UPDATES

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നത് അഞ്ച് നേരത്തെ ബാങ്ക് വിളി കേട്ടിട്ടു മതിയെന്ന് പിതാവിന്റെ പിടിവാശി

അഴിമുഖം പ്രതിനിധി

നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നത് അഞ്ച് നേരത്തെ ബാങ്ക് വിളി കേട്ടിട്ടു മതിയെന്ന് പിതാവ്.  മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍, ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖായിരുന്നു കടുത്ത അന്ധവിശ്വാസത്തിന്റെ പേരില്‍ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചതെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രാദേശിക ചാനലിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ പകല്‍ രണ്ട് മണിയോടെയാണ് അബൂബക്കര്‍ സിദ്ധിഖിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശത്തെ എതിര്‍ത്ത് അബൂബക്കര്‍ എത്തി. അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്നാണ് ഇയാള്‍ യുവാവ് ഭാര്യയോടും, ആശുപത്രി അധികൃതരോടും പറഞ്ഞത്. അഞ്ച് ബാങ്ക് വിളി കഴിയുമ്പോള്‍ 24 മണിക്കൂര്‍ കഴിയും ഇത് കുട്ടിയുടെ ജീവനും ആരോഗ്യത്തിനും ദോഷമാകുമെന്ന് പറഞ്ഞെങ്കിലും അബൂബക്കര്‍ കുഞ്ഞിന് അഞ്ച് നേരത്തേ ബാങ്ക് കഴിയാതെ മുലപ്പാല്‍ കൊടുക്കരുതെന്നും ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും യുവാവ് വാശി പിടിക്കുകയായിരുന്നു.

മുസ്ലീം മത ആചാരപ്രകാരം കുഞ്ഞ് ജനിച്ചാല്‍ ചെവിയില്‍ ബാങ്ക് വിളിക്കണമെന്ന ചടങ്ങ് ഉണ്ടെങ്കിലും അഞ്ച് നേരത്തേയും ബാങ്ക് വിളി കഴിഞ്ഞേ കുട്ടിക്ക് പാല്‍ കൊടുക്കൂ എന്ന ആചാരങ്ങളൊന്നുമില്ല. അബൂബക്കറുടെ അന്ധവിശ്വാസം കാരണം ദുരിതത്തിലായത് നവജാത ശിശുവായിരുന്നു. കുഞ്ഞിന് ഗ്ലൂക്കോസ് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും അബൂബക്കര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് വെല്‍ഫയറിലും പൊലീസിലും വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ സലീമിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംസാരിച്ചിട്ടും യുവാവ് വിശ്വാസത്തില്‍ ഉറച്ചുനിന്നു.


റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട പ്രാദേശിക ചാനലിന്റെ വീഡിയോ ദൃശ്യങ്ങള്‍

തന്റെ ആദ്യ മകനും ഇത്തരത്തിലാണ് മുലപ്പാല്‍ നല്‍കിയതെന്നും അന്ന് 23 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിക്ക് ഒന്നും സംഭവിച്ചില്ലെന്നും ഇയാള്‍ വാദിച്ചു. ജനന സമയത്ത് കുട്ടിക്ക് മുലപ്പാല്‍ നല്‍കിയില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നമോ നിര്‍ജലീകരണമോ സംഭവിച്ച് കുട്ടി മരിക്കാന്‍ ഇടയുണ്ടെന്നും അല്ലെങ്കില്‍ കുട്ടിക്ക് അപസ്മാരം ഉണ്ടാകാമെന്നും ഡോക്ടര്‍ പറയുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉത്തരവാദിയല്ലെന്ന് ഇയാളില്‍ നിന്ന് ആശുപത്രി അധികൃതര്‍ എഴുതി ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്.

ആശുപത്രി അധികൃതരെ വിശ്വാസമില്ലാത്തതിനാല്‍ അബൂബക്കര്‍ ഇന്നലെ വൈകിട്ട് ഏഴരക്ക് നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങിപോയിയെന്നാണ് ആശുപത്രിയിലെ ജനറല്‍ മാനേജര്‍, അഴിമുഖം പ്രതിനിധിയെ അറിയിച്ചത്. ഡോക്ടറുമാരുടെ പല വാദങ്ങളും ഇയാള്‍ അംഗീകരിച്ചില്ലെന്നും കുട്ടിക്ക് പാല്‍ നല്‍കിയാല്‍ ഭാര്യയെ മൊഴിച്ചൊല്ലുമെന്ന് അബൂബക്കര്‍ ഭീഷണിപ്പെടുത്തിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിക്ക് ലാക്ടോജിന്‍ പോലും നല്‍കാന്‍ സമ്മതിക്കാത്ത ഇയാള്‍ക്കെതിരെ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫയറിലും പരാതി നല്‍കിയിട്ടുണ്ട്.

പ്രസവിച്ച് മണിക്കൂറുകള്‍കം ഡിസ്ചാര്‍ജ് ചെയ്യുന്നതിനെ ഡോക്ടമാര്‍ എതിര്‍ത്തിരുന്നു. മറ്റു ആശുപത്രിയിലേക്ക് മാറ്റാനുള്ള നിര്‍ദേശങ്ങളും ഇയാള്‍ ചെവികൊണ്ടില്ല. തുടര്‍ന്ന് പ്രസവിച്ച് അവശയായ സ്ത്രീയെയും കുഞ്ഞിനെകൊണ്ട് അബൂബക്കര്‍ വീട്ടിലേക്ക് പോയി. അതുവരെയും കുഞ്ഞിന് ഒന്നും കൊടുത്തിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കൂടാതെ ആശുപത്രി അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുട്ടിക്ക് വല്ലതും സംഭവിച്ചാല്‍ പോലീസ് നടപടി എടുക്കേണ്ടി വരുമെന്ന് എസ്ഐ പിതാവിനെ അറിയിച്ചിട്ടുണ്ട്. അബൂബക്കര്‍ കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത് ലോക്കല്‍ ചാനല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പടരുകയാണ്. മുസ്ലീം സമുദാത്തില്‍ നിന്ന്‌ തന്നെ ഇയാള്‍ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അബൂബക്കര്‍ക്കെതിരെ കേസെടുക്കണമെന്നുള്ള ആവിശ്യം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍