UPDATES

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്‍ തുടരുന്നു

അഴിമുഖം പ്രതിനിധി

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കനത്ത വെടിവയ്പ്പാണ് പാക് സൈന്യം നടത്തിയത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇന്ന് രാവിലെ മൂന്നരയോടെയാണ് സൗസിയാന്‍ മേഖലയില്‍ വെടിവയ്പ്പ് ആരംഭിച്ചത്. നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ മേഖലയാണ് സൗസിയാന്‍. ഈ മാസം 12-ഓളം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞമാസം 18 തവണയും കരാര്‍ ലംഘിച്ചു. അതില്‍ മൂന്ന് സൈനികരടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം ഇന്നലെ രാത്രി ഉദംപൂരിലെ പൊലീസ് പോസ്റ്റിലുണ്ടായ വെടിവയ്പ്പ് ഭീകരാക്രമണം ആകാന്‍ സാധ്യതയില്ലെന്ന് പൊലീസ് പറയുന്നു. ഈ മേഖലയില്‍ ഭീകരരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വെടിവയ്പ്പിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്നും അവര്‍ പറഞ്ഞു. വെടിവയ്പ്പില്‍ ഒരു സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഗ്രാമ പ്രതിരോധ സമിതി പരിഭ്രാന്തരായി വെടിയുതിര്‍ക്കുകയായിരുന്നു. അത് ഒരു മണിക്കൂറോളം തുടര്‍ന്നു. ഗ്രാമ പ്രതിരോധ സമിതിയിലെ 42 അംഗങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. എന്താണ് നടക്കുന്നതെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഭീകരാക്രമണം എന്ന് കരുതി സമിതിയംഗങ്ങള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍