UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്താണ് ട്രാന്‍സ് ജെന്‍ഡര്‍? 5 മിത്തുകള്‍

Avatar

ജാക്ക് ഡ്രെഷര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ ട്രാന്‍സ് ജെന്‍ഡര്‍ പ്രശ്നങ്ങള്‍ ഏറെ പൊതുശ്രദ്ധ നേടുന്നുണ്ട്. കേറ്റ്ലിന്‍ ജെന്നര്‍ പ്രൈം ടൈം ടിവിയില്‍ താന്‍ ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന് പ്രഖ്യാപിച്ചു. ലാവേര്ന്‍ കോക്സ് ടൈം മാസികയുടെ കവറില്‍ വന്നു. വൈറ്റ്‌ഹൌസ്‌ ആദ്യത്തെ ട്രാന്‍സ് ജീവനക്കാരിയെ നിയമിച്ചു. ഇത്തരം സാംസ്കാരികമാറ്റങ്ങള്‍ക്ക് വൃത്തികെട്ട ഒരു തിരിച്ചടിയുമുണ്ടായി. നോര്‍ത്ത് കരോലിന, കന്‍സാസ് എന്നീ സ്റ്റേറ്റുകള്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ കുറയ്ക്കാനുള്ള നിയമം ആലോചിക്കുകയാണ്. ഈ വിഷയങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയചര്‍ച്ചകള്‍ ഒരുപാട് കെട്ടുകഥകളും പ്രചരിപ്പിക്കുന്നുണ്ട്.

1. പൊതുശൌചാലയങ്ങളില്‍ ട്രാന്‍സ് വ്യക്തികള്‍ ഒരു ഭീഷണിയാണ്.

ബാത്ത്റൂം ബില്ലിനെ അനുകൂലിക്കുന്നവരുടെ ഒരു പ്രധാന വാദഗതി ഇതാണ്. അവര്‍ സ്വയം സ്വീകരിക്കുന്ന ലിംഗത്തിലുള്ള ശുചിമുറികള്‍ ഉപയോഗിക്കുന്നത് നിയമപരമായി ട്രാന്‍സ് വ്യക്തികള്‍ക്ക് നിരോധിക്കപ്പെടും. “സ്ത്രീകളുടെ ശുചിമുറികളില്‍ ഒളിഞ്ഞിരിക്കുന്ന ലൈംഗികഭീകരര്‍ ഒരു വലിയ വെല്ലുവിളിയാണ്”, ക്രിസ്ത്യന്‍ എഴുത്തുകാരന്‍ ഫ്രാങ്ക് ടുരെക് പറയുന്നു. “ഏതൊരു കുട്ടിക്കും മുതിര്‍ന്നയാള്‍ക്കും അവരുടെ സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശമുണ്ട്‌.” കന്‍സാസ് സ്റേറ്റ് സെനറ്റര്‍ മേരി പില്ച്ചര്‍ കൂകര്‍ഗുഡ് പറയുന്നു. “തങ്ങളുടെ സ്റ്റേറ്റിലെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനാണ് ഈ നീക്കം” എന്നാണു നോര്‍ത്ത് കരോലിന നിയമ നിര്‍മ്മാതാക്കള്‍ പറയുന്നത്.

ഇത് തികച്ചും അസംബന്ധമാണ്. പല ട്രാന്‍സ് വ്യക്തികളും ഇപ്പോള്‍ തന്നെ അവരുടെ ലിംഗസ്വതവവുമായി ചേരുന്ന ശുചിമുറികളാണ് ഉപയോഗിക്കാറുള്ളത്. മേരിലാന്‍ഡില്‍ നൂറുകണക്കിന് നഗരങ്ങളും ഡസന്‍ കണക്കിന് സ്കൂളുകളും ബാത്ത്റൂം വേര്‍തിരിവ് നിരോധിച്ചു. എന്നാല്‍ ഇതിന്റെ ഫലമായി പീഡനങ്ങള്‍ ഉണ്ടായതായി ഇതേ വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സത്യത്തില്‍ ഈ ബാത്ത്റൂം ബില്‍ കൊണ്ട് അപകടത്തിലാകാന്‍ പോകുന്നത് ഒരേയൊരു കൂട്ടം ആളുകള്‍ മാത്രമാണ്: ട്രാന്‍സ് ആളുകള്‍. ഒരു പഠനപ്രകാരം എഴുപത് ശതമാനം ട്രാന്‍സ് വ്യക്തികളും പീഡിപ്പിക്കപ്പെട്ടിട്ടുള്ളത്‌ ഒരു പൊതു ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴാണ്. പുറത്തിറങ്ങുമ്പോള്‍ ശുചിമുറി ഉപയോഗിക്കാന്‍ പേടിക്കുന്നത് കാരണം പലര്‍ക്കും നിര്‍ജലീകരണം, കിഡ്നി രോഗങ്ങള്‍ മുതലായ ആരോഗ്യപ്രശ്നങ്ങളുണ്ട്.

2. ഒരു അഞ്ചുവയസുള്ള കുട്ടി ട്രാന്‍സ് ജെന്‍ഡറാകാന്‍ മാത്രം ആ കുട്ടിക്ക് ജെന്‍ഡറിനെപ്പറ്റി ഒന്നുമറിയില്ല.

ഇടയ്ക്കിടെ മാധ്യമങ്ങള്‍ സ്വയം ട്രാന്‍സ് ജെന്‍ഡറാണ് എന്ന് വിശ്വസിക്കുന്ന ഒരു കുട്ടിയുടെ പ്രൊഫൈല്‍ പുറത്തുവിടും. ഈ കഥ പുറത്തിറങ്ങിയാലുടന്‍ ആളുകള്‍ അവരുടെ അവിശ്വാസം പ്രസ്താവിക്കും. “ആ പ്രായമുള്ള കുട്ടികള്‍ നിങ്ങള്‍ ധരിപ്പിക്കുന്ന ഉടുപ്പുകളാണ് ഇടുക, നിങ്ങള്‍ പറയുന്ന രീതിയിലാണ് മുടി വെട്ടുക, നിങ്ങള്‍ നല്‍കുന്ന കളിപ്പാട്ടങ്ങള്‍ കൊണ്ടാണ് കളിക്കുക, വിശ്വസിക്കണം എന്ന് നിങ്ങള്‍ പറയുന്നതെല്ലാം അവര്‍ വിശ്വസിക്കും”, സാന്‍ഡിയേഗോയിലെ ഒരു കേസ് ചൂണ്ടിക്കാട്ടി കണ്‍സര്‍വേറ്റീവ് ബ്ലോഗര്‍ മാറ്റ് വാല്‍ഷ് പറഞ്ഞു. “ആണ്‍കുട്ടിയായി മാറി എന്ന് അവര്‍ പറയുന്ന രൈലന്ദ് എന്ന അഞ്ചു വയസുകാരി ട്രാന്‍സ്ജെന്‍ഡറല്ല, അവള്‍ ആശയക്കുഴപ്പത്തിലാണ്.”, യംഗ് കണ്‍സര്‍വേറ്റീവ്സ് സൈറ്റ് നടത്തുന്ന ജോഷ്വ റിഡില്‍ പറയുന്നു.

എന്നാല്‍ രണ്ടുവയസില്‍ വരെ കുട്ടികള്‍ക്ക് അവരുടെ ലിംഗത്തെപ്പറ്റിയുള്ള തോന്നലുകള്‍ ഉണ്ടാകാം എന്നാണു അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ പറയുന്നത്. ക്രോസ് ജെന്‍ഡര്‍ സ്വഭാവം രണ്ടിനും നാലിനും വയസിനിടെയാണ് തുടങ്ങുക. ട്രാന്‍സ്യൂത്ത് പ്രോജക്റ്റ് കണ്ടെത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് അഞ്ചുവയസുള്ള കുട്ടികള്‍ വരെ ജെന്‍ഡര്‍ അസോസിയേഷന്‍ ടെസ്റ്റുകളില്‍ കൃത്യമായി പ്രതികരിക്കും എന്നാണ്. ഇത്തരം ടെസ്റ്റുകളാണ് വ്യക്തികളുടെ ജെന്‍ഡര്‍ റോളുകള്‍ നിര്‍ണ്ണയിക്കുന്നത്. വളര്‍ത്തുന്ന രീതിയും ജെന്‍ഡര്‍ തീരുമാനങ്ങളും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നും പഠനം സൂചിപ്പിക്കുന്നു. റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റ് വീടുകളില്‍ എല്ലാം നിന്ന് ട്രാന്‍സ് കുട്ടികള്‍ ഉണ്ടാകാറുണ്ട്. മിലിട്ടറി ജീവിതത്തിലും സിവിലിയന്‍ ജീവിതത്തിലും അവരുണ്ട്, എല്ലാ മത, വര്‍ഗ, വംശങ്ങളിലും അവരുണ്ട്.

3. ട്രാന്‍സ് ജെന്‍ഡര്‍ എന്നത് ഒരു പുതിയ കാര്യമാണ്.

ഇപ്പോള്‍ ആളുകള്‍ പൊതുവേ ട്രാന്‍സ് ജെന്‍ഡര്‍ ഒരു പുതിയ സംഗതിയായി അവതരിപ്പിക്കാറുണ്ട്. എണ്‍പതുകളില്‍ ഈ മൂവ്മെന്റ് തുടങ്ങി എന്നാണു എല്‍ജിബിറ്റിക്യു നേഷന്‍ പറയുന്നത്. വാല്‍ഷ് പറയുന്നത് ഇടതുപക്ഷം കുറച്ച് വര്ഷം മുന്‍പ് നിര്‍മ്മിച്ച ഒന്നാണ് ട്രാന്‍സ്ജെന്‍ഡറിസം എന്നാണു. ക്രിസ്ത്യാനിറ്റി ടുഡേ അതിനെ ഒരു പുതിയ പ്രതിഭാസം എന്നാണു വിളിക്കുനത്.

തീര്ച്ചയായും ട്രാന്‍സ് ജെന്‍ഡര്‍ പൊളിട്ടിക്സ് മാറിയിട്ടുണ്ട്. എന്നാല്‍ കാലങ്ങളായി ഈ പ്രതിഭാസം നിലവിലുണ്ട്. പ്രാചീന ഗ്രീക്ക് മിത്തോളജിയില്‍ ആണ്‍ ശരീരങ്ങളില്‍ പെട്ടുപോയ പെണ്‍ ആത്മാക്കളെപ്പറ്റി പറയുന്നുണ്ട്. മെറ്റാമോര്‍ഫോസെസില്‍ റോമന്‍ കവി ഓവിഡ് ടൈരീഷ്യസ് എന്ന പുരുഷനെപ്പറ്റി പറയുന്നുണ്ട്. ഇണചേരുന്ന രണ്ടു പാമ്പുകളെ കൊന്നപ്പോഴാണ് അയാള്‍ സ്ത്രീയായി മാറിയത്. പതിനെട്ടാം നൂറ്റാണ്ടിലെ ഷെവലിയര്‍ ഡിയോണ്‍ എന്ന ഫ്രഞ്ച് രാഷ്ട്രീയക്കാരന്‍ തന്റെ ജീവിതത്തിന്റെ അവസാനപാതി ജീവിച്ചത് ഒരു സ്ത്രീയായാണ്.

അമേരിക്കയിലും യൂറോപ്പിലും ഡോക്ടര്‍മാര്‍ ട്രാന്‍സ് രോഗികളെപ്പറ്റി പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ എഴുതുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഡോക്ടര്‍മാര്‍ വിധിപറയുന്നത് ഒരു ട്രാന്‍സ് വ്യക്തിയുടെ ജെന്‍ഡര്‍ സ്വത്വം വളരെ ആഴത്തില്‍ ഉള്ളില്‍ കിടക്കുന്ന ഒന്നാണ് എന്നാണു. എത്രത്തോളം സൈക്യാട്രിക് ചികിത്സ നടത്തിയാലും ആ വ്യക്തിയുടെ മനസ് മാറ്റാനാകില്ല. 

4. ട്രാന്‍സ് ജെന്‍ഡര്‍ ആളുകള്‍ ലിംഗമാറ്റം നടത്തിയത് തെറ്റാണ് എന്ന് കരുതാറുണ്ട്‌.

ട്രാന്‍സ് വ്യക്തികളെപ്പറ്റി പറയുന്ന ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നു അവരില്‍ പലരും അവരുടെ ലിംഗമാറ്റം വേണ്ടിയിരുന്നില്ല എന്ന് പിന്നീട് കരുതാറുണ്ട്‌ എന്നതാണ്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും എന്തിന് പുസ്തകങ്ങള്‍ വരെയുണ്ട്. വാള്‍ട്ട് ഹെയര്‍ എന്ന തന്റെ ലിംഗമാറ്റം തെറ്റാണ് എന്ന് കരുതുന്ന ഒരു എഴുത്തുകാരന്‍ പറയുന്നത് ഇരുപതു ശതമാനം ട്രാന്‍സ് ആളുകളും ലിംഗമാറ്റം വേണ്ടിയിരുന്നില്ല എന്ന് കരുതുന്നു എന്നും നാല്പത്തൊന്നുശതമാനം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുവെന്നും അറുപതുശതമാനം എന്തെങ്കിലും തരം മാനസികരോഗം അനുഭവിക്കുന്നുവെന്നുമാണ്. “ആത്മഹത്യയും ഖേദവുമാണ് ട്രാന്‍സ് ജെന്‍ഡര്‍ ജീവിതത്തിന്റെ ഏറ്റവും ഇരുണ്ട വശം”, അയാള്‍ പറയുന്നു.

ഇത്തരം കണക്കുകളും പ്രസ്താവനകളും എല്ലാം കാലഹരണപ്പെട്ട ഗവേഷണത്തെ ആസ്പദമാക്കിയാണ്. കൂടുതല്‍ പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആകെ നാല് ശതമാനം ആളുകള്‍ മാത്രമേ അവരുടെ ലിംഗമാറ്റത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുള്ളൂ എന്നാണു. ഗവേഷകര്‍ സൂചിപ്പിക്കുന്നത് ശസ്ത്രക്രിയ ആളുകളിലെ ആത്മഹത്യാനിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട് എന്നാണു. ഇത് സത്യമാകാന്‍ സാധ്യതയുണ്ട്- കാരണം ശസ്ത്രക്രിയ ആളുകളുടെ സ്വയം മതിപ്പും ജീവിത സംതൃപ്തിയും കൂട്ടും.

ഇത് കൊണ്ടാണ് പല രാജ്യങ്ങളിലും കൌമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ സാധിക്കുന്നത്. തീര്‍ച്ചയായും ചിലര്‍ ശസ്ത്രക്രിയ വേണ്ടായിരുന്നു എന്ന് ഖേദിക്കാം. കുറച്ച് പേര്‍ തിരിച്ചു ശസ്ത്രക്രിയ നടത്തിയെന്നും വരാം. എന്നാല്‍ ഭൂരിഭാഗം ആളുകളും മാറില്ല.

5. പുരുഷനില്‍ നിന്നു സ്ത്രീ ആയിമാറുന്ന അത്ലറ്റുകള്‍ക്ക് മത്സരം എളുപ്പമാകും

ജനുവരിയില്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക്ക് കമ്മറ്റി ട്രാന്‍സ് അത്ലറ്റുകള്‍ക്ക് അവര്‍ തിരിച്ചറിയുന്ന ലിംഗത്തില്‍ മത്സരിക്കാന്‍ അനുവാദം നല്‍കി. അവര്‍ ശാസ്ത്രക്രിയ നടത്തിയവരാകണം എന്ന നിര്‍ബന്ധവുമില്ല. ഇതില്‍ സ്ത്രീ അത്ലറ്റുകള്‍ മാത്രമേ വേവലാതിപ്പെടെണ്ടിവരൂ എന്നാണു കോളമിസ്റ്റ് ജാനിസ് ടെര്‍ണര്‍ കളിയായി എഴുതിയത്. ട്രാന്‍സ് അത്ലറ്റുകള്‍ പലപ്പോഴും ഇത്തരം കളിയാക്കലുകള്‍ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്.

മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഫൈറ്റര്‍ ഫാലന്‍ ഫോക്സ് 2012ല്‍ താന്‍ ട്രാന്‍സ് വ്യക്തിയാണെന്ന് വെളിപ്പെടുത്തിയപ്പോള്‍ അവരുടെ പ്രത്യേകആനുകൂല്യങ്ങള്‍ കാരണം അവരെ ഒഴിവാക്കണം എന്ന് ഒപ്പമുണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

ട്രാന്‍സ് ജെന്‍ഡര്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ മസിലും കൂടുതല്‍ ലങ്ഗ് കപ്പാസിറ്റിയും ഉണ്ട്- പുരുഷന്മാര്‍ക്ക് തുല്യമായ അളവില്‍ എന്നാണ് ഈ വിമര്‍ശകരുടെ വാദം. എന്നാല്‍ സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ലൈംഗിക അവയവങ്ങളല്ല, മറിച്ച് ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള ഹോര്‍മോണുകളാണ് തീരുമാനിക്കുന്നത്. ട്രാന്‍സ് സ്ത്രീകള്‍ക്കുള്ള ഹോര്‍മോണ്‍ ചികിത്സയില്‍ ടെസ്റ്റോസ്റ്റിറോണ്‍ ബ്ലോക്ക് ചെയ്യാനും ഈസ്ട്രജന്‍ സപ്ലിമെന്റ് നല്‍കാനുമാണ് ചികിത്സാക്രമം. ഇത് മസില്‍ മാസ്, ബോണ്‍ ഡെന്‍സിറ്റി എന്നിവ കുറയാനും കൊഴുപ്പ് കൂടാനും കാരണമാകും. ഒരു ട്രാന്‍സ് ഓട്ടക്കാരിയും ഗവേഷകയും ഒരിക്കല്‍ വാഷിംഗ്‌ടണ്‍ പോസ്റ്റില്‍ എഴുതിയത് “ഇതെല്ലാം സംഭവിക്കുമ്പോള്‍ സ്പീഡ്, ശക്തി, ക്ഷമ എന്നിവയെല്ലാം കുറയും. ഇതാണ് അത്ലറ്റിക്സില്‍ ഏറെ വേണ്ടതും.” എന്നാണ്. ഇന്ന് വരെ അസ്വാഭാവികമായ രീതിയില്‍ ഒരു ട്രാന്‍സ് വ്യക്തി പോലും ഒരു റേസ് പോലും ജയിച്ചിട്ടുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍