UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; ആംആദ്മി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

പാര്‍ട്ടി നേതൃത്വത്തില്‍ തൃപ്തരല്ലാത്ത 35 എംഎല്‍എമാര്‍ ആംആദ്മി പാര്‍ട്ടിയിലുണ്ടെന്ന് പാര്‍ട്ടി വിട്ട എംഎല്‍എ

സുപ്രധനമായ ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ആംആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ച് എംഎല്‍എ കൂറുമാറി. മുമ്പ് ബിജെപിയില്‍ നിന്നും ആംആദ്മിയിലെത്തിയ വേദ് പ്രകാശ് സതീഷ് ആണ് ഇന്ന് ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ആംആദ്മി പാര്‍ട്ടി വിടുന്നതായും ബിജെപിയില്‍ ചേരുന്നതായും പ്രഖ്യാപിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ ഏവരെയും അമ്പരപ്പിച്ച വിജയം നേടിയ ആംആദ്മി ആകെയുള്ള 70 സീറ്റുകളില്‍ 67 എണ്ണവും നേടിയിരുന്നു. മൂന്ന് സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്.

സതീഷ് ബിജെപിയില്‍ ചേര്‍ന്നതോടെ ഡല്‍ഹിയിലെ ബിജെപി എംഎല്‍എമാരുടെ എണ്ണം നാലായി. 2015ല്‍ തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ ആംആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് സതീഷ് പാര്‍ട്ടി വിട്ടത്. നിലവില്‍ ബിജെപി ഭരിക്കുന്ന ഡല്‍ഹി കോര്‍പ്പറേഷനില്‍ അവര്‍ ഭരണത്തുടര്‍ച്ച നേടുമെന്നും അവര്‍ വ്യക്തമാക്കി. ആരോഗ്യം, ശുചിത്വം തുടങ്ങിയ മേഖലയില്‍ സുപ്രധാനമായ തീരുമാനമെടുക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പ്പറേഷന് സാധിച്ചിരുന്നു.

അതേസമയം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തേണ്ടത് ആംആദ്മിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ദേശീയ വളര്‍ച്ച മുന്നില്‍ക്കണ്ട് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ട ഇവര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പഞ്ചാബില്‍ പോലും ദാരുണമായ പരാജയമാണ് നേരിടേണ്ടി വന്നത്. ഉത്തര്‍പ്രദേശിലേത് പോലെ മോദി തരംഗം ഡല്‍ഹിയിലും ആവര്‍ത്തിക്കപ്പെടുമെന്ന് സതീഷ് തന്റെ പ്രസംഗത്തില്‍ അറിയിച്ചു.

പാര്‍ട്ടി നേതൃത്വത്തില്‍ തൃപ്തരല്ലാത്ത 35 എംഎല്‍എമാര്‍ ആംആദ്മിയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ചിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി സതീഷ് അപ്രതീക്ഷിതമായി നടത്തിയ കൂറുമാറ്റ പ്രഖ്യാപനം ആംആദ്മി പാര്‍ട്ടിയെ അമ്പരപ്പിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് മുമ്പ് സതീഷ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഫോണ്‍ കോളുകളെല്ലാം നിരസിച്ചതായി ആംആദ്മി വക്താവ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍