UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: അക്ഷര്‍ധാം ആക്രമണവും ഗിഫാര്‍ഡിന്റെ വിമാനവും

Avatar

1852 സെപ്തംബര്‍ 24
ആദ്യമായി വിമാനം പറക്കുന്നു

റൈറ്റ് സഹോദരന്മാര്‍ 1903 ല്‍ വിമാനം കണ്ടുപിടിക്കുന്നതിന് മുമ്പേ ഫ്രഞ്ച് പൗരനായ ജൂലിയസ് ഗിഫാര്‍ഡ് ലോകത്തിലെ ആദ്യത്തെ വ്യോമവാഹനം നിര്‍മ്മിച്ചിരുന്നു. 1852 സെപ്തംബര്‍ 24 ന് ആവി യന്ത്രത്താല്‍ പ്രവര്‍ത്തനക്ഷമമായ തന്റെ വിമാനത്തില്‍ ട്രാപ്പസിന് സമീപമുള്ള എലന്‍കോര്‍ട്ടില്‍ നിന്ന് ഗിഫാര്‍ഡ് പറന്നുപൊങ്ങി. നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്ന് 27 കിലോമീറ്റര്‍ ഈ വിമാനം സഞ്ചരിച്ചു. അതിനപ്പുറം പറക്കാന്‍ തക്ക ശക്തിയുള്ളതായിരുന്നില്ല ഗിഫാര്‍ഡിന്റെ വിമാനത്തിലെ ചെറിയ എഞ്ചിനും ചിറകുകളും. മണിക്കൂറില്‍ ആറുകിലോമീറ്റര്‍ ആയിരുന്നു വിമാനത്തിന്റെ വേഗത.

പറക്കാനുപയോഗിക്കുന്ന ബലൂണുകളെ വിളിക്കുന്ന ഡിറിജിബിള്‍ എന്ന പേര്, തിരിക്കാന്‍ കഴിയുന്ന എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച് പദമായ ഡിറിജിയബിളില്‍ നിന്ന് രൂപം കൊണ്ടതാണ്.ഗിഫാര്‍ഡിന്റെ വിമാനമാണ് ഇത്തരമൊരു പേരിന് കാരണമാകുന്നതും.

2002 സെപ്തംബര്‍ 24 
അക്ഷര്‍ദ്ധാം ക്ഷേത്രാക്രമണം

ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിന്റെ അഭിമാന സ്തംഭമാണ് അക്ഷര്‍ദ്ധാം ക്ഷേത്രം. 2002 സെപ്തംബര്‍ 24 ന് ഈ ക്ഷേത്രം തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ടു. 30 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 80ഓളം പേര്‍ക്ക് പരുക്കേറ്റു. ഇത്ര ഭീകരമായൊരു ആക്രമണം ഇന്ത്യ അതിനുശേഷം കണ്ടിട്ടില്ല.

ആയിരക്കണക്കിന് പേരാണ് ഈ സ്വാമിനാരായണ ക്ഷേത്രത്തില്‍ ദിവസേന എത്തുന്നത്. തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് 2000 ത്തോളം ഭക്തന്മാരാണ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത്. വൈകുന്നേരം 4.45 നാണ് രണ്ടു തീവ്രവാദികള്‍ ക്ഷേത്രത്തിലേക്ക് കടന്നു കയറുന്നതും കണ്ണില്‍ കണ്ടവരെയെല്ലാം വെടിവയ്ക്കുന്നതും ഗ്രനേഡ് എറിയുകയും ചെയ്തതും. രാത്രിയോടെ ഡല്‍ഹിയില്‍ നിന്ന് ദേശിയ സുരക്ഷ ഭടന്മാര്‍ അക്ഷര്‍ദ്ധാം ക്ഷേത്രത്തില്‍ എത്തുകയും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് സുരക്ഷാസേനയ്ക്ക് ഭീകരരെ വധിക്കാന്‍ കഴിഞ്ഞത്. അതോടെ ഓപ്പറേഷന്‍ വജ്രശക്തി എന്ന അറിയപ്പെടുന്ന ഏറ്റുമുട്ടല്‍ അവസാനിച്ചു.


കൊല്ലപ്പെട്ട രണ്ട് ഭീകരരെയും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളായ അലി മുഹമ്മദ് ഫറൂഖ്, മുര്‍താസ് ഹാസിഫ് യാസിന്‍ എന്നിവരാണ് കൊല്ലപ്പെട്ട ഭീകരര്‍. ഗുജാറാത്ത് പോലീസ് ഈ സംഭവത്തിന്റെ പേരില്‍ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ആറുപേരെ ആക്രമണത്തിന് സഹായിച്ചതിന്റെ പേരില്‍ കുറ്റവാളികളായി കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ ഗുജറാത്ത് പോലീസ് കുറ്റവാളികളായി കണ്ട് പിടികൂടിയവരെ 2014 മേയ് 16 നു നടത്തിയ വിധിയിലൂടെ സുപ്രിം കോടതി വെറുതെ വിട്ടു. ഇവരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടവരും ഉള്‍പ്പെട്ടിരുന്നു. പ്രതിയാക്കപ്പെട്ട് പിടികൂടിയവരുടെ മേല്‍ കുറ്റം തെളിയിക്കാന്‍ ഗുജറാത്ത് പോലീസ് പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരപരാധികളുടെ മേല്‍ കുറ്റം ആരോപിക്കാതെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഗുജറാത്ത് പോലീസിനെ സംബന്ധിച്ച് കോടതി വിധി വലിയൊരു പ്രഹരമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍