UPDATES

മത്സ്യത്തൊഴിലാളികളുടെ ബോട്ടിനു നേരെ കോസ്റ്റ് ഗാര്‍ഡ് വെടിവച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

കൊല്ലം നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിനുപോയ  ബോട്ടിനുനേരെ വെടിവയ്പ്പ്.  രണ്ടുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട് തക്കല സ്വദേശികളായ സുബിന്‍, ക്ലിന്റന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്. ഒരാളുടെ കൈയ്ക്കും മറ്റൊരാളുടെ കാലിനുമാണ് വെടിയേറ്റത്. പരിക്കേറ്റവരെ വിഴിഞ്ഞത്ത് എത്തിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നുമണിയോടുകൂടിയാണ് ബോട്ടിനുനേരെ വെടിവയ്പ്പ് ഉണ്ടായത്. കന്യാകുമാരിയില്‍ നിന്ന് മത്സ്യബന്ധനം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന ഋഷിക എന്ന ബോട്ടിനുനേരെയാണ് വെടിവയ്പ്പുണ്ടായത്.

കോസ്റ്റ് ഗാര്‍ഡാണ് വെടിയുതിര്‍ത്തതെന്ന് ബോട്ടുടമ ജാസ്മിന്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളെ കോസ്റ്റ് ഗാര്‍ഡ് പിന്തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് ജാസ്മിന്റെ ആരോപണം.

ഗുജറാത്ത് തീരത്ത് നടന്ന സ്ഫോടനത്തെ  തുടര്‍ന്ന് തീരസുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കടലില്‍ തീരസംരക്ഷണസേനകള്‍ ആതീവജാഗ്രത പുലര്‍ത്തുകയാണ്. വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെ മൂന്നു കപ്പലുകള്‍ സുരാക്ഷചുമതലയുടെ ഭാഗമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇവയില്‍ ഒരു കപ്പലില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. എല്ലാ ബോട്ടുകളും കര്‍ശനമായി പരിശോധിച്ചശേഷം മാത്രമെ വിട്ടയക്കാവൂ എന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ നിര്‍ദേശം. അതിന്‍ പ്രകാരമുള്ള പരിശോധനകള്‍ നടത്തിവരുന്നതിനിടയിലാണ് ഋഷിക എന്ന് ബോട്ട് ഇവരെ കടന്നുപോകുന്നത്. കോസ്റ്റ് ഗാര്‍ഡ് ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും മത്സ്യത്തൊഴിലാളികള്‍ നിര്‍ത്താന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് എഴുതവണ മുന്നറിയിപ്പ് എന്ന നിലയില്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലില്‍ നിന്ന് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ഇതിനുശേഷം അപായ സൈറണ്‍ മുഴക്കുകയും ചെയ്തു. എന്നിട്ടും ബോട്ട് നിര്‍ത്താഞ്ഞതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നാണ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന അനൗദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍