UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആ അഞ്ച് ഇന്ത്യന്‍ വനിതകള്‍; അവരെയാണ് നാം മുന്നില്‍ നിര്‍ത്തേണ്ടത്

Avatar

അഴിമുഖം പ്രതിനിധി

ഒളിമ്പിക്‌സില്‍ ഇന്ത്യ ഇതുവരെ വ്യക്തിഗതയിനത്തില്‍ നേടിയത് 15 മെഡലുകള്‍. ഇതില്‍ ഒരു സ്വര്‍ണവും മൂന്നുവെള്ളിയും പതിനൊന്നു വെങ്കല മെഡലുകളും ഉള്‍പ്പെടുന്നു. മൈക്കല്‍ ഫെല്‍പ്‌സ് എന്ന താരം മാത്രം നേടിയ സ്വര്‍ണ മെഡലുകള്‍ ഇന്ത്യയുടെ മൊത്തം നേട്ടത്തിനും അധികം വരും. എങ്കിലും ക്രിക്കറ്റ് മാത്രം ലഹരിയായി കൊണ്ടുനടക്കുന്ന ഒരു രാജ്യത്തിന് ഇതു തന്നെ വലിയ നേട്ടം. ഇക്കൂട്ടത്തില്‍, ഇന്നലെ പി വി സിന്ധു നേടിയതടക്കമുള്ള അഞ്ചു മെഡലുകള്‍ വനിതകളിലൂടെയാണ് ഇന്ത്യയുടെ സ്വന്തമായത്. കടുത്ത ലിംഗവ്യത്യാസം നിലനില്‍ക്കുന്ന, കായികരംഗത്തിന് വലിയ സഹായങ്ങള്‍ ചെയ്തുകൊടുക്കാത്ത ഭരണകൂടങ്ങള്‍ വന്നുപോകുന്ന, സ്വാര്‍ത്ഥതാത്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കായികമേലാളന്മാരുള്ള ഒരു രാജ്യത്ത് അഞ്ചു പെണ്‍കുട്ടികള്‍ നേടിയ മെഡലുകളില്‍ ഒന്നുപോലും സ്വര്‍ണമല്ലെങ്കിലും അതിനെല്ലാം വജ്രത്തിളക്കമാണുള്ളത്. അവരിലൂടെ…

കര്‍ണം മല്ലേശ്വരി
2000-ല്‍ നടന്ന സിഡ്‌നി ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് കിട്ടിയത് ഒരേയൊരു മെഡല്‍; ഒരു വെങ്കല മെഡല്‍. ഭാരോദ്വഹനത്തിലെ വെങ്കലത്തിലൂടെ അന്ന് ഇന്ത്യയുടെ അഭിമാനം പൊന്നുപോലെ കാത്തത് ആന്ധ്രാ പ്രദേശിലെ ശ്രീകാക്കുളത്തു നിന്നുള്ള ഇരുപത്തിയഞ്ചു വയസുള്ള കര്‍ണം മല്ലേശ്വരി എന്ന പെണ്‍കുട്ടിയായിരുന്നു. ചരിത്രമവളെ രേഖപ്പെടുത്തിയത്, ഒളിമ്പിക്‌സില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ വനിത എന്ന പേരിലാണ്. ഒരു ജോലി കിട്ടാനും അതുവഴി കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാമെന്ന പ്രതീക്ഷയില്‍ കായികരംഗത്തേക്കു വന്ന നാലു സഹോദരിമാരില്‍ ഒരാളാണ് രാജ്യത്തിനു വേണ്ടി ഇത്ര വലിയ അംഗീകാരം നേടിയെടുത്തതും.

1952 ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ബ്രാന്‍ഡംവെയ്റ്റ് ഗുസ്തിയില്‍ വെങ്കലം നേടിയ കെ ഡി ജാദവിനും 1996 ലെ ഏഥന്‍സ് ഒളിമ്പികിസില്‍ പുരുഷ സിംഗിള്‍സ് ടെന്നീസില്‍ വെങ്കലം നേടിയ ലിയാണ്ടര്‍ പേസിനും ശേഷം വ്യക്തിത മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി കര്‍ണം മല്ലേശ്വരി. 

ഒളിമ്പിക്‌സ് മെഡല്‍ സ്വന്തമാക്കുന്നതിനു മുമ്പ് 1995 ലും 96 ലും മല്ലേശ്വരി 54 കിലോവിഭാഗത്തില്‍ ലോകചാമ്പ്യനുമായിരുന്നു. 1993ലും 96 ലും രണ്ടാം സ്ഥാനത്തുമെത്തി.

ഇത്രയൊക്കെ നേട്ടങ്ങള്‍ സ്വന്തമാക്കിയ, രാജ്യം പദ്മശ്രീയും രാജീവ് ഗാന്ധി ഖേല്‍രത്‌നയും നല്‍കി ആദരിച്ച മല്ലേശ്വരിക്ക് ഇന്നിപ്പോള്‍ സിന്ധുവിനും സാക്ഷിക്കും നല്‍കുന്നയത്ര സ്‌നേഹാദരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നു കിട്ടിയിരുന്നില്ല.

ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനു പിന്നാലെ ഒരു മാഗസിന്‍ അവരെ പരിഹസിച്ചത് അമിതഭാരമുള്ളവളും ബിയര്‍ കുടിക്കുന്നവളുമാണെന്നായിരുന്നു.

ഇനിയും ഉയരങ്ങള്‍ താണ്ടാന്‍ കഴിവുള്ളവള്ളെന്ന് അപ്പോഴും മല്ലേശ്വരിക്കുമേല്‍ പ്രതീക്ഷവച്ചരായിരുന്നു ഏറെപ്പേരും. എങ്കില്‍പോലും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കര്‍ണം മല്ലേശ്വരി, ഒരു കായികതാരത്തിന്റെ ഏറ്റവും നല്ല പ്രായത്തില്‍; 25-ആം വയസില്‍ കരിയറിനോട് വിടപറയുകയാണെന്നു പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനു പിറ്റേവര്‍ഷമായിരുന്നു ഈ പ്രഖ്യാപനം. 

മകന്‍ പിറന്നതോടെയാണ് മല്ലേശ്വരിയുടെ വിരമിക്കലിനു കാരണമായത്. ശരത്ചന്ദ്രയെന്ന തന്റെ മകന് അവന്റെ അമ്മയുടെ പരിചരണം ആവശ്യമാണെന്നും മകനാണ് തനിക്കു കരിയറിനെക്കാള്‍ വലുതെന്നും മല്ലേശ്വരി പറഞ്ഞു. എന്നാല്‍ പിറ്റേവര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി മല്ലേശ്വരി ഇറങ്ങണമെന്ന ആവശ്യം ശക്തമായപ്പോള്‍ അവരുടെ മനസ് ചാഞ്ചാടി. നിര്‍ഭാഗ്യമെന്നു പറയട്ടെ ഒരു ദുരന്തം മല്ലേശ്വരിയുടെ മടങ്ങിവരവിനു തടസമായി. അവരുടെ അച്ഛന്‍ മരിച്ചു. തന്റെ കായിക ജീവിതത്തിനു വിരമമായി എന്നവര്‍ പ്രഖ്യാപിച്ചു.

മല്ലേശ്വരിയുടേത് സ്വന്തം തീരുമാനമായിരുന്നെങ്കിലും ആ കായികതാരത്തിന്റെ മികവ് അറിയാവുന്നവര്‍ അത്തരമൊരു തീരുമാനമെടുത്ത് കുടുംബത്തില്‍ ഒതുങ്ങേണ്ടവളല്ല അവരെന്നു പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു. അതില്‍ പ്രധാനി മല്ലേശ്വരിയുടെ ഭര്‍ത്താവും വെയ്റ്റ്‌ലിഫ്റ്റിംഗ് താരവുമായിരുന്ന രാജേഷ് ത്യാഗിയായിരുന്നു. പിന്നൊരാള്‍ റഷ്യന്‍ സ്വദേശിയായ കോച്ച് ലിയനോഡ് ടാറനെങ്കോ. 2004 ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ മല്ലേശ്വരിക്കു വലിയ നേട്ടം കൊയ്യാനാകുമെന്ന് അവര്‍ ഉറപ്പിച്ചു.

സിഡ്‌നി ആവര്‍ത്തിക്കാന്‍ മല്ലേശ്വരിക്ക് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഏഥന്‍സില്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയുടെ അഭിമാനതാരമായി എന്നും ഈ വനിത നിറഞ്ഞു നില്‍ക്കുകയാണ്. കായികരംഗത്തു നിന്നു പൂര്‍ണമായി ഒഴിഞ്ഞു നിന്നിട്ടും.

ഒരു കായിക താരം കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചാല്‍ കരിയര്‍ ഉപേക്ഷിക്കേണ്ടവരുമെന്ന നാട്ടുനടപ്പ് തിരുത്തിയ താരമാണ് കര്‍ണം മല്ലേശ്വരി. അതേസമയം ഒരു കായികതാരമായി നിന്നുകൊണ്ടു തന്നെ നല്ലൊരു അമ്മയാകാമെന്നും മല്ലേശ്വരി തെളിയിച്ചു. അതിനവര്‍ക്കു തുണയായത് ഭര്‍ത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും പിന്തുണയാണ്.

കര്‍ണം മല്ലേശ്വരി എന്ന കായിക താരത്തിന് ഇപ്പോഴും തിളക്കം നിലനില്‍ക്കുന്നത് അവരുടെ മെഡല്‍ നേട്ടങ്ങള്‍ കൊണ്ടുമാത്രമല്ല, അവരുടെ ജീവിതം കൊണ്ടുകൂടിയാണ്…

സൈന നെഹ്വാള്‍
പ്രകാശ് പാദുകോണ്‍, ഗോപിചന്ദ് എന്നിവരിലൂടെമാത്രം ഇന്ത്യന്‍ ബാഡ്മിന്റന്‍ രംഗം അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരുടെ വിടവാങ്ങലിനു ശേഷം ആഭ്യന്തരപ്രകടനങ്ങളില്‍ മാത്രം മികവു തെളിയിക്കുന്ന താരങ്ങളെയാണു നമുക്ക് കിട്ടിയിത്. അവിടെയാണ് സൈന നെഹ്വാള്‍ എന്ന ഹൈദരാബാദുകാരി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി വരുന്നത്.

2008-ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 2009 ജൂണില്‍ ജക്കാര്‍ത്തയില്‍ നടന്ന ഇന്തോനേഷ്യന്‍ ഓപ്പണിലും വിജയി ആയതോടെയാണ് സൈന ലോകത്തിനു മുന്നില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. 2008-ല്‍ തന്നെ ലോക ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിലും സൈന വിജയിയായിരുന്നു.

2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ആണ് സൈനയുടെ അത്ഭുത പ്രകടനം ലോകം കാണുന്നത്. ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി ഒരു ഇന്ത്യന്‍ വനിത ബാഡ്മിന്റില്‍ സെമിയില്‍ കടന്നു. സെമിയില്‍ പരാജയപ്പെട്ടെങ്കിലും സൈന ഇന്ത്യക്കായി ഒരു വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു. ബാഡ്മിന്റനില്‍ ഇന്ത്യ നേടുന്ന ആദ്യ ഒളിമ്പിക്‌സ് മെഡല്‍. കര്‍ണം മല്ലേശ്വരിക്കു ശേഷം ഒളിമ്പിക്‌സില്‍ വ്യക്തിഗതയിനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ വനിതയായി സൈന.

ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിനുമിപ്പുറത്തേക്കും സൈന എന്ന താരം വളരുന്നതാണ് പിന്നീട് ഇന്ത്യന്‍ കായികലോകം കണ്ടത്. 2015 ല്‍ സൈന ബാഡ്മിന്റനില്‍ ലോക ഒന്നാം നമ്പര്‍ താരമായി. അതുമൊരു ചരിത്രം.

ഇത്തവണ റിയോയില്‍ പിഴച്ചുപോയെങ്കിലും സൈന നെഹ്വാള്‍ എന്ന ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈക്ക് ഇനിയും കൂടുതല്‍ ഉയരത്തില്‍ പറന്നുപൊങ്ങാമെന്ന് ഈ രാജ്യം വിശ്വസിക്കുന്നുണ്ട്.

മേരി കോം
മേരി കോം എന്ന പേര് പോരാട്ടത്തിന്റെ പര്യായമാണ്. ഭയത്തിന്റെയും അസ്വാതന്ത്ര്യങ്ങളുടെയും നാടായ മണിപ്പൂരില്‍ നിന്നും വന്നൊരു പെണ്‍കുട്ടി രാജ്യത്തിനാകമാനം അഭിമാനവും മാതൃകയും ആവേശവുമായി മാറി എന്നതാണ് മേരി കോമിനെ വ്യത്യസ്തയാക്കുന്നത്.

അഞ്ചു തവണ തവണ ലോക ബോക്‌സിംഗ് ജേതാവായിട്ടുള്ള മേരി കോം 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 51 കിലോംഗ്രാം വിഭാഗം ഫ്‌ളൈവെയ്റ്റില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടി.

ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ ഉണ്ടാവുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുക എന്ന് ഇപ്പോഴും ആണ്‍കുട്ടികളോട് മാത്രം ഉപദേശിക്കുന്ന ഒരു രാജ്യത്തെ എന്നും അസ്വസ്ഥകള്‍ മാത്രം പേറി കഴിയുന്നൊരു സംസ്ഥാനത്ത് ജനിച്ചു വളര്‍ന്ന മേരിക്ക് കുട്ടിക്കാലത്ത് തന്നെ താന്‍ ആരാകണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു. ഒരു അത്‌ലറ്റ് ആവുകയായിരുന്നു കുഞ്ഞുമേരിയുടെ ലക്ഷ്യം. പിന്നീടത് ബോക്‌സിംഗിലേക്ക് മാറുന്നതിനു കാരണമായത് ഡിംഗ്‌കോ സിംഗ് എന്ന സ്വന്തം നാട്ടുകാരനായ ബോക്‌സറായിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് തുടങ്ങുന്നത് മണിപ്പൂര്‍ ടീമിന്റെ കോച്ചായ നര്‍ജിത് സിംഗിന്റെ അടുക്കല്‍ നിന്ന്. 

2000 ല്‍ ബോക്‌സിംഗിന്റെ ലോകത്തെത്തിയ മേരി രണ്ടുവര്‍ഷത്തെ ഇടവേളയും കടന്ന് 2008-ല്‍ നടന്ന ഏഷ്യന്‍ വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ട് തന്റെ കരുത്ത് തെളിയിച്ചു. പിന്നീടങ്ങോട്ട് ഇടിക്കൂട്ടിലെ താരമായി മേരി വളര്‍ന്നു. അങ്ങനെയാണ് മാഗ്നിഫിസെന്റ് മേരി എന്ന വിളിപ്പേരും മേരിക്കും ചാര്‍ത്തി കിട്ടിയത്. തികച്ചും അന്വര്‍ത്ഥമായത്.

മേരിയിലെ പെണ്‍കരുത്തിനെ ആദരിക്കേണ്ട പ്രകടനമായിരുന്നു ലണ്ടന്‍ ഒളിമ്പിക്‌സില്‍ നടത്തിയത്. ഒളിമ്പിക്‌സില്‍ ആ വര്‍ഷമാണ് 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റിംഗ് മത്സരയിനമാക്കിയത്. അഞ്ചുവട്ടം ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതടക്കം അതുവരെ മേരി മത്സരിച്ചുവന്നത് 48 കിലോയിലായിരുന്നു. ഭാരംകൂടിയ വിഭാഗത്തില്‍ ആദ്യമായി മത്സരിക്കേണ്ടി വന്നെങ്കിലും സെമിയില്‍വരെ തകര്‍പ്പന്‍ പോരാട്ടമായിരുന്നു മേരി കാഴ്ചവച്ചത്. സെമിയില്‍ എതിരാളി ബ്രിട്ടീഷുകാരിയായ നിക്കോള ആഡംസ്. നിക്കോളയാകട്ടെ അതുവരെ മത്സരിച്ചു വന്നിരുന്നത് 54 കിലോഗ്രാം ബാന്റംവെയ്റ്റിലും.

എങ്കിലും പൊരുതി തന്നെയാണ് സെമിയില്‍ തന്റെ എതിരാളിക്ക് മുന്നില്‍ കീഴടങ്ങിയത്. പക്ഷേ ആ തോല്‍വിയിലും മേരി കോമിന്റെ കഴുത്തില്‍ ഒരു വെങ്കല മെഡല്‍ ഉണ്ടായിരുന്നു. സ്വര്‍ണത്തെക്കാള്‍ തിളക്കമുള്ള ഒരു വെങ്കലം. ആ തിളക്കം ഇന്നും മേരി കോം എന്ന ബോക്‌സറുടെ ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. കുടുംബവും കരിയറും ഒരുമിച്ചു കൊണ്ടുപോകാനും രണ്ടിലും വിജയിക്കാനും പെണ്ണിനു കഴിയുമെന്ന് തെളിയിക്കുന്നതായിരുന്നു മേരി കോമിന്റെ ജീവിതവും.

സാക്ഷി മാലിക്
‘മത്സരത്തിലെ അവസാന പത്ത് നിമിഷം ആണെന്ന് കരുതി വിഷമിച്ചില്ല. ഓരോ രണ്ടു നിമിഷത്തിലും ഞാന്‍ അടവുകള്‍ മാറ്റി പ്രയോഗിച്ചു കൊണ്ടേയിരുന്നു. വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ആ പത്തു നിമിഷം എന്റെ ജീവിതം മാറ്റി മറിച്ചു.’ റിയോ ഒളിമ്പികിസില്‍ 125 കോടി ഇന്ത്യാക്കാരുടെയും അഭിമാനം സംരക്ഷിച്ച ഒരു പെണ്‍കുട്ടിയുടെ വാക്കുകളാണിത്. വിജയിക്കണമെന്ന് ദൃഢനിശ്ചയമുള്ളൊരു പെണ്ണിന്റെ വാക്കുകള്‍. ഗുസ്തിയില്‍ വെങ്കലം നേടി ഒരു രാജ്യത്തെ നാണക്കേടില്‍ നിന്നും രക്ഷിച്ച സാക്ഷി മാലിക്ക് ഇന്ന് ഓരോ ഇന്ത്യക്കാരനും ആവേശത്തോടെ ഉച്ഛരിക്കുന്ന പേരായി മാറുന്നു.

ഹരിയാനയിലെ റോത്തക്കിലുള്ള മോക്ര എന്ന ചെറിയ ഗ്രാമത്തില്‍ നിന്നാണു സാക്ഷിയ വരുന്നത്. പെണ്‍ഭ്രൂണഹത്യക്ക് കുപ്രസിദ്ധി നേടിയ നാടാണ് ഹരിയാന. ഇന്ന് അതേ ഗ്രാമത്തിനും ഈ ഇരുപത്തിമൂന്നുകാരി തന്നെ അഭിമാനം ആയിരിക്കുന്നു. 

സുദേഷ് മാലിക്കിന്റെയും സുഖ്ബീര്‍ മാലിക്കിന്റെയും മകളായി ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച സാക്ഷി പന്ത്രണ്ടു വയസ്സുള്ളപ്പോഴാണു ഗോദയില്‍ ഇറങ്ങുന്നത്. ഗുസ്തി ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്ന് കളിയാക്കിയ ഗ്രാമത്തെ അവള്‍ അവഗണിച്ചു. സാക്ഷിയുടെ ആദ്യത്തെ കോച്ചായ ഈശ്വര്‍ ദഹിയ എന്ന ഗുസ്തിക്കാരനെ ഗ്രാമവാസികള്‍ എതിര്‍ത്തു. വീട്ടിലിരുന്നു ഭക്ഷണമുണ്ടാകുകയും കല്യാണം കഴിക്കുകയും കുട്ടികളെ പെറ്റു വളര്‍ത്തുകയും ചെയ്യേണ്ടവളെ ഗോദയില്‍ ഇറക്കാമോയെന്നവര്‍ ചോദിച്ചു. എതിര്‍പ്പുകളൊന്നും വകവയ്ക്കാതെ മുന്നോട്ടുപോകാന്‍ സാക്ഷിയെ പ്രേരിപ്പിച്ചത് മാതാപിതാക്കളും പരിശീലകനുമായിരുന്നു. അന്നവര്‍ കാട്ടിയ നിശ്ചയദാര്‍ഢ്യമാണ് ഇന്ന് ഒരു രാജ്യത്തിനാകമാനം സന്തോഷത്തിനു വക നല്‍കിയെന്നതും മറന്നുകൂട.

ഒളിമ്പിക്‌സില്‍ ഗുസ്തി വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യത്തെ വനിതയാണ് സാക്ഷി മാലിക്ക്. ഇതിനു മുന്‍പ് നാല് ഒളിമ്പിക്‌സ് മെഡലുകള്‍ ഗുസ്തിക്കാര്‍ ഇന്ത്യയ്ക്ക് വാങ്ങിത്തന്നിട്ടുണ്ട്. 

ഗ്ലാസ്സ്‌ഗോവിലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയതാണ് സാക്ഷിയുടെ ഒരു സുപ്രധാന നേട്ടം. എന്നാല്‍ ഊണിലും ഉറക്കത്തിലും താന്‍ സ്വപ്നം കണ്ടത്, ഒരു ഒളിമ്പിക്‌സ് മെഡലായിരുന്നു എന്ന് സാക്ഷി ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

ആ ലക്ഷ്യം സാക്ഷി പൂര്‍ത്തീകരിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യ ഇനിയും കാത്തിരിക്കുകയാണ് സ്വര്‍ണത്തിളക്കമുള്ള സാക്ഷിയുടെ വലിയ വിജയങ്ങള്‍ക്കായി.

പി വി സിന്ധു
ഒരു രാജ്യം ഒരു പെണ്‍കുട്ടിക്കായി പ്രാര്‍ത്ഥിക്കുക, അവളുടെ വിജയത്തിനായി കാത്തിരിക്കുക, ഒടുവില്‍ സ്വര്‍ണത്തോളം പോന്ന വെള്ളി വിജയവുമായി അവള്‍ തല ഉയര്‍ത്തി നില്‍ക്കുമ്പോള്‍; പി വി സിന്ധു ഞങ്ങളുടെ ഓരോരുത്തരുടെയും സ്വന്തമാണെന്ന് അഭിമാനത്തോടെ ഇന്ത്യ ഒന്നടങ്കം വിളിച്ചു പറയുക.

നൂറു സ്വര്‍ണം നേടിയതിനെക്കാള്‍ തിളക്കമുണ്ട് റിയോ ഒളിമ്പിക്‌സില്‍ ബാഡ്മിന്റനില്‍ പി വി സിന്ധു നേടിയ വെള്ളി മെഡലിന്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ബാഡ്മിന്റനില്‍ ഒളിമ്പിക്‌സ് ഫൈനലില്‍ കടക്കുന്നതും വെള്ളിമെഡല്‍ നേടുന്നതും.

2016ലെ റിയോ ഒളിമ്പിക്‌സിനു മുന്‍പായി സിന്ധു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്; ‘ഇപ്പോള്‍ ഞാന്‍ പിന്തുടരുന്ന ഏറ്റവും വലിയ സ്വപ്നം ഒളിമ്പിക് മെഡലാണ്. ലണ്ടന്‍ ഒളിമ്പിക്‌സിലെ സൈന നെഹ്‌വാളിന്റെ നേട്ടങ്ങള്‍ ലോക ഇരുപത്തഞ്ചാം റാങ്കുകാരിയായിരുന്ന് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. ഇവിടെ എത്തിചേരാനാണ് ഞാന്‍ കാത്തിരുന്നത്. ഇന്ത്യയെ ഒളിമ്പിക്‌സില്‍ പ്രതിനിധീകരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഞാന്‍’.

ആ വാക്കുകളിലെ ദൃഢനിശ്ചയമാണ് റിയോയിലെ ബാഡ്മിന്റന്‍ കോര്‍ട്ടില്‍ പ്രാവര്‍ത്തികമായത്. ആ തോല്‍വിക്കുപോലും ഒരു വലിയ വിജയത്തിന്റെ തിളക്കമുണ്ടായിരുന്നു.

കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് സിന്ധുവിന്റെ വരവ്. എന്നാല്‍ അര്‍ജുന അവാര്‍ഡ് ജേതാവായ അച്ഛന്‍ പി വി രമണയുടെയും അമ്മ പി വിജയയുടെയും മേഖലയായ വോളിബോള്‍ വിട്ട് എട്ടാം വയസ്സുമുതല്‍ സിന്ധു ബാഡ്മിന്റണ്‍ റാക്കറ്റ് കൈയിലേന്തിയത് കോച്ചും സന്ധ്യയുടെ റോള്‍ മോഡലുമായ പുല്ലേല ഗോപീചന്ദിന്റെ നിര്‍ദ്ദേശത്തിലായിരുന്നു. ഗോപിചന്ദിനു പിഴച്ചില്ല.

കീഴടങ്ങാന്‍ കൂട്ടാകാതെ നിരന്തരം പൊരുതുന്ന മനസ്സാണ് സിന്ധുവിന്റെ വിജയങ്ങള്‍ക്ക് അടിസ്ഥാനമെന്നാണ് കോച്ച് ഗോപീചന്ദിന്റെ അഭിപ്രായം. അതേ നിശ്ചയദാര്‍ഢ്യമായിരുന്നു ദിവസവും 56 കിലോമേറ്ററുകള്‍ക്കപ്പുറമുള്ള പരിശീലന കേന്ദ്രത്തില്‍ ആ പെണ്‍കുട്ടിയെ എത്തിച്ചിരുന്നത്.

ഗോപിചന്ദിന്റെ ബാഡ്മിന്റണ്‍ അക്കാദമിയില്‍ എത്തിയ ശേഷം ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ സിന്ധു കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. 2014 ലെ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്തിലെയും ഡെന്മാര്‍ക്കില്‍ നടന്ന ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പിലേയും സെമി ഫൈനല്‍ വരെ എത്തിയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ നേടിയ വെങ്കല മെഡലുകള്‍ സിന്ധുവിന്റെ അന്തര്‍ദേശീയ മത്സരങ്ങളിലെ പ്രധാന നേട്ടങ്ങളാണ്. ഇവയ്ക്കുള്ള ബഹുമതിയായി 2015ല്‍ തന്റെ പത്തൊമ്പതാം വയസില്‍ പത്മശ്രീ ബഹുമതിയോടെ രാജ്യം പി വി സിന്ധുവിനെ ആദരിച്ചു. പത്മശ്രീ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും സിന്ധുവിനു സ്വന്തം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍