UPDATES

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

ഏതാനും ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍എസ്എസ് കാര്യവാഹക് രാജേഷ് വെട്ടേറ്റ് മരിച്ച സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് എഫ്‌ഐആര്‍. കേസില്‍ അറസ്റ്റിലായ മണിക്കുട്ടന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന ആര്‍എസ്എസ്-ഡിവൈഎഫ്‌ഐ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് പ്രതികളെ ചോദ്യം ചെയ്ത ശേഷമേ തീരുമാനിക്കാന്‍ സാധിക്കൂവെന്നാണ് ഇന്നലെ ഡിജിപി പറഞ്ഞത്. ഇന്ന് രാവിലെ എഫ്‌ഐആറിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് ലഭിച്ചതോടെയാണ് കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന പോലീസിന്റെ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്.

പതിനൊന്ന് പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒമ്പത് പേരെ ഇന്നലെ ഉച്ചയോടെ പിടികൂടിയിരുന്നു. പാനച്ചക്കുന്ന് കോളനിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകരെ സഹായിച്ചതിന്റെ പേരിലാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. മണിക്കുട്ടന്‍, വിജിത്ത്, പ്രമോദ്, എബി, വിപിന്‍, സിബി എന്നിവരാണ് ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍. കണ്ടാലറിയുന്ന അഞ്ച് പേര്‍ എന്നാണ് മറ്റ് പ്രതികളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ മാരകായുധങ്ങളുമായി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്നും ഒന്നാം പ്രതിയായ മണിക്കുട്ടന്‍ വെട്ടുകത്തികൊണ്ട് രാജേഷിന്റെ കാലില്‍ വെട്ടിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. രണ്ടാം പ്രതിയായ വിജിത്ത് ഈ സമയം വാളുമായി രാജേഷിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചിരിക്കുകയായിരുന്നു.

പിന്നീട് രാജേഷിനെ വലിച്ചിഴച്ച് റോഡിലെത്തിച്ച് ആറ് പേരും ചേര്‍ന്ന് തലങ്ങും വിലങ്ങും വെട്ടി മരണകാരണമായ മുറിവുകളുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍