കലാകാരന്മാരുടെ സംഘടനയായിട്ടുപോലും പരമ്പരാഗത ആണ്‍ബോധ്യങ്ങളുടെ മാനിഫെസ്റ്റോ പിന്തുടരാനാണ് അമ്മയും ശ്രമിക്കുന്നത്
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി അഭിനേതാക്കള്‍ക്കായി ഒരു സംഘടന രൂപീകരിക്കുന്നത് മലയാളത്തിലാണ്. അമ്മ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്. അഭിനേതാക്കളുടെ കൂട്ടായ്മ എന്നതു മാത്രമായിരുന്നില്ല അമ്മയുടെ രൂപീകരണത്തിനു പിന്നില്‍. തൊഴിലിടത്തെ താരങ്ങളുടെ അവകാശസംരക്ഷണവും സംഘടനയുടെ ലക്ഷ്യമായിരുന്നു. അമ്മയ്ക്കുശേഷം മലയാള സിനിമയില്‍ വിവിധ സംഘടനകള്‍ രൂപംകൊണ്ടു. സംഘടനകള്‍ ഉണ്ടാവുകയും പിളരുകയും ചെയ്തു. ഇതിനെല്ലാം ഇടയിലാണ് ഇപ്പോള്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായി പുതിയൊരു സംഘടന വരുന്നത്. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിട്ടിരിക്കുന്ന ഇതിനു പിന്നില്‍ താരങ്ങളായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി, സജിത മഠത്തില്‍, എഡിറ്റര്‍ ബീന പോള്‍, സംവിധായിക വിധു വിന്‍സെന്റ് തുടങ്ങിയവരാണ് പ്രധാനമായുള്ളത്.
വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ പ്രത്യേകത, സിനിമയിലെ സ്ത്രീകള്‍ക്കായി മാത്രം രൂപീകൃതമാകുന്ന ആദ്യത്തെ സംഘടനയാണിതെന്നാണ്. വേണമെങ്കില്‍ മലയാളിയുടെ സംഘടിതബോധത്തിന്റെ മറ്റൊരു ഉദാഹരണമായി പറയാം. എന്നാല്‍ അതിനപ്പുറം ഇത്തരമൊരു സംഘടിതശ്രമത്തിന് മറ്റു പലതും കാരണമാകുന്നുണ്ടെന്ന് മലയാള സിനിമ ലോകവുമായി ബന്ധപ്പെട്ട് ഈ അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങള്‍ മാത്രം ശ്രദ്ധിച്ചവര്‍ക്കു മനസിലാകും. ഈ ഇന്‍ഡസ്ട്രിയെ കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ക്കാകട്ടെ ഇതല്‍പ്പം താമസിച്ചു പോയില്ലേ എന്നേ തോന്നൂ. കാരണം, എത്ര സംഘടനകളുണ്ടെങ്കിലും സമൂഹത്തിലെന്നപോലെ സിനിമയിലും സ്ത്രീകള്‍ക്ക് രണ്ടാതരം പൗരത്വമെന്ന നിലപാടാണ് ഉള്ളത്. സ്‌ക്രീനില്‍ മാത്രമല്ല, പുരുഷാധിപത്യം.
കൊച്ചിയില്‍ നടിക്കു നേരിടേണ്ടി വന്ന ദുരന്തമോ, കഴിഞ്ഞ ദിവസം തിരുവനന്തപുരം ചെങ്കല്‍ചൂള കോളനിയില്‍ ഷൂട്ടിംഗിനിടയില്‍ മഞ്ജു വാര്യരെ തടഞ്ഞുവെന്നു പറയുന്ന വാര്‍ത്തയോ മാത്രമല്ല വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ രൂപീകരണത്തിന് കാരണം. നമ്മള്‍ ഒരുമിച്ചു നില്‍ക്കണം എന്നു സ്ത്രീകള്‍ ഉറപ്പിച്ചതിന് ഈ പറയുന്ന കാരണങ്ങള്‍ ഒക്കെ ഉണ്ടാകും. മാനസിക പീഡനങ്ങള്‍, അതിക്രമങ്ങള്‍, അവഗണിക്കല്‍, വിലയില്ലാതാക്കല്‍ തുടങ്ങി വ്യക്തിത്വത്തെയും തൊഴിലിനെയും അപമാനിക്കുന്ന വിധത്തില്‍ കാലങ്ങളായി തങ്ങള്‍ അനുഭവിച്ചുപോരുന്നതിനോടെല്ലാം പ്രതികരിക്കാന്‍ ഉള്‍വിളി ഏതൊരു സ്ത്രീ സിനിമാപ്രവര്‍ത്തകയുടെയും ഉള്ളില്‍ ഉണ്ടായിരുന്നുവെന്നത് നേരിട്ട് അറിഞ്ഞിട്ടുള്ള കാര്യമാണ്.
അമ്മ അഭിനേതാക്കളുടെ സംഘടനയാണെങ്കിലും അതിനെ മുഖ്യധാര താരങ്ങളുടെയോ അതല്ലെങ്കില്‍ ആണ്‍താരങ്ങളുടെയോ (പേരിന് സ്ത്രീകള്‍ ഉണ്ടായിരിക്കാം) സംഘടനയെന്നു വിളിക്കുന്നതാണ് ഉചിതം. കലാകാരന്മാരുടെ സംഘടനയായിട്ടുപോലും പരമ്പരാഗത ആണ്‍ബോധ്യങ്ങളുടെ മാനിഫെസ്റ്റോ പിന്തുടരാനാണ് അമ്മയും ശ്രമിക്കുന്നത്. കൊച്ചിയിലെ സംഭവത്തിനുശേഷം നടികള്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്നത് ഒഴിവാക്കണം എന്ന ഒറ്റ പ്രസ്താവന മാത്രം മതി ഈ കാര്യം ശരിയാണെന്നു തെളിയിക്കാന്‍. സിനിമയിലെ നായകന്‍ നായികയ്‌ക്കോ മറ്റേതെങ്കിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കോ നല്‍കാറുള്ള ഉപദേശം പോലെ പെണ്ണ് സൂക്ഷിച്ചും കണ്ടും നടന്നില്ലെങ്കില്‍ നഷ്ടം അവള്‍ക്കു തന്നെയാണെന്നു പറയുകയായിരുന്നു അഭിനേതാക്കളുടെ സംഘടന നേതാക്കളും. അമ്മയുടെ വെബ്‌സൈറ്റില്‍ സംഘടനയുടെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളെയുമൊക്കെ കുറിച്ച് എഴുതിവച്ചിരിക്കുന്നതും അവര്‍ നടപ്പാക്കുന്നതും തമ്മില്‍ വലിയ വൈരുദ്ധ്യമുണ്ടെന്നു പറയുന്നത് അടിസ്ഥാനമില്ലാത്ത വിമര്‍ശനമല്ല. വാസ്തവമാണ്.
വുമണ്‍ കളക്ടീവ് ഇന്‍ സിനിമ അമ്മയ്ക്ക് എതിരായോ സമാന്തരമായോ രൂപീകരിക്കുന്ന സംഘടനയാണെന്ന് പറഞ്ഞുവയ്ക്കുന്നില്ല. ബീന പോളും മഞ്ജു വാര്യരുമൊക്കെ അതു വ്യക്തമാക്കിയിട്ടുള്ളതുമാണ്. പക്ഷേ അമ്മയ്ക്ക് കഴിയാതെ പോകുന്നതോ ശ്രദ്ധകൊടുക്കാന്‍ പറ്റാതെ വരുന്നതോ ആയ, സ്ത്രീകളുടെ വിഷയങ്ങളില്‍ വുമണ്‍ കളക്ടീവ് ഇന്‍ സിനിമ ഇടപെട്ടു തുടങ്ങുന്നത് കാതലമായ മാറ്റങ്ങള്‍ മലയാള സിനിമാ ലോകത്ത് കൊണ്ടുവരുമെന്നതില്‍ സംശയമില്ല. കാരണം സ്ത്രീകള്‍ക്ക് സിനിമയില്‍ അവകാശങ്ങള്‍ വളരെ കുറവാണ്. അതിപ്പോള്‍ സൂപ്പര്‍താരം എന്നു വിളിക്കപ്പെടുന്ന നടിക്കാണെങ്കില്‍ പോലും. ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അതിലെ നായികപോലും മൂന്നാമതായോ നാലാമതായോ പരിഗണനയില്‍ വരുന്ന ഘടകം മാത്രമാണ്. നായികയായി ഒരു നടി സെലക്ട് ചെയ്യപ്പെടുന്നതില്‍ കഥാപാത്രത്തിനോ തിരക്കഥയ്‌ക്കോ ഭൂരിഭാഗം സിനിമകളിലും വലിയ റോള്‍ ഒന്നുമില്ല. പലപ്പോഴും നായകന്റെ വാക്കിനായിരിക്കും അവിടെ വില.
ഒരു ഗോസിപ്പ് നിലവാരത്തിലേക്ക് താഴ്ന്നിരിക്കുന്ന അത്തരം കഥകള്‍ എത്രയോ പറയാം. ക്ഷിപ്രകോപികളും ക്ഷിപ്രപ്രസാദികളുമായ നായകന്മാരും ഉപദേവന്മാരായ സംവിധായകരും മടിശീലക്കാരായ നിര്‍മാതാക്കളും അധികാരശക്തികളായി വാഴുന്ന സിനിമയില്‍ ഒരു സ്ത്രീക്ക് നല്‍കുന്നത് കലാകാരിയെന്ന മതിപ്പല്ല, മെലോഡ്രാമയില്‍ പോലും ഐറ്റം ഡാന്‍സ് തിരുകി കയറ്റുന്ന നിലയിലേക്ക് വ്യാപാരബുദ്ധി താഴ്ന്നുപോയവര്‍ ഇടുന്ന ശരീരവിലയാണ്. എല്ലാവരും അങ്ങനെയാണെന്നല്ല, പക്ഷേ ഭൂരിപക്ഷത്തിനും നടിമാര്‍ സിനിമയ്ക്കു രുചികൂട്ടുന്ന അജിനോമോട്ടോയാണ്.
ഇങ്ങനെയൊരു അടിമത്തം പേറുന്നവര്‍ തങ്ങള്‍ക്കു ചുറ്റും വരച്ചിരിക്കുന്ന വട്ടത്തില്‍ നിന്നും പുറത്തു കടക്കാന്‍ നോക്കിയാല്‍ അവര്‍ക്ക് നഷ്ടമാകുന്നത് സിനിമലോകമായിരുന്നു. ഇന്നതും മാറി സ്വന്തം ജീവിതം തന്നെ എന്നായിരിക്കുന്നു. അതൊക്കെ മനസിലാക്കാന്‍ സാമാന്യജനത്തിനു കഴിയുന്നുണ്ട്. എന്നിട്ടും അഭിനേതാക്കളുടെ (അഭിനേതാവ് എന്നു പ്രയോഗിക്കുന്നത് എല്ലാ ലിംഗത്തില്‍പ്പെട്ടവരെയുമാണല്ലോ) സംഘടനയ്ക്ക് അതിലെ സ്ത്രീകളുടെ കാര്യത്തില്‍ പലപ്പോഴും ആണ്‍പ്രമാണിത്തങ്ങളെ മറികടക്കാന്‍ കഴിയുന്നില്ല. ഇവിടെയാണ് സ്വന്തം നിലനില്‍പ്പിനും അഭിമാനത്തിനും സ്വതന്ത്രമായ തൊഴില്‍ സാഹചര്യത്തിനും അവകാശം പറയാന്‍ സ്ത്രീകള്‍ സംഘടിതശക്തിയായി മാറുന്നത്. അതിലവര്‍ വിജയിക്കട്ടെ. പക്ഷേ അപ്പോഴും ബാക്കിയാവുന്ന ചോദ്യം വുമണ്‍ കളക്ടീവ് ഇന്‍ സിനിമയോട് ഇന്‍ഡസ്ട്രിയിലെ മര്യാദരാമന്മാര്‍ എത്രത്തോളം ജനാധിപത്യബഹുമാനം കാണിക്കുമെന്നാണ്.