UPDATES

സിനിമ

ലൈംഗിക ദാരിദ്ര്യം പിടിച്ച ചങ്ക്‌സ്

ദിലീപിന്റെ സമീപകാല സിനിമകള്‍ക്ക് ഒമറിലൂടെ നല്ല പിന്തുടര്‍ച്ച ഉണ്ടാവും എന്നുറപ്പാണ്

അപര്‍ണ്ണ

അപര്‍ണ്ണ

അപ്രതീക്ഷിത വിജയമായിരുന്നു ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങ്ങ്. സംവിധായകന്റെ ആദ്യ സിനിമയായിട്ടും വലിയ താരങ്ങളില്ലാഞ്ഞിട്ടും പ്രേക്ഷകര്‍ തീയേറ്ററിലെത്തി. ആ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാവണം ഒമര്‍, ചങ്ക്‌സ് എന്ന രണ്ടാം സിനിമയുമായി തീയേറ്ററിലെത്തിയത്. യുവാക്കളുടെ പ്രതീക്ഷയും വമ്പിച്ച ഓണ്‍ലൈന്‍ പ്രമോഷനും വളരെക്കാലമായി സിനിമയ്ക്കുണ്ട്. ബാലു വര്‍ഗീസും ഹണി റോസും ധര്‍മജനും വിശാഖും ഒക്കെയായി വമ്പന്‍ താരനിരയൊന്നുമില്ലതെയാണ് ചങ്ക്‌സും തീയേറ്ററിലെത്തിയത്. നല്ല ഇനീഷ്യല്‍ കളക്ഷനൊപ്പം ദ്വയാര്‍ത്ഥ, മനുഷ്യ വിരുദ്ധ തമാശകളുടെ പേരില്‍ സിനിമയ്ക്ക് വിമര്‍ശനവും കിട്ടിയിരുന്നു. സിനിമ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞവരെ പാല്‍ക്കുപ്പി എന്നൊക്കെ ലൈവായി വിളിച്ച് സംവിധായകനും ടീമും ഇവിടെയുണ്ട്. സിനിമ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞവരെ സംഘം ചേര്‍ന്ന് ആക്രമിച്ച് ഒരാള്‍ക്കൂട്ടവും ഉണ്ട്.

ഒരു എഞ്ചിനിയറിങ്ങ് കോളേജിലെ പെണ്‍കുട്ടികളില്ലാത്ത മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആണ് കഥ തുടങ്ങുന്നത്. അശ്ലീലം പറയാനും അളന്ന് മുറിക്കാനും സഹപാഠികളായി സ്ത്രീ ശരീരങ്ങളില്ലാത്തത് കൊണ്ട് ടീച്ചര്‍മാരെയും കാണുന്ന എല്ലാ പെണ്ണുങ്ങളെയും കണ്ണു കൊണ്ടു ഭോഗിച്ച് ദുഃഖം തീര്‍ക്കുന്ന നായകനും സംഘവുമാണ് സിനിമയുടെ ആദ്യത്തെ കുറെ ഭാഗം. ഇവരുടെ ഈ ഭീകര സ്വത്വപ്രശ്‌നത്തിനിടക്ക് റിയ (ഹണി റോസ്) എത്തുന്നു. പിന്നീട് അവളുടെ കൂടെയും ബാക്കിയുള്ള സ്ത്രീകളുടെയും കൂടെ കുറെ നടത്തം.  പിന്നെ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റിലൂടെ നായകനും നായികയും ഒന്നിക്കുന്നു. അങ്ങനെ ഈ ‘ഫണ്‍’ തീരുന്നു.

ഒരു സിനിമ എന്താവണം, എന്താവണ്ട എന്നൊക്കെ പൂര്‍ണ്ണമായും തീരുമാനിക്കുന്നത് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ആര്‍ട്ടോ, ക്രാഫ്‌റ്റോ, ബിസിനസോ ഇതിന്റെയൊക്കെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ, ഇവയുടെ വ്യവസ്ഥാപിത നിര്‍വചനങ്ങള്‍ തള്ളിക്കളയുന്നതോ ഒക്കെയായി നിരവധി സിനിമകള്‍ വരാറുണ്ട്. സിനിമയുടെ ടാര്‍ഗറ്റ് വ്യൂവേഴ്‌സിലും ഇത്തരം തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യങ്ങളുണ്ട്. എന്തായാലും ആ തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും ഉപയോഗിച്ച സംവിധായനും എഴുത്തുകാരനുമാണ് ഒമര്‍. ചങ്ക്‌സ് എന്ന സിനിമ ആള്‍ക്കൂട്ടത്തിന് വേണ്ടിയുള്ളതാണ്. നാട്ടില്‍ റേപ്പ് സര്‍വൈവേഴ്‌സിനെയൊക്കെ കോടതിയില്‍ കൊണ്ടു വരുമ്പോള്‍ കാഴ്ചക്കാരായി നിന്ന് അശ്ലീലം പറഞ്ഞ് കൂവി വിളിക്കുന്നവരും  ഒറ്റയ്ക്ക് പെണ്‍കുട്ടി നടക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വാക്കു കൊണ്ട് കൂട്ടമായി വന്ന് ബലാല്‍ഭോഗം ചെയ്യുന്നവരും ഒക്കെയാണ് ഈ സിനിമയുടെ ടാര്‍ഗറ്റ്. അവിടെ ടീച്ചറും നല്ല വടയുള്ള ഒരു ചരക്ക് മാത്രമാണ്.

"</p

സിനിമയുടെ കാര്യത്തില്‍ സത്യസന്ധമായ ഒരിടം മലയാളി ശരാശരി മധ്യവര്‍ഗത്തിനുണ്ടെങ്കില്‍ അത് വിവാഹ ബിസിനസ് രഹസ്യം പറയുമ്പോഴാണ്. കോടികള്‍ വാങ്ങി ‘ചരക്കി’നെ സ്വന്തമാക്കുന്നവനാണ് ഹീറോ. ആ ഹീറോയിസത്തിന് എന്താ കുഴപ്പം എന്ന് ആടിപ്പാടി ചോദിച്ചു കൊണ്ട് സിനിമ തീരുന്നു. സ്വാഭാവികമായും നമുക്കൊക്കെയും കേട്ടും കണ്ടും പരിചയമുള്ളതാണല്ലോ ഈ കച്ചവടം. ട്വിസ്റ്റും ടേണുമൊക്കെ സിനിമയിലുണ്ട്. പക്ഷെ യുക്തി എവിടെയെങ്കിലും പണയം വച്ചാല്‍ മാത്രമെ അത് മനസിലാവുകയുള്ളു. സ്ത്രീധനം കിട്ടാന്‍ അച്ഛനും മകനും ചേര്‍ന്നുണ്ടാക്കിയ പദ്ധതിയൊക്കെ ഏത് യുക്തി കൊണ്ടാണ് ഇത്രയധികം വിജയമാകുന്നത് എന്നറിയില്ല.

തമാശകള്‍ക്കും അഡല്‍ട്ട് ജോക്കുകള്‍ക്കും ഭാവനയും ടൈമിങ്ങും വേണമെന്നാണ് തോന്നുന്നത്. ക്വാണ്ടം തിയറി എന്താ വൈബ്രേറ്ററെന്താ എന്നൊക്കെ വൈവയ്ക്ക് ചോദിക്കുന്നതും അതു കേട്ട് വിദ്യാര്‍ത്ഥി പുളകം കൊള്ളുന്നതും വിസ്പര്‍, കോണ്ടം, വെള്ളം ചീറ്റല്‍, ‘വട’കര എന്നൊക്കെ ആവശ്യത്തിനും അനാവശ്യത്തിനും പറയുന്നതുമാണ് സെക്‌സ് കോമഡി എന്ന് ഈ സിനിമ കണ്ടപ്പോഴാണറിയുന്നത്. വട, കമ്പി എന്നൊക്കെ കുത്തി നിറയ്ക്കുന്നതിനെ ലൈംഗിക ദാരിദ്ര്യം എന്നു വേണമെങ്കില്‍ വിളിക്കാം.

തീയേറ്റര്‍ ഫുള്‍ ആവുന്നു. ബാക്കി വിമര്‍ശനം പുല്ലാണ്, പാല്‍ക്കുപ്പി എന്നൊക്കെ അലറി വിളിച്ച് സംവിധായകനും ഫാന്‍സും ഉണ്ട്. ആള്‍ക്കൂട്ടം ഓടിക്കയറുന്ന ബഹളങ്ങളെ മഹാസംഭവങ്ങളെന്നു വിളിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ പറ്റി അറിയാം. അതു കൊണ്ട് നിങ്ങളീ സംഭവത്തെ ഫണ്‍ എന്നോ മാസ് എന്നോ വിളിച്ചോളൂ. അങ്ങനെ അംഗീകരിക്കാത്തവരുടെ ‘കഴപ്പ്’ എണ്ണിക്കോളൂ. ദിലീപിന്റെ സമീപകാല സിനിമകള്‍ക്ക് ഒമറിലൂടെ നല്ല പിന്തുടര്‍ച്ച ഉണ്ടാവും എന്നുറപ്പാണ്. അത്തരം സിനിമകളെ എതിര്‍ത്ത് പാല്‍ക്കുപ്പിയും അമ്മായിയുമായി അങ്ങ് ജീവിക്കുക എന്നത് ഒരു ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മനുഷ്യവിരുദ്ധത, ഹോമോഫോബിയ എന്നൊന്നും ഉച്ചരിക്കുന്നേയില്ല. അത് ഇതിന് കിട്ടുന്ന വെര്‍ച്ച്വല്‍ ബലാല്‍ഭോഗങ്ങള്‍ തെളിയിക്കുമെന്നുറപ്പാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍