UPDATES

വിദേശം

പാകിസ്ഥാന്റെ ആദ്യ ദലിത് വനിത സെനറ്റര്‍ കൃഷ്ണകുമാരി കോഹ്ലി: ഭൂവുടമയുടെ തടവില്‍ നിന്ന് പാര്‍ലമെന്റിലേക്ക്

പാകിസ്ഥാനിലെ വനിതാ, ന്യൂനപക്ഷ അവകാശ പോരാട്ടങ്ങളില്‍ നാഴികക്കല്ലായാണ് കൃഷ്ണകുമാരിയുടെ വിജയം വിലയിരുത്തപ്പെടുന്നത്. നേരത്തെ ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ സെനറ്റിലേയ്ക്ക് അയച്ചതും പിപിപിയാണ് – രത്‌ന ഭഗ്‌വാന്‍ദാസ് ചൗളയെ.

പാകിസ്ഥാന്‍ പാര്‍ലമെന്റിലേയ്ക്ക് ആദ്യമായി ഒരു ദലിത് വനിത. പിപിപിയുടെ (പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി) പ്രതിനിധിയായ കൃഷ്ണകുമാരി കോഹ്ലിയാണ് സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സെനറ്റിലേയ്ക്ക് എന്നെ അയച്ച പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് നന്ദി – കൃഷ്ണകുമാരി കോഹ്ലി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. പാകിസ്ഥാനില്‍ 20 കോടിയിലധികം വരുന്ന ആകെ ജനസംഖ്യയില്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. സാമൂഹ്യമായും സാമ്പത്തികമായും പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ഏറെ പിന്നോക്കം നില്‍ക്കുന്നവരാണ്. സിന്ധ് പ്രവിശ്യയില്‍ വനിത സംവരണ സീറ്റില്‍ മത്സരിച്ചാണ് കൃഷ്ണകുമാരി സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാനിലെ വനിതാ, ന്യൂനപക്ഷ അവകാശ പോരാട്ടങ്ങളില്‍ നാഴികക്കല്ലായാണ് കൃഷ്ണകുമാരിയുടെ വിജയം വിലയിരുത്തപ്പെടുന്നത്. നേരത്തെ ആദ്യമായി ഒരു ഹിന്ദു സ്ത്രീയെ സെനറ്റിലേയ്ക്ക് അയച്ചതും പിപിപിയാണ് – രത്‌ന ഭഗ്‌വാന്‍ദാസ് ചൗളയെ. സിന്ധ് പ്രവിശ്യയിലെ നഗര്‍ പാര്‍കര്‍ ജില്ലയില്‍ ഒരു ചെറു ഗ്രാമത്തിലെ ദരിദ്ര കര്‍ഷ കുടുംബത്തില്‍ നിന്ന് വരുന്നയാളാണ് കൃഷ്ണകുമാരി കോഹ്ലി. 1979 ഫെബ്രുവരിയില്‍ ജനിച്ച കൃഷ്ണകുമാരി കോഹ്ലിയും കുടുംബാംഗങ്ങളും മൂന്ന് വര്‍ഷത്തോളം ഉമര്‍കോട്ടിലെ ഭൂവുടമയുടെ സ്വകാര്യ ജയിലില്‍ കഴിഞ്ഞു. കൃഷ്ണകുമാരി മൂന്നാം ക്ലാസില്‍ പഠിക്കുമ്പോളായിരുന്നു ഇത്തരത്തില്‍ ഭൂവുടമയുടെ തടവിലായത്. 16ാം വയസില്‍, ഒമ്പതാം ഗ്രേഡില്‍ പഠിച്ചുകൊണ്ടിരിക്കെ വിവാഹിതയായി. എന്നാല്‍ പഠനം തുടര്‍ന്ന കൃഷ്ണകുമാരി 2013ല്‍ സിന്ധ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ മാസ്‌റ്റേഴ്‌സ് ബിരുദം നേടി.

സഹോദരനൊപ്പമാണ് കൃഷ്ണകുമാരി പിപിപിയില്‍ ചേര്‍ന്നത്. സഹോദരന്‍ പിന്നീട് ബെറാനോ യൂണിയന്‍ കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഥാര്‍ അടക്കമുള്ള മേഖലകളിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി കൃഷ്ണകുമാരി കോഹ്ലി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്ത ചരിത്രമുള്ള രൂപ്ലൂ കോഹ്ലിയുടെ കുടുംബത്തില്‍ പെട്ടയാളാണ് കൃഷ്ണകുമാരി. 1857ലെ ജനകീയ കലാപ കാലത്ത് സിന്ധ് പ്രവിശ്യയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സേന ആക്രമണം നടത്തിയപ്പോള്‍ ചെറുക്കാന്‍ രൂപ്ലൂ കോഹ്ലിയും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 1858 ഓഗസ്റ്റ് 22ന് തൂക്കിലേറ്റുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍