UPDATES

വിദേശം

ഒരു ജനപ്രിയനെ ജനപ്രിയനാക്കുന്ന 5 സംഗതികള്‍

Avatar

സ്റ്റീഫന്‍ മിം
(ബ്ലൂംബര്‍ഗ്)

അമേരിക്കയുടെ ചരിത്രത്തില്‍ ആവര്‍ത്തിക്കുന്ന ഒരു പ്രമേയമാണത്: വാഷിംഗ്ടനും രാഷ്ട്രീയവും മടുത്തിരിക്കുന്ന വോട്ടര്‍മാര്‍ക്ക് ജനപ്രിയരാകാന്‍ ശ്രമിക്കുന്ന പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികള്‍ ശബ്ദം നല്കും. റിപ്പബ്ലിക്കന്‍മാരില്‍ ബെന്‍ കാര്‍സന്‍, ഡൊണാള്‍ഡ് ട്രംപ്, പിന്നെ കുറച്ചൊക്കെ ടെഡ് ക്രൂസും: ഡെമോക്രാറ്റുകളില്‍ ബെര്‍ണീ സാണ്ടെഴ്സ്- ഇവരെല്ലാം തന്നെ കലാപകാരികളും കളത്തിന് പുറത്തുനിന്നുള്ളവരുമെന്ന സ്വയം വിശേഷണങ്ങള്‍ക്കപ്പുറം ചില പൊതു സവിശേഷതകള്‍ ഉള്ളവരാണ്.

മാത്രവുമല്ല, ചരിത്രം പറയുന്നതു ജനപ്രിയത (populism) എന്നത് വ്യവസ്ഥക്കെതിരെ അല്ലെങ്കില്‍ ജനവികാരത്തിന്റെ ശബ്ദം എന്നവകാശപ്പെടുന്ന രാഷ്ട്രീയക്കാരനെ വിശേഷിപ്പിക്കുന്നതിലേറെ ചിലതാണ് എന്നതാണ്. ആ പദം കാലത്തിനും സാഹചര്യങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും അപ്പുറം പങ്കിടാവുന്ന ഘടകങ്ങളുള്ള  തിരിച്ചറിയാവുന്ന ഒരു രാഷ്ട്രീയ ശക്തിയെ  സൂചിപ്പിക്കുന്നു.

ഈ പദം പ്രചുരപ്രചാരം നേടിയത്, Gilded Age (യു എസിലെ ആഭ്യന്തര യുദ്ധത്തിനും ഒന്നാം ലോക മഹായുദ്ധത്തിനും ഇടയിലുള്ള കാലം) കാലത്ത് കര്‍ഷക സഖ്യം (Farmer’s Alliance) എന്നറിയപ്പെട്ട ഗ്രാമീണ മുന്നേറ്റം People’s Party ആയി രൂപാന്തരം പ്രാപിച്ച്, കടുത്ത അസമത്വത്തിന്റെയും  സാമ്പത്തിക പ്രതിസന്ധിയുടെയും കാലഘട്ടത്തില്‍  ഉപരിവര്‍ഗത്തിന്റെ പുറത്തുള്ള സാധാരണ അമേരികക്കാര്‍ക്കെതിരായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നു എന്ന വിശ്വാസം പ്രബലമാവുകയും ചെയ്ത്, രണ്ട് വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെയും വെല്ലുവിളിച്ചപ്പോഴാണ്.

പരിചിതമായി തോന്നുന്നുവോ? ഇന്നത്തെ ജനപ്രിയരില്‍ നിന്നും വ്യത്യസ്തമായിരുന്നു 19-ആം നൂറ്റാണ്ടിന്റെ അവസാനകാലത്ത്. പക്ഷേ അവരുടെ സവിശേഷ രാഷ്ട്രീയ ശൈലി, അവര്‍ ഉപയോഗിച്ച ജനക്ഷോഭം, എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ട്രംപ്, സാണ്ടെഴ്സ് മറ്റ് കലാപകാരി സ്ഥാനാര്‍ത്ഥികളെല്ലാം ഏതാണ്ട് ഊഹിക്കാനാകുന്ന അസംതൃപ്തിയുടെ പാട്ടുകാരാണ് എന്നാണ്.

ഒരു ജനപ്രിയനെ ജനപ്രിയനാക്കുന്ന 5 സംഗതികള്‍ ഇതാ:

1. ക്ഷോഭം
ജനപ്രിയരുടെ അനുഭാവികളില്‍ അധികവും നഗര ധനികരുടെയും കൂറ്റന്‍ ബാങ്കുകളുടെയും വ്യാപാര കുത്തകകളുടെയും മേല്‍ക്കോയ്മക്കെതിരെ വിമതശബ്ദം ഉയര്‍ത്തുന്ന ചെറുനഗരങ്ങളിലെ കച്ചവടക്കാരും ഗ്രാമീണരുമാണ്. വ്യവസായിക മുന്നേറ്റം കൊണ്ടുവന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടുകളും 1880-1890 കാലഘട്ടങ്ങളില്‍ തുടങ്ങിയ സാമ്പത്തിക മൂലധനത്തിന്റെ വര്‍ധിച്ച പങ്കാളിത്തവും അവരെ തങ്ങളുടെ പ്രതിഷേധം പുറത്തുവിടാന്‍ ഒരു വഴി തേടിപ്പിച്ചു. ജനപ്രിയ നേതാവ് മേരി ലീസ് കര്‍ഷകരോട് “കുറച്ചു ചോളവും കൂടുതല്‍ നരകവും വളര്‍ത്താന്‍” കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കാം ഇല്ലായിരിക്കാം. പക്ഷേ ആ കഥ വലിയൊരു സത്യത്തിലേക്ക് കണ്ണു തുറപ്പിക്കുന്നു: ഈ മുന്നേറ്റത്തെ നയിച്ചത്  ക്ഷോഭത്തിന്റെ ഇന്ധനമാണ്.

ട്രംപും സാണ്ടെഴ്സും അനുയായികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് സാങ്കേതിയ ഭാവനകളും വൈദഗ്ദ്ധ്യവും ഒന്നുമല്ല. മിനുക്കിവെടിപ്പാക്കാത്ത, പച്ചയായ വികാരവിക്ഷോഭമാണ്. രാജ്യത്തിന്റെ ഭാവിക്കുള്ള മാര്‍ഗരേഖയൊന്നും ഇവര്‍ മുന്നോട്ട് വെക്കുന്നില്ല. ട്രംപാണെങ്കില്‍ അമേരിക്കയുടെ മഹത്വം വീണ്ടെടുക്കലും, സാണ്ടെഴ്സാണെങ്കില്‍ സാമ്പത്തിക അസമത്വം ഇല്ലാതാക്കലുമാണ് അജണ്ട. ക്രൂസ് ആകട്ടെ എല്ലായ്പ്പോഴും വാഷിംഗ്ടണ്‍ സംഘത്തെയും അധികാരത്തില്‍ അവര്‍ക്കുള്ള ഉറച്ച പിടിപാടിനെയും അപലപിക്കുന്നു.

സാണ്ടെഴ്സിനെപ്പോലെ പഴയ നിയമത്തിലെപ്പോലെ പ്രവാചകനെപ്പോലെയോ ട്രംപിനെ പോലെ നമ്മള്‍ എല്ലാവരെയും എടുക്കാന്‍ പോകുന്നില്ല എന്ന നിലപാടുകാരോ ആകും ഇവര്‍. രാഷ്ട്രീയ സാമാന്യരീതികളും സമ്പ്രദായങ്ങളും പാലിക്കാതെ കാര്യങ്ങള്‍ പറയുന്ന ആദ്യ ജനപ്രിയരെയാണ് ഇവരും അനുസ്മരിപ്പിക്കുക.

“നമ്മെ പിന്തുടരുന്ന പണത്തിന്റെ വേട്ടനായ്ക്കളെ” കുറിച്ച് ലീസ് മുന്നറിയിപ്പ് നല്കിയപ്പോള്‍ കേള്‍വിക്കാര്‍ ആവേശഭരിതരായി. ഇത്തരം വാക്കുകള്‍ സാധാരണ മനുഷ്യരുടെ അസംതൃപ്തികളെ ആറ്റിക്കുറുക്കിയതാണ്. അധികാരശക്തികളോടുള്ള അവരുടെ പകയുടെ ബഹിര്‍സ്ഫുരണവും.

 

2. തദ്ദേശീയത
ആദ്യകാല ജനപ്രിയ മുന്നേറ്റത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് തദ്ദേശീയതയായിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെയുള്ള ആക്രോശത്തില്‍ ജോര്‍ജിയയില്‍ നിന്നുള്ള ടോം വാട്സണ്‍ ട്രംപിനൊപ്പം പിടിക്കുന്നു: “നമ്മള്‍ ലോകത്തിന്റെ തീച്ചൂളയായിരിക്കുന്നു,” അയാള്‍ എഴുതി. “സൃഷ്ടിയുടെ വൃത്തികേടുകള്‍ നമുക്കുമേല്‍ കമഴ്ത്തിയിരിക്കുകയാണ്. നമ്മുടെ ചില പ്രധാന നഗരങ്ങള്‍ അമേരിക്കന്‍ എന്നതിനേക്കാള്‍ വിദേശീയമായിരിക്കുന്നു.”

സാണ്ടെഴ്സ് ഈ ഭാഷയെ അപലപിക്കും, ഈ വികാരത്തെയല്ലെങ്കിലും. കുടിയേറ്റ പരിഷ്കരണങ്ങളെ പിന്തുണക്കുന്നുണ്ടെങ്കിലും സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റ് മെക്സിക്കോയില്‍ നിന്നുള്ള കൂടുതല്‍ കുടിയേറ്റങ്ങള്‍ക്കെതിരാണ്. അമേരിക്കക്കാരുടെ കൂലി കുറയ്ക്കാന്‍ കുറഞ്ഞ തൊഴില്‍ നിരക്കിന് ആളുകളെ ഇറക്കുമതി ചെയ്യുന്നതിന് വാള്‍സ്ട്രീറ്റിനെ കടന്നാക്രമിക്കുന്നു സാണ്ടെഴ്സ്. ഇതേ രീതിയില്‍ കുറഞ്ഞ കൂലിക്കു ആളെക്കൊണ്ടുവരുന്ന നിര്‍മ്മാതാക്കളെ വാട്സനും കുറ്റപ്പെടുത്തുന്നു.

3. വാള്‍സ്ട്രീറ്റ്
ഇവരുടെയെല്ലാം പൊതു ആക്ഷേപത്തിന് വിധേയമാകുന്ന ലക്ഷ്യമാണത്. നേരത്തെ ലാഭത്തിന്‍മേലുള്ള പലിശ കുറച്ചതിനെതിരെ ട്രംപ് രോഷം കൊണ്ടിരുന്നു. വാള്‍സ്ട്രീറ്റ് ബാങ്കര്‍മാരെ വായ്പാ സ്രാവുകളോടും കുറ്റവാളി സംഘത്തോടുമാണ് സാണ്ടെഴ്സ് ഉപമിച്ചത്.

യഥാര്‍ത്ഥത്തില്‍ ഉത്പാദനം നടത്തുന്ന വര്‍ഗത്തിന്റെ പ്രതിനായകരായി സാമ്പത്തിക മേഖല ചിത്രീകരിക്കപ്പെട്ടു. കെട്ടിട നിര്‍മാതാവായ ട്രംപ് താനീ ഹെഡ്ജ് ഫണ്ട് മാനേജര്‍മാരെപ്പോലെ വെറുതെ ഒരു കടലാസ് എടുത്തുപൊക്കി കാശുകാരനായതല്ലെന്ന് വീമ്പിളക്കി.

പ്രസിഡണ്ടായാല്‍ താനാദ്യം ചെയ്യുന്ന കാര്യം വാള്‍സ്ട്രീറ്റ് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ഒരു സമിതിയെ വെക്കുകയായിരിക്കുമെന്ന് സാണ്ടെഴ്സ് പ്രഖ്യാപിച്ചു.

4. മതപരമായ മുന്‍വിധികള്‍
ജനപ്രിയതയ്ക്ക് എപ്പോഴും ഒരു സെമെറ്റിക് വിരുദ്ധ ഭാഷയുടെ ച്ഛായയുണ്ട്. രാഷ്ട്രീയ സംവാദങ്ങളില്‍ ജൂതനും ബാങ്കറും മാറിമാറിവരും. ഇത് ഇക്കൂട്ടത്തില്‍ നിന്നും സാറാ എമെരിയുടെ “Seven Financial Conspiracies Which Have Enslaved the American People,” (1894) പോലുള്ള പുസ്തകങ്ങള്‍ വരെ സൃഷ്ടിച്ചിട്ടുണ്ട്. എമെരിയുടെ പുസ്തകത്തില്‍ സംഖ്യാശാസ്ത്രത്തില്‍ തുടങ്ങി ഇടക്കിടെയുള്ള ഷൈലോക് വിളിയുമായി പൊതിഞ്ഞുവെച്ച സെമറ്റിക് വിരോധവുമുണ്ട്. പിന്നെ നിറയെ ഗൂഡാലോചന സിദ്ധാന്തങ്ങളും. എന്നിട്ടും പുസ്തകം 4 ലക്ഷത്തിലേറെ പതിപ്പ് വിറ്റുപോയി.

ജനപ്രിയ മുന്നേറ്റത്തിന്റെ സാമൂഹ്യ സന്ദേശത്തെ ഉയര്‍ത്തിക്കാട്ടാന്‍ അതിന്റെ  സെമെറ്റിക് വിരുദ്ധതയെ വെള്ളപൂശാന്‍ ചില ഇടത് ചരിത്രകാരന്‍മാര്‍ ശ്രമിക്കാറുണ്ട്. പക്ഷേ ട്രംപിന്റെ മുസ്ലീം വിരുദ്ധതയെപ്പോലെ സെമെറ്റിക് വിരുദ്ധത അവരുടെ പ്രകടനങ്ങളിലും പ്രധാന വിഷയമായിരുന്നു. പ്രസിഡണ്ട് ഗ്രോവര്‍ ക്ലീവ് ലാന്‍ഡിനെ മേരി ലീസ് ഒരിക്കല്‍ വിശേഷിപ്പിച്ചത് ജൂത ബാങ്കര്‍മാരുടെയും ബ്രിട്ടീഷ് സ്വര്‍ണത്തിന്റെയും ദല്ലാള്‍ എന്നാണ്.

ഒരു മുസ്ലീമിന് പ്രസിഡണ്ടാകാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന പ്രസ്താവനയുടെ പേരില്‍ കാര്‍സന്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. റിപ്പബ്ലിക്കിന്റെ ആദ്യകാലം മുതലേ ജൂതര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള ആരോപണങ്ങളുടെ പ്രതിധ്വനിയാണിത്.

5. ഉപജാപ സിദ്ധാന്തങ്ങള്‍
ലളിതമായ, എന്നാല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ സമൂഹത്തിലുണ്ടാകുന്ന സംഭവങ്ങള്‍ക്ക് നല്കും. അത്തരം ആശയങ്ങള്‍ക്ക് ഇപ്പോള്‍ പ്രചാരം കിട്ടുന്നതിലും അത്ഭുതമില്ല. ഒരു കണക്കെടുപ്പില്‍ ട്രംപിന്റെ 61% അനുയായികള്‍ പറഞ്ഞത് പ്രസിഡണ്ട് ബരാക് ഒബാമ അമേരിക്കയിലല്ല ജനിച്ചതെന്നാണ് തങ്ങള്‍ വിശ്വസിച്ചത് എന്നാണ്. ട്രംപ് തന്നെ പ്രചരിപ്പിച്ച ഒരു വിശ്വാസം!

ഇതെല്ലാമുണ്ടെങ്കിലും ഈ സ്ഥാനാര്‍ത്ഥികള്‍ പഴയതരം ജനപ്രിയ രാഷ്ട്രീയത്തിന്റെ വെറും പിന്തുടര്‍ച്ചക്കാരല്ല.  ട്രംപ്, സാണ്ടെഴ്സ്, കാര്‍സന്‍-ഇവരാരും സ്വന്തം കക്ഷിയില്‍ നിന്നും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യത നേടാനുമിടയില്ല. എന്നാല്‍ ഈ മുന്നേറ്റങ്ങളെല്ലാം യുക്തിയില്ലാത്ത ക്ഷോഭമല്ല, മറിച്ചു ഗുണപരമായ കാര്യങ്ങളും അവശേഷിപ്പിക്കുന്നുണ്ട്: അവരുടെ കാലങ്ങളില്‍ തീര്‍ത്തും നടക്കാത്തത് എന്നുകരുത്തി തള്ളിക്കളഞ്ഞ കാര്യങ്ങള്‍ പിന്നീട് നിയമമായി മാറിയിട്ടുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍