UPDATES

വിദേശം

ആദ്യ സംവാദത്തില്‍ ട്രംപ് തോറ്റു; അടുത്തതയാള്‍ക്ക് കൂട്ടക്കൊലയാകും ഒന്നാം സ്ഥാനാര്‍ത്ഥി സംവാദം; വീണതാര്? ഹിലാരിയോ ട്രംപോ?

Avatar

പോള്‍ വാള്‍ഡ്മാന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നിങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യപടി നിങ്ങള്‍ക്കൊരു പ്രശ്നമുണ്ട് എന്നത് അംഗീകരിക്കുക എന്നതാണെങ്കില്‍ ഡൊണാള്‍ഡ് ട്രംപ് ഗുരുതരമായ കുഴപ്പത്തില്‍പ്പെട്ടിരിക്കുന്നു. ഹിലാരി ക്ലിന്‍റനുമായുള്ള രണ്ടാം സംവാദത്തിന് കഷ്ടി പത്തു ദിവസം മാത്രം ബാക്കിനില്‍ക്കേ മിക്ക സമ്മതിദായകരും നിരീക്ഷകരും സമ്മതിക്കുന്ന ഒരു കാര്യം ആദ്യ സംവാദത്തില്‍ അയാള്‍ ഏറെ പിറകില്‍പ്പോയി എന്നതാണ്. നടന്നതിനെക്കുറിച്ചും അടുത്ത തവണ മറിച്ചൊരു ഫലം ഉണ്ടാക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അയാളുടെ പ്രചാരണ സംഘവും ട്രംപും തീര്‍ത്തും നിഷേധാത്മകമായ സമീപനത്തിലാണ്.

പക്ഷേ അവിടെ തീര്‍ന്നില്ല. രണ്ടാം സംവാദത്തിന്റെ ചട്ടക്കൂട് പരിഗണിച്ചാല്‍ ആദ്യ സംവാദത്തിനേക്കാള്‍ മോശമായിരിക്കും ട്രംപിന്റെ പ്രകടനം. ക്ലിന്റണ്‍ കൂടുതല്‍ നല്ല പ്രകടനം നടത്തുകയും ചെയ്യും.

പല വിഷയങ്ങളിലും ഏറെനേരം ശ്രദ്ധ നിലനിര്‍ത്താന്‍ കഴിയാഞ്ഞതും തന്റെ സംഘത്തിലെ ആശയക്കുഴപ്പങ്ങളും ആദ്യസംവാദത്തില്‍ ട്രംപിന് പ്രതികൂലമായി. സംവാദത്തിന് മുന്നോടിയായി സാധാരണ സമ്പ്രദായമനുസരിച്ച് പല വിഷയങ്ങളെക്കുറിച്ചും ഒന്നിലേറെ ആളുകള്‍ കാര്യങ്ങള്‍ മനസിലാക്കിക്കാന്‍ ശ്രമിച്ചപ്പോള്‍ അത്തരം യോഗങ്ങളില്‍ ട്രംപിന് ശ്രദ്ധ നിലനിര്‍ത്താന്‍ ആയില്ലെന്ന് അയാളുടെ സംഘത്തിലെ ഒരാള്‍ പറഞ്ഞു.

ചില പ്രമുഖ മാധ്യമങ്ങള്‍ ഇതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം; 

ട്രംപ് പ്രചാരണവിഭാഗം ആദ്യ സംവാദത്തില്‍ അയാളാണ് മുന്നിലെത്തിയതെന്ന് മറ്റ് പലരെക്കൊണ്ടും പറയിക്കാനുള്ള ശ്രമത്തിലാണെന്ന് സി എന്‍ എന്‍ റിപ്പോര്‍ട് ചെയ്യുന്നു. എന്തെങ്കിലും കുഴപ്പം പറ്റിയെന്ന് സ്ഥാനാര്‍ത്ഥിക്ക് ഇതുവരെ തോന്നിയിട്ടില്ലെങ്കിലും. “ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍ തന്റെ അനുഭാവികളുടെ അടിത്തറ വലുതാക്കണമെന്നും അതിനു ഈ വികാരപ്രകടനങ്ങളും നയങ്ങളും പ്രസിഡണ്ട് പദവിയിലേക്കുള്ള അയാളുടെ തയ്യാറെടുപ്പും  അംഗീകരിക്കാത്ത പുതിയ സമ്മതിദായകരെ കൊണ്ടുവരണമെന്നും ട്രംപിന് ഇതുവരെ മനസ്സിലായിട്ടില്ല. വ്യത്യസ്ഥമായ ചിലത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ തന്റെ രീതി തന്റെ ഉറച്ച അനുയായികള്‍ ഇഷ്ടപ്പെടുന്നതാണെന്ന് ട്രംപ് പ്രതികരിച്ചു.”

എല്ലാം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ട്രംപ് കരുതുന്നതായി അസോസിയേറ്റഡ് പ്രസ്സ് പറയുന്നു. “ഞങ്ങള്‍ സംവാദത്തില്‍ വിജയിച്ചാല്‍ പിന്നെ ഞങ്ങളെന്തിനാണ് രീതി മാറ്റുന്നത്,” ട്രംപിന് നിര്‍ണായക പിന്തുണ നല്‍കുന്ന മുന്‍ ന്യൂ യോര്‍ക് മേയര്‍ റൂഡി ഗിലിയാനി ചോദിച്ചു. പദ്ധതികളെന്താണെന്ന് ഇതുവരെ തീരുമാനിച്ചില്ലെങ്കിലും സംവാദത്തിന് മുമ്പ് ഏതെങ്കിലും തയ്യാറെടുപ്പ് സംവാദങ്ങളില്‍ ട്രംപ് പങ്കെടുത്തേക്കില്ല. തന്ത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും.

ഒന്നുകൂടി ശ്രദ്ധിച്ചാല്‍ വരുംദിനങ്ങളില്‍ തനിക്കെതിരെ ഉപയോഗിക്കാവുന്ന വാചകങ്ങള്‍ ക്ലിന്‍റന് ഇട്ടുനല്‍കുന്നത് ട്രംപിന് ഒഴിവാക്കാം. താന്‍ നികുതി കൊടുക്കാത്തത് തന്റെ മിടുക്കുകൊണ്ടാണെന്ന് കഴിഞ്ഞ സംവാദത്തില്‍ പറഞ്ഞപോലെ. അടുത്ത സംവാദം ടൌണ്‍ഹാള്‍ രീതിയിലാണെന്നത്  ട്രംപിന് കൂടുതല്‍ ദോഷം ചെയ്യും. അത് ഹിലാരിക്ക് ശക്തമായ മുന്‍തൂക്കമുള്ള രീതിയാണ്.

ഇനിയും വോട്ട് ആര്‍ക്ക് ചെയ്യണമെന്ന് നിശ്ചയിക്കാത്ത വോട്ടര്‍മാരായിരിക്കും അടുത്ത സംവാദത്തില്‍ എത്തുക. സംവാദ നിയന്ത്രകരോടൊപ്പം അവരും ചോദ്യങ്ങള്‍ ഉയര്‍ത്തും. ഒപ്പം പൊതുജനങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത, വെബ്സൈറ്റില്‍ വന്ന  ചില ചോദ്യങ്ങളും വരും. 1992 മുതല്‍ നിലവിലുള്ള ഈ രീതിയെക്കുറിച്ച് ചില പ്രധാന കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

ഒന്നാമത്തെ കാര്യം സാധാരണ പൌരന്‍മാര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ മിക്കപ്പോഴും അപ്രവചനീയമായിരിക്കും. കാമ്പുള്ള ചോദ്യങ്ങളായിരിക്കും എങ്കിലും പ്രചാരണത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്തവയാകണം അവ എന്നില്ല. ഇത് നയങ്ങളെക്കുറിച്ച് ആഴത്തിലും വിശാലവുമായ ധാരണകളുള്ള സ്ഥാനാര്‍ത്ഥിയെ സഹായിക്കും. ആരോഗ്യരക്ഷ നിയമത്തെക്കുറിച്ച് നീണ്ട വിവരണം നല്‍കുന്നതിനൊപ്പം സമുദ്ര നിയമ ഉടമ്പടിയെക്കുറിച്ചും ആവശ്യമെങ്കില്‍ നാലു വാചകം പറയാന്‍ കഴിയുന്നവര്‍ക്കായിരിക്കും ഇത് ഗുണം ചെയ്യുക. 

രണ്ടാമതായി, ടൌണ്‍ഹാള്‍ സംവാദത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ആളുകള്‍ക്കിടയിലൂടെ നടക്കുകയും ഇരിക്കുകയും ചെയ്യും. ഇതൊന്നും ട്രംപിന് പരിചിതമായ പണിയല്ല. ഹിലാരിയെ ഭര്‍ത്താവ് ചതിച്ച കഥയും മുന്‍ മിസ് യൂണിവേഴ്സ് അലീഷ്യ മച്ചാഡോ തടിച്ചിയാണെന്ന ആക്ഷേപവും ട്രംപിന് തികട്ടി വരും. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ നടക്കുമായിരിക്കും. പക്ഷേ, ഇതൊക്കെകേട്ട്  ഞെട്ടിയിരിക്കുന്ന സ്ത്രീകളുടെ മുഖത്തേക്ക് ക്യാമറകള്‍ നോക്കുന്ന പരിപാടിയില്‍ അതത്ര ഗുണം ചെയ്യില്ല.

അവസാനമായി, ഒരു ടൌണ്‍ഹാള്‍ പരിപാടിയില്‍ സ്ഥാനാര്‍ത്ഥികള്‍ പറയുന്നതെന്തു എന്നു മാത്രമല്ല അവര്‍ ചോദ്യം ചോദിക്കുന്ന ആളുകളുമായി എങ്ങനെ ഇടപെടുന്നു എന്നതും ജനം ശ്രദ്ധിക്കും. ഇടപെടലിന്റെ സ്വഭാവം അതിന്റെ ഉള്ളടക്കം പോലെ പ്രധാനമാണ്. 1992-ലെ ടൌണ്‍ ഹാള്‍ സംവാദത്തില്‍ “ദേശീയ കടം നിങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത്?” എന്ന് ഒരാള്‍ ചോദിച്ചത് ഓര്‍മ്മയുണ്ടാകും. ആദ്യം ഉത്തരം പറഞ്ഞ ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് ചോദ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ എടുത്ത് മറുപടി പറയാന്‍ കഷ്ടപ്പെട്ടു. എന്നാല്‍ ബില്‍ ക്ലിന്‍റന്‍ അവരുടെ അടുത്തേക്ക് ചെന്ന് ഒന്നുകൂടി ചോദിച്ചു, “പറയൂ, നിങ്ങളെ എങ്ങനെയത് ബാധിച്ചു?”“ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു, വീടുകള്‍ നഷ്ടമായി.” ക്ലിന്‍റന്‍ സമ്പദ് രംഗത്തെ അത് ബാധിച്ചതിനെക്കുറിച്ചും രാജ്യത്തിനെ ബാധിച്ചതിനെക്കുറിച്ചും സംസാരിച്ചു.

ഉത്തരത്തെക്കുറിച്ചല്ല ആളുകള്‍ ഓര്‍മ്മിച്ചത്, എത്ര വേഗമാണ് ക്ലിന്‍റന്‍ ആ വോട്ടറെ ഉള്‍ക്കൊണ്ടത് എന്നതിലായിരുന്നു. ആളുകള്‍ അത് ഇഷ്ടപ്പെട്ടു. പ്രകടനാത്മകതയുടെ പേരിലും നന്നായി പ്രസംഗിക്കാത്തതിന്റെ പേരിലുമൊക്കെ ഹിലാരിക്ക് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരാറുണ്ടെങ്കിലും, ആളുകളുമായി ബന്ധം സ്ഥാപിക്കാനും വിശാലമായ ആശങ്കകള്‍ ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിവുണ്ട്.

ഉദാഹരണത്തിന് പ്രൈമറിയില്‍ പ്രസിഡണ്ടായിരിക്കാനും ഒപ്പം വിനയം പാലിക്കാനും എങ്ങനെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഒരു ജൂത പുരോഹിതന്‍ ചോദിച്ചു. അ നിമിഷം അവര്‍ ചിന്താമഗ്നയായി (ഒരു തികഞ്ഞ രാഷ്ട്രീയക്കാരിയെപ്പോലെ ഉത്തരം ആലോചിക്കുകയായിരിക്കാമെങ്കില്‍പ്പോലും ). അതായത് ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്കറിയാം. അവരെ വ്യക്തിപരമായി അറിയുന്ന ആളുകള്‍ പറയുന്നത് വ്യക്തിബന്ധങ്ങളില്‍ ഏറെ ആകര്‍ഷണീയത പുലര്‍ത്തുന്ന ഹിലാരിയെ പൊതുവേദികളില്‍ അങ്ങനെയല്ല കാണുന്നത് എന്നാണ്. പക്ഷേ ലക്ഷക്കണക്കിനു ആളുകളുണ്ടെങ്കിലും ഒരാളുമായി നേരിട്ടുള്ള ഇടപഴകലില്‍ അവര്‍ക്ക് യാതൊരു പിഴവും വരില്ല.

അത്തരമൊരു ചോദ്യത്തിന് കോപ്രായം കൂടാതെ മറുപടി പറയാന്‍ ഡൊണാള്‍ഡ് ട്രംപിന് കഴിയുമോ? തങ്ങളെ ഗൌരവമായി ബാധിക്കുന്നു എന്ന് പൌരന്‍മാര്‍ കരുതുന്ന വിഷയങ്ങളില്‍ സത്യസന്ധമായി അതിനൊപ്പമാണെന്ന തരത്തില്‍ മറുപടി നല്‍കാനാകുമോ? ഒരാളുടെ കണ്ണില്‍ കുറച്ചു സെക്കണ്ടുകള്‍ക്കപ്പുറം അനുതാപത്തോടെ നോക്കാനാകുമോ?

ഇതുവരെ കണ്ടതില്‍ നിന്നും അതിനൊന്നും ഒരു സാധ്യതയുമില്ല. ഒരുകാരണം ഇതൊന്നും ട്രംപ് ഒരുകാലത്തും ചെയ്യുന്നതല്ല എന്നാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍, കുടിയേറ്റക്കാര്‍, വ്യാപാരികള്‍ എന്നിവരുടെയൊക്കെ ചെറുസംഘങ്ങളുമായി ഹിലാരി നിരവധി  കൂടിക്കാഴ്ച്ചകള്‍ ദീര്‍ഘനേരം നടത്തിയിട്ടുണ്ട്. ട്രംപാകട്ടെ വേദിയില്‍ നിന്നും ആളുകളിരിക്കുന്നതിന്റെ ആദ്യവരിക്കപ്പുറം പോകാറില്ല. പക്ഷേ ഇത് ശീലത്തിന്റെ പ്രശ്നമല്ല-അയാള്‍ അങ്ങനെയൊരാളല്ല എന്നാണ്. എന്തൊക്കെ കഴിവുകളുണ്ടെങ്കിലും അയാള്‍ ഒരു ജനകീയനായ കക്ഷിയല്ല.

ഇതെല്ലാം കാണിക്കുന്നത് രണ്ടാം സംവാദത്തില്‍ ഹിലാരി ക്ലിന്‍റന്‍ തന്റെ മികച്ച ഭാവത്തിലും ഡൊണാള്‍ഡ് ട്രംപ് തപ്പിത്തടഞ്ഞും ആയിരിക്കുമെന്നാണ്. കഷ്ടപ്പെട്ട് തയ്യാറെടുത്താലും ആദ്യ വട്ടത്തെക്കാള്‍ നന്നാകാനുള്ള സാധ്യതയൊന്നും കാണുന്നുമില്ല. വലിയ വീഴ്ച്ചയാണ് ട്രംപിനെ അടുത്ത സംവാദത്തില്‍ കാത്തിരിക്കുന്നത്.

ഫിലിപ് റക്കാര്‍, ആന്‍ ഗിയാരന്‍, മറ്റിയ ഗോള്‍ഡ് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇത്തവണത്തെ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ത്ഥി സംവാദത്തില്‍ ഹിലാരി ക്ലിന്റണ്‍ തന്നെ പ്രതിരോധത്തിലാക്കിയേ ഇല്ലാന്നാണ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച്ച ആവര്‍ത്തിച്ചത്. അടുത്ത തവണത്തെ സംവാദത്തില്‍ മുന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്‍റന്റെ വിവാഹേതര ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടി താന്‍ ‘ആഞ്ഞടിച്ചേക്കും’ എന്നും അയാള്‍ സൂചിപ്പിക്കുന്നു.

“ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്തേണ്ട എന്ന് കരുതി ഞാന്‍ ഒന്നൊതുങ്ങിയതാണ്,” ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ബില്‍ ക്ലിന്റന്റെ പല ബന്ധങ്ങളും താന്‍ പറഞ്ഞേനെ എന്നും എന്നാല്‍ കേള്‍വിക്കാരില്‍ അവരുടെ മകള്‍ ചെല്‍സിയ ഉണ്ടായിരുന്നതുകൊണ്ട് താന്‍ വേണ്ടെന്നുവെച്ചെന്നും ട്രംപ് പറയുന്നു.

പക്ഷേ അത്തരം തന്ത്രങ്ങള്‍ ട്രംപിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ക്ലിന്റണ്‍ പക്ഷത്തിന്റെ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് വഴിമരുന്നിടാനേ സഹായിക്കൂ. സ്ത്രീകളെക്കുറിച്ചുള്ള അയാളുടെ തീര്‍ത്തും അധിക്ഷേപകരമായ പരാമര്‍ശങ്ങളടക്കം.

തിങ്കളാഴ്ച്ച രാത്രി ഏറെനേരം പ്രതിരോധത്തില്‍ നിന്ന റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥി തന്റെ എതിരാളി തന്നെ പതര്‍ച്ചയിലാക്കിയേ ഇല്ല എന്നാവര്‍ത്തിച്ചു.

പക്ഷേ, അവസാനമായപ്പോള്‍, 1996-ല്‍ 19-ആം വയസില്‍ മിസ് യൂണിവേഴ്സ് പട്ടമണിഞ്ഞ വെനസ്വേലക്കാരി അലീഷ്യ മച്ചാഡോയോടുള്ള ട്രംപിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വിഷയം ക്ലിന്റണ്‍ ഉയര്‍ത്തിയപ്പോള്‍  അല്പമൊന്നു അസ്വസ്ഥനായെന്ന് അയാള്‍ സമ്മതിച്ചു.

“ഞങ്ങളുടെ എന്നത്തേയും വലിയ പ്രശ്നമായിരുന്നു അവര്‍,” ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. “അവര്‍ക്ക് വല്ലാതെ തടികൂടി, അതായിരുന്നു ശരിക്കുള്ള പ്രശ്നം.”

ക്ലിന്റണ്‍ പക്ഷം വെറുതെയിരുന്നില്ല. അവര്‍ ഉടന്‍ തന്നെ മച്ചാഡോയുടെ വെബ് ദൃശ്യം പുറത്തിറക്കി. അതില്‍ മച്ചാഡോ, ട്രംപ് തന്നെ,‘Miss Piggy” എന്നും “Miss Housekeeping” എന്നും വിളിച്ചാക്ഷേപിച്ചു എന്ന് ആരോപിക്കുന്നു.

1990-കളിലെ ഒരഭിമുഖത്തില്‍ മച്ചാഡോ 117പൌണ്ടില്‍ നിന്നും 118, പിന്നെ 160, 170 എന്നിങ്ങനെ കൂടിയതായി സൂചിപ്പിച്ചുകൊണ്ടു പറയുന്നു,“തിന്നാന്‍ ഇഷ്ടമുള്ള ഒരാളാണിത്.”

ട്രംപിനെ എളുപ്പം വിഷമത്തിലാക്കാം എന്നാണിത് സൂചിപ്പിക്കുന്നതെന്ന് ഹിലാരിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ടിം കെയിന്‍ പറഞ്ഞു.

“അത് സംവാദത്തില്‍ മുഴുവന്‍ വ്യക്തമായിരുന്നു. സംവാദം നീണ്ടുപോകുന്തോറും അത് കൂടുതല്‍ വെളിപ്പെട്ടു.”

പ്രചാരണത്തിന്റെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് ഈ ഏറ്റുമുട്ടല്‍. തെരഞ്ഞെടുപ്പ് ദിവസത്തിന് ആറാഴ്ച്ച ബാക്കി നില്‍ക്കേ, ചില സംസ്ഥാനങ്ങളിലെയൊക്കെ സമ്മതിദായകര്‍ വോട്ട് ചെയ്തുതുടങ്ങിയിരിക്കെ, ഹിലാരിയുടെ ആദ്യ മുന്‍തൂക്കം ഇല്ലാതാവുകയാണെന്ന സൂചനകളുണ്ട്. ഹിലാരി മെച്ചപ്പെട്ട മുന്‍തൂക്കം നിലനിര്‍ത്തിയിരുന്ന പല സംസ്ഥാനങ്ങളിലും ട്രംപ് ഒപ്പത്തിനൊപ്പം എത്തിയിരിക്കുന്നു.

കുടിയേറ്റം, വാണിജ്യം, തൊഴില്‍ എന്നീ വിഷയങ്ങളില്‍ സംവാദത്തിന്റെ ആദ്യ അര മണിക്കൂറിലെ തന്റെ പ്രകടനത്തില്‍ ട്രംപ് തൃപ്തനാണ്. തന്റെ ഡെമോക്രാറ്റ് എതിരാളിയുടെ പ്രകടനത്തിന് അയാള്‍ നല്‍കുന്നത് സി പ്ലസ് ഗ്രേഡ് ആണ്. പക്ഷേ സ്വയം ഗ്രേഡ് നല്കാന്‍ വിസമ്മതിക്കുകയും ചെയ്തു,“ഞാന്‍ ഹിലാരിയേക്കാള്‍ മെച്ചമായിരുന്നു എന്നെനിക്കറിയാം.”

രാത്രി മുഴുവന്‍ തുമ്മലായിരുന്നെങ്കിലും തനിക്ക് ജലദോഷമോ അലര്‍ജിയോ ഇല്ലെന്നു ട്രംപ് പറഞ്ഞു. തന്റെ മൈക്രോഫോണിലെ ശബ്ദങ്ങള്‍ മൂലം താന്‍ പറയുന്നതു മുറിയില്‍ വ്യക്തമായി കേട്ടില്ലെന്നും അയാള്‍ പറഞ്ഞു.

“ഞാന്‍ ഗൂഢാലോചന സിദ്ധാന്തങ്ങളൊന്നും വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ അവരുടേതിനാക്കാള്‍ കുറവായിരുന്നു (ശബ്ദം), അതും ഇടറിയാണ് കേട്ടത്.”

ലോങ് ഐലണ്ടിലെ ഹോഫ്സ്ട്ര സര്‍വകലാശാലയില്‍ നടന്ന 95 മിനിറ്റ് നേരത്തെ സംവാദത്തിലെ ഏറെ നേരവും രാജ്യത്തിന്റെ വിട്ടുമാറാത്ത പ്രശ്നങ്ങള്‍ക്കെല്ലാം ട്രംപ് ക്ലിന്റനെ കുറ്റപ്പെടുത്തി. എന്നാലും മിക്കപ്പോഴും അവര്‍ അയാളുടെ വംശീയ അസഹിഷ്ണുതയെയും വിരുദ്ധമായ താത്പര്യങ്ങള്‍ മറച്ചുവെച്ചതിനെയും അയാളുടെ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ ശ്രമിച്ചവരെ ഞെരുക്കിയതിന്റെയും ഒക്കെ ആരോപണമുയര്‍ത്തിയപ്പോള്‍ അയാള്‍ പ്രതിരോധത്തിലായി.

മാസങ്ങളോളം ആരോപണ പ്രത്യാരോപണങ്ങളുമായി ചുറ്റിക്കറങ്ങിയ ഹിലാരിയും ട്രമ്പും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ എതിരാളിയുടെ വിശ്വാസ്യത ഇടിച്ചുതാഴ്ത്താനുള്ള രണ്ടുംകല്‍പ്പിച്ചുള്ള വാഗ്വാദമാണ് നടന്നത്.

തന്നെത്തന്നെ വിശദീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ട്രംപ്. തന്റെ വികാരപ്രകടനം, സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുമുള്ള സമീപനം, വ്യാപാര രീതികള്‍, സേനയുടെ പരമാധികാരിയാകാനുള്ള തയ്യാറെടുപ്പ്, പിന്നെ ബരാക് ഒബാമയുടെ ജന്‍മസ്ഥലം സംബന്ധിച്ചു ഏറെക്കാലമായി പ്രചരിപ്പിക്കുന്ന ഒരു കള്ളവും.

“നീണ്ടകാലത്തെ വംശീയ പെരുമാറ്റത്തിന്റെ ചരിത്രം അയാള്‍ക്കുണ്ട്, ആ നുണയകട്ടെ ഏറെ വേദനിപ്പിക്കുന്ന ഒന്നും,” ക്ലിന്റണ്‍ പറഞ്ഞു. “ബരാക് ഒബാമ തികഞ്ഞ ആത്മാഭിമാനമുള്ള ഒരു മനുഷ്യനാണ്. ഈ നുണ തനിക്കെതിരെ ഉയര്‍ത്തിയത് അദ്ദേഹത്തെ എത്രത്തോളം വേദനിപ്പിച്ചെന്നു എനിക്കറിയാം.”

ഈ മാസമാദ്യം ഒബാമ ഹവായിയിലാണ് ജനിച്ചതെന്ന് അംഗീകരിച്ച ട്രംപ് എന്നാല്‍ 2008-ലെ ഹിലാരിയുടെ ഒബാമയുമായുള്ള മത്സരം ഓര്‍മ്മിപ്പിച്ചു,“നിങ്ങള്‍ വിശുദ്ധ കളിക്കാന്‍ ശ്രമിക്കുമ്പോള്‍, അത് ഫലിക്കുന്നില്ല.”

ആഫ്രിക്ക-അമേരിക്കക്കാരുടെ ഉപജീവനത്തെക്കുറിച്ച് ട്രംപ് മോശമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് നേരത്തെ ക്ലിന്റണ്‍ പറഞ്ഞിരുന്നു. പ്രതിഷേധത്തില്‍ ട്രംപ് മുരണ്ടു.

ഏതാണ്ട് 1000 ദശലക്ഷം കാണികളുണ്ടാകും ഈ സംവാദത്തിന് എന്നാണ് കണക്ക്.

തങ്ങളുടെ ഉറച്ച അനുയായികളെ തൃപ്തിപ്പെടുത്താനുള്ള പ്രകടനമാണ് ഇരു സ്ഥാനാര്‍ത്ഥികളും നടത്തിയത്. പുരോഗമനാശയങ്ങളോടുള്ള ട്രംപിന്റെ അതൃപ്തി ക്ലിന്റണ്‍ തുറന്നുകാട്ടി. ഹിലാരിയുടെ വിശ്വാസ്യതയെയും ഇ-മെയില്‍ വിവാദത്തെയും ട്രംപ് പ്രത്യക്ഷാക്രമണത്തിന് വിധേയമാക്കി. സംവാദം സമ്മതിദായകരെ, പ്രത്യേകിച്ചും കോളേജ് വിദ്യാഭ്യാസം നേടിയ വെള്ളക്കാരി സ്ത്രീകളെ എങ്ങനെ സ്വാധീനിക്കും എന്ന് ഉറപ്പാക്കാനായിട്ടില്ല.

നയങ്ങളുടെ വിശദാംശങ്ങള്‍ നല്കിയ ക്ലിന്റണ്‍ ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഗൌരവമായി കണക്കാക്കാന്‍ കഴിയുമോ എന്നതിലും സംശയം പ്രകടിപ്പിച്ചു. റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിനെ കുറിച്ചുള്ള അയാളുടെ പരാമര്‍ശങ്ങളില്‍ പിടിച്ച് ട്രംപിന് രാജ്യം നേരിടുന്ന ആഗോള ഭീഷണികളെക്കുറിച്ച് അറിയില്ലെന്നും ക്ലിന്റണ്‍ പറഞ്ഞു.

ക്ലിന്റണ്‍ അളന്നുമുറിച്ച ആക്രമണമാണ് നടത്തിയതെങ്കില്‍ ട്രംപ് ആവേശവും പലപ്പോഴും അച്ചടക്കമില്ലാത്ത എടുത്തുചാട്ടവുമാണ് നടത്തിയത്. അയാള്‍ ഇടക്കിടെ ഹിലാരിയെയും സംവാദ നിയന്ത്രകനായ എന്‍ ബി സി അവതാരകന്‍ ലെസ്റ്റര്‍ ഹോള്‍ഡിനെയും  തടസപ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും ചൂടേറിയ പ്രതിരോധത്തിലായി.

തെളിവുകള്‍ എതിരായിട്ടും, താന്‍ തുടക്കത്തില്‍ത്തന്നെ ഇറാഖ് യുദ്ധത്തെ പിന്തുണച്ചിരുന്നു എന്നതിനെ ട്രംപ് ശക്തിയായി നിഷേധിച്ചു. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റ് വളര്‍ന്നതിന് അയാള്‍ ഹിലാരിയെ കുറ്റപ്പെടുത്തി,“അതൊരു ശിശുവായിരുന്നപ്പോള്‍ നിങ്ങളായിരുന്നു വിദേശകാര്യ സെക്രട്ടറി.”

ദേശീയ സുരക്ഷാ ചര്‍ച്ച ചെയ്തപ്പോള്‍ ട്രംപിന്റെ വിവരമില്ലായ്മയെ ക്ലിന്റണ്‍ പരിഹസിച്ചു. NATO-യെക്കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചും ട്രംപ് പറഞ്ഞുനിര്‍ത്തിയപ്പോള്‍ അവരോരു ചിരിയോടെ ശബ്ദമുണ്ടാക്കി,“വൂ”!

തന്റെ സാമ്പത്തിക പദ്ധതിയെ ക്ലിന്റണ്‍ തുടര്‍ച്ചയായി വിമര്‍ശിച്ചപ്പോള്‍ ട്രംപ് അസ്വസ്ഥനായി: “തനി രാഷ്ട്രീയക്കാരി. വെറും വര്‍ത്തമാനം മാത്രം. പ്രവര്‍ത്തിയില്ല. കേട്ടാല്‍ നന്ന്. ഒന്നും നടക്കില്ല. നമ്മുടെ തൊഴിലുകള്‍ സംബന്ധിച്ചു സെക്രട്ടറി ക്ലിന്‍റനെ പോലുള്ള ആള്‍ക്കാര്‍ എടുത്ത മോശം തീരുമാനങ്ങളാണ് നമ്മുടെ രാജ്യം ഈ അനുഭവിക്കുന്നതിന്റെ പിറകില്‍.”

ആക്രമണത്വരയോടെയുള്ള പ്രചാരണമാണ് ട്രംപിനെ റിപ്പബ്ലിക്കന്‍ കക്ഷിയില്‍ ഒന്നാമതെത്തിച്ചതെങ്കില്‍ ആദ്യത്തെ പൊതു സംവാദത്തില്‍ അയാള്‍ പതിവില്ലാത്തവണ്ണം മാന്യനായാണ് തുടങ്ങിയത്. ‘കൌശലക്കാരി ഹിലാരി’ എന്ന പ്രചാരണവേദികളിലെ പറച്ചിലില്‍ നിന്നും ‘സെക്രട്ടറി ക്ലിന്റണ്‍’ എന്ന മാന്യമായ സംബോധനയിലേക്ക് അയാള്‍ എത്തി.

“ഇത് കുഴപ്പമില്ലല്ലോ?” അയാള്‍ ഹിലാരിയോട് ചോദിച്ചു. “നന്ന്” അവര്‍ മറുപടി പറഞ്ഞു. ട്രംപ് തുടര്‍ന്ന്,“നിങ്ങള്‍ സന്തുഷ്ടയായിരിക്കണം. അതെനിക്ക് വളരെ പ്രധാനമാണ്.”

പക്ഷേ ഈ മര്യാദയുടെ മുഖം അധികം നീണ്ടില്ല. ഹിലാരിയെ നിലവിലെ അവസ്ഥയുടെ സംരക്ഷകയാക്കി ചിത്രീകരിക്കാന്‍ അയാള്‍ ശ്രമിച്ചു. അപൂര്‍വമായി അയാള്‍ മുന്നിട്ടുനിന്ന ഒരു സമയത്ത് വാണിജ്യ നയത്തില്‍ അയാള്‍ ഹിലാരിയെ വെല്ലുവിളിച്ചു. NAFTA പോലുള്ള വാണിജ്യ കരാറുകള്‍ അമേരിക്കയിലെ മധ്യവര്‍ഗത്തെ പാപ്പരാക്കി എന്നാരോപിച്ചു.

“നിങ്ങളുടെ ഭര്‍ത്താവാണ് NAFTA ഒപ്പിട്ടത്. നിര്‍മ്മാണവ്യവസായത്തിന് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. നിങ്ങള്‍ ന്യൂ ഇംഗ്ലണ്ടില്‍, ഓഹിയോവില്‍, പെന്‍സില്‍വാനിയയില്‍ പോകൂ-തോന്നുന്നിടതെല്ലാം പോകൂ സെക്രട്ടറി ക്ലിന്റണ്‍, തകര്‍ച്ചയാണ് നിങ്ങള്‍ക്ക് കാണാനാകുക.”

ട്രംപ് കൂട്ടിച്ചേര്‍ത്തു,“നിങ്ങളിത് 30 വര്‍ഷമായി ചെയ്യുന്നു. എന്നിട്ടിപ്പോള്‍ മാത്രം പരിഹാരത്തെക്കുറിച്ച് ചിന്തിക്കുന്നതെന്തേ?”

സംവാദത്തിന്റെ അവസാനവും ട്രംപ് ഒരാരോപണം ആവര്‍ത്തിച്ചു, ഹിലാരി ക്ലിന്‍റന് പ്രസിഡന്റിന് വേണ്ട രൂപമില്ല.

“അവര്‍ക്കാ രൂപമില്ലാ, അവര്‍ക്കതിനുള്ള കരുത്തില്ല.”

ക്ലിന്റണ്‍ അയാളെ ചിരിച്ചുകൊണ്ടു നോക്കി.

“112 രാജ്യങ്ങളിലേക്ക് യാത്ര നടത്തിവന്നാല്‍ അദ്ദേഹത്തിന് എന്നോട് കരുത്തിനെക്കുറിച്ച് സംസാരിക്കാം,” ക്ലിന്റണ്‍ പറഞ്ഞു.

ആ മറുപടിക്ക് നിറഞ്ഞ കയ്യടിയും കിട്ടി.

“സ്ത്രീകളെ പന്നികളെന്നും, കഴിവുകേട്ടവരെന്നും, പട്ടികളെന്നും വിളിച്ച ഒരാളാണിത്,” ക്ലിന്റണ്‍ പറഞ്ഞു. “ഒരു സൌന്ദര്യമത്സരത്തില്‍ പങ്കെടുത്ത ഒരു സ്ത്രീയെക്കുറിച്ചാണ് അയാള്‍ ഏറ്റവും മോശമായി പറഞ്ഞത്. അയാള്‍ സൌന്ദര്യമത്സരങ്ങള്‍ ഇഷ്ടപ്പെടുന്നു, അതിനെ പിന്തുണയ്ക്കുന്നു, അതിനൊപ്പം കറങ്ങിനടക്കുന്നു. ആ സ്ത്രീയെ അയാള്‍ ‘Miss Piggy’ എന്ന് വിളിച്ചു. പിന്നെ ‘Miss Housekeeping’ എന്നും. കാരണം അവര്‍ ലാറ്റിനമേരിക്കക്കാരിയായിരുന്നു. ഡൊണാള്‍ഡ്, അവര്‍ക്കൊരു പേരുണ്ട്.” ക്ലിന്‍റന്റെ കുടുംബപുരാണം മാന്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ബില്‍ ക്ലിന്‍റന്റെ പഴയ കൂട്ടുകാരി ജെന്നിഫര്‍ ഫ്ലവേഴ്സിനെ സംവാദത്തിലേക്ക് ക്ഷണിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

നികുതി വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയില്ല ട്രംപ് എന്ന് ക്ലിന്റണ്‍ കുറ്റപ്പെടുത്തി. എല്ലാ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളും വര്‍ഷങ്ങളായി ചെയ്തുവരുന്നതാണിത്. അയാള്‍ക്ക് പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് ഇതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഫെഡറല്‍ ഓഡിറ്റിന് കീഴിലായതിനാല്‍ അഭിഭാഷകരുടെ ഉപദേശപ്രകാരമാണ് വിവരങ്ങള്‍ പുറത്തുവിടാത്തതെന്ന് ട്രംപ് പറയുന്നു.

ക്ലിന്റണ്‍ പറഞ്ഞത് നികുതി വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇപ്പോള്‍ പറയുന്നത്ര ധനികനല്ലെന്നോ ദാനധര്‍മ്മങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ പൊങ്ങച്ചമാണെന്നോ, അല്ലെങ്കില്‍ നികുതിയേ അടക്കാത്തത് കൊണ്ടാണെന്നോ ജനമറിയും എന്നതിനാലാണ് അത് ചെയ്യാഞ്ഞത് എന്നാണ്. ഒടുവിലത്തെ സൂചനക്ക് ട്രംപ് മറുപടി പറഞ്ഞു,“അതെന്നെ മിടുക്കനാക്കുന്നു.”

ക്ലിന്റണ്‍ തന്റെ മാച്ചുകളഞ്ഞ 33,000 ഇ-മെയിലുകള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ തന്റെ നികുതി വിവരങ്ങള്‍ പുറത്തുവിടാം എന്ന് ട്രംപ് വാഗ്ദാനം ചെയ്തു. തനിക്ക് സ്വകാര്യ മെയില്‍ ഉപയോഗിച്ചതില്‍ തെറ്റുപറ്റി എന്നു ഹിലാരി സമ്മതിച്ചു.

ആ ചെറിയ കൃത്യമായ ഉത്തരത്തിലൂടെ വിശദാംശങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെടുകയും ചെയ്തു.

ട്രംപിനെ പ്രകോപിതനാക്കുക എന്ന് തുടക്കം മുതലേ ഹിലാരിയുടെ തന്ത്രമായിരുന്നു. സമ്പന്നനായ-14 ദശലക്ഷം ഡോളര്‍ മകന് വായ്പ നല്കിയ- അച്ഛനുള്ള ഭാഗ്യവാനായിരുന്നു ട്രംപ് എന്നും തന്റെ അച്ഛന്‍ ഒരു ചെറിയ വ്യാപാരി മാത്രമായിരുന്നു എന്നും ഹിലാരി സൂചിപ്പിച്ചു. താന്‍ മാറ്റര്‍ക്കെങ്കിലും കടപ്പെട്ടിരിക്കുന്നു എന്ന് കേട്ടാല്‍ അസ്വസ്ഥനാകുന്ന ട്രംപ് ആ ചൂണ്ടയില്‍ കൊത്തുകയും ചെയ്തു. തനിക്കൊരു ചെറിയ വായ്പ മാത്രമേ കിട്ടിയുള്ളൂ എന്ന് അടുത്ത അവസരത്തില്‍ അയാള്‍ പറഞ്ഞു.

ഇതൊക്കെ ചെറിയ കാര്യങ്ങളായി തോന്നാം. എന്നാല്‍ മധ്യവര്‍ഗത്തിന്റെ സാമ്പത്തിക സുരക്ഷാ, അതില്‍ ഏത് സ്ഥാനാര്‍ത്ഥി അവര്‍ക്കൊപ്പം എന്നത് ഈ തെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണായകമായ കാര്യമാണ്.

പണിയെടുപ്പിച്ചതിന് ശേഷം നിങ്ങള്‍ കൂലി കൊടുക്കാതെ പറ്റിച്ച നിരവധി സാധാരണ ജോലിക്കാരെ താന്‍ കണ്ടു എന്ന് ഹിലാരി വീണ്ടും ആരോപിച്ചു. അയാളുടെ ഗോള്‍ഫ് കോഴ്സുകളില്‍ ഒന്നില്‍ നിന്നും വിട്ടുപോന്ന ഒരു ആര്‍ക്കിടെക്‍ടിനെക്കുറിച്ചൂം ഹിലാരി സൂചിപ്പിച്ചു. “ഒന്നുകില്‍ അയാള്‍ക്ക് വേറെ പണി കിട്ടിയിരിക്കും,അല്ലെങ്കില്‍ എനിക്കയാളുടെ ജോലി ഇഷ്ടപ്പെട്ടിരിക്കില്ല,”ട്രംപ് തിരിച്ചടിച്ചു.

കാലാവസ്ഥ മാറ്റം ചൈനക്കാര്‍ പൊക്കിവിട്ട തട്ടിപ്പാണെന്ന് ട്രംപ് പറഞ്ഞെന്ന് ക്ലിന്റണ്‍ ആരോപിച്ചപ്പോള്‍ അയാള്‍ പതറി.

“ഞാനങ്ങനെ പറഞ്ഞിട്ടേയില്ല,” തലകുലുക്കിക്കൊണ്ട് ട്രംപ് പറഞ്ഞു; ഒരുപാട് തവണ അങ്ങനെ പറഞ്ഞതാണെങ്കിലും.

മൂന്ന് സ്ഥാനാര്‍ത്ഥി സംവാദങ്ങളിലെ ആദ്യത്തേതാണ് ഇപ്പോള്‍ കഴിഞ്ഞത്. ഒക്ടോബര്‍ 9-നു സെയിന്‍റ് ലൂയിസിലും, ഒക്ടോബര്‍ 19-നു ലാസ് വേഗാസിലുമാണ് അടുത്ത സംവാദങ്ങള്‍. വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളായ ടിം കെയിന്‍ (ഡെമോക്രാറ്റ്), മൈക് പെന്‍സ്  (റിപ്പബ്ലിക്കന്‍) എന്നിവര്‍ ഒക്ടോബര്‍ 4-നു ഫാം വില്ലേയില്‍ സംവാദം നടത്തും.

മൂന്നാം കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് സംവാദത്തില്‍ പങ്കെടുക്കാനാകില്ല. ലിബെര്‍ടെറിയന്‍ കക്ഷിയുടെ ഗാരി ജോണ്‍സനും ഗ്രീന്‍ കക്ഷിയുടെ ജില്‍ സ്റ്റെയിനുമാണ് മറ്റ് രണ്ടു സ്ഥാനാര്‍ത്ഥികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍