UPDATES

സിനിമാ വാര്‍ത്തകള്‍

ഡോ.ബിജുവിന്റെ ‘വെയിൽമരങ്ങൾ’ ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍; ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്കാരത്തിന് ഈ വർഷം മത്സരിക്കുന്ന ഏക ഇന്ത്യൻ ചിത്രം

112 രാജ്യങ്ങളിൽ നിന്നുമുള്ള 3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുത്തത്

ഡോ.ബിജുവിന്റെ പുതിയ ചിത്രം “വെയിൽമരങ്ങൾ” ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലേക്ക്.
ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ പ്രധാന മത്സര വിഭാഗമായ ‘ഗോൾഡൻ ഗോബ്‌ലറ്റ്’ പുരസ്കാരങ്ങൾക്കായാണ് ചിത്രം മത്സരിക്കുന്നത്. ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്കാരത്തിന് ഈ വർഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സിനിമയും വെയിൽമരങ്ങൾ ആണ്. അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിർണ്ണയിക്കുന്ന ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള
ലോകത്തെ പ്രധാനപ്പെട്ട ആദ്യ പതിനഞ്ചു ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്‌ഹായ്‌ മേള.

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ഷാങ്ഹായി മേളയിലെ പ്രധാന മത്സര വിഭാഗമായ ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്‌കാരത്തിനായി ഒരു ഇന്ത്യൻ സിനിമ ഇതിന് മുൻപ് മത്സരിക്കുന്നത് 2012 ൽ ആണ്. ഡോ.ബിജുവിന്റെ തന്നെ ‘ആകാശത്തിന്റെ നിറം’ ആയിരുന്നു ആ ചിത്രം. അതിനു ശേഷം കഴിഞ്ഞ ആറ് വർഷങ്ങളിലും ഒരു ഇന്ത്യൻ സിനിമയ്ക്കു പോലും ഷാങ്ഹായ് മേളയിൽ പ്രധാന മത്സര വിഭാഗത്തിൽ ഇടം പിടിക്കാനായില്ല.

ഈ വർഷം 112 രാജ്യങ്ങളിൽ നിന്നുമുള്ള 3964 ചിത്രങ്ങളിൽ നിന്നാണ് 14 എണ്ണം ഗോൾഡൻ ഗോബ്ലറ്റ് മത്സരത്തിനായി തിരഞ്ഞെടുത്തത്. പ്രശസ്ത ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയിലാൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്‌ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ.

ജൂൺ 15 മുതൽ 24 വരെ നടക്കുന്ന മേളയിൽ സംവിധായകൻ ഡോ.ബിജു, നിർമാതാവ് ബേബി മാത്യു സോമതീരം, പ്രധാന നടൻ ഇന്ദ്രൻസ്, പ്രകാശ് ബാരെ എന്നിവർ പങ്കെടുക്കും. നായകനായി അഭിനയിച്ച ചിത്രം ലോകത്തെ ഏറ്റവും പ്രശസ്തമായ ചലച്ചിത്ര മേളകളിലൊന്നിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുമ്പോൾ ആ സിനിമയെ പ്രതിനിധീകരിച്ചു പങ്കെടുക്കുക എന്ന നേട്ടം മലയാളത്തിൽ വളരെ അപൂർവം നടന്മാർക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഇന്ദ്രൻസ് വെയിൽമരങ്ങളിലൂടെ ആ അംഗീകാരത്തിന് അർഹനാകുന്നു എന്ന പ്രത്യകതയും ഈ മേളക്കുണ്ട്.

സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബി മാത്യു സോമതീരം നിർമിച്ച വെയിൽമരങ്ങൾ ഹിമാചൽപ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളിൽ ഒന്നര വർഷം കൊണ്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത് ഇവരാണ്: ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ, ശബ്ദ മിശ്രണം പ്രമോദ് തോമസ്, ലൊക്കേഷൻ സിങ്ക് സൗണ്ട് ജയദേവൻ ചക്കാടത്ത്, സ്മിജിത് കുമാർ പി.ബി., എഡിറ്റിങ് ഡേവിസ് മാനുവൽ, സംഗീതം ബിജിബാൽ, കലാസംവിധാനം ജോതിഷ് ശങ്കർ, ചമയം പട്ടണം ഷാ, കോസ്റ്റ്യൂംസ് അരവിന്ദ് കെ.ആർ.

ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

Read More: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നന്നായി എഴുതി; എല്ലുകൾ പൊടിയുന്ന രോഗത്തെ തോല്‍പ്പിച്ച് ലത്തീഷ അന്‍സാരി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍