UPDATES

സിനിമ

കള്ള് കച്ചവടം പോലെ ചെയ്യേണ്ട ഒന്നല്ല സിനിമാ ബിസിനസ്: കമല്‍/അഭിമുഖം-ഭാഗം 4

നല്ല സിനിമകള്‍ ആഗോള ചലച്ചിത്രോത്സവങ്ങളില്‍ എത്തിക്കാനും ജനങ്ങളില്‍ എത്തിക്കാനും മികച്ച പദ്ധതികളുമായി ചലചിത്ര അക്കാദമി

മുപ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന പ്രശസ്ത സംവിധായകന്‍ കമല്‍ തന്റെ ഡ്രീം പ്രൊജക്ടായ ആമിയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍. കഴിഞ്ഞ മൂന്നാല് മാസങ്ങളിലായി തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷം നിറഞ്ഞ കാലത്തിലൂടെ കടന്നു പോവുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിനും ദേശീയ ഗാന വിഷയത്തിലും അദ്ദേഹത്തെ ക്രൂശിക്കാന്‍ സംഘ പരിവാര്‍ ശ്രമിച്ചപ്പോള്‍ ആമിയില്‍ നിന്നുള്ള വിദ്യാബാലന്റെ പിന്‍മാറ്റം സിനിമാ ജീവിതത്തെ തന്നെ പ്രതിസന്ധിയിലാക്കി. കൂടാതെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ഭാരിച്ച ഉത്തരവാദിത്തവും ഈ അവസരത്തില്‍ അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. അക്കാദമി ചെയര്‍മാന്‍ എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും നല്ല സിനിമകളെ പ്രമോട്ട് ചെയ്യാനുള്ള പദ്ധതികളെ കുറിച്ചും സംസാരിക്കുകയാണ് ഈ ഭാഗത്ത്. ഈ അഭിമുഖത്തിന്റെ ആദ്യ മൂന്ന് ഭാഗങ്ങള്‍ ഇവിടെ വായിക്കാം: (എന്നെ ഇരയാക്കുകയായിരുന്നു; ആമി, മഞ്ജു വാര്യര്‍, ദേശീയഗാനം ), (എന്റെ ആദ്യത്തെ സിനിമ ഒരു ഉച്ചപ്പടമായിട്ടാണ് ഓടിയത്) (ന്യൂജെന്‍കാര്‍ക്ക് മട്ടാഞ്ചേരിയില്‍ ക്വട്ടേഷന്‍കാര്‍ മാത്രമേ ഉള്ളോ? ഗ്രാമങ്ങളില്‍ ചെറുപ്പക്കാരില്ലേ?)

സാജു കൊമ്പന്‍: മലയാള സിനിമയെ പ്രൊമോട്ട്  ചെയ്യാനും മറ്റുമായി ചലച്ചിത്ര അക്കാദമിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ?

കമല്‍: തീര്‍ച്ചയായിട്ടും ചലചിത്ര അക്കാദമി അത് വിഭാവനം ചെയ്യുന്നുണ്ട്. പക്ഷേ അത് പൂര്‍ണ്ണമായും ഇംപ്ലിമെന്‍റ് ചെയ്യാന്‍ പറ്റുന്നില്ല എന്നുള്ളത് സത്യമാണ്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മറ്റി റിപ്പോര്‍ട്ട്. അതില്‍ കുറെ അധികം കാര്യങ്ങള്‍ പറയുന്നുണ്ട്. കുറേയൊക്കെ കാര്യങ്ങള്‍ ചലച്ചിത്ര അക്കാദമിക്ക് ചെയ്യാന്‍ പറ്റും. സിനിമ ഒരു കലാരൂപമാണെന്ന് വിശ്വസിച്ചു കൊണ്ട് അതിന്‍റെ ഏസ്തറ്റിക് സെന്‍സില്‍ കാര്യങ്ങളെ നോക്കിക്കാണാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ ഒക്കെ എളുപ്പമാകും. ഒരു വിപണിയില്‍ ഇറക്കേണ്ട ഉത്പ്പന്നം എന്ന രീതിയില്‍ മാത്രം സിനിമയെ നോക്കി കാണുമ്പോള്‍ കച്ചവട താത്പര്യം മാത്രമേ സംരക്ഷിക്കപ്പെടൂ. അവിടെയാണ് ഈ പ്രശ്നം വരുന്നത്. അപ്പോള്‍ എന്‍റെ ലാഭം എന്‍റെ വില്‍പ്പന ഇതിനപ്പുറത്ത് ആര്‍ക്കും താത്പര്യങ്ങളില്ല. തിയ്യറ്ററുകാരന് അവന്റെ താത്പര്യമായിരിക്കും. അവന് എത്ര ലാഭം കിട്ടും എന്നുള്ളതാണ്. നിര്‍മ്മാതാവ് മുടക്കു മുതല്‍ പരമാവധി തിരിച്ച് പിടിക്കാം എന്നുള്ളതിനെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അതൊരു കുറ്റമായിട്ട് ഞാന്‍ പറയുന്നതല്ല. ഇതൊരു ബിസിനസാണ്. പണം ഇറക്കിയിട്ട് പണം ഉണ്ടാക്കുക എന്നുള്ളതാണ്. പക്ഷേ നമുക്ക് കള്ള് കച്ചവടം പോലെ സിനിമ ബിസിനസ് ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ വരുന്ന ആള്‍ക്കാരാകുമ്പോഴാണ് കുഴപ്പമാകുന്നത്. അതുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ നന്നാവുമ്പോഴെ നല്ല സിനിമ ഉണ്ടാകൂ എന്നു പറയുന്നത്. നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാട് നന്നാകണം. ചെമ്മീന്‍ എന്ന സിനിമ  എടുക്കാനായിട്ട് രാമു കാര്യാട്ട് എന്ന സംവിധായകനെ വിശ്വസിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമ എടുക്കാമെന്ന് നിര്‍മ്മാതാവ് പറഞ്ഞപ്പോള്‍ ആ സിനിമ ചരിത്രത്തിന്റെ ഭാഗമായി. ജനറല്‍ പിക്ചേര്‍സ് രവി എന്ന നിര്‍മ്മാതാവ് ചരിത്രത്തിന്റെ ഭാഗമായി. അയാള്‍ കച്ചവടക്കാരനാണ്. കച്ചവടം ചെയ്തു കാശുണ്ടാക്കുന്നുണ്ട്. പക്ഷേ അയാള്‍ സിനിമയെ കാണുന്നത് വേറൊരു രീതിയിലാണ്. ഇപ്പോള്‍ അത്തരം നിര്‍മ്മാതാക്കളുടെ എണ്ണം കുറഞ്ഞു. മുമ്പ് ഭരതനെയും പത്മരാജനെയും ഒക്കെ വിശ്വസിച്ചിട്ട് വീടും പറമ്പും വിറ്റ് സിനിമ നിര്‍മ്മിക്കാന്‍ വരുന്നവരുണ്ടായിരുന്നു. ചാട്ട ജോര്‍ജ്ജ് എന്നു പറഞ്ഞിട്ടു ഒരാളുണ്ട്. ചാട്ട എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. വടക്കാഞ്ചേരിയില്‍ ഇപ്പൊഴും ജീവിച്ചിരിപ്പുണ്ട് അദ്ദേഹം. ഭരതനെ വിശ്വസിച്ചാണ് അദ്ദേഹം സിനിമ എടുക്കാന്‍ വന്നത്. അയാള്‍ അയാളുടെ വീടും പറമ്പും ഒക്കെ വിറ്റിട്ടാണ് ചാട്ട എന്ന സിനിമ നിര്‍മ്മിച്ചത്. ആ സിനിമയോടെ അയാളുടെ കംപ്ളീറ്റ് കാശ് പോയി. പക്ഷേ അയാള്‍ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അയാള്‍ സംതൃപ്തനാണ്. കാരണം ഞാന്‍ അറിയപ്പെടുന്നത് ചാട്ട ജോര്‍ജ്ജ് എന്ന പേരിലാണ് അയാള്‍ എന്റടുത്ത് പറഞ്ഞതാണ്. ഗാന്ധിമതി ബാലന്‍, ഡേവിഡ് കാച്ചപ്പള്ളി തുടങ്ങിയവര്‍ അന്ന് സിനിമ എടുത്തപ്പോള്‍ ഏറ്റവും പോപ്പുലറായിട്ടുള്ള സിനിമാക്കാരുടെ അടുത്തേക്കല്ല പോയത്. മറിച്ച് സിനിമയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള ആളുകളുടെ അടുത്താണ് അവര്‍ പോയത്. അങ്ങനെ ഒറ്റപ്പെട്ട നിര്‍മ്മാതാക്കള്‍ ഉണ്ട്. ഇന്ന് കൂടുതലും എന്‍ ആര്‍ ഐക്കാരാണ്, അതല്ലെങ്കില്‍ കള്ളപ്പണം ഉള്ള ആള്‍ക്കാര്, അതൊരു കുറ്റമായിട്ടല്ല ഞാന്‍ കാണുന്നത്. തീര്‍ച്ചയായും നമുക്ക് അനുഗ്രഹമാണ്. പക്ഷേ ഇങ്ങനെയുള്ള നിര്‍മ്മാതാക്കള്‍ വരുമ്പോള്‍ അവര്‍ക്ക് അവരുടെ താത്പര്യം ഉണ്ടാകും. മുടക്കു മുതല്‍ എങ്ങനെ തിരിച്ച് പിടിക്കാം എന്നു ചിന്തിക്കും. തിരിച്ച് പിടിക്കുന്നതിന് ഞാന്‍ എതിരല്ല. അത് ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. പണ്ടും നിര്‍മ്മാതാക്കള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ ഇന്ന് അവനവനിലേക്ക് മാത്രം ഒതുങ്ങി, അവനവന്റെ കാര്യം മാത്രമായി. അവരവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം സംഘടനകളെ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കൂടി. അതുകൊണ്ടാണ് തിയ്യറ്ററുകാര്‍ ഞങ്ങളുടെ ലാഭം എന്നു പറഞ്ഞിട്ടു മുന്നോട്ട് വരുന്നത്. അവര്‍ക്ക് തിയ്യറ്റര്‍ ഒരു അസറ്റാണ്. തിയ്യറ്ററുകള്‍ പൂട്ടിപ്പോയി എന്നൊക്കെ അവര്‍ പറയുന്നുണ്ട്. അപ്പോഴും അവര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഒന്നും നഷ്ടപ്പെടുന്നില്ല. അവര്‍ക്കത് കല്യാണ മണ്ഡപമാക്കാനോ വില്‍ക്കാനോ പറ്റും. പക്ഷേ നിര്‍മ്മാതാക്കള്‍ക്ക് ഇതിനൊന്നും പറ്റില്ല. അവര്‍ക്ക് സിനിമ പെട്ടിയില്‍ വെക്കാനല്ലാതെ വേറെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. പിന്നെ തൂക്കി വിറ്റാല്‍ പോലും അവര്‍ക്ക് ഒന്നും കിട്ടില്ല. ഡിജിറ്റലായി കഴിഞ്ഞപ്പോഴും അതുതന്നെയാണ് അവസ്ഥ. ഇവര്‍ രണ്ട് പേരും ലാഭം തുല്യമായി പങ്ക് വെക്കണം എന്നു പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും. തിയറ്റര്‍ അവരുടേതായതുകൊണ്ട് ഒരു ബാര്‍ഗൈനിംഗ് പവര്‍ ഉപയോഗിച്ച് കൊണ്ട് എന്റെ തിയറ്ററില്‍ കളിച്ചില്ലെങ്കില്‍ പിന്നെ നീ ഇതെവിടെ കൊണ്ടുപോയി കളിക്കും എന്നൊരു ഹുങ്ക് ഉണ്ട്. അതുകൊണ്ടാണ് അവരിങ്ങനെ ചെയ്യുന്നത്.

മാന്‍ഹോള്‍

സാ: മാറുന്ന ഒരു അന്തരീക്ഷം അവര്‍ക്ക് മനസ്സിലാകാത്തത് കൊണ്ടും കൂടിയായിരിക്കുമല്ലോ. ഇപ്പോള്‍ മലയാള സിനിമയുടെ മാര്‍ക്കറ്റ് വിപുലമാകുന്നതിന്റെ സൂചനകള്‍ ഉണ്ടല്ലോ?

: അതൊന്നും അംഗീകരിക്കാന്‍ അവര്‍ തയാറാകുന്നില്ല. അതെപ്പോഴും അങ്ങനെയാണല്ലോ. അത് നമ്മുടെ സൊസൈറ്റിയില്‍ എല്ലാ രംഗത്തും ഉണ്ടല്ലോ. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നല്ലോ. ഇപ്പോള്‍ എല്ലാം അതായി മാറിയില്ലേ. അതുപോലെ തന്നെയാണ് ഈ മള്‍ട്ടിപ്ലക്സ് വന്നപ്പോഴും. സിനിമയില്‍ തന്നെ ഡിജിറ്റല്‍ പരീക്ഷണങ്ങള്‍ വന്നപ്പോള്‍ അത് അംഗീകരിക്കാനായിട്ട് തിയ്യറ്ററുകാര്‍ തയ്യാറായിരുന്നില്ല. പിന്നെ ഡിജിറ്റല്‍ അല്ലാതെ സിനിമ ഇല്ലാതായപ്പോള്‍ അവര്‍ പ്രൊജെക്ടര്‍ എടുത്തു മാറ്റിയിട്ട് പുതിയ സാങ്കേതിക വിദ്യയിലേക്ക് മാറി.

സാ: കെ എസ് എഫ് ഡി സി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായി  സഹകരിച്ചു കൊണ്ട് ചെറു തിയറ്ററുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി ഉണ്ടല്ലോ? അതിന്‍റെ സാധ്യത എങ്ങനെയാണ്.

: നല്ല സിനിമകളിലേക്ക് കെ എസ് എഫ് ഡി സി എത്തിയാല്‍ ഓകെ. കെ എസ് എഫ് ഡി സിയും ഒരു തിയറ്റര്‍ മുതലാളിയാണല്ലോ. അവര്‍ക്കും കച്ചവട മനസ്സ് ഉണ്ടാകുമല്ലോ. അതില്‍ നിന്നു കിട്ടുന്ന ലാഭം കൊണ്ട് വേണമല്ലോ അവര്‍ക്ക് കെ എഫ് ഡി സി യുടെ മറ്റ് കാര്യങ്ങള്‍ നടന്നുപോകാന്‍. അതൊരു സിസ്റ്റത്തിന്‍റെ ഭാഗമാണ്. തീര്‍ച്ചയായും അതിനൊരു മാറ്റം ഉണ്ടാകും. നാനൂറോ അഞ്ഞൂറോ സീറ്റുകള്‍ ഉള്ള ചെറിയ തിയറ്ററുകള്‍ ഗ്രാമങ്ങളില്‍ എല്ലാ സൌകര്യങ്ങളോട് കൂടി തുടങ്ങുക എന്നുള്ളതാണ്. ഗ്രാമങ്ങളില്‍ നല്ല ഫെസിറ്റിലിയുള്ള തിയറ്ററുകള്‍ ഉണ്ടാകുമ്പോള്‍ അവിടെ നല്ല സിനിമകള്‍ എത്തിക്കാന്‍ പറ്റും. ഗ്രാമത്തില്‍ നിന്നു നഗരങ്ങളിലേക്ക് വന്ന് സിനിമ കാണാന്‍ പറ്റാത്ത ഒരു വിഭാഗം ജനങ്ങള്‍ക്ക് ഗ്രാമത്തില്‍ നിന്നു തന്നെ നല്ല തിയറ്ററുകളില്‍ ഇരുന്ന് കാണാന്‍ പറ്റും. സ്വാഭാവികമായിട്ടും ഒരു കള്‍ച്ചര്‍ വളര്‍ന്ന് വരും. പിന്നെ നല്ല സിനിമകള്‍ കണ്ടെത്താനും എത്തിക്കാനും പറ്റണം. അതിന് ചലചിത്ര അക്കാദമിക്കും കെ എസ് എഫ് ഡി സി ക്കും ഒരുമിച്ച് നില്‍ക്കാന്‍ പറ്റിയാല്‍ പുതിയ ഒരു സിനിമ സംസ്കാരം തന്നെ വളര്‍ന്ന് വരാന്‍ ഇടയാക്കും. അതിനു കഴിയുമായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

സാ: ഗ്രാമത്തിലെ തിയറ്ററുകള്‍ ഒരു മതേതര ഇടം കൂടി ആയിരുന്നല്ലോ?  അതിപ്പോള്‍ ഇല്ലാതായിരിക്കുന്നു…

: അതൊരു വലിയ നഷ്ടം തന്നെയാണ്. നമുക്ക് ഒരു സിനിമ ടാക്കീസ് എന്നു പറയുന്നത് എല്ലാ ജാതി മതസ്ഥരും എല്ലാ ക്ളാസ്സില്‍ ഉള്ളവരും അവിടെ ഒരുമിച്ച് വരുന്ന ഒരു സ്ഥലമായിരുന്നു. അവിടെ വരുമ്പോള്‍ നമ്മള്‍ ഹിന്ദുവാണ് മുസ്ലിമാണ് ക്രിസ്ത്യാനിയാണോ എന്നുള്ള ചിന്തയൊന്നും ഇല്ല. അങ്ങനെയുള്ള പൊതു ഇടങ്ങള്‍ ഇല്ലാതായി. പണ്ടൊക്കെ നമ്മുടെ പൊതു ഇടങ്ങള്‍ എന്നു പറയുന്നത് വായനശാലകളായിരുന്നു. പിന്നെ അമ്പലപ്പറമ്പുകള്‍ ഒക്കെയായിരുന്നു. ഇന്ന് വായനശാലയുടെ ഒക്കെ അവസ്ഥ മാറി. വായനശാലകള്‍ ഏതെങ്കിലും സംഘടനകളുടെതായിരിക്കും. മതങ്ങളുടെയും ജാതിയുടെയും സംഘടനകളുടെയും ഒക്കെ കീഴിലേക്കാണ് ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാകുന്നത്. അത്തരം മത ജാതി സംഘടനകളുടെ പണിയല്ല ഗ്രാമീണ വായനശാലകള്‍ ഉണ്ടാകുക എന്നത്. അത് ഒരു പൊതു ഇടമാണ്. തിയറ്ററുകള്‍ ഒക്കെ ഇല്ലാതായപ്പോള്‍ ആ പൊതു ഇടങ്ങള്‍ ഇല്ലാതാവുകയാണ് ചെയ്യുന്നത്.

സാ: കേരള ചലച്ചിത്രോത്സവം ഇപ്പോള്‍ 21 വര്‍ഷം ആയി. നമ്മള്‍ ആഫ്രോ ഏഷ്യന്‍ ലാറ്റിന്‍ അമേരിക്കന്‍ സിനിമകളെ പ്രമോട്ട് ചെയ്യാന്‍ വേണ്ടിയിട്ടാണ് കോമ്പറ്റീഷന്‍ സെക്ഷന്‍ തുടങ്ങിയത് തന്നെ. അവിടുന്ന് വരുന്ന സംവിധായകരില്‍ പലരും പിന്നീട് ഓസ്കാര്‍ അടക്കമുള്ള ലോകോത്തര പുരസ്കാരങ്ങള്‍ വാങ്ങുന്ന അവസ്ഥയുണ്ടായി. എന്തുകൊണ്ടാണ് മലയാള സിനിമയെ നമുക്ക് ഉയര്‍ത്തിക്കൊണ്ട് വരാന്‍ പറ്റാത്തത്. അക്കാദമി വിചാരിച്ചാല്‍ നല്ല സിനിമകളെ പ്രമോട്ട് ചെയ്യാന്‍ സാധിക്കില്ലേ? ഇപ്പോള്‍ വലിയ ഒരു ഗ്ലോബല്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമല്ലേ അക്കാദമി…

: നമ്മള്‍ അതിനെകുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതിന് മുമ്പ് മാര്‍ക്കറ്റിംഗ് സെക്ഷനില്‍ എന്താണ് ചെയ്തു കൊണ്ടിരുന്നത് എന്നുവെച്ചാല്‍ ഫെസ്റ്റിവല്‍ സമയത്ത് കുറെ സംവിധായകര്‍ വരും. അവരുമായിട്ട് സംസാരിക്കും. അതിനൊരു മാറ്റം വേണം എന്നു വെച്ചിട്ടാണ് ഇത്തവണ മാര്‍ക്കറ്റിംഗ് വേണ്ട എന്നു തന്നെ വെച്ചത്. നമ്മള്‍ അതിനു വേറൊരു പരിപാടി ആലോചിക്കുന്നുണ്ട്. അതിനുള്ള പ്രാരംഭ പരിപാടികള്‍ ആയിട്ടുണ്ട്. അക്കാദമിയില്‍ സ്ഥിരമായിട്ട് ഒരു മാര്‍ക്കറ്റിംഗ് സംവിധാനം ഉണ്ടാക്കാനാണ് ആലോചന. നല്ല സിനിമ ഉണ്ടാക്കിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ അത് അയക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവണമെന്നില്ല. ഇപ്പോള്‍ ഉദാഹരണമായി മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സെന്‍റ് എനിക്കു ഈ സിനിമ ഫെസ്റ്റിവലുകളിലേക്ക് അയക്കണം അതിനു സഹായിക്കണം എന്നു ആവശ്യപ്പെട്ടാല്‍ നമുക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി കൊടുക്കാന്‍ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. മുമ്പ് അങ്ങനെ ഉണ്ടായിട്ടില്ല. അതില്‍ ചില നിക്ഷിപ്ത താത്പര്യങ്ങള്‍ മുമ്പ് കടന്നു കൂടിയിട്ടുണ്ട്. നമ്മുടെ ഫെസ്റ്റിവല്‍ ഏറ്റവും അവസാനമാണ് വരുന്നത്. അതുകൊണ്ട് ജനുവരിയില്‍ ഒരു സിനിമ എടുത്തിട്ടുണ്ടെങ്കില്‍ അടുത്ത ഫെസ്റ്റിവല്‍ വരുമ്പോള്‍ ഒരു വര്‍ഷം പോകും. ജനുവരിയില്‍ സിനിമ എടുത്ത ഒരാള്‍ക്ക് അപ്പോള്‍ തന്നെ അക്കാദമിയില്‍ വരാം. മറ്റ് ഫെസ്റ്റിവലുകളിലേക്ക് സിനിമ അയക്കാനുള്ള സാങ്കേതിക സഹായങ്ങള്‍ അക്കാദമിക്ക് അപ്പോള്‍ തന്നെ ചെയ്തു കൊടുക്കാന്‍ പറ്റും. അങ്ങനെ നമുക്കൊരു മൂവ്മെന്‍റ് ഉണ്ടായിക്കഴിഞ്ഞാല്‍ പുതിയ സംവിധായകരുടെ സിനിമകള്‍ ഒക്കെ നമുക്ക് ശ്രദ്ധിക്കപ്പെടുന്ന രീതിയിലേക്ക് എത്തിക്കാന്‍ പറ്റും. അല്ലെങ്കില്‍ പരിണിതപ്രജ്ഞര്‍ക്ക് മാത്രമെ പോകാന്‍ പറ്റൂ. അല്ലെങ്കില്‍ ആ വഴികള്‍ അറിയാവുന്നവര്‍ക്ക് മാത്രം. ഡോക്ടര്‍ ബിജു, സനല്‍ കുമാറിനൊക്കെ എങ്ങിനെയാണ് അത് മൂവ് ചെയ്യേണ്ടത് എന്നറിയാം. അറിയാത്ത കുറെ പേര്‍ ഉണ്ടല്ലോ അതില്‍. ഈ അടുത്തകാലത്ത് വന്ന സിനിമകളില്‍ കരി എന്നെ വിസ്മയിപ്പിച്ച ഒരു സിനിമയാണ്. അതുപോലെ മണ്രോതുരുത്ത്. അതൊന്നും എവിടേയും എത്തിയില്ല.

സാ: കൂടുതല്‍ നല്ല സിനിമകള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തൊക്കെ പരിപാടികള്‍ ആണ് മനസിലുള്ളത്..?

: ചലചിത്ര അക്കാദമിയുടെ തുടക്ക കാലത്ത് ഇതിനെ കുറിച്ച് നേരത്തെ ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിനു വേണ്ടിയുള്ള കുറേ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. ഇടക്കാലത്ത് അതില്‍ നിന്ന് അക്കാദമി ഒരുപാട് പിന്നോട്ട് പോയി. അതാണ് പറ്റിപ്പോയത്. ഇത്തവണത്തെ ജനറല്‍ കൌണ്‍സിലില്‍ അക്കാദമിക് ഓറിയന്റഡ് ആയിട്ടുള്ള ആളുകളാണ് കൂടുതല്‍ ഉള്ളത്. പല പദ്ധതികളും അവര്‍ നമ്മുടെ മുമ്പില്‍ കൊണ്ട് വന്നിട്ടുണ്ട്. സ്വാഭാവികമായിട്ടും ഞങ്ങള്‍ക്ക് ചെയ്യാവുന്ന പല കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടും ഉണ്ട്. ടൂറിങ് ടാക്കീസ് എന്ന പ്രോജക്റ്റ് കുറച്ചു കൂടി ഡവലപ് ചെയ്യണം. സ്കൂള്‍ തലത്തിലും കോളേജ് തലത്തിലും കുട്ടികളിലേക്ക് സിനിമ വ്യാപിപ്പിക്കുക എന്നുള്ളതാണ്. ഫിലിം സൊസൈറ്റികളില്‍ നിലവില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അത് അങ്ങനെ തന്നെ നടക്കും. ഇതിനെ കുറിച്ചൊന്നും ധാരണയില്ലാത്ത ഒരു വലിയ സമൂഹം പുറത്തു ജീവിക്കുന്നുണ്ട്. ഇവരാണ് സാധാരണ തിയറ്ററുകളില്‍ പോയിട്ട് കച്ചവട സിനിമകള്‍ മാത്രം കാണുന്നത്. ഈ പറഞ്ഞ എജുക്കേഷന്‍ അവര്‍ക്കും കൊടുക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ഒരു വലിയ ശതമാനം ഓഡിയന്‍സിനെ നമുക്ക് നല്ല സിനിമയോട് അടുപ്പിക്കാന്‍ കഴിയൂ. ഒരുപാട് സ്ഥലത്തു ഹൌസിംഗ് കോളനികള്‍ ഉണ്ട്. നഗരങ്ങളിലാണെങ്കില്‍ എല്ലാ ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് അസോസിയേഷനുകള്‍ ഉണ്ട്. ഗ്രാമങ്ങളിലും ഇതുപോലുള്ള കോളനികള്‍ ഉണ്ട്. അത്തരം ഇടങ്ങളിലേക്ക് നമ്മള്‍ ഈ ടൂറിംഗ് ടാക്കീസുമായിട്ട് ചെന്നുകഴിഞ്ഞാല്‍ അവര്‍ ഒരു സ്പേസ് തന്നാല്‍ മതി. നമ്മള്‍ മലയാളത്തില്‍ സബ്ടൈറ്റില്‍ ചെയ്തിട്ട് പെട്ടെന്നു മനസ്സിലാവുന്ന കൊച്ചു കൊച്ചു സിനിമകള്‍ അവരെ കാണിച്ചിട്ട്, അങ്ങനെ നമ്മള്‍ ഗ്രാജ്വലി അത്തരം സ്ഥലങ്ങളില്‍ നമുക്ക് ഈ മലയാളം സിനിമകളും കൊണ്ട് പോകാന്‍ കഴിയും. രണ്ട് വിദേശ സിനിമകള്‍ കാണിക്കുമ്പോള്‍ ഒരു മലയാള സിനിമ കൂടി കാണിക്കണം. മാന്‍ഹോള്‍ പോലുള്ള സിനിമകള്‍ കൊണ്ടുപോയിട്ട് കാണിക്കാം. ഈ മലയാള സിനിമകള്‍ കാണിക്കുന്ന സമയത്ത് സംഭാവന സ്വീകരിക്കാന്‍ ഒരു ബോക്സ് വെക്കാം. അതിലൂടെ കിട്ടുന്ന പൈസ നിര്‍മ്മാതാവിനായിരിക്കും. അങ്ങനെ ഒരു പ്രൊജെക്ടാണ് ഞാന്‍ ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. അക്കാദമിക് വലിയ ചിലവില്ലാതെ ചെയ്തു കൊടുക്കാവുന്ന ഒരു കാര്യമാണ്. അക്കാദമിയുടെ ഒരു മിഷന്റെ ഭാഗമായിട്ടാണ് അത് ചെയ്യുന്നത്. ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ച സിനിമകള്‍ ഇങ്ങനെ കൂടുതല്‍ ആളുകളിലെത്തിക്കും. പണത്തെക്കാലുപരി സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നു എന്നതുതന്നെയാണ് വലിയ കാര്യം. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വൈകുന്നേരം അതിനു വേണ്ടി ചിലവഴിച്ചാലും വല്യ പ്രശ്നങ്ങള്‍ വരില്ല. അടുത്തടുത്ത വീടുകളിലെ ആളുകള്‍ ഒന്നിച്ചിരുന്നു സിനിമ കാണുക എന്നത് നല്ല ഒരു കാര്യമാണ്. വൈകുന്നേരം ടി വി കാണുന്ന കുറച്ചു സമയം അതിനു വേണ്ടി വിനിയോഗിച്ചാല്‍ മതി. മെല്ലെ മെല്ലെ ഈ ടെലിവിഷന്റെ അല്ലെങ്കില്‍ സീരിയലിന്റെ പിടിയില്‍ നിന്നും ആള്‍ക്കാരെ മോചിപ്പിച്ചിട്ട് കുറച്ചു സമയം നല്ല സിനിമകള്‍ കാണുന്ന തരത്തിലേക്ക് എത്തിക്കാന്‍ കഴിയും. അത് അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. പക്ഷേ അതിനു വല്യ ഒരു ശ്രമം വേണം. ഇത് പക്ഷേ അത്ര എളുപ്പമല്ല. പക്ഷേ ഒരു തവണ നമ്മള്‍ ആ ട്രാക്കില്‍ വീണ് കഴിഞ്ഞാല്‍ വളരെ എളുപ്പമാണ്. മാസത്തില്‍ ഒരു തവണ കറങ്ങിത്തിരിഞ്ഞു എവിടെ എത്തുമെന്ന് കൃത്യമായ ഒരു കലണ്ടര്‍ ഉണ്ടാക്കില്‍യാല്‍ മതി.

സാ: അക്കാദമിയില്‍ ഇരിക്കുമ്പോള്‍ ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകും. ഇതിനിടയില്‍ ഫിലിം മേക്കര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വം എങ്ങിനെയാണ് കാണുന്നത്..?

: ഞാന്‍ ഫിലിം മേക്കര്‍ എന്ന ഉത്തരവാദിത്തം ഉപേക്ഷിച്ചു ഇങ്ങോട്ടേക്ക് ചാടിപ്പോരില്ല. അത് കഴിഞ്ഞിട്ടുള്ള സമയങ്ങളില്‍ മാത്രമേ ഞാന്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ട് ഉണ്ടാവുകയുള്ളൂ. സിനിമ ചെയ്തു കൊണ്ടിരിക്കുന്ന സമയത്തും അക്കാദമിയുടെ കാര്യത്തില്‍ ചെയര്‍മാന്‍ ചെയ്യേണ്ട കാര്യങ്ങളില്‍ നിന്ന്‍ ഞാന്‍ ഒരിയ്ക്കലും മാറി നില്‍ക്കില്ല. പിന്നെ എനിക്കിപ്പോള്‍ നല്ല ഒരു ധൈര്യം ഉള്ളത് എന്താണെന്ന് വെച്ചാല്‍ ബീനപോള്‍ ഇവിടെ ഉണ്ട് എന്നുള്ളതാണ്. കൂടാതെ ജനറല്‍ കൌണ്‍സിലില്‍ കഴിവുള്ള മെമ്പര്‍മാര്‍ ഉണ്ട്.

(അവസാനിച്ചു)

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍