UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ വിധിയെഴുതാന്‍ ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു

പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിനെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്നതിന്റെ ഫലം അറിയാന്‍ ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്. യുപിയിലെ മതുര, മീററ്റ്, ഗാസിയാബാദ്, നോയ്ഡ എന്നീ സുപ്രധാന മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ബിജെപി, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ ് സഖ്യം എന്നിവര്‍ തമ്മിലാണ് മുഖ്യമായും മത്സരം. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച സമാജ്‌വാദി പാര്‍ട്ടി ഭരണ തുടര്‍ച്ചയാണ് തേടുന്നത്. എന്നാല്‍ 13 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന ബിജെപിയില്‍ നിന്നും അഞ്ച് വര്‍ഷത്തിന് ശേഷം അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബിഎസ്പിയില്‍ നിന്നും ഈ സഖ്യത്തിന് കനത്ത വെല്ലുവിളിയുണ്ട്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി 80 സീറ്റുകളില്‍ 71 എണ്ണത്തിലും വിജയിച്ചിരുന്നു. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലേക്കും സമാജ്‌വാദി പാര്‍ട്ടി രണ്ട് സീറ്റുകളിലേക്കും ഒതുങ്ങിയപ്പോള്‍ ബിഎസ്പിയ്ക്ക് ഒറ്റ സീറ്റ് പോലും നേടാനായില്ല. മോദി പ്രഭാവത്തില്‍ നേടിയ ഈ വിജയത്തിന്റെ അന്തരീക്ഷമല്ല ഇന്ന് രാജ്യത്തെങ്ങും നിലനില്‍ക്കുന്നത്. ജാതി കാര്‍ഡ് കളിച്ച് ബിജെപി അന്ന് നേടിയ വിജയത്തിന് മേല്‍ ഇന്ന് കരിനിഴല്‍ വീഴ്ത്തുന്നത് അന്നത്തെ തുരുപ്പ് ചീട്ടായിരുന്ന നരേന്ദ്ര മോദി തന്നെയാണ്. അപ്രതീക്ഷിതമായി അദ്ദേഹം നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം നേരിട്ട നോട്ട് ക്ഷാമത്തില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യം ഇപ്പോഴും കരകയറിയിട്ടില്ല.

അതേസമയം നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങള്‍ വിവരിച്ചും കോണ്‍ഗ്രസ്-സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന്റെ കോട്ടങ്ങള്‍ വിവരിച്ചും ഈ പ്രതിസന്ധിയെ മറികടക്കലായിരുന്നു ബിജെപിയും തെരഞ്ഞെടുപ്പ് പ്രചരണ തന്ത്രം. ഉത്തര്‍പ്രദേശിനൊപ്പം പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. നോട്ട് നിരോധനത്തിന് ശേഷം രാജ്യം നേരിടുന്ന ആദ്യ വോട്ടെടുപ്പായതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ പുതിയ നയത്തോടുള്ള ജനങ്ങളുടെ വിധിയെഴുത്ത് കൂടിയാകും ഇത്.

യുപിയില്‍ നിന്നും സ്‌കാം(സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ് യാദവ്, മായാവതി) തുടച്ചു നീക്കണമെന്നാണ് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുപിയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് ശേഷം ശക്തമായി തന്നെ തിരിച്ചെത്തി അഞ്ചാംവട്ട മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷയിലാണ് മായാവതി. ചരിത്രത്തിലെ എക്കാലത്തെയും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുമായാണ് മായാവതിയുടെ ബിഎസ്പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും മുഖ്യവോട്ട് ബാങ്കായ മുസ്ലിം സമുദായത്തില്‍ നിന്നും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പില്‍ വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് അവര്‍.

അതേസമയം സമാജ്‌വാദി പാര്‍ട്ടി ദേശീയ പ്രസിഡന്റായി ചുമതലയേറ്റ ശേഷം നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പ് യുപി മുഖ്യമന്ത്രി അഖിലേഷും അഗ്നി പരീക്ഷയാണ്. അച്ഛനും മുതിര്‍ന്ന നേതാവുമായ മുലായം സിംഗ് യാദവുമായുണ്ടായ തര്‍ക്കം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത അഖിലേഷിനുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 22 സീറ്റുകളില്‍ കോണ്‍ഗ്രസും 51 സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടിയുമാണ് മത്സരിക്കുന്നത്.

രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. 15 ജില്ലകളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍