UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ലൈക്കയുടെ ശൂന്യാകാശ യാത്രയും ഇറാന്‍-കോണ്‍ട്ര കരാറിന്റെ വെളിപ്പെടുത്തലും

Avatar

1957 നവംബര്‍ 3
ലൈക്ക എന്ന നായയെ സോവിയറ്റ് യൂണിയന്‍ ശൂന്യാകാശത്തേക്കയക്കുന്നു

സോവിയറ്റ് യൂണിയന്‍ ചരിത്രത്തില്‍ ഇടം നേടിയ ദിവസമാണ് 1957 നവംബര്‍ 3. അന്നാണ് അവര്‍ ശൂന്യാകാശത്തേക്ക് ഒരു നായയെ അയച്ചത്. ലൈക്ക എന്ന സൈബിരിയന്‍ ഹസ്‌കിയെയാണ് സോവിയറ്റ് യൂണിയന്‍ തങ്ങളുടെ സ്പുട്നിക് 2 എന്ന ബഹിരാകാശ വാഹനത്തില്‍ പരീക്ഷണാര്‍ത്ഥം ബഹിരാകാശത്തെക്ക് അയച്ചത്. തെരുവില്‍ നിന്നാണ് ലൈക്ക സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പരീക്ഷണത്തിന്റെ ഭാഗമാകുന്നത്. സോവിയറ്റ് ഇതിനുശേഷവും ഡസണ്‍ കണക്കിന് നായ്ക്കളെ ബഹിരാകാശത്തേക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ പകുതിയും ചത്തുപോയി.

ആദ്യമായി നായയെ അയച്ചതിനു നാലുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് സോവിയറ്റ് യൂണിയന്‍ ആദ്യമായി മനുഷ്യനെ ശൂന്യാകാശത്തേക്ക് അയക്കുന്നത്. 1961 ഏപ്രില്‍ 12 നായിരുന്നു ലോകത്തെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന റെക്കോര്‍ഡ് ഇട്ടുകൊണ്ട് സോവിയറ്റ് യൂണിയന്റെ ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിന്‍ കുതിച്ചുപൊങ്ങുന്നത്.

1986 നവംബര്‍ 3
ഇറാന്‍-കോണ്‍ട്ര കരാര്‍ പുറത്താകുന്നു

ഏഴ് അമേരിക്കന്‍ ബന്ദികളെ വിട്ടുകിട്ടാനായി 1980 ല്‍ ഇറാന് രഹസ്യമായി ആയുധങ്ങള്‍ കൈമാറ്റം നടത്തിയ അമേരിക്കന്‍ നടപടി 1986 നവംബര്‍ 3 ന് ലബനീസ് മാഗസീന്‍ ആയ ആഷ് ഷിറ പുറത്തുകൊണ്ടുവന്നു. റിപ്പോര്‍ട്ട് പുറത്തുവന്ന് മൂന്നു ദിവസത്തിനുശേഷം അമേരിക്കന്‍ ഭരണകൂടം ഇത് ശരിവയ്ക്കുകയും ചെയ്തു.

പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ഭണകൂടത്തെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ട ഒന്നായിരുന്നു ഇറാനുമായി നടത്തിയ രഹസ്യ ആയുധക്കൈമാറ്റം. ഇറാന്‍-കോണ്‍ട്ര കരാര്‍ എന്നപേരിലാണ് പിന്നീട് ഈ സംഭവം ചരിത്രത്തില്‍ പ്രശസ്തമായത്. ഇടതുപക്ഷ ഭരണത്തിനെതിരായി പൊരുതുന്ന നിക്വാരാഗ്വന്‍ റിബല്‍ ഗ്രൂപ്പായ കോണ്‍ട്രായ്ക്ക് യുഎസ് ഭരണകൂടം രഹസ്യ പിന്തുണ കൊടുത്തിരുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റീഗന്‍ ഭരണകൂടം വകമാറ്റി തുക ചെലവഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള ഇസ്ലാമിക് ഗ്രപ്പ് അമേരിക്കക്കാരെ തടവിലാക്കുന്നത്.

ആയുധക്കൈമാറ്റത്തിന്റെ രഹസ്യം പുറത്തുവന്നതോടുകൂടി റീഗണ്‍ ഭരണകൂടത്തിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് വൈസ് അഡ്മിറല്‍ ജോണ്‍ പോയ്ന്‍ഡെക്‌സിയറിന് സ്ഥാനം നഷ്ടമായി. അദ്ദേഹത്തിന്റെ വിശ്വസ്ത സഹായിയായ കേണല്‍ ഒലിവര്‍ നോര്‍ത്തിനും അതേ ഗതിതന്നെയായിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍