UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ അവര്‍ക്കൊപ്പം, നടിമാരുടേത് ധീര നിലപാട്: പൃഥ്വിരാജ്

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കൃത്യമായി പറയേണ്ട ഇടത്ത്, പറയേണ്ട സമയത്ത് പറഞ്ഞിരിക്കും, ഒരിക്കലും നിശ്ശബ്ദനായിരിക്കില്ല

താര സംഘടന അമ്മയിൽ നിന്നും നടിമാരുടെ കൂട്ട രാജിയെ ധീര നിലപാട് എന്നു വിശേഷിപ്പിച്ചു യുവനടൻ പൃഥ്വിരാജ്. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. നേരത്തേ പ്രമുഖ നടി ആക്രമണത്തിനിരയായ സംഭവത്തിൽ ഏറ്റവും ശക്തമായി പ്രതികരിച്ച അപൂർവം മലയാള നടന്മാരിൽ ഒരാൾ കൂടി ആണ് പൃഥ്വിരാജ്.  സ്ത്രീ വിരുദ്ധ സിനിമകളിൽ ഇനി അഭിനയിക്കില്ലെന്നും അദ്ദേഹം പിന്നീട് നിലപാട് എടുത്തിരുന്നു.

“റീമ, രമ്യ, ഗീതു, ഭാവന നാലു പേരുടെയും ഈ ധീരതയെ ഞാൻ അഭിനന്ദിക്കുന്നു. ഞാൻ അവരോടൊപ്പമാണ്, അവരുടെ തീരുമാനത്തിനൊപ്പമാണ്. അതിനോടു വിമർശനം ഉള്ളവർ ഉണ്ടായിരിക്കാം പക്ഷെ അതെല്ലാം വ്യക്തിനിഷ്ഠമാണ്.” ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചു 4 നടിമാർ സംഘടനയിൽ നിന്നും രാജി വെച്ച് ഇറങ്ങിപോന്നതിനെ കുറിച്ച് പൃഥ്വിരാജ് ഇങ്ങനെ പ്രതികരിച്ചു.

ആക്രമത്തിനിരയായ പ്രമുഖ നടി എന്റെ സുഹൃത്താണ്. ആ സംഭവത്തിന്റെ ആഘാതത്തിൽ നിന്നും ഞാൻ ഇപ്പോഴും പൂർണമായി മുക്തനായിട്ടില്ല. എന്നാൽ തനിക്കു നേരെ ഉണ്ടായ ക്രൂരതയെ മറച്ചു പിടിക്കാതെ പൊതുജനമധ്യത്തിൽ തുറന്നു പറഞ്ഞു പോരാടിയ നടിയോട് ഇപ്പോൾ കൂടുതൽ ബഹുമാനം ആണെന്നും പൃഥ്വി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ കൃത്യമായി പറയേണ്ട ഇടത്ത്, പറയേണ്ട സമയത്ത് പറഞ്ഞിരിക്കും, ഒരിക്കലും നിശ്ശബ്ദനായിരിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ദിലീപിനെ പുറത്താക്കിയത് തന്റെ പ്രേരണയാൽ അല്ലെന്നു പൃഥ്വിരാജ് അറിയിച്ചു. ഗണേഷ് കുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചു കൊണ്ട് ഉള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം “ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത് കൂട്ടായി എടുത്ത തീരുമാനം ആണ്, ആ തീരുമാനത്തിൽ എനിക്കും പങ്കുണ്ട്, തിരിച്ചുള്ള ആരോപണങ്ങൾ സത്യമല്ല”.

അതേസമയം ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വ്വമല്ലെന്ന് നടന്‍ പറഞ്ഞു. അഞ്ജലി മേനോന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ചില ഉത്തരവാദിത്തങ്ങള്‍ ഉള്ളതുകൊണ്ടാണ് എത്താന്‍ കഴിയാതിരുന്നത്.

അമ്മ ഒരു മാഫിയ സംഘം ആയി മാറി എന്ന ആഷിഖ് അബുവിന്റെ പ്രസ്താവന ചൂണ്ടി കാണിച്ചപ്പോൾ പൃഥ്വിരാജ് ഇങ്ങനെ പ്രതികരിച്ചു “അമ്മ മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷി ഉള്ള സംഘടനയാണ്. പലപ്പോഴും അമ്മയുടെ പ്രവർത്തനങ്ങളിൽ സജീവം ആകാൻ കഴിഞ്ഞിട്ടില്ല. എങ്കിലും ഞാനും അതിന്റെ ഭാഗമാണ്. സംഘടനക്കെതിരെ വരുന്ന ആരോപണങ്ങൾ വരുമ്പോൾ അതെന്നെ കൂടി ബാധിക്കുന്നതാണ്. അമ്മ ചെയ്യുന്ന നല്ല പ്രവർത്തികളും ആരും കാണാതിരിക്കരുത്.”

ദിലീപിനൊപ്പം അഭിനയിക്കാൻ ഇത് വരെ അവസരം ലഭിച്ചിട്ടില്ല അങ്ങനെയൊരവസരത്തിൽ എന്ത് തീരുമാനം എടുക്കും എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്ന് ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

പ്രിയ പൃഥ്വിരാജ്, കേരളത്തിലെ സ്ത്രീകള്‍ നിങ്ങളെ ആദരവോടെ സ്നേഹിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍