UPDATES

സിനിമാ വാര്‍ത്തകള്‍

ദുല്‍ഖറിനും മിഥിലയ്ക്കും ആശംസകള്‍: ഇര്‍ഫാന്‍ ഖാന്‍; താങ്കളുടെ രോഗ ശാന്തിക്കായി പ്രാർഥിക്കുന്നു: ദുല്‍ഖര്‍

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ രണ്ട് മാസത്തിനു ശേഷം സാമൂഹ്യ മാധ്യമത്തില്‍ സജീവമായി

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ രണ്ട് മാസത്തിനു ശേഷം സാമൂഹ്യ മാധ്യമത്തില്‍ സജീവമായി. ഇർഫാനും ദുൽഖറും ഒന്നിച്ച പുതിയ ചിത്രം കാർവാന്‍റെ പോസ്റ്റർ ഷെയർ ചെയ്ത് ഇർഫാനിട്ട ട്വീറ്റ് ഇതിനകംതന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ‘പരിചയസമ്പന്നതയ്ക്ക് ഇല്ലാത്ത നിഷ്ക്കളങ്കത തുടക്കങ്ങള്‍ക്ക് ഉണ്ടാകും. ദുല്‍ഖറിനും മിഥിലയ്ക്കും എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഉടന്‍ തന്നെ ദുല്‍ഖറിന്‍റെ മറുപടിയും എത്തി. ‘വളരെയധികം നന്ദി സര്‍…! ഇതിലും വലിയൊരു തുടക്കം എനിക്ക് ലഭിക്കാനില്ല… താങ്കളുടെ രോഗ ശാന്തിക്കായി പ്രാർഥിക്കുന്നു…’

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാന്‍ ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്. ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രം ജൂണ്‍ ഒന്നിന് തിയേറ്ററുകളിലെത്തും. ഒരു റോഡ്‌ യാത്രക്കിടെ പരിചയപ്പെടുന്ന മൂന്ന് വ്യക്തികളുടെ വ്യത്യസ്തമായ ജീവിതമാണ് സിനിമയുടെ പ്രമേയം. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കാര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.

നേരത്തെ ഇർഫാൻ ഖാന് അപൂർവ രോഗം പിടിപെട്ടുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. തനിക്ക് അപൂർവമായി കാണപ്പെടുന്ന ന്യൂറോ എൻഡോക്രൈൻ ടൂമർ എന്ന അർബുദമാണെന്നും അതിന് രാജ്യത്തിനു പുറത്ത് ചികിത്സ തേടുകയാണെന്നും അദ്ദേഹം മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. അതിനിടെ അസുഖത്തെകുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുന്ന വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ഇര്‍ഫാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം സുഖമായി താമസിക്കുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ആശുപത്രി അതികൃതര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍