UPDATES

സിനിമാ വാര്‍ത്തകള്‍

രാജ്പുത് കര്‍ണിസേന-സംഘപരിവാര്‍ ഭീഷണി: പത്മാവതിയുടെ റിലീസ് ‘സ്വമേധയാ’ നീട്ടി നിര്‍മാതാക്കള്‍

റിലീസ് തീയതി നീട്ടിയത് കൊണ്ട് മാത്രം കാര്യമില്ല, ചിത്രം നിരോധിക്കണമെന്ന് കര്‍ണിസേന

രാജ്പുത്തുകളുടെ ‘അഭിമാനം’ വ്രണപ്പെടുത്തിയെന്നും ചരിത്രം വളച്ചൊടിച്ചുവെന്നും ആരോപിച്ച് രാജ്പുത് കര്‍ണി സേനയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന പ്രതിഷേധത്തെ തുടര്‍ന്ന് ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസിംഗ് ഡേറ്റ് നീട്ടി വച്ചു. റിലീസ് ഡേറ്റ് നീട്ടിയ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദ് റദ്ദാക്കുകയാണെന്ന് കര്‍ണിസേനയും അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ ‘സ്വമേധയാ’ റിലീസിംഗ് ഡേറ്റ് നീട്ടി വയ്ക്കുകയാണെന്നും തങ്ങള്‍ രാജ്യത്തെ നിയമം അനുസരിക്കുന്നവരാണെന്നും അതിനാല്‍ ആവശ്യമായ അനുമതികള്‍ നേടിയ ശേഷം ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മാതാക്കളായ Viacome18 പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍ റിലീസിംഗ് ഡേറ്റ് നീട്ടിവച്ചതു കൊണ്ട് മാത്രം പ്രശ്‌നപരിഹാരമാകില്ലെന്നും ചിത്രം നിരോധിക്കുക എന്നതാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നുമാണ് കര്‍ണിസേന സ്ഥാപക നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി പറയുന്നത്. ചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയുമായി ചേര്‍ന്ന് പത്മാവതിക്ക് പരമാവധി പ്രചരണം നല്‍കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ എതിര്‍പ്പുകളെന്ന് ചിലര്‍ ആരോപിക്കുന്നുണ്ടെന്നും അത് പൂര്‍ണമായി തെറ്റാണെന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും കല്‍വി പറയുന്നു. “അല്ലെങ്കില്‍ റാണാ രത്തന്‍ സിംഗിന്റെയും റാണി പത്മാവതിയുടേയും 37-ാമത്തെ പിന്തുടര്‍ച്ചക്കാരനാണ് ഞാനെന്ന് പറയാന്‍ എനിക്ക് അവകാശമില്ല”- കല്‍വി പറഞ്ഞു.

ഇപ്പോള്‍ ചിത്രം റിലീസ് ചെയ്യുന്നത് സ്വമേധയാ നീട്ടിവയ്ക്കുകയാണെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്- അത് ജനങ്ങളെ കബളിപ്പിക്കലാണെന്നും കല്‍വി പറയുന്നു. ബന്‍സാലി ഒരു ‘സ്ഥിരം പ്രശ്‌നക്കാര’നാണെന്നും ചിത്രം ഇനി എന്നു റിലീസ് ചെയ്യുന്നുവോ അന്ന് വീണ്ടും ഭാരത് ബന്ദ് പ്രഖ്യാപിക്കുമെന്നും കല്‍വി പറയുന്നു.

പത്മാവതി എന്ന മിത്തിക്കല്‍ സുന്ദരിയാണോ സംഘപരിവാറിന്റെ യഥാര്‍ത്ഥ പ്രശ്നം?

അതിനിടെ, വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാതെ ചിത്രം യു.പിയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മുഗളന്മാര്‍ക്ക് മുന്നില്‍ കീഴടങ്ങാതെ തങ്ങളുടെ സ്ത്രീത്വത്തെ പ്രതി ആത്മാഹുതി ചെയ്യുകയായിരുന്നു പത്മാവതിയെന്നും താന്‍ അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും മൗര്യ പറഞ്ഞു.

എന്നാല്‍ റാണി പത്മാവതിയെ കുറിച്ചുള്ള പരാമര്‍ശം ആദ്യം കാണുന്ന സൂഫി കവിയായ മാലിക് മുഹമ്മദ് ജയാസിയുടെ കവിത രചിക്കപ്പെടുന്നത് 1540-ഓടു കൂടിയാണ്. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്ന് രക്ഷപെടാനാണ് പത്മാവതിയും മറ്റ് രാജ്പുത് സ്ത്രീകളും ആത്മഹത്യ ചെയ്തത് എന്നാണ് ഐതീഹ്യം. അതേ സമയം, ഖില്‍ജി ചിത്തോര്‍ കോട്ട കീഴടക്കുന്നത് 1303-ലാണ്. ആദ്യ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ഇന്ത്യയിലെത്തുന്നതിന് രണ്ടു നൂറ്റാണ്ട് മുമ്പ്.

പത്മാവതിക്കു നേരെ രാജസ്ഥാന്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്ത്, യു.പി, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഇത്ര വലിയ പ്രതിഷേധങ്ങള്‍ നടന്നിട്ടും സംവിധായകനും അഭിനേതാക്കള്‍ക്കും നേരെ വധഭീഷണിയുയര്‍ന്നിട്ടും ബോളിവുഡില്‍ നിന്ന് കാര്യമായ പ്രതിഷേധങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ശബാന ആസ്മി മാത്രമാണ് ഇത്തരം ഭീഷണികള്‍ക്കെതിരെ രംഗത്തെത്തണമെന്നും അതിനായി ബോളിവുഡ് ഒന്നിച്ചു നില്‍ക്കണമെന്നും ആവശ്യപ്പെട്ട മുന്‍നിര താരങ്ങളിലൊരാള്‍.

നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) ചിത്രത്തിന് അനുമതി നല്‍കാനുള്ള അപേക്ഷ നിരസിച്ചപ്പോള്‍ തന്നെ റിലീസിംഗ് ഡേറ്റ് നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ചിത്രം ‘ഫിക്ഷന്‍’ ആണോ ‘ഹിസ്‌റ്റോറിക്കല്‍’ ആണോ എന്ന ഭാഗം പൂരിപ്പിക്കാതെയായിരുന്നു അപേക്ഷ സമര്‍പ്പിച്ചിരുന്നതെന്നും ഇക്കാര്യം നിര്‍മാതാക്കള്‍ തന്നെ അംഗീകരിച്ചിട്ടുള്ളതാണെന്നും സി.ബി.എഫ്.സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍