UPDATES

സിനിമ

യവനികയ്ക്ക് 35; എസ്.എല്‍ പുരം സദാനന്ദനെ ആരാണ് ഇന്നും മറച്ചു നിര്‍ത്തുന്നത്?

ചെമ്മീന്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഒരാഘോഷത്തിലും എസ് എല്‍ പുരത്തിന്റെ പേരോ ഓര്‍മകളോ ഉണ്ടാകാതിരുന്നതുപോലെയാണ് യവനികയുടെ കാര്യത്തിലും

1982 ഏപ്രില്‍ 30, മലയാള സിനിമയെ സംബന്ധിച്ച് ഈ ദിവസത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. ഇന്ത്യന്‍ സിനിമയിലെ പൂര്‍ണതയൊത്ത തിരക്കഥയെന്ന വിശേഷണം പേറുന്ന യവനിക റിലീസ് ചെയ്ത ദിവസം. ഇന്ന് യവനിക റിലീസ് ചെയ്തിട്ട് 35 വര്‍ഷം പൂര്‍ത്തിയാകുന്നു. ഒരു സിനിമ പാഠപുസ്തകം എന്ന നിലയിലേക്ക് കെ ജി ജോര്‍ജ് സംവിധാനം ചെയ്ത യവനിക പ്രതിഷ്ഠിക്കപ്പെട്ടു എന്നതാണ് 35 വര്‍ഷക്കാലത്തിനിടയില്‍ ഈ ചലച്ചിത്രം നേടിയതില്‍വച്ച് വച്ച് ഏറ്റവും വലിയ പുരസ്‌കാരം. കുറ്റാന്വേഷണ സിനിമകള്‍ക്ക് ആശ്രയിക്കാവുന്ന റഫറന്‍സ് എന്നു യവനികയെ കുറിച്ച് പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. അത്രകണ്ട് പഴുതകളടച്ചാണ്  യവനികയുടെ തിരരൂപം സൃഷ്ടിച്ചുവച്ചിരിക്കുന്നത്. ഇനിയൊരു 35 വര്‍ഷത്തിനപ്പുറവും യവനികയും അതിന്റെ തിരക്കഥയും ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ സംശയംവേണ്ട.

ഇത്രയെക്കെ വിശേഷണങ്ങള്‍ യവനിക നേടുമ്പോഴും എവിടെയും അതിനൊപ്പം ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കെ ജി ജോര്‍ജ് ആണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച ക്രാഫ്റ്റ്മാന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ കെ ജി ജോര്‍ജിന്റെ സംവിധാനമികവിന് യവനിക ഒന്നാമത്തെ ഉദാഹരണം തന്നെയാണ്. പക്ഷേ യവനിക അതിന്റെ തിരക്കഥയുടെ പേരിലാണ് ചിരപ്രതിഷ്ഠ നേടിയതെന്നതിനാല്‍ ജോര്‍ജിനൊപ്പമോ ജോര്‍ജിനേക്കാള്‍ മുകളിലോ ആദരിക്കപ്പെടേണ്ടത്, അത്രയുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യപ്പെടുകയെങ്കിലും വേണ്ടയൊരാളാണ് എസ് എല്‍പുരം സദാനന്ദന്‍. പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ സ്വന്തമാക്കി ആദ്യത്തെ ഇന്ത്യന്‍ സിനിമയായ ചെമ്മീന്റെ തിരക്കഥാകൃത്തായിരുന്ന സദാനന്ദന്‍ പിന്നീട് അതേ സിനിമയുടെ പിന്നണിയില്‍ നിന്നും തിരസ്‌കൃതനാക്കപ്പെട്ടതുപോലെ തന്നെയാണു യവനികയെ ആഘോഷിക്കുമ്പോള്‍ ഇവിടെയും എസ് എല്‍ പുരം മറച്ചു നിര്‍ത്തപ്പെടുന്നത്.

ചെമ്മീന്‍ അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഒരാഘോഷത്തിലും എസ് എല്‍ പുരത്തിന്റെ പേരോ ഓര്‍മകളോ ഉണ്ടാകാതിരുന്നതുപോലെയാണ്, 35 വര്‍ഷം പൂര്‍ത്തിയായ യവനികയെ കുറിച്ച് വരുന്ന എഴുത്തുകളിലൊന്നും എസ് എല്‍ പുരം സദാനന്ദന്‍ എന്ന പേര് വിശദീകരിക്കപ്പെടാതെ പോകുന്നതും. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണ്, സംഭവിക്കുന്നുണ്ടെങ്കില്‍ അതു അക്ഷന്തവ്യമായ അപരാധവുമാണ്.

തിരശീലയ്ക്കു പിന്നിലെ യഥാര്‍ത്ഥ്യങ്ങള്‍
ഇന്ത്യന്‍ സിനിമയിലെ എണ്ണപ്പെട്ട തിരക്കഥകളിലൊന്നായ, കുറ്റാന്വേഷണരംഗത്ത് പാഠപുസ്തകമെന്നപോലെ കരുതുന്ന, സിനിമ പഠിക്കുന്നവര്‍ വായിച്ചിരിക്കേണ്ടതായ ‘യവനിക’യുടെ പിന്നില്‍ നടന്ന ചില ഒളിച്ചു കളികളെ കുറിച്ച് ഇതിനു മുമ്പും വാര്‍ത്തകള്‍ വന്നിട്ടുള്ളതാണ്. അതൊരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. ഇന്നത്തെ ദിവസം അതാവശ്യപ്പെടുക കൂടിയാണ്.

അച്ഛന് പറ്റിയ അബദ്ധം, തന്റെ സൃഷ്ടികള്‍ അദ്ദേഹം സ്വരുക്കൂട്ടിവച്ചില്ല എന്നതാണ്. ഒരുപക്ഷേ അദ്ദേഹത്തിന്റെ തിരക്കഥകള്‍ പബ്ലിഷ് ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഒരുപരിധി വരെയെങ്കിലും അച്ഛന് മേല്‍ മറ്റുള്ളവര്‍ മൂടിയ കാര്‍മേഘങ്ങളെ മാറ്റിയെടുക്കാമായിരുന്നു. അത്തരം കാര്യങ്ങളിലൊന്നും അച്ഛന്‍ ശ്രദ്ധ കാണിച്ചില്ല. തന്റെ രചനകളുടെ അവകാശംപോലും ഒന്നും നോക്കാതെ നിര്‍മാതാക്കള്‍ക്ക് എഴുതി നല്‍കുമായിരുന്നു. പ്രതിഫലം കൃത്യമായി വാങ്ങുമെന്നല്ലാതെ മറ്റു കാര്യങ്ങളിലൊന്നും യാതൊരു പിടിവാശിയും കാണിച്ചിരുന്നില്ല. നിര്‍മാതാക്കളെ അച്ഛന് വല്ലാത്ത ബഹുമാനമായിരുന്നു. ഒരു സിനിമയുടെ യഥാര്‍ത്ഥ തലവന്‍ അതിന്റെ നിര്‍മാതാവാണെന്നായിരുന്നു അച്ഛന്‍ വിശ്വസിച്ചിരുന്നത്; എസ് എല്‍പുരം സദാനന്ദന് സിനിമയെ കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാട് എന്തായിരുന്നുവെന്നു മകനും ചലച്ചിത്ര സംവിധായകനുമായ ജയസൂര്യ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

ഒരുപക്ഷേ ഈ കാഴ്ച്ചപ്പാടായിരിക്കാം മലയാളസിനിമയിലെ ഏറ്റവും വലിയ വഞ്ചന എന്നുപറയാവുന്ന ആള്‍മാറാട്ടത്തിന്റെ ഇരയാക്കി എസ് എല്‍ പുരത്തെ തീര്‍ത്തതും.

ആശാന്‍ എഴുതിക്കോ, കൂടെയുള്ളവരെ സൂക്ഷിക്കണം
കെ ടി മുഹമ്മദായിരുന്നു ആദ്യം യവനികയുടെ തിരക്കഥ എഴുതാന്‍ ആരംഭിച്ചത്. എന്തോ കാരണങ്ങളാല്‍ ഇടയ്ക്കുവെച്ച് അത് നിന്നു. തുടര്‍ന്നാണ് കെ ജി ജോര്‍ജ്, എസ് എല്‍ പുരത്തെ സമീപിക്കുന്നത്. താന്‍ എഴുതണമെങ്കില്‍ ആദ്യം കെ ടിയുടെ അനുവാദം വേണമെന്ന് എസ് എല്‍ പുരം ജോര്‍ജിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ് എല്‍ പുരം, കെ ടി യെ വിളിച്ചു. ആശാന്‍ എഴുതിക്കോ, പക്ഷെ കൂടെയുള്ളവരെ സൂക്ഷിക്കണം എന്നായിരുന്നു കെ ടിയുടെ മറുപടി. തുടര്‍ന്നാണ് എസ് എല്‍ പുരം സ്‌ക്രിപ്റ്റ് എഴുതാന്‍ ആരംഭിക്കുന്നത്. ഒരു പ്രൊഫഷണല്‍ നാടകപ്രവര്‍ത്തകന്‍ കൂടിയായ എസ് എല്‍ പുരത്തിന് നാടകപശ്ചാത്തലത്തലുള്ള കഥയില്‍ ഒത്തിരികാര്യങ്ങള്‍ കോണ്‍ട്രിബ്യൂട്ട് ചെയ്യാനുണ്ടായിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരാഴ്ച്ച കഴിഞ്ഞാണ് ജോര്‍ജ് വിളിക്കുന്നത്, ടൈറ്റില്‍ കാര്‍ഡില്‍ തിരക്കഥയുടെ കൂടെ ചേര്‍ക്കണമെന്ന് സംവിധായകന്റെ ആവശ്യം. എസ് എല്‍ പുരം എതിരൊന്നും പറഞ്ഞില്ല. അങ്ങനെ യവനികയുടെ തിരക്കഥയില്‍ ജോര്‍ജിന്റെ പേരും വരുന്നു.

സാധാരണ മനസ് അസ്വസ്ഥമായാല്‍ കാരണമെന്താണെന്ന് പുറത്തുപറയാതെ മുറികളിലൂടെ കയറിയിറങ്ങി നടക്കുകയാണ് പതിവ്. അന്നത്തെ നടപ്പിനു കാരണം എന്തായിരിക്കുമെന്ന് എനിക്കു ചെറിയൊരു ഊഹം ഉണ്ടായിരുന്നു. സാധാരണ ആരെയും കൂട്ടുചേര്‍ത്ത് എഴുതാറില്ലല്ലോ പിന്നെയന്തിനാണ് ഈ സിനിമയ്ക്ക് മറ്റൊരാളെക്കൂടെ കൂട്ടിയത്? ഞാന്‍ തിരക്കി. അദ്ദേഹത്തിന്റെ അസ്വസ്ഥതയ്ക്ക് കാരണം അതുതന്നെയായിരുന്നു. ജോര്‍ജ് എന്തിനാണ് അങ്ങനെയൊരു പ്രവര്‍ത്തി ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. വേണമെങ്കില്‍ എനിക്ക് കോടതിയില്‍ പോകാം. സിനിമ സ്‌റ്റേ ചെയ്യും. പക്ഷെ അവിടെ കുഴപ്പത്തിലാകുന്നത് നിര്‍മാതാവാണ്. ഞാന്‍ കാരണം ഒരു നിര്‍മാതാവും പ്രതിസന്ധിയിലാകാന്‍ പാടില്ല, ആ പ്രശ്‌നത്തെ അദ്ദേഹം മറികടന്നത് ഈ നിലപാടെടുത്തായിരുന്നു– എസ് എല്‍ പുരത്തിന്റെ പത്‌നി ഓമന സദാനന്ദന്റെ വാക്കുകള്‍.

ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് യവനികയ്ക്കായിരുന്നു. അന്ന് അവാര്‍ഡ് കമ്മിറ്റിയിലുണ്ടായിരുന്ന ഒരു വ്യക്തി പിന്നീട് എഴുതിയൊരു കത്തില്‍ വ്യക്തമാക്കുന്നുണ്ട്, ഈ തിരക്കഥയുടെ മൗലികത എസ് എല്‍ പുരത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും പക്ഷെ ടൈറ്റിലില്‍ രണ്ടുപേരുടെയും പേരുണ്ടായിരുന്നതുകൊണ്ടാണു ജോര്‍ജിനും ചേര്‍ത്ത് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും (ഇതേ വ്യക്തി എഴുതിയ മലയാളസിനിമയുടെ ചരിത്രത്തില്‍ എസ് എല്‍ പുരം സദാനന്ദന്‍ അസ്പൃശ്യനാണെന്നതു മറ്റൊരു കൗതുകം).

പൂര്‍ണമായി ഒഴിവാക്കപ്പെടുന്ന എസ് എല്‍ പുരം
പക്ഷേ എസ് എല്‍ പുരം യഥാര്‍ത്ഥത്തില്‍ അപമാനിക്കപ്പെടുന്നത് അപ്പോഴായിരുന്നില്ല. അതു സംഭവിച്ചത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു. യവനികയുടെ തിരക്കഥ പുസ്തക രൂപത്തില്‍ പുറത്തിറക്കിയ കെ ജി ജോര്‍ജ് അതില്‍ തന്റെ മാത്രം പേരുവച്ചു.

മാതൃഭൂമി പുറത്തിറക്കിയ ആ തിരക്കഥാ പുസ്തകത്തിനെതിരെ ഞങ്ങള്‍ പരാതി പറഞ്ഞു. മാതൃഭൂമിക്കാര്‍ക്ക് കാര്യങ്ങള്‍ ബോധ്യം വന്നതിനെ തുടര്‍ന്ന് അവര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പക്ഷെ കെ ജി ജോര്‍ജ് തനിക്ക് തെറ്റ് പറ്റിയതാണെന്നു സമ്മതിക്കാന്‍ തയ്യാറായില്ല. അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ അച്ഛന്‍ മരിക്കാന്‍ കാത്തിരിക്കേണ്ടിയിരുന്നില്ലല്ലോ അദ്ദേഹത്തിന് തിരക്കഥ പുസ്തകരൂപത്തിലാക്കി പുറത്തിറക്കാന്‍? കോടതിയില്‍ പോകാന്‍ തീരുമാനിച്ചിരുന്ന ഞങ്ങള്‍, ചിലരുടെ സ്‌നേഹബുദ്ധ്യാലുള്ള ഉപദേശപ്രകാരമാണ് അതില്‍ നിന്നും പിന്തിരിയുന്നത്. പക്ഷെ ഇക്കാര്യത്തില്‍ വ്യക്തമായി അറിവുള്ള തിലകന്‍ ചേട്ടനുള്‍പ്പെടെയുള്ളവര്‍ പോലും സത്യമെന്തെന്ന് പുറത്തുപറയാന്‍ തയ്യാറായില്ല. പറയാമെന്നു ഞങ്ങളോടു പറഞ്ഞിട്ടുപോലും തിലകന്‍ ചേട്ടന്‍ ഒരിടത്തുപോലും യവനിക എസ് എല്‍ പുരത്തിന്റെ മാത്രം തിരക്കഥയെന്ന് വ്യക്തമാക്കാന്‍ തയ്യാറാകാതിരുന്നതിന്റെ കാരണം ഞങ്ങള്‍ക്ക് അജ്ഞാതമാണ്, അതില്‍ വേദനയുമുണ്ട്– ജയസൂര്യ പറയുന്നു.

ചെമ്മീന്റെയോ യവനികയുടെയോ കാര്യത്തില്‍ മാത്രമായിരുന്നില്ല എസ് എല്‍ പുരം സദാനന്ദന്‍ മാറ്റി നിര്‍ത്തപ്പെടുന്നതും അപമാനിക്കപ്പെടുന്നതും. അദ്ദേഹത്തിന്റെ ചലച്ചിത്ര ജീവിതത്തില്‍ ഇത്തരം അനുഭവങ്ങള്‍ പലതുണ്ട്. സിനിമയും സിനിമാക്കാരും പലതരത്തില്‍ അദ്ദേഹത്തെ ഒഴിവാക്കലിന്റെയും അവഗണനയുടെയും ഇരുള്‍മുറികളിലേക്ക് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് എസ് എല്‍ പുരത്തിന്റെ ചലച്ചിത്രജീവിതത്തെ അല്‍പ്പമെങ്കിലും അടുത്തറിയാന്‍ ശ്രമിച്ചവര്‍ക്ക് മനസ്സിലാകും. എന്റെ തൊഴിലാണ് എന്റെ ദൈവമെന്നു വിശ്വസിച്ചിരുന്നൊരു കലാകാരനായിരുന്നു എസ് എല്‍ പുരം… അങ്ങനെയൊരാളോടാണ് കലാലോകം ഇത്തരത്തില്‍ നെറികേടുകള്‍ കാണിച്ചതെന്നും കൂടി ഓര്‍ക്കുക

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍