UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: മനുഷ്യരിലെ പരീക്ഷണമെന്ന് സ്വീഡിഷ് ഡോക്ടര്‍

ശസ്ത്രക്രിയ ശാസ്ത്രീയമായി സുരക്ഷിതമല്ലെന്നും വേണ്ടത്ര മുന്‍കരുതലുകളില്ലെന്നുമുള്ള വാദവുമായി ഡോക്ടര്‍ മാറ്റ്‌സ് ബ്രാന്‍സ്‌റ്റോം

രാജ്യത്തെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന് നടക്കും. അതേസമയം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ശസ്ത്രക്രിയ ശാസ്ത്രീയമായി സുരക്ഷിതമല്ലെന്നും വേണ്ടത്ര മുന്‍കരുതലുകളില്ലെന്നുമുള്ള വാദവുമായി ലോകത്തിലാദ്യമായി ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിപ്പിച്ച ഡോക്ടറായ മാറ്റ്‌സ് ബ്രാന്‍സ്‌റ്റോം മുന്നറിയിപ്പു നല്‍കി.

ഇത്തരത്തില്‍ നടക്കുന്ന ശസ്ത്രക്രിയ രോദിയുടെ ജീവന് തന്നെ ഭീഷണിയാണെന്നാണ് സ്വീഡനിലെ സാഹ്ലന്‍സ്‌ക അക്കാദമിയിലെ ഗൈനോക്കോളജി വിദഗ്ധനായ മാറ്റ്‌സ് പറയുന്നത്. പൂനെയിലെ ഗാലക്‌സി കെയര്‍ ലാപറോസ്‌കോപി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പന്ത്രണ്ടംഗ സംഘമാണ് ഇന്ത്യയിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്നത്. അമ്മയുടെ ഗര്‍ഭപാത്രം മകളിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. 21കാരിയായ മകള്‍ക്ക് ഗര്‍ഭപാത്രമില്ലാത്തതിനാലാണ് ശസ്ത്രക്രിയ വേണ്ടി വന്നത്.

ശസ്ത്രക്രിയയ്ക്ക് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ചെയ്യുന്നതിന് സമ്മതം നല്‍കിക്കൊണ്ടുള്ള യുവതിയുടെ അമ്മയുടെയും ബന്ധുക്കളുടെയും വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി യുവതിയില്‍ നിന്നുള്ള അണ്ഡം ശേഖരിച്ചിട്ടുണ്ട്. ശസ്ത്രക്രിയ പൂര്‍ണമായതിന് ശേഷം രണ്ടാഴ്ച കാലത്തേക്ക് യുവതിക്ക് ഐസിയുവില്‍ കഴിയേണ്ടി വരും. അതിന് ശേഷം ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കും. കുഞ്ഞ് ജനിച്ച് ഒരു വര്‍ഷത്തിന് ശേഷം ഗര്‍ഭപാത്രം നീക്കം ചെയ്യും. ജീവിതകാലം മുഴുവന്‍ യുവതി മരുന്ന് കഴിക്കുന്നത് ഒഴിവാക്കുന്നതിനായാണ് ഇതെന്ന് ഡോ. ഷൈലേഷ് പുന്‍താംബേക്കര്‍ മാധ്യമങ്ങളെ അറിയിച്ചു.

ഇതേ ആശുപത്രിയില്‍ തന്നെ വെള്ളിയാഴ്ച മറ്റൊരു സ്ത്രീയെയും ഗര്‍ഭപാത്ര മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. ഇരു ശസ്ത്രക്രിയകളും സൗജന്യമായായിരിക്കും നടത്തുകയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

അതേസമയം ഇന്ത്യയില്‍ ആദ്യമായി ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രി എന്ന പ്രശസ്തി നേടിയെടുക്കാനായി അമിതമായ വ്യഗ്രതയാണ് ഈ ആശുപത്രി നടത്തുന്നതെന്നാണ് ഡോ. ബ്രാന്‍സ്‌റ്റോം പറയുന്നത്. ഇത്തരത്തിലുള്ള ശസ്ത്രക്രിയയില്‍ പ്രാവീണ്യമില്ലാത്തവരാണ് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നത്. ശസ്ത്രക്രിയ നടത്താന്‍ ആവശ്യമായ മുന്‍കരുതലോ സുരക്ഷയോ ഒരുക്കിയിട്ടില്ല. 2012ലാണ് ഡോ. ബ്രാന്‍സ്‌റ്റോമിന്റെ നേതൃത്വത്തില്‍ ലോകത്തില്‍ ആദ്യത്തെ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇതിന് വിധേയയായ യുവതി 2014ല്‍ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സ്‌പെയിന്‍, ഓസ്ട്രലിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിലെ പ്രശസ്തരായ ഡോക്ടര്‍മാരുടെ സംഘമാണ് അന്ന് ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയത്.

ശസ്ത്രക്രിയ നടക്കുമ്പോള്‍ ദാതാവിനും സ്വീകര്‍ത്താവിനും ഉണ്ടാകാനിടയുള്ള അനിയന്ത്രിതമായ രക്തപ്രവാഹ സാധ്യതയാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളിയായി ബ്രാന്‍സ്റ്റോം ചൂണ്ടിക്കാട്ടുന്നത്. ദാതാവില്‍ നിന്നും ഗര്‍ഭപാത്രം മാറ്റുന്നതിന് 10 മുതല്‍ 13 മണിക്കൂര്‍ വരെയും സ്വീകര്‍ത്താവില്‍ വച്ച് പിടിപ്പിക്കുന്നതിന് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെയുമാണ് വേണ്ടിവരിക. അവയവ ദാതാവിന് ഏറ്റവും അധികം അപകടം പറ്റാന്‍ സാധ്യതയുള്ള അവയവ മാറ്റ ശസ്ത്രക്രിയയും ഇതാണെന്ന് ബ്രാന്‍സ്റ്റോം പറയുന്നു.

ചൈനയില്‍ അടുത്തകാലത്ത് നടന്ന ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ആദ്യ നാല് ശസ്ത്രക്രിയകള്‍ പരാജയപ്പെട്ട ശേഷമാണ് 2012ല്‍ അമേരിക്കയില്‍ ഈ ശസ്ത്രക്രിയ വിജയിച്ചത്. പന്നി, കുരങ്ങ് എന്നീ മൃഗങ്ങളില്‍ പരീക്ഷിച്ച ശേഷമായിരുന്നു ഇവിടങ്ങളില്‍ മനുഷ്യരില്‍ ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ ഇന്ത്യയില്‍ ഈ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ല. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പരീക്ഷണമാണെങ്കില്‍ ആ രീതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഡോ. മാറ്റ്‌സ് മാധ്യമങ്ങളെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍