UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചില കള്ളന്മാരെ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ടാവും തുടക്കം- തോമസ് ഐസക്

അഴിമുഖം പ്രതിനിധി

സാമ്പത്തിക രംഗം അടിമുടി അഴിച്ചു പണിയുമെന്ന സൂചനയുമായി ധനമന്ത്രി ഡോ. തോമസ് ഐസക്ക്. നികുതി പിരിവിന്റെ കാര്യത്തില്‍ നടക്കുന്ന വെട്ടിക്കലും തട്ടിക്കലും കണ്ടെത്താനും ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാനുമായിരിക്കും ആദ്യ നടപടി എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചില കള്ളന്‍മാരെ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ടായിരിക്കും തുടക്കം എന്നും അദ്ദേഹം പറയുന്നു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം: 

 

നികുതി ഇപ്പോഴും നടുവൊടിഞ്ഞ് കിടക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലെ സൂചന ഒട്ടും ശുഭകരമല്ല. ഏതാണ്ട് 12 ശതമാനം മാത്രം. ബഡ്ജറ്റ് കഴിഞ്ഞിട്ടാവാം നികുതി വേട്ടയ്ക്കിറങ്ങുന്നത് എന്നാണ് ചിന്തിച്ചിരുന്നത്. മെയ് മാസത്തെ നികുതിവരവ് കണ്ടപ്പോള്‍ ഇനി വൈകിക്കേണ്ടന്ന് കരുതി. നികുതിവകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥന്മാരുടെ ആദ്യത്തെ കോണ്‍ഫറന്‍സ് നടന്നു.

പ്രതിവര്‍ഷം 18 ശതമാനം വീതം വളര്‍ന്നുകൊണ്ടിരുന്ന നികുതി കഴിഞ്ഞ മൂന്ന് വര്‍ഷമായി 10-12 ശതമാനത്തിലേയ്ക്ക് താഴ്ന്നതിന്റെ കാരണങ്ങള്‍ വളരെ വ്യക്തമാണ്. ഏറ്റവും പ്രധാനപ്പെട്ടത്, നികുതിഭരണത്തിലെ രാഷ്ട്രീയ ഇടപെടലുകളും അഴിമതിയുമാണ്. ഈ അഴിമതിയുടെ ശൃംഖല മന്ത്രി ആഫീസ് മുതല്‍ ഏറ്റവും താഴേത്തട്ടുവരെ നീണ്ടു. നല്ല ഉദ്യോഗസ്ഥരെല്ലാം നിഷ്‌ക്രിയരായി. 

നികുതിപിരിവിലെ കാര്യക്ഷമത തകര്‍ന്നു. സ്‌ക്രൂട്ടിനി നാമമാത്രമായി. തങ്ങള്‍ കൊടുക്കുന്ന റിട്ടേണുകള്‍ ആരും ഗൗരവമായി പരിശോധിക്കുന്നില്ലായെന്ന് വ്യാപാരികള്‍ തിരിച്ചറിഞ്ഞതോടെ സത്യസന്ധരായവര്‍ മണ്ടന്‍മാരുമായി. 16,000 വ്യാപാരികളാണ് നികുതിവരുമാനത്തിന്റെ 85 ശതമാനവും തരുന്നത്. എന്നാല്‍ ഇവരുടെ കണക്കുകള്‍ പരിശോധിക്കാതെ എണ്ണം കൂട്ടിപ്പറയുവാന്‍ ചെറുഫയലുകളിലായിരുന്നു ശ്രദ്ധകൂടുതലും. അയ്യായിരത്തില്‍ പ്പരം കേസുകള്‍ സമയപരിധിയുടെ വക്കിലാണ്.


കേസുകളില്‍ കുടങ്ങിക്കിടക്കുന്ന നികുതിയുടെ തുക സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അപ്പീല്‍ കേള്‍ക്കുന്നവരാകട്ടെ പൊതുതാല്‍പ്പര്യത്തിനെതിരായി നികുതി വെട്ടിപ്പുകാരെ രക്ഷിക്കുവാന്‍വേണ്ടിയാണ് പലപ്പോഴും നിലപാടെടുക്കുന്നത്. കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിലെ ഇ-ഓഫീസ് സമ്പ്രദായത്തെക്കുറിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. സെക്രട്ടറിയേറ്റെങ്കിലും യു.ഡി.എഫ് നന്നാക്കിയില്ലേയെന്ന് ചോദിച്ചവര്‍ നികുതിവകുപ്പിലെ ഇ-ഗവേര്‍ണന്‍സിന്റെ സ്ഥിതികൂടി പരിശോധിക്കണം. സെക്രട്ടറിയേറ്റില്‍ ല്‍ കഴിഞ്ഞ എല്‍ .ഡി.എഫ് സര്‍ക്കാരിന്റെകാലത്ത് തുടങ്ങിയ കമ്പ്യൂട്ടറൈസേഷന്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ നികുതിവകുപ്പില്‍ അന്ന് എവിടെയായിരുന്നുവോ അവിടത്തന്നെയാണ് കാര്യങ്ങള്‍ കിടക്കുന്നത്. സോഫ്ട്‌വെയര്‍ പോകട്ടേ, സെര്‍വര്‍പോലും മാറ്റിവച്ചിട്ടില്ല. അതുകൊണ്ട് സിസ്റ്റം പലപ്പോഴും പ്രവര്‍ത്തനരഹിതമാകുന്നു. 


നികുതിപിരിവ് 12 ശതമാനത്തി നിന്നും ഒറ്റയടിക്ക് 20 ശതമാനത്തിലേയ്ക്ക് ഉയര്‍ത്താനാവില്ല. എങ്കിലും വര്‍ഷം അവസാനിക്കുംമുമ്പ് ഈ ലക്ഷ്യത്തിലേയ്ക്ക് എത്തണം. ഇതിനൊരു കാര്യപരിപാടി തയ്യാറാക്കി. യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ സെര്‍വ്വര്‍ സ്ഥാപിക്കും, സോഫ്ട്‌വെയര്‍ നവീകരിക്കും. ചെറുമീനുകളെവിട്ട് വന്‍കിടക്കാരുടെ ഫയലുകള്‍ പരിശോധിച്ച് തീര്‍ക്കുവാന്‍ മുന്‍ഗണന നല്‍കും. റിക്കവറി നടപടികള്‍ ശക്തിപ്പെടുത്തും. അപ്പീല്‍ കമ്മീഷണര്‍മാരുടെ തെറ്റായ തീരുമാനം സ്വയമേവ പുനപരിശോധിക്കാന്‍ കമ്മീഷണര്‍ക്ക് അധികാരം നല്‍കും. ആവശ്യമെങ്കില്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. അഴിമതിരഹിത വാളയാര്‍ ബഡ്ജറ്റിനുശേഷം പുനരാരംഭിക്കും. ഇത്തവണ വാളയാറില്‍ ഒതുങ്ങില്ല. ഡിപ്പാര്‍ട്ട്‌മെന്റ് മുഴുവന്‍ ശുദ്ധീകരിക്കണം. ചില കള്ളന്‍മാരെ മാതൃകാപരമായി ശിക്ഷിച്ചുകൊണ്ടാവും ഇതിനുതുടക്കം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍