UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂക്കിന് താഴെ നരകിക്കുന്ന ചിലരെ കാണാത്ത ഉമ്മന്‍ ചാണ്ടിയുടെ അതിവേഗ വികസനം

Avatar

ഉണ്ണികൃഷ്ണന്‍ വി

വലിയതുറ റീജ്യണല്‍ ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അങ്കണത്തിന്‍റെ തെക്കുഭാഗത്തായി നാലു ക്ലാസ് മുറികളുണ്ട്. കുട്ടികളുടെ ചാര്‍ട്ടുകള്‍ കൊണ്ട് നിറഞ്ഞിരുന്ന ചുവരുകള്‍ ഇന്ന് കരിപിടിച്ചിരിക്കുന്നു. ഒരു സമയത്ത് പഠിക്കാനെത്തിയ കുട്ടികളുടെ ശബ്ദംകൊണ്ട് നിറഞ്ഞിരുന്ന ആ ക്ലാസ് റൂമുകളില്‍ ഉയരുന്നത് ഒരു പറ്റം മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങളുടെ  ഓര്‍മ്മകളാണ്. നാലു ക്ലാസ് മുറികളിലായി താമസിക്കുന്നത് 13 കുടുംബങ്ങളാണ്. ഒരു മുറിയില്‍ മൂന്നുമുതല്‍ നാലു വരെ കുടുംബങ്ങള്‍. മൂന്നര വര്‍ഷമായി ഈ നാലു ക്ലാസ് മുറികളാണ് ഇവരുടെ വീടുകള്‍

മൂന്നര വര്‍ഷം മുന്‍പ് കടല്‍ക്ഷോഭിച്ച സമയത്ത് വലിയതുറയിലെ മുട്ടത്തറയില്‍ ചെറിലക്ഷ്മി റോഡിനടുത്തുള്ള മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ കടല്‍വെള്ളം ഇരച്ചുകയറിയപ്പോള്‍ അവരെ സംരക്ഷിക്കേണ്ട അധികാരികള്‍ ആരുമെത്തിയില്ലായിരുന്നു. വാര്‍ഡ് കൌണ്‍സിലറും വില്ലേജ് ഓഫീസറും സ്ഥലത്തെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ ശ്രമഫലമായി സ്ഥലത്തെത്തിയപ്പോള്‍ ആ വീടുകളില്‍ മുട്ടോളം വെള്ളം കയറിയിട്ടുണ്ടായിരുന്നു. സ്ഥലത്തെത്തിയ മന്ത്രി വി എസ് ശിവകുമാര്‍ അന്നവര്‍ക്കു നല്‍കിയ വാഗ്ദാനം ആറുമാസത്തിനുള്ളില്‍ പുന:രധിവസിപ്പിക്കാനുള്ള മാര്‍ഗ്ഗമുണ്ടാക്കും എന്നായിരുന്നു. ആറുമാസം കഴിഞ്ഞിട്ടും, ഇപ്പോള്‍ മൂന്നര വര്‍ഷം കഴിഞ്ഞിട്ടും അവര്‍ക്കു സ്വന്തമെന്നുപറയാന്‍ ഒരുതുണ്ടു ഭൂമിയില്ല. രണ്ടു മാസങ്ങള്‍ക്കുമുന്‍പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും  മന്ത്രി ശിവകുമാറിനെയും അങ്ങോട്ടു പോയി കണ്ടതൊഴിച്ചാല്‍ മൂന്നര വര്‍ഷത്തിനിടെ ആരും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇലക്ഷന്‍ സമയത്ത് വോട്ടിനായി ഒരു രാഷ്ട്ട്രീയ പാര്‍ട്ടിയും അവരെ തേടി എത്താറുമില്ല.

ദുരിതങ്ങളുടെ നടുക്കടലില്‍
കടല്‍ കയറിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ മാറ്റിത്താമസിപ്പിച്ചിരിരുന്ന 45 കുടുംബങ്ങളാണ് ഈ സ്കൂളില്‍ ഉണ്ടായിരുന്നത്. അവര്‍ക്കായി സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരുന്നത് മാസം 25 കിലോഅരി, 10 കിലോ പയര്‍, അഞ്ചു കിലോ റവ, രണ്ടു തേങ്ങ, മുളകുപൊടി, മഞ്ഞപ്പൊടി, ഉപ്പ് എന്നിവ ഓരോ കവര്‍ വീതം, 100 ഗ്രാം പുളി എന്ന കണക്കിലാണ്. പലരും മാറിപ്പോയപ്പോള്‍ അതിനു കഴിയാത്ത 13 കുടുംബങ്ങള്‍ മാത്രം ബാക്കിയായി. ഇപ്പോള്‍ അതിന്‍റെ നാലിലൊന്നു പോലും അവര്‍ക്കു ലഭിക്കുന്നില്ല. ഒരാഴ്ചത്തേക്ക് പച്ചക്കറികള്‍ വാങ്ങാന്‍ വില്ലേജ് ഓഫീസര്‍ ഇവര്‍ക്കു നല്‍കുന്ന വലിയ തുക 50 രൂപയാണ്. മീന്‍ വാങ്ങാനായി നല്‍കുന്നത് 100 രൂപയും. ഇതില്‍ ഏതെങ്കിലും ഒന്നേ ലഭിക്കുകയുള്ളൂ. അതും ലഭിക്കണമെങ്കില്‍ വില്ലേജ് ഓഫീസര്‍ കനിയണം. അതാവട്ടെ ഉണ്ടാവുന്നത് അപൂര്‍വ്വമായും.

ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ അവഗണയും പ്രതികാരവും ഇവര്‍ക്കു നേരിടേണ്ടി വന്നിരിക്കുകയാണ്. കഴിഞ്ഞ മാസം സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിയതിനു ശേഷം ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരു ടാങ്ക് കുടിവെള്ളത്തിന്‍റെ വരവും നിലച്ചു.

‘ഇപ്പോള്‍ ഞങ്ങള്‍ക്ക്‌ കുടിക്കാനിത്തിരി വെള്ളം വേണമെങ്കില്‍ സ്കൂളിലെ പിള്ളേര്‍ ഊണു കഴിഞ്ഞു പോണം. സ്കൂളിലെ പൈപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ ചെന്നാല്‍ സാറന്മാര്‍ ആക്ഷേപിക്കും. ആദിവാസികള്‍ക്കു കുടിക്കാനുള്ള വെള്ളമല്ല ഇവിടത്തെ കുട്ടികള്‍ക്കു കുടിക്കാനുള്ളതാണെന്ന് പറഞ്ഞു ഞങ്ങളെ ആട്ടിപ്പായിക്കും’.

അവിടത്തെ താമസക്കാരില്‍ ഒരാളായ ആഗ്നസ് ഇക്കാര്യം പറഞ്ഞത് കണ്ണീരോടെയാണ്.

ആഗ്നസ് വിധവയാണ്. രാവിലെ വാങ്ങുന്ന രണ്ടു കവര്‍ പാലുകൊണ്ടുണ്ടാക്കുന്ന ചായ വിറ്റാണ് അന്നന്നത്തെ ചിലവിനുള്ള വക ആഗ്നസ് കണ്ടെത്തുന്നത്. രണ്ടുമക്കളുള്ള അവരുടെ പ്ലസ്‌ വണ്‍ കഴിഞ്ഞ മകള്‍ പഠനം നിര്‍ത്തി  അടുത്തുള്ള തുണിക്കടയില്‍ ജോലിക്കു പോവുകയാണ്. മാസാവസാനം മകള്‍ക്കു കിട്ടുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ പോലും ഏട്ടാം ക്ലാസില്‍ പഠിക്കുന്ന മകന്‍റെ പഠനച്ചിലവുകള്‍ക്കു തികയാറില്ല.

13 കുടുംബങ്ങളിലായി നാലു പെണ്‍കുട്ടികള്‍ ഉള്ളതിനാല്‍ ഇവര്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ മുറികള്‍ പൂട്ടി അകത്തിരിക്കേണ്ട അവസ്ഥയാണ്. സാമൂഹ്യവിരുദ്ധന്മാര്‍ രാത്രി മതില്‍ ചാടി അകത്തുവരുന്നതും ശല്യപ്പെടുത്തുന്നതും ഇവിടത്തെ പതിവു  സംഭവമാണ്. പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ജോലിക്കുപോകാതെ വീട്ടിലിരിക്കേണ്ട അവസ്ഥയാണ്‌ ഈ കുടുംബങ്ങളിലെ ആണുങ്ങള്‍ക്ക്. മാത്രമല്ല ഒരു മുറിയില്‍ തന്നെ മൂന്നും നാലും കുടുംബങ്ങള്‍ ഉള്ളതിനാല്‍ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സ്കൂള്‍ ടോയ്‌ലറ്റിനു മുന്‍പില്‍ ഒരാളെ കാവല്‍ നിര്‍ത്തിയാണ് അവര്‍ വസ്ത്രം മാറുന്നത്. സ്കൂള്‍ പരിസരംകാടുപിടിച്ചു കിടക്കുന്നതുകാരണം ഇഴജന്തുക്കളുടെ ശല്യം ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ പുറത്തിറങ്ങാനും പ്രയാസം. അടുത്തിടെയാണ് ഒരു മൂര്‍ഖനെ ഇവര്‍ താമസിക്കുന്നതിന്റെ അടുത്തു കണ്ടെത്തിയത്. ഒരുമിച്ചു താമസിക്കുന്ന ഇവര്‍ക്കിടയില്‍ അസുഖങ്ങള്‍  പെട്ടെന്നു പടര്‍ന്നുപിടിക്കുന്നു. അതിന്‍റെ ബുദ്ധിമുട്ടുകള്‍ വേറെയും.

ഇവരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകളുണ്ട്, വിധവകളുണ്ട്. പലരും അടുത്തുള്ള വീടുകളില്‍ ജോലിക്കും മറ്റും പോയാണ് കുടുംബം പുലര്‍ത്തുന്നത്. നാലു ചെറിയ കുട്ടികളടക്കം ആകെ എട്ട് ആണ്‍ പ്രജകളാണ് ഇവിടെ ഉള്ളത്. മൂന്നു പേര്‍ കടലില്‍ പോകുന്നവരാണ്. രാത്രി സ്ത്രീകളെ തനിച്ചാക്കാന്‍ പറ്റാത്തതുകൊണ്ട് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോകാന്‍ ഇവര്‍ക്കു കഴിയാറില്ല. അതിനാല്‍ തന്നെ കിട്ടുന്ന വരുമാനവും തുച്ഛമായിരിക്കും. ബാക്കിയുള്ള ഒരാള്‍ നട്ടെല്ലിനു തേയ്മാനം വന്നതിനാല്‍ ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുകയാണ്.

അതും പോരാഞ്ഞ് പ്രതിഷേധ സമരത്തിനായിപ്പോലും ഇവര്‍ക്ക് ഒരുമിച്ചിറങ്ങാന്‍ സാധിക്കില്ല. പോയാല്‍ ഉടന്‍ വില്ലേജ് ഓഫീസര്‍ വന്ന് മുറികള്‍ പൂട്ടും. അങ്ങനെ സംഭവിച്ചാല്‍ തങ്ങള്‍ക്കു പോകാന്‍ മറ്റൊരു സ്ഥലമില്ലെന്ന കാരണം കൊണ്ട് എല്ലാവരും കൂടി ഒരിടത്തെക്കും പോകാറില്ല.

തങ്ങളുടെ കൂടി കുട്ടികള്‍ പഠിക്കേണ്ട സ്കൂളിലാണ് താമസിക്കുന്നത് എന്നുള്ള വ്യഥയാണ് ഇവരെ കൂടുതല്‍ ഉലയ്ക്കുന്നത്. പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, പുതിയതുറ, കരിങ്കുളം, പുല്ലുവിള, കൊച്ചുതുറ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ് മുറികള്‍ കുറവായതിനാല്‍ കുട്ടികളുടെ ഹോസ്റ്റലില്‍ വച്ചു തന്നെയാണ്  പല ക്ലാസ്സുകളും നടക്കുക.

വാഗ്ദാനങ്ങള്‍ നല്‍കി ചതിച്ചുകൊണ്ടേയിരിക്കുന്ന സര്‍ക്കാര്‍ 
20 വര്‍ഷമായി തങ്ങള്‍ക്കു ഇതേ അവസ്ഥയാണെന്ന് വിധവയായ ട്രേസ പറയുന്നു. ഓരോ പ്രാവശ്യവും കടല്‍ കയറുമ്പോള്‍ എവിടെങ്കിലും കൊണ്ടു തള്ളുകയും കടലിറങ്ങുമ്പോ ആയിരവും രണ്ടായിരവും തന്ന് ഇറക്കിവിടുകയുമാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരുന്നത് എന്ന്‍ ട്രേസ ഓര്‍ക്കുന്നു.

‘ഇപ്പൊ മൂന്നര വര്‍ഷമായി ഒരിടത്തു തന്നെയാണെന്നേയുള്ളൂ. അന്ന് പലയിടത്തു കിടന്ന് അനുഭവിച്ചത് ഇപ്പോള്‍ ഒരിടത്തുകിടന്ന് അനുഭവിക്കുന്നു എന്നേയുള്ളു. ഇനി കാണാന്‍ ആരുമില്ല. മന്ത്രി ശിവകുമാര്‍ അപ്പുറത്ത് ആശുപത്രിയുടെ ഉത്ഘാടനത്തിനു വന്നിട്ടു പോലും ഇങ്ങോട്ടു കയറിയില്ല. മുഖ്യമന്ത്രിയെ കണ്ടപ്പോഴും പറഞ്ഞത് ആറുമാസത്തിനുള്ളില്‍ പരിഹരിക്കാം എന്നാണ്. ഞങ്ങളെ കൊണ്ടു വന്ന് മൂന്നുമാസം കഴിഞ്ഞപ്പോ വില്ലേജ് ഒഫീസര്‍ വന്ന് ചോദിച്ചു ഭക്ഷണത്തിനുള്ള വക വേണോ ,വീടു വേണോ. വീടുമതി എന്ന് പറഞ്ഞതിനു ശേഷം റേഷന്‍ പോലെ കിട്ടിയിരുന്ന സാധനങ്ങളും ഇല്ലാതായി. എന്നാല്‍ വീടു കിട്ടിയോ അതുമില്ല. കടലു ചതിക്കുന്നത് വെള്ളം കേറുമ്പോള്‍ മാത്രമാണ്. ഇവരെല്ലാം കൂടി എപ്പോഴും ഞങ്ങളെ ചതിക്കുകയാണ്’, ട്രേസ തങ്ങളുടെ അവസ്ഥ വിശദീകരിച്ചു.

ഈ മൂന്നര വര്‍ഷത്തിനിടയ്ക്ക് ഇവര്‍ പലപ്രാവശ്യം വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും  സമീപിക്കുകയുണ്ടായി. ഉടനെ ശരിയാവും എന്നു പറഞ്ഞ് ഇവരെ മടക്കിയയക്കുന്നതല്ലാതെ നടപടികളൊന്നും ഉണ്ടായിട്ടില്ല. വിമാനത്താവളത്തിനു സമീപമുണ്ടായിരുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാം എന്നുള്ളതായിരുന്നു ആദ്യം ധാരണയുണ്ടായത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ പൂന്തുറ ഭാഗത്തുള്ളവര്‍ക്കായി നല്‍കുകയായിരുന്നു.

നാഷണല്‍ സൈക്ലോണ്‍ റിസ്ക്‌ മിറ്റിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായി സ്ഥിരം ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്‍കാനായി വലിയതുറയില്‍ സ്വീവേജ് ഫാം പുല്‍ക്കൃഷി നടത്തുന്ന സ്ഥലത്തു ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാം എന്നുള്ളതാണ് ഇപ്പോഴത്തെ വാഗ്ദാനം. അഞ്ചര ഏക്കര്‍ ഭൂമിയില്‍ നിന്നും മൂന്നര മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടേക്കര്‍ വികലാംഗര്‍ കോളനിയില്‍ താമസിക്കുന്നവര്‍ക്കും നല്‍കാം എന്നുള്ള വാഗ്ദാനമാണ് അവസാനം ലഭിച്ചത്. അതും കഴിഞ്ഞ മാസം സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തിയ സമരത്തിനു ശേഷം.നാലു ദിവസം ഈ കുടുംബങ്ങളിലെ മുഴുവന്‍ സ്ത്രീകളും കൂടി റോഡ്‌ ഉപരോധിച്ചപ്പോഴാണ് കളക്ടര്‍ മന്ത്രി ശിവകുമാറിന്‍റെ അനുവാദത്തോടെ മേല്‍പ്പറഞ്ഞ വാഗ്ദാനം നല്‍കിയത്.

തങ്ങള്‍ക്കു ഫ്ലാറ്റുകള്‍ അല്ല വേണ്ടത്, സ്വന്തമായി വീടുകളാണ് എന്നിവര്‍ പല പ്രാവശ്യം ആവശ്യപ്പെട്ടു കഴിഞ്ഞു. അതിനനുകൂലമായ തീരുമാനങ്ങളൊന്നും സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടില്ല. ഇവര്‍ക്കൊപ്പം സ്ഥലം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വികലാംഗര്‍ കോളനിയിലെ അന്തേവാസികളും ഫ്ലാറ്റ് വേണ്ട എന്നുള്ള തീരുമാനത്തിലാണ്. അത്താണി പോലെയുള്ള സര്‍ക്കാര്‍ ഷെല്‍ട്ടറുകളില്‍ നിന്നും ഇറക്കിവിട്ട ആള്‍ക്കാരുടെ അവസ്ഥകൂടി ചൂണ്ടിക്കാട്ടി അവര്‍ തങ്ങളുടെതീരുമാനം വ്യക്തമാക്കുന്നു.

സ്വീവേജ് ഫാം റോഡിലെ സ്ഥലത്ത് താല്‍ക്കാലികമായി ഷെഡ് കെട്ടി താമസിക്കാന്‍ അനുവദിക്കണമെന്ന ഇവരുടെ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയുണ്ടായി.

അവഗണിക്കുന്ന ജനപ്രതിനിധികള്‍
കാലങ്ങളായി സ്ഥലത്തെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ഇവരെ ചതിക്കുകയും അവഗണിക്കുകയുമാണ് ചെയ്യുന്നതെന്ന് ഈ മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്ന കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും സാമൂഹ്യപ്രവര്‍ത്തകയുമായ മാഗ്ലിന്‍ പീറ്റര്‍ പറയുന്നു.

‘ഇവരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ ആദ്യം നേരിടേണ്ടി വന്നത് സ്ഥലത്തെ രാഷ്ട്രീയപ്രവര്‍ത്തകരുടെയും പള്ളിയുടെയും എതിര്‍പ്പായിരുന്നു. എന്തിനാണ് സമരം ചെയ്യുന്നത്. ഞങ്ങളെ അറിയിക്കാഞ്ഞതെന്താണ് എന്നായിരുന്നു അവരുടെ പ്രതികരണം. മൂക്കിനു കീഴില്‍ ഇത്രയും കാര്യങ്ങള്‍ നടന്നിട്ടുകൂടി ഇടപെടാഞ്ഞ അവര്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നതിനെ തടയാനാണ് ശ്രമിച്ചത്, അല്ലാതെ സഹായിക്കാനല്ല. ഓരോ ദിവസവും ഇവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. തങ്ങളുടെ നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് ഇടപെടേണ്ടവരാണ് ജനപ്രതിനിധികള്‍. ഇത്രയൊക്കെ ഉണ്ടായി എന്ന് അറിയിച്ചിട്ടും ചെറുവിരല്‍ അനക്കാത്തവരാണ് ഇവര്‍.

പലതരത്തില്‍ ഈ മത്സ്യത്തൊഴിലാളികളുടെ സമരം അട്ടിമറിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ആദ്യം നടത്തിയ സമരത്തില്‍ തുച്ഛമായ തുക കൊടുത്ത് ഇവരെ അടക്കാനുള്ള ശ്രമം നടന്നു. കൂടാതെ ഇവരുടെ കൂട്ടത്തിലെ പുരുഷന്‍മാര്‍ക്ക് മദ്യം കൊടുത്തു സമരം പിന്‍വലിപ്പിച്ചു. അതുകൊണ്ടു തന്നെ അടുത്ത തവണ സമരം നടത്തിയപ്പോള്‍ ഞങ്ങള്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് സമരത്തില്‍ പങ്കെടുത്തത്. അവിടെ വച്ചാണ് കളക്ടറുടെ കൈയ്യില്‍ നിന്ന് ഓര്‍ഡര്‍ ഒപ്പിട്ടുവാങ്ങാന്‍ ഞങ്ങള്‍ക്കു സാധിച്ചത്’. ഈ കുടുംബങ്ങളുടെ പ്രതിഷേധസമരത്തിനു നേതൃത്വം വഹിക്കുന്ന മാഗ്ലിന്‍ പീറ്റര്‍ തങ്ങള്‍ക്കു നേരിടേണ്ടി വന്ന വെല്ലുവിളികള്‍ വിശദീകരിച്ചു.

തങ്ങളെ ഇത്തരത്തില്‍ അവഗണിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ തന്നെയാണ് ഈ മത്സ്യത്തൊഴിലാളികളുടെ തീരുമാനം. ഡിസംബര്‍ 15 വരെ തങ്ങള്‍ കാക്കും എന്നാണ് അവര്‍ പറയുന്നത്. സ്വന്തമെന്നു പറയാന്‍ ഇത്തിരി ഭൂമിയാണ്‌ ഇവരുടെ ആവശ്യം.  കലക്ടര്‍ നല്‍കിയ രേഖ പറയുന്നത് ഡിസംബര്‍ 15നു മുന്‍പ് ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നാണ്. അങ്ങനെയുണ്ടായില്ലെങ്കില്‍ ഏതു വിധേനയും കിടപ്പാടം എന്ന  തങ്ങളുടെ അവകാശം നേടിയെടുക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇവര്‍.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍) 

 

 അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍