UPDATES

സിനിമ

പെണ്ണിന്റെ ധൈര്യമാണ് ശ്രീജ

മലയാള സിനിമയില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുണ്ടാകുന്നില്ലെന്ന് വേവലാതിപ്പെടുന്നവര്‍ക്ക് ഉത്തമ മറുപടിയാണ് ശ്രീജ

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്റെ രണ്ടാമത്തെ സിനിമ കാത്തിരുന്ന പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെ തന്നെയാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും തിയറ്ററിലെത്തിയത്. സിനിമയിലെ സൂക്ഷ്മമായ ഓരോ വസ്തുതകളെയും കോര്‍ത്തിണക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകരോരുത്തരും. കള്ളന്റെ സൂക്ഷമതലങ്ങളെയും ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെ പകര്‍ന്നാട്ടങ്ങളും ജാതിയെന്ന സമൂഹത്തിലെ നേര്‍ക്കാഴ്ചയെയും യാഥാര്‍ത്ഥ്യ ബോധമുള്ള പോലീസ് സ്‌റ്റേഷനും പരാതിക്കാരന്റെ നിസഹായവസ്ഥയുമെല്ലാം ഇവിടെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ തന്നെയോ ഒരുപക്ഷെ അതിനേക്കാളേറെയോ ശ്രദ്ധിക്കേണ്ട ഒന്നാണ് ഇതിലെ കരുത്തുറ്റ സ്ത്രീ കഥാപാത്രവും. അതിഭാവുകത്വങ്ങളൊന്നുമില്ലാതെ അതിസാധാരണമായി അവതരിപ്പിക്കുകയും എന്നാല്‍ സമീപകാലത്ത് മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കരുത്തുറ്റതുമായ സ്ത്രീ കഥാപാത്രമാണ് ചിത്രത്തിലെ ശ്രീജ.

ചിത്രത്തിലെ തുടക്കം മുതല്‍ ശ്രീജയുടെ കരുത്ത് നമുക്ക് കാണാനാകും. ഗര്‍ഭിണിയാണോയെന്ന് പരിശോധിക്കാനുള്ള ഉപകരണം പോയിട്ട് മാസാമാസം ഉപയോഗിക്കേണ്ടി വരുന്ന സാനിറ്ററി നാപ്കിന്‍ പോലും ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ പോയി വാങ്ങാനുള്ള തന്റേടമില്ലാത്തവരാണ് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും. അമ്മ മുഖേനയോ മുതിര്‍ന്ന സ്ത്രീകള്‍ മുഖേനയോ വീട്ടിലെ പുരുഷന്മാര്‍ മുഖേനയോ മാത്രമാണ് പലരും ഇന്നും നാപ്കിനുകള്‍ വാങ്ങുന്നത്. അല്ലാതെ നേരിട്ട് വാങ്ങുന്നവരാകട്ടെ മുഖം കുനിച്ച്, ചമ്മി, ശബ്ദം താഴ്ത്തിയായിരിക്കും കടയിലെത്തി കാര്യം അവതരിപ്പിക്കുക. ഇവിടേക്കാണ്, ‘ചേട്ടാ ഗര്‍ഭിണിയാണോയെന്ന് നോക്കാനുള്ള സ്ട്രിപ്പുണ്ടോ’ എന്ന് ഉറച്ച ശബ്ദത്തില്‍ ചോദിച്ചുകൊണ്ട് അവിവാഹിതയായ ശ്രീജ കടന്നുവരുന്നത്. പ്രസാദ് എന്ന ‘പോസിറ്റീവാ’യ ചെറുപ്പക്കാരനൊപ്പം പ്രേക്ഷകരും ‘ആശ്വാസം കൊള്ളുന്നത്’ അത് അവളുടെ ചേച്ചിക്ക് വേണ്ടിയാണെന്ന് തിരിച്ചറിയുമ്പോഴാണ്. എന്നാല്‍ ഇവിടെയും ശ്രീജയെന്ന കഥാപാത്രത്തിന്റെ ഉള്‍ക്കരുത്ത് പ്രേക്ഷകര്‍ കാണേണ്ടി വരുന്നു. താന്‍ അകാരണമായി സംശയിക്കപ്പെട്ടത് അവളെ യാതൊരു വിധത്തിലും അലട്ടുന്നില്ല. വിവരം തന്റെ അച്ഛന്റെ ചെവിയിലെത്തിച്ച പ്രസാദിനെ, പിന്തുടര്‍ന്ന് തന്നെ പിടികൂടി ‘ത്ഭൂ’ എന്ന് ആട്ടുകയാണ് അവള്‍ ചെയ്യുന്നത്.

"</p

റസ്റ്റോറന്റില്‍ വച്ച് പ്രസാദിന് തന്നോടുള്ള ഇഷ്ടം മനസിലാകുമ്പോള്‍ ‘പഞ്ചാരയാ’ എന്ന ഒരു വാക്ക് കൊണ്ട് അവള്‍ തന്റെ ഇഷ്ടവും പ്രേക്ഷകരെ അറിയിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് വേവലാതിയുള്ള ഒരു സാധാരണ പെണ്‍കുട്ടി തന്നെയാണ് അവള്‍. ഒരേസമയം കരുത്ത് പ്രകടമാകുമ്പോഴും അതിഭാവുകത്വം ഇല്ലാതാകുന്നതിന് കാരണം ശ്രീജയെ ഒരു സാധാരണ പെണ്‍കുട്ടിയായി തന്നെ അവതരിപ്പിക്കുന്നതിനാലാണ്. അവളുടെ കരുത്ത് പ്രകടമാകുന്നതാകട്ടെ ഏതൊരു സ്ത്രീയിലും സഹജമായി വന്നുചേരുന്ന കരുത്തായാണ്. നാട്ടിന്‍പുറത്ത് ജീവിക്കുന്ന ഏതൊരു പെണ്‍കുട്ടിയെയും പോലെ തന്നെയാണ് അവള്‍ അല്ലെങ്കില്‍ അമ്മയുടെയും അച്ഛന്റെയും മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ക്ക് കുളിമുറിയില്‍ കയറി വാതിലടയ്ക്കാനാകില്ല. ‘പെണ്ണിന് ധൈര്യമില്ലാതെ ഒരു പ്രേമവും വിജയിച്ചിട്ടില്ല ശ്രീജേ’ എന്ന മുരളിച്ചേട്ടന്റെ ഉപദേശം ഭാവി ജീവിതത്തിലും ശ്രീജ കൈക്കൊള്ളേണ്ട ധൈര്യത്തിനായാണ്.

പിന്നീട് പ്രസാദിന്റെ ഭാര്യയായ ശേഷവും ഈ കരുത്ത് നമുക്ക് കാണാം. യഥാര്‍ത്ഥത്തില്‍ ശ്രീജ ആ പോലീസ് സ്‌റ്റേഷനിലുണ്ടായിരുന്നില്ലെങ്കില്‍ ഭര്‍ത്താവ് പ്രസാദ് ചിലപ്പോള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പോലും തയ്യാറാകുമായിരുന്നെന്ന് തോന്നുന്നു. ഒരു പോലീസ് സ്‌റ്റേഷനിലാണെന്ന ബോധ്യമുണ്ടായിട്ടും അവള്‍ കള്ളനെ ഉച്ചത്തില്‍ തന്നെ കള്ളാ എന്ന് വിളിക്കുന്നത് അവള്‍ക്ക് ആ മാല തിരിച്ചുകിട്ടാനല്ല. തങ്ങളുടെ അധ്വാനത്തിന്റെ ഫലം മറ്റൊരാള്‍ക്ക് നല്‍കരുതെന്ന ഏതൊരു സാധാരണക്കാരിയുമായ സ്ത്രീയുടെ ധൈര്യത്തിലാണ് അവളത് ചെയ്യുന്നത്. കൂടാതെ, ആ മാല പണയം വച്ച് കിട്ടുന്ന പണം കൊണ്ട് മാത്രമേ തങ്ങളുടെ ജീവിതത്തിലെ അനിശ്ചിതാവസ്ഥ തരണം ചെയ്യാനാകൂവെന്ന തിരിച്ചറിവും അവള്‍ക്ക് കരുത്ത് പകരുന്നു.

ശ്രീജയുടെ ഭര്‍ത്താവ് പ്രസാദ് ആകട്ടെ അടിസ്ഥാനപരമായി ഒരു പേടിത്തൊണ്ടനും വരുംവരായ്കകളെക്കുറിച്ച് ആശങ്കയുള്ളവനുമാണ്. താന്‍ അവള്‍ക്ക് കെട്ടിക്കൊടുത്ത താലി കള്ളന്‍ വിഴുങ്ങിയത് അയാളെ അസ്വസ്ഥനാക്കുന്നത് അയാള്‍ തവണക്കടവുകാരനായ ഒരു സാധാരണ പ്രസാദ് ആയതിനാലാണ്. പലപ്പോഴും അയാളുടെ പ്രശ്‌നം കിണറ് കുഴിക്കാന്‍ പണയം വയ്‌ക്കേണ്ട മാലയാണ് കള്ളന്‍ വിഴുങ്ങിയതെന്ന് തോന്നുമെങ്കിലും അത് ശ്രീജയോടുള്ള സ്‌നേഹവും വിശ്വാസവും കൂടിയാണെന്ന് നമുക്ക് പിന്നീട് വ്യക്തമാകും. ആ സ്‌നേഹത്തിലും ശ്രീജയുടെ ധൈര്യത്തിലുള്ള ആത്മവിശ്വാസത്തിലുമാണ് ‘ശ്രീജ കള്ളം പറയില്ല സാറേ’ എന്ന് അയാള്‍ പറയുന്നത്. എങ്കിലും കള്ളന് പോലീസില്‍ നിന്നും നേരിടേണ്ടി വരുന്ന മര്‍ദ്ദനങ്ങള്‍ അയാളുടെ മനസിനെ ചഞ്ചലപ്പെടുത്തുന്നു.

കള്ളന്‍ പ്രസാദ് ചഞ്ചല മനസുമായി നില്‍ക്കുന്ന പ്രസാദിനെ പ്രലോഭിപ്പിച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നോക്കുമ്പോള്‍ ശ്രീജ പറയുന്നത് മാല കിട്ടിയില്ലെങ്കിലും ഇവനുമായി യാതൊരു ഒത്തുതീര്‍പ്പിനും താനില്ലെന്നാണ്. ഒരു ദിവസത്തിലേറെ പോലീസ് സ്‌റ്റേഷനിലിരുന്നപ്പോള്‍ ആത്മാഭിമാനത്തിനേറ്റ മുറിവ് അവളെ വീണ്ടും കരുത്തയാക്കിയതാണ്. എങ്ങനെ സഹിക്കുന്നു ചേട്ടാ എന്ന ചോദ്യത്തിലൂടെ കള്ളനും അവളുടെ കരുത്തിനെ അംഗീകരിക്കുന്നു. കള്ളന്റെ വയറ്റില്‍പ്പോയ മാല താനിനി ഇടില്ലെന്ന് പറയുന്നത് അവള്‍ക്ക് ആ താലിയോടോ അത് കെട്ടിയ ഭര്‍ത്താവിനോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. ആ കള്ളനോടുള്ള വെറുപ്പിന്റെ ആഴം വ്യക്തമാക്കുകയാണ് അവള്‍.

"</p

താലി സൂക്ഷിക്കേണ്ടതായിരുന്നു എന്ന ഭര്‍ത്താവിന്റെ കുറ്റപ്പെടുത്തലില്‍ ഒരുഘട്ടത്തില്‍ അവള്‍ പതറിപ്പോകുന്നുണ്ട്. എങ്കിലും തങ്ങളുടെ സ്‌നേഹമാണ് വലുതെന്ന ഉത്തമ ബോധ്യമാണ് അവളെ വീണ്ടും കരുത്തയാക്കുന്നത്. താലിയുടെ മഹത്വം ഓര്‍മ്മിപ്പിക്കുന്ന ഭര്‍ത്താവിനോട് ‘നമ്മള്‍ തമ്മിലുള്ള സ്‌നേഹത്തേക്കാള്‍ വലുതല്ല താലി’ എന്ന് തിരിച്ചടിക്കുമ്പോള്‍ മലയാളിയുടെ കപട പുരോഗമന ബോധത്തെയാണ് അവള്‍ ചോദ്യം ചെയ്യുന്നത്. ശ്രീജ നല്‍കുന്ന ആ ആത്മബലമാണ് കള്ളന്റെ പിന്നാലെ ഓടുന്ന പ്രസാദിലും, താന്‍ പരാജയപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ അയാളുടെ കാലില്‍ അള്ളിപ്പിടിച്ച് തനിക്ക് മാല വേണമെന്ന് പറയുന്ന പ്രസാദിലും കാണാനാകുന്നത്. തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ അച്ഛനോട് ഉത്സാഹക്കമ്മിറ്റിക്കാര്‍ക്ക് സുഖമാണോയെന്ന് ചോദിക്കുന്ന ശ്രീജ മുന്നില്‍ വഴിമുട്ടിനില്‍ക്കുന്ന ജീവിതത്തെയും ഭയപ്പെടുന്നില്ല.

ശ്രീജയും പ്രസാദും തമ്മിലുള്ള സ്‌നേഹമാണ് ഈ കഥയുടെ കാതല്‍ തന്നെ. പലപ്പോഴും നിസഹായയാണെങ്കിലും സ്ത്രീയുടെ അസാമാന്യമായ കരുത്താണ് ഒരു കുടുംബത്തിന്റെ കരുത്തെന്ന് ശ്രീജ ഇവിടെ തെളിയിക്കുന്നു. മലയാള സിനിമയില്‍ കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളുണ്ടാകുന്നില്ലെന്ന് വേവലാതിപ്പെടുന്നവര്‍ക്ക് ഉത്തമ മറുപടിയായാണ് ശ്രീജ എത്തിയതെന്ന് നിസ്സംശയം പറയാം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍