UPDATES

സിനിമാ വാര്‍ത്തകള്‍

രാമലീല; ദിലീപിന് ആരാധകരുടെ പാലഭിഷേകം, സുജാതയ്ക്ക് പരിഹാസം

ഹൗസ്ഫുള്‍ ബോര്‍ഡ് വച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കാര്യമായ ആളനക്കമില്ലെന്നാണ് പല തിയറ്ററുകളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ പ്രദര്‍ശനം ആരംഭിച്ചു. എറണാകുളം സരിത തിയറ്റര്‍, ഗുരുവായൂര്‍ അപ്പാസ്, എടപ്പാള്‍ ഗോവിന്ദ തുടങ്ങിയ തിയറ്ററുകളില്‍ ആരാധകര്‍ ഷോയ്ക്ക് മുമ്പ് ദിലീപിന്റെ പടുകൂറ്റന്‍ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തി. മിക്ക തിയറ്ററുകളിലും ഹൗസ്ഫുള്ളായാണ് ആദ്യ ഷോ നടന്നത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി 191 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിലെ ‘ഇത് കേരളമാണ്, പോലീസിന് തെറ്റുപറ്റിയാല്‍ അത് എത്രയും പെട്ടെന്ന് തിരുത്തണം, അല്ലെങ്കില്‍ ജനങ്ങളും മീഡിയകളും തിരുത്തും’ എന്ന ഡയലോഗിന് വന്‍ കയ്യടിയാണ് ലഭിക്കുന്നതെന്ന് ദിലീപ് ഫാന്‍സിന്റെ ഫേസ്ബുക്ക് പേജുകള്‍ പറയുന്നു. കൂടാതെ, ‘ഇത് പോലീസ് എനിക്ക് വച്ചേക്കുന്ന ട്രാപ്പ് ആണെ’ന്ന ഡയലോഗിനും തിയറ്ററില്‍ വന്‍ ആഘോഷമാണ്.

ചിത്രം വന്‍വിജയം ആണെന്നാണ് ദിലീപ് അനുകൂല ഫേസ്ബുക്ക് പേജുകള്‍ അവകാശപ്പെടുന്നത്. മലയാള സിനിമയില്‍ അടുത്തകാലത്തായി വന്‍ വിജയങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും അതിനു രാമലീലയിലൂടെ പരിഹാരമാകുമെന്നും ദൃശ്യത്തിന് ശേഷം തിയറ്ററുകള്‍ ഇളക്കി മറിച്ച ക്ലൈാമാക്‌സ് എന്നാണ് ദിലീപ് ഓണ്‍ലൈന്‍ അവകാശപ്പെടുന്നത്. ചിത്രത്തിന് കിട്ടുന്ന ഓരോ കയ്യടിയും ചിലരുടെ മുഖത്തുള്ള അടിയാണെന്നും പറയുന്നുണ്ട്. സിനിമയ്ക്ക് കിട്ടുന്ന ഓരോ കയ്യടികളും ഡിവോഴ്‌സ് ഫെമിനിസ്റ്റുകള്‍ക്കും ഇവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള കരണത്തടിയാണെന്ന് പറഞ്ഞ് മഞ്ജു വാര്യരെ പരോക്ഷമായി വിമര്‍ശിക്കുന്ന അഭിപ്രായങ്ങളും ദിലീപ് ഓണ്‍ലൈനില്‍ വരുന്നുണ്ട്. ‘ഉണ്ട് ഏട്ടനൊപ്പം. ലേഡി ചൂപ്പര്‍സ്റ്റാറിന്റെ ടൊറന്റില്‍ വന്നാല്‍ പോലും കാണാറില്ല. പിന്നെയാ തിയറ്ററില്‍’ എന്നാണ് മഞ്ജുവിനെ വിമര്‍ശിച്ച് ഒരാളുടെ കമന്റ്.

ചിത്രത്തിന്റെ പ്രചരണത്തിനായി മംഗളം ഓണ്‍ലൈനില്‍ വന്ന ‘രാമനുണ്ണി കുതിക്കുമ്പോള്‍, സുജാത കിതയ്ക്കുന്നു’ എന്ന വാര്‍ത്തയുടെ ലിങ്കും ഈ പേജില്‍ ഉപയോഗിച്ചിരിക്കുന്നു. പടം ഒറ്റദിവസം കൊണ്ട് സൂപ്പര്‍ഹിറ്റ് എന്നുമാണ് അവകാശവാദം. വീണ്ടും മലയാള സിനിമയെ കൈപിടിച്ചുയര്‍ത്തി ജനപ്രിയ നായകന്‍ എന്നാണ് ഒരാളുടെ പോസ്റ്റ്. രാഷ്ട്രീയത്തിലെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കുന്ന ചിത്രമെന്നാണ് പ്രധാന വിലയിരുത്തല്‍. ആദ്യ പകുതി ചതിയുടെയും വഞ്ചനയുടെയും പടുകുഴിയില്‍ വീണുപോയ നിസ്സഹായനായ രാമനുണ്ണിയാണെങ്കില്‍ രണ്ടാം പകുതിയില്‍ വീഴ്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ശത്രുക്കളോട് പോരാടാന്‍ ഇറങ്ങുന്ന ബുദ്ധിരാക്ഷസനായ രാമനുണ്ണി ആണ്. അന്തിമ വിജയം അവന് മാത്രമെന്നാണ് ഒരു വിശകലനം. ദിലീപ് അറസ്റ്റിലായതിന്റെ വാര്‍ത്ത കൊടുത്ത മാധ്യമങ്ങളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. അതേസമയം തിരുവനന്തപുരത്തെ തിയറ്ററുകളില്‍ രാമലീലയ്ക്ക് വളരെ തണുത്ത പ്രതികരണമാണ്. ശ്രീകുമാര്‍ തിയറ്ററിന് മുന്നില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് വച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ കാര്യമായ ആളനക്കമില്ലെന്നാണ് അവിടെ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച വീഡിയോയില്‍ വ്യക്തമാകുന്നത്. രാമലീലയ്ക്ക് പിന്തുണയര്‍പ്പിച്ച് മമ്മൂട്ടി ആരാധകരും നിവിന്‍പോളി ആരാധകരും ഇവിടെ ബോര്‍ഡ് വച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ അത്തരമൊരു പിന്തുണ നല്‍കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

അതേസമയം ചിത്രത്തിന്റെ വിജയം കേസില്‍ സ്വാധീനിക്കുമെന്ന പ്രതീക്ഷകളും പലര്‍ക്കുമുണ്ടെന്നാണ് ചില പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത്. ‘ഹേ ഭരണകൂടമേ മലയാളിയുടെ കയ്യടി കേള്‍ക്കുന്നില്ലേ, നിറകണ്ണുകളോടെയുള്ള അവരുടെ ആരവം കേട്ടില്ലെന്ന് നടിക്കരുതെന്നാണ് സിദ്ധീക്ക് ഹമ്മു എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റ്. എന്നാല്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരില്‍ വൈകാരിക പ്രചരണം നടത്തിയവര്‍ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തുവെന്ന് ഇതിനെ വിമര്‍ശിച്ച് ഒരു വിഭാഗം പറയുന്നു. ‘ആദ്യം പറഞ്ഞു ഇത് സംവിധായകന്റെ സിനിമ ആണെന്ന്. ഇപ്പോള്‍ കളര്‍ മാറുന്നുണ്ടോ. ഫാന്‍സ് മാത്രമേ വരൂ, വേറെയാരും വരില്ലെന്നാണ് ഗിരിശങ്കര്‍ എന്നയാള്‍ പറയുന്നത്. ചിത്രത്തിനെതിരായ പ്രചാരണങ്ങളും ശക്തമാണ്. ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ മുതലാണ് ഫേസ്ബുക്ക് പേജുകളില്‍ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും വന്നു തുടങ്ങിയത്. ആദ്യപകുതി കടുപ്പമാണെന്നാണ് മണികണ്ഠന്‍ എച്ച് എന്ന പ്രേക്ഷകന്‍ പ്രതികരിച്ചത്. രാമലീല വിജയിപ്പിച്ചത് മലയാളികളുടെ നിലവാരമില്ലായ്മയ്ക്ക് തെളിവാണെന്നാണ് ഒരാള്‍ പറയുന്നത്.

ദിലീപ് ചിത്രത്തിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടക്കുമ്പോള്‍ മഞ്ജു വാര്യരുടെ ചിത്രമായ ഉദാഹരണം സുജാത കളത്തിലേ ഇല്ലാത്ത അവസ്ഥണെന്നാണ് ഇവരുടെ പ്രചരണം.  ഉദാഹരണം സുജാത കാണാന്‍ പോയിട്ട് ടിക്കറ്റ് കിട്ടിയില്ലെന്നും ഇരുപത് പേരുണ്ടെങ്കിലേ ടിക്കറ്റ് ലഭിക്കൂവെന്നും ഒരാള്‍ പരിഹസിക്കുന്നു.  അതേസമയം സുജാത മികച്ച ചിത്രമാണെന്ന വാര്‍ത്തകളുമുണ്ട്. മഞ്ജുവിന്റെ അഭിനയസാധ്യതകളെ ഏറെ പ്രയോജനപ്പെടുത്തിയ ചിത്രമെന്നാണ് ഇതിനെക്കുറിച്ചുള്ള പ്രധാന നിരീക്ഷണം. എന്നാല്‍ പ്രചരണങ്ങളെല്ലാം തന്നെ രാമലീലയ്ക്ക് വേണ്ടിയാണ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ദിലീപ് ഫാന്‍സിന്റെ ഫേസ്ബുക്ക് പേജുകള്‍ സജീവമായി നില്‍ക്കുമ്പോള്‍ മഞ്ജുവിന്റെ പേജില്‍ ആളനക്കമില്ലാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല, മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഉദാഹരണം സുജാതയുടെ പോസ്റ്ററിന് കീഴില്‍ ദിലീപ് ചിത്രത്തിന്റെ വിശകലനമാണ് പലരും നടത്തിയിരിക്കുന്നതും.

ദിലീപ്-മഞ്ജു വാര്യര്‍ വിവാഹ ബന്ധം തകര്‍ന്ന ശേഷം ഇരുവരും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രങ്ങള്‍ ഒരേദിവസം തന്നെ റിലീസ് ചെയ്തിരിക്കുന്നത് ഇത് ആദ്യമായാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്യാമ്പെയ്‌നിംഗുകളുമെല്ലാമായി ദിലീപ് ചിത്രത്തിനെതിരെ ശക്തമായ പ്രചരണം കുറച്ചുനാള്‍ മുമ്പ് വരെ നടന്നിരുന്നു. രണ്ട് തവണ മാറ്റിവച്ച ശേഷമാണ് രാമലീല ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ രാമലീലയുടെ വിജയം ദിലീപിനും ദിലീപിനെ അനുകൂലിക്കുന്നവര്‍ക്കും അഭിമാനപ്രശ്‌നമാണ്. അതിനാലാണ് ചിത്രത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശക്തമായിരിക്കുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍