UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീര്‍, യുഎപിഎ ഭേദഗതി, സാമ്പത്തിക പ്രതിസന്ധി – രണ്ടാം മോദി സര്‍ക്കാരിന്റെ സംഭവബഹുലമായ ആദ്യ 100 ദിനങ്ങള്‍

പല വിവാദ സംഭവങ്ങള്‍ക്കും ഈ നൂറ് ദിനങ്ങള്‍ സാക്ഷ്യം വഹിച്ചു.

സെപ്റ്റംബര്‍ ആറിന് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും സംഭവ ബഹുലമായ നൂറ് ദിവസങ്ങളാണ് രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്തിന് നല്‍കിയത്. അന്താരാഷ്ട്ര, ആഭ്യന്തര, സാമ്പത്തിക രംഗങ്ങളില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയത്.

കാശ്മീര്‍ സംബന്ധിച്ച തീരുമാനമാണ് സര്‍ക്കാര്‍ ഏറ്റവും നേട്ടമായി പറയുന്നതും, അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും ചര്‍ച്ചയായതും. സ്വതന്ത്ര്യകാലം മുതല്‍ ഇന്ത്യയുടെ ഒരു വലിയ പ്രശ്‌നമായി തുടര്‍ന്നിരുന്ന കാശ്മീര്‍ വിഷയം പരിഹരിക്കുന്നതിലേക്കുള്ള നിര്‍ണായക കാല്‍വെപ്പായാണ് ആഗസ്റ്റ് അഞ്ചിനെടുത്ത തീരുമാനങ്ങളെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ജമ്മു കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ ഉള്‍പ്പെട്ട 370-ാം വകുപ്പും, 35 എ വകുപ്പും എടുത്തുകളയുകയും ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര് ചെയ്തത്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് കാശ്മീരില്‍ സൈനിക വിന്യാസം ശക്തമാക്കുകയും പ്രധാനപെട്ട നിരവധി രാഷ്ട്രീയക്കാരെ വീട്ടു തടങ്കലിലാക്കുകയും ചെയ്തിരുന്നു. വാര്‍ത്ത വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. കാശ്മീര്‍ സന്ദര്‍ശിക്കാന്‍ പോയ രാഷ്ട്രീയക്കാരെ തടഞ്ഞു.

വലിയ പ്രതിഷേധങ്ങള്‍ കാശ്മീരില്‍ നടന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആദ്യം ഈ റിപ്പോര്‍ട്ടുകളെ തള്ളി കളയുകയാണ് സര്‍ക്കാര്‍ ചെയ്തത്. കാശ്മീര്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. പാകിസ്താന്‍ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയുടെ പരിഗണയിലെത്തിച്ചു. കാശ്മീരില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഒരു പറ്റം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. കേസുകള്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കയാണ്. ഒക്ടോബറില്‍ കേസ് അഞ്ചംഗ ബഞ്ച് പരിഗണനയ്ക്ക് വിട്ടു. സിപിഎം നേതാവ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കോടതി അനുവദിച്ചതും അദ്ദേഹത്തെ ചികില്‍സയ്ക്ക് ഡല്‍ഹി എയിംസില്‍ പ്രവേശിച്ചതും സര്‍ക്കാരിന് തിരിച്ചടിയായി.

യുഎപിഎ നിയമത്തില്‍ വരുത്തിയ ഭേദഗതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വിവാദമായ തീരുമാനം. വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാന്‍ അനുവദിക്കുന്നതായിരുന്നു നിയമ ഭേദഗതി. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഐഎയ്ക്ക് അധികാരവും പുതിയ ഭേദഗതിയിലൂടെ കൈവരും. കടുത്ത മനുഷ്യാവാകാശ ലംഘനങ്ങളാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ഭേദഗതിയെ എതിര്‍ക്കുന്നവരുടെ ആരോപണം. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാല് പേരെ ഭീകരരായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ നിയമ ഭേദഗതിയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിരിക്കയാണ്

മുത്തലാഖ് ബില്ല് നിയമമാക്കിയതാണ് മറ്റൊരു പ്രധാന സംഭവം. മുത്തലാഖ് ചൊല്ലി, ഭാര്യയെ ഉപേക്ഷിക്കുന്നത് കൃത്യമായി പരിഗണിക്കുന്നതാണ് നിയമം. മുസ്ലീം സ്ത്രീകളുടെ സാമൂഹ്യ ഉന്നമനവുമായി ബന്ധപ്പെട്ട് നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വാദം.
സാമ്പത്തിക മേഖലയിലെ കടുത്ത പ്രതിസന്ധിയാണ് 100 ദിവസത്തിനുള്ളില്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനമാകുകയും വിവിധ മേഖലകളില്‍ മാന്ദ്യവും സാമ്പത്തിക രംഗത്തെ ഉലച്ചതും ഈ നൂറു ദിവസങ്ങളിലാണ്. സാമ്പത്തിക ഉത്തേജക പാക്കേജ് എന്ന രീതിയില്‍ സര്‍ക്കാര്‍ ചില നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് കാര്യമായ പ്രഭാവം ചെലുത്തിയില്ല. ഇതേ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്. ഇതിനെതിരെയും വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉണ്ടായി. ഈ ഫണ്ട് കൊണ്ട് സര്‍ക്കാര്‍ എന്താണ് ചെയ്യുക എന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല.

രൂപയുടെ ക്രമാതീതമായ മൂല്യ തകര്‍ച്ചയ്ക്കും ഈ ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചു. അത് കൂടുതല്‍ സാമ്പത്തിക പ്രയാസത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന ആശങ്കയാണുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍