിതമാണ്. ചെറിയ ആഗ്രഹങ്ങൾ മാത്രമുള്ള, അവ നേടുമ്പോൾ സന്തോഷം അനുഭവിക്കുന്ന, കുഞ്ഞുങ്ങളുടേതിന് സമാനമായ നിഷ്ക്കളങ്കതയും സത്യസന്ധതയും പുലർത്തുന്ന ജൂഡിനെ പോലുള്ളവരുടെ ലോകമല്ലേ യഥാർത്ഥത്തിൽ നോർമൽ, അത്യാഗ്രഹികളും കൗശലക്കാരുമായ നമ്മുടെ ലോകമല്ലേ അബ്നോർമൽ എന്നൊരുവേള ചിന്തിച്ചുപോകും ജൂഡിനെ കാണുമ്പോൾ.

നിവിന്‍ പോളിയുടെ ധൈര്യം കൂടിയാണ് ഹേ ജൂഡ്

അതിനാൽ, വൈകല്യം എന്ന് സാമാന്യ സമൂഹം വിളിക്കുന്ന, ഓട്ടിസം പോലുള്ള പേരുകളാൽ രോഗമെന്ന് വിധിക്കപ്പെട്ട, ഇത്തരം സവിശേഷ ശാരീരിക, മാനസിക അവസ്ഥയിൽ ജീവിതം തുടരുന്നവർ വീടുകളിൽ ഉള്ള കുടുംബങ്ങൾക്കും, അവരെ സഹതാപത്തോടെ വീക്ഷിക്കുന്ന സമൂഹത്തിനും അവരെ കുറിച്ചുള്ള ചില തിരിച്ചറിവുകൾ നൽകുന്നതാണ് ശ്യാമപ്രസാദ് ഒരുക്കിയ ചിത്രം. സിനിമയുടെ റിവ്യൂ അല്ല ഉദ്ദേശിക്കുന്നത്, ചിത്രം എന്തുകൊണ്ട് കാണണം എന്നതിന് ഉത്തരം തേടൽ മാത്രമാണ് ലക്ഷ്യം എന്നതിനാൽ ചിത്രത്തിന്‍റെ സാങ്കേതികമായ വിശദാംശങ്ങൾ ഇവിടെ അവതരിപ്പിക്കുന്നില്ല. അളന്നു മുറിച്ച തിരക്കഥയും അഴകുറ്റ ദൃശ്യഭാഷയും സിദ്ദിഖ്, നീനാകുറുപ്പ്, വിജയ് മേനോൻ എന്നിവരുടെ പ്രകടനവും ജൂഡിനെ കൂടുതൽ മികച്ചതാക്കി എന്നുമാത്രം സൂചിപ്പിക്കട്ടെ. ക്രിസ്റ്റൽ ആയി എന്തിന് തൃഷ, മറ്റാരെങ്കിലും മതിയായിരുന്നു, തൃഷക്ക് പ്രത്യേകമായി ഒന്നും ചെയ്യാനില്ലായിരുന്നു എന്ന് ചിത്രം കണ്ടിറങ്ങിയാൽ തോന്നും.

ചിത്രത്തിന്‍റെ സാങ്കേതികമായ വിശദാംശങ്ങൾ വിട്ട് എന്തുകൊണ്ട് കേരളം ജൂഡിനെ വരവേൽക്കണം എന്നത് മാത്രമാണ് പ്രതിപാദ്യ വിഷയം എന്നതിനാൽ അതുമാത്രം പറഞ്ഞു നിർത്താം. ഇത്തരം രോഗങ്ങൾ ബാധിച്ചവർ ഒട്ടും നോർമലല്ല, അവർ എന്തോ ഭീകരമായ മാനസിക, ശാരീരിക വൈകല്യങ്ങൾക്ക് അടിമയായവർ എന്ന് കരുതുന്നവർ ഏറെയുണ്ട് ഇന്നും. ഇത്തരം മുൻവിധികൾ മാറ്റി അവരെ അവരുടെ കഴിവുകൾ അംഗീകരിച്ച് നമുക്കൊപ്പം ചേർക്കാൻ ഹേയ് ജൂഡ് പ്രേരണയാകും. സഹതാപത്തിന്‍റെ കണ്ണടകൾ മാറ്റി വെച്ച് അംഗീകാരത്തിന്‍റെ കൈമുദ്ര ചേർത്ത് അവരെ പുൽകാനാണ് ജൂഡ് പ്രേരിപ്പിക്കുന്നത്. ഒപ്പം, എന്തിനാണ് നമ്മുടെയെല്ലാം ഓട്ടവും തിരക്കും പരക്കംപാച്ചിലുകളുമെന്നും ആ അനാവശ്യമായ ആസക്തികൾ ഒന്ന് കുഴഞ്ഞു വീണാൽ തീരാവുന്നതേ ഉള്ളൂവെന്നും സിദ്ദിഖ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൽ നിന്നും നാം പഠിക്കുകയും ചെയ്യും. ആയതിനാൽ, ആടും ആദിയും നൽകുന്ന ആരവങ്ങളായല്ല, വിനീതമായ ചില ഓർമ്മപ്പെടുത്തലുകളായി ജൂഡ് നമ്മിലൂടെ കടന്നുപോവുകയാണ്. കാണേണ്ടവർക്ക് കാണാം, തിരുത്തലുകൾ ആകാം, മനോഹരമാണ് ഈ ഗോവൻ തീരത്തെ കവിത.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍