UPDATES

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

‘മാന്യന്മാരു’ടെ തെരുവിടങ്ങളില്‍ ഫ്ലാഷ് മോബ് അശ്ലീലമാകുമ്പോള്‍

പയ്യന്നൂരിലെ പ്രശ്‌നത്തിലേക്ക് വന്നാല്‍, ഒരു പൊതുനിരത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ നിയമം ആവശ്യപ്പെടുന്ന അനുവാദങ്ങളും, കരുതലുകളും എടുത്തു കൊണ്ട് അവതരിപ്പിക്കപ്പെട്ട ഒന്നായിരുന്നു എന്ന് പോലീസും ദൃക്‌സാക്ഷികളും പറയുന്നു

ഹാ..! നല്ല കലക്കന്‍ അടി, കരണം പുകഞ്ഞു പോയിക്കാണും അവളുടെ. കിട്ടേണ്ടത് കിട്ടിയപ്പോള്‍ അവള്‍ക്കൊക്കെ മനസിലായിക്കാണും.

കഴിഞ്ഞ ദിവസം ഫ്ലാഷ്  മോബ് നടത്തിയ ഒരു സംഘത്തിലെ പെണ്‍കുട്ടിയെ ഒരു സ്ത്രീ അടിച്ചതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ ലഭിച്ച കമന്റുകള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പൊതുനിരത്തില്‍ വരുന്ന ഒരു സ്ത്രീ ശരീരത്തെ എതുവിധമാണ് ഒരു ശരാശരി മലയാളി കാണുന്നത് എന്നതിന്റെ ഉദാഹരണമാണിത്.

അന്നത്തെ പ്രശ്‌നത്തില്‍ അമ്മയാണ് അടിച്ചത്, ‘കാശുകൊടുത്ത് പഠിക്കാന്‍ വിട്ട മകള്‍ നടുറോട്ടില്‍ അഴിഞ്ഞാടുന്നത് കണ്ട് ആ അമ്മ ഒന്ന് തരിച്ചു നിന്നു. സഹികെട്ടാണ് അമ്മ അടിച്ചത്’ എന്നൊക്കെയാണ് ഫേസ് ബുക്ക് ഭാഷ്യം.

2003 ല്‍ മാന്‍ഹട്ടനില്‍ നിന്നാണ് ആദ്യമായി ഫ്‌ളാഷ് മോബ് എന്ന സംഗതി ലോകത്തിനു മുന്നിലേക്ക് എത്തുന്നത്. ഇന്ത്യയിലാകട്ടെ മുംബൈ ഛത്രപതി ശിവജി ടെര്‍മിനലില്‍ 2011 ആണ് ആദ്യമായി ഫ്ലാഷ് മോബ് കാണുന്നത്. അതുകൊണ്ട് തന്നെ നമുക്ക് ഈ സംഗതി അത്ര സുപരിചിതമായ ഒന്നല്ല.

എന്താണ് ഫ്ലാഷ് മോബുകളുടെ പ്രസക്തി? സാമൂഹിക പ്രസക്തിയുള്ള എന്തെങ്കിലും സന്ദേശം വളരെ പെട്ടന്ന് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിപ്പിച്ച് അവരിലേക്ക് എത്തിക്കുക എന്നതാണ് ഇവയുടെ ഉദ്ദേശ്യം. രക്തദാനം, അവയവദാനം, സ്ത്രീ സുരക്ഷ, വനസംരക്ഷണം എന്നിങ്ങനെയുള്ള ആശയങ്ങളില്‍ ഊന്നി നിന്നാണ് ഫ്‌ളാഷ് മോബുകള്‍ സാധാരണ ഉണ്ടാകുന്നത്. അപ്രതീക്ഷിതമായി ആള്‍കൂട്ടത്തിനിടയില്‍ നിന്നും കുറച്ചു ആളുകള്‍ കടന്നു വന്നു സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുക എന്ന ഈ ആശയം പിന്നീട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വരെ ഉപയോഗിച്ച് തുടങ്ങി. കേരളത്തില്‍ പണ്ട് ശക്തമായിരുന്ന തെരുവുനാടകങ്ങളുടെ മറ്റൊരു രൂപം തന്നെയാണ് ഫ്‌ളാഷ് മോബുകള്‍.

പയ്യന്നൂരില്‍ നടന്ന ഫ്‌ളാഷ് മോബിനെ ചൊല്ലി ഉയര്‍ന്ന ‘ഗതാഗത കുരുക്കിനെ’ക്കുറിച്ചല്ല ലേഖനത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. ജനിച്ച അന്നു മുതല്‍ മതരാഷ്ട്രീയവികസന പരിപാടികള്‍ കാരണം ബ്ലോക്കില്‍ കുടുങ്ങുക എന്നത് ഒരു ആചാരംപോലെ സ്വീകരിക്കുന്ന നമുക്ക് പത്തു മിനിട്ടിന്റെ ഫ്ലാഷ് മോബ് (മുന്‍കൂട്ടി അനുവാദം വാങ്ങി, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയിരുന്ന ഒന്നിന്റെ) അസ്വസ്ഥത ഉണ്ടാക്കി എന്നൊക്കെ പറഞ്ഞാല്‍ ചിരിവരും ബ്രോ.

മറ്റു ചില അഭിപ്രായങ്ങള്‍ ഇപ്രകാരമുള്ളവയാണ്; എന്തിനാണ് തെരുവുകളില്‍ നൃത്തം ചെയ്യുന്നത്? കലാപ്രകടനം നടത്തണമെങ്കില്‍ അത് ‘അതിനുള്ള വേദികളില്‍’ പോരെ? എന്തിനാണ് തെരുവുകളില്‍ ചെയ്യുന്നത്? ആഹാ ഇതേ ചോദ്യം ഞാന്‍ മുമ്പും കേട്ടിട്ടുണ്ടല്ലോ. അതെ, ചുംബന സമരം നടന്നപ്പോള്‍. എന്തിനാണ് പൊതു സ്ഥലത്ത് ഉമ്മ വയ്ക്കുന്നത്? അതൊക്കെ സ്വകാര്യമായ ഇടങ്ങളില്‍ അല്ലേ ചെയ്യേണ്ടത് എന്ന്. തെരുവുകളില്‍/പൊതുസ്ഥലങ്ങളില്‍ നടക്കേണ്ടത് എന്തൊക്കെയാണ്? തെരുവുകള്‍ എന്നത് ആശയസംവാദങ്ങള്‍ക്കുള്ള ഒരിടമായി നമ്മുടെ എഴുപതുകളും എണ്‍പതുകളും അടയാളപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ചായക്കടകളും വായനശാലകളും കവലകളും ഇത്തരത്തില്‍ രാഷ്ട്രീയ സാമൂഹിക സംവാദങ്ങളാല്‍ സജീവമായിരുന്നു. ചൂടേറിയ വാഗ്വാദങ്ങള്‍ മൂലം വഴക്കും കയ്യാങ്കളിയും നടക്കാറുണ്ടെങ്കിലും ഇവ നാടിന്റെ/ രാജ്യത്തിന്റെ പ്രശ്‌നങ്ങളുടെ വിവിധ വശങ്ങളെ പുറത്തുകൊണ്ടുവന്ന ഒരു പ്രക്രിയയായിരുന്നു. തെരുവുകളില്‍ ആയിരുന്നു അന്ന് രാഷ്ട്രീയ പ്രസംഗങ്ങള്‍ നടന്നിരുന്നത്. കേള്‍വിക്കാര്‍ ഉണ്ടോ എന്നതിലുപരി ആശയങ്ങളെ പ്രകടപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. മദ്യവര്‍ജ്ജനത്തിനുള്ള ആഹ്വാനങ്ങള്‍, സുവിശേഷ പ്രസംഗങ്ങള്‍ എന്നിവയും വഴിയോരപ്രസംഗങ്ങളുടെ ഭാഗം തന്നെ ആയിരുന്നു താനും. അപ്പോള്‍ തെരുവുകളില്‍ നിരന്തരമായ ഒരു ഇടപെടല്‍ നടക്കുന്നുണ്ട്. അല്ലെങ്കില്‍ നടന്നിരുന്നു എന്നത് സുനിശ്ചിതം. മലയാളി യുവത്വം ജോലികള്‍ക്കും പഠനത്തിനുമായി കേരളത്തിന്/ ഗ്രാമത്തിനു പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് ഈ തെരുവുകളിലെ കൂട്ടങ്ങള്‍ ഇല്ലാതെയാകുന്നത്. പിന്നീട് അങ്ങോട്ട് അമ്പതുകഴിഞ്ഞ ആളുകളുടെ സ്ഥലമായി മാറി തെരുവുകളും പൊതുസ്ഥലങ്ങളും. വായനശാലകള്‍ പോലും ജോലിയില്‍ നിന്ന് പിരിഞ്ഞ ഒരുകൂട്ടം ആളുകളുടെ മാത്രം ഇടമായി തീര്‍ന്നു. പതുക്കെ നഗരവത്കരണം സ്വീകരിച്ച ഗ്രാമങ്ങളിലെ ചായക്കടകളില്‍ ‘കടവും രാഷ്ട്രീയവും പറയരുത്’ എന്ന ചുമരെഴുത്ത് പതിഞ്ഞു. എന്റെ് വീടും ഭാര്യയും തട്ടാനും മതിയെന്ന അപകടകരമായ സ്വാര്‍ത്ഥത നമ്മുടെ മുദ്രാവാക്യമായി.

നാണക്കേടോടെ പറയട്ടെ; ആ പെണ്‍കുട്ടിയുടെ കരണത്തടിച്ചത് നാമോരോരുത്തരുമാണ്
ഫ്ലാഷ് മോബ്: തല്ലിയത് അമ്മയെന്നുള്ള പ്രചരണം തെറ്റ്- ഡിവൈഎഫ്ഐ നേതാവ്
ഫ്ലാഷ് മോബിനിടയിലെ കരണത്തടി; ഒരമ്മയ്ക്ക് പറയാനുള്ളത്

എണ്‍പതുകളുടെ അവസാനത്തില്‍ പോലും കേരള ശാസ്ത്ര സാഹിത്യപരിഷത് പോലുള്ള സംഘടനകള്‍ ശാസ്ത്ര പ്രചാരണത്തിനും, സാമൂഹികമാറ്റത്തിനും വേണ്ടി തെരുവുകളെ ഉപയോഗിച്ചിരുന്നു. പക്ഷെ തൊണ്ണൂറുകളുടെ മധ്യത്തില്‍ ഇത്തരം പ്രചാരണങ്ങള്‍ പതുക്കെ ഓഡിറ്റോറിയങ്ങളുടെ ഉള്ളിലേക്ക് മാറി. പൊതുസമൂഹത്തിന്റെ ഭാഗമായ തെരുവുകളില്‍ നിന്ന് ആവശ്യമുള്ളവര്‍/ക്ഷണിക്കപ്പെട്ടവര്‍ വന്ന് കാണട്ടെ എന്ന ആശയത്തിലേക്ക് മാറിയത് കേരള സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റം വലുതായിരുന്നു. ഇതേ ആശയമാണ് ‘അതൊക്കെ അതിനുള്ള സ്ഥലത്ത് വേദിയില്‍ നടത്തിയാല്‍ പോരെ’ എന്ന ചോദ്യത്തിന്റെ അടിസ്ഥാനം. അതായത് എല്ലാവര്‍ക്കും സൗകര്യമുള്ള സ്ഥലത്ത് നല്ല സ്‌റ്റേജില്‍, സദസ്സിനു വേണ്ടി ധാരാളം കസേരകള്‍ ഒക്കെ നിരത്തി സ്വസ്ഥമായി ‘ആസ്വദിക്കാന്‍’ സാധിക്കുന്ന തരത്തില്‍ നടത്തിയാല്‍ ഞങ്ങളൊക്കെ വന്നു കണ്ടു സംതൃപ്തി അടയുകയില്ലായിരുന്നോ എന്ന്. തെരുവുകള്‍ ഇത്തരം ആശയങ്ങളില്‍ നിന്നൊക്കെ ഒഴിച്ച് നിര്‍ത്തണം എന്ന് ഒരപേക്ഷയും കൂടെ വയ്ക്കുന്നുണ്ട് ഇവര്‍. കാരണം അത് അവര്‍ക്കു നടക്കാനും, സഞ്ചരിക്കാനും വേണ്ടി ‘ടാക്‌സ്’ നല്‍കി നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആണല്ലോ. ചുംബന സമര സമയത്തും, തെരുവില്‍ നടക്കുന്ന സദാചാര പോലീസിങ്ങിനെ എതിര്‍ക്കുമ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന ന്യായം തെരുവില്‍ ആണോ നിങ്ങളുടെ പേക്കൂത്ത് എന്നാണ്. തെരുവുകള്‍ ഞങ്ങളുടെ അമ്മയ്ക്കും ഭാര്യക്കും മകള്‍ക്കും പെങ്ങള്‍ക്കും ‘മാന്യതയോടെ’ നടക്കാന്‍ ഉള്ളതാണ്. അവര്‍ ഇത്തരം കാഴ്ചകള്‍ കണ്ടു മുഖം തിരിക്കേണ്ടി വരുന്ന അവസ്ഥയെന്നാല്‍ അത് ഞങ്ങളുടെ ആണത്തത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്(ഇതേ നിലപാടുള്ള മഹിളാമണികളെയും ഉള്‍പ്പെടുത്തിയാണ് പറയുന്നത്).

തെരുവുകളില്‍ ശരീരം കൊണ്ട് പ്രതികരിക്കുക എന്നത് അശ്ലീലമായ ഒന്നായി മലയാളികള്‍ പൊതുവില്‍ വിലയിരുത്തുന്നു. രണ്ടായിരത്തി നാലില്‍ ഡിഗ്രി പ്രവേശനത്തിന് തിരുവനന്തപുരം മാര്‍ ഇവനോയിസ് കോളേജിന്റെ പ്രിന്‍സിപ്പലിന്റെ മുറിക്കു മുന്നില്‍ കയ്യില്‍ അന്നത്തെ പത്രവുമായി നിന്ന എന്നോട് ഉടനെ തന്നെ എന്റെ സഹപാഠി ആകേണ്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പത്രത്തിലെ ഒരു ഫോട്ടോ ചൂണ്ടികാട്ടി പറഞ്ഞു; ‘ കണ്ടോ, ഇങ്ങനെ ഇരിക്കാനാണ് ഇവളുമാരൊക്കെ സമരം എന്ന് പറഞ്ഞു പോണത്. ദേ നിന്നെ എങ്ങാന്‍ ഇങ്ങനെ കണ്ടാല്‍ ഉണ്ടല്ലോ’ പേടിയോടെ ആ കുട്ടി തലയാട്ടി. പോലീസ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്ന സുഹൃത്തിനെ പൂണ്ടടക്കം പിടിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു അത്. പത്രവും സമരവും ഏതെന്നു മറന്നതിന് ക്ഷമ. ഞാന്‍ വളരെ ആവേശത്തോടെ കണ്ട ഒരു ചിത്രമായിരുന്നു അത്. എന്ത് വന്നാലും സുഹൃത്തിനെ-അത് ഒരു പുരുഷസുഹൃത്ത് ആയിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലലോ- പോലീസിനു കൊടുക്കില്ല എന്ന നിശ്ചയത്തോടെയുള്ള പെണ്കുട്ടി. സമരങ്ങളില്‍ പങ്കെടുക്കുന്ന പെണ്‍ ശരീരങ്ങളെ ഒരു മധ്യവര്‍ഗ സമൂഹം കാണുന്നത് അശ്ലീലമായാണ്. അതുകൊണ്ടാണ് സമരത്തിനിടയില്‍ ആളുകള്‍ ശരീരസുഖം ലഭിക്കാനാണ് വരുന്നത് എന്ന വികലമായ മനഃസ്ഥിതി മലയാളിയുടെ മനസിന്റെ പ്രതിനിധാനമാണ്.

കുറച്ചുകാലം മുന്നേ കേരളാ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവ് പിടിച്ചടക്കുക എന്ന മുദ്രാവാക്യവുമായി രാത്രി നടത്തിയ പെണ്‍കൂട്ടായ്മയെയും സമരത്തെയും നാം സ്വീകരിച്ചത് ഇതേപോലെ തന്നെ ആയിരുന്നു. തുറന്ന സ്ഥലത്ത്, കൈകള്‍ സ്വതന്ത്രമായി ചലിപ്പിച്ച് നടക്കുക എന്നത് തന്നെ ‘കുടുംബത്തില്‍ പിറക്കാത്തിടത്താണ്’ പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്നത്. അതും ‘ഗതാഗതത്തെ തടഞ്ഞുകൊണ്ട്’. തൃശൂരില്‍ നടന്ന സിപിഐഎം സമ്മേളനത്തില്‍ ശ്രീമതി ടീച്ചര്‍ നൃത്തം ചെയ്തതിനെ എത്ര അപഹാസ്യമായ ഒന്നായാണ് മലയാളം മാധ്യമങ്ങളടക്കം കൈകാര്യം ചെയ്തത് എന്നോര്‍ക്കുക. ഒരു സ്ത്രീ കൈകള്‍ ഉയര്‍ത്തി എങ്ങിനെ ഒരു വേദിയില്‍ അതും ഒരു വനിതാ നേതാവ് എന്ന കപടസദാചാര ബോധമാണ് തിരുവാ എതിര്‍വ മുതലായ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് ഉണ്ടായത്. പൊതുവേദികളില്‍ തിരുവാതിരക്കളിയോ മറ്റു ശാസ്ത്രീയ നൃത്തങ്ങളോ വരെ നാം സഹിക്കും. അശ്ലീലമെന്ന പേരില്‍ സിനിമാറ്റിക് ഡാന്‍സിനെ കോളേജുകളില്‍ നിന്ന് പടിയടച്ചു പിണ്ഡം വച്ച മലയാളികള്‍ക്ക് മുന്നിലാണോ ഫ്ലാഷ് മോബ് എന്ന പുതിയ ‘അശ്ലീലം’?

പയ്യന്നൂരിലെ പ്രശ്‌നത്തിലേക്ക് വന്നാല്‍, ഒരു പൊതുനിരത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ നിയമം ആവശ്യപ്പെടുന്ന അനുവാദങ്ങളും, കരുതലുകളും എടുത്തു കൊണ്ട് അവതരിപ്പിക്കപ്പെട്ട ഒന്നായിരുന്നു എന്ന് പോലീസും ദൃക്‌സാക്ഷികളും പറയുന്നു. അപ്പോള്‍ ആ സ്ത്രീ അത്തരത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ കാരണമെന്തായിരുന്നു? ആദ്യം കേട്ട കഥകളില്‍ മകളുടെ അഴിഞ്ഞാട്ടം കണ്ട് ഹൃദയം നുറുങ്ങിയ അമ്മയായിരുന്നു അവര്‍. പിന്നീട് അവര്‍ വഴിയാത്രക്കാരിയായ ഒരു സ്ത്രീ ആണെന്നു പുറത്തുവന്നു. അമ്മയാണെങ്കില്‍ തന്നെ കൗമാരക്കാരിയായ കുട്ടിയെ തല്ലാന്‍ അവകാശം ഉണ്ടോ? തിരിച്ചു കിട്ടില്ല എന്ന പൂര്‍ണബോധ്യത്തില്‍ നിന്നാണല്ലോ നമ്മുടെ കുട്ടികളെ അവരുടെ ‘തെറ്റുകള്‍ക്ക് ‘ തല്ലാന്‍ അച്ഛനമ്മമാര്‍ ധൈര്യം കാണിക്കുന്നത്. അവിടെയാണ് ഷെഫീക്കുമാര്‍ ആശുപത്രി കിടക്കയില്‍ ആകുന്നത്. ആ അധികാരം നിയമം മൂലം തടയുന്ന രാജ്യങ്ങളില്‍ നിന്നും കുട്ടികളെ നാട്ടില്‍ കാലുകുത്തുന്ന സമയത്ത് അടിച്ച ഒരു അച്ഛനെക്കുറിച്ച് വായിച്ചതോര്‍ക്കുന്നു. കുട്ടി ആ രാജ്യത്ത് വച്ച് ചെയ്ത തെറ്റിന് അടിക്കാന്‍ സാധിക്കാതെ വന്ന അച്ഛന്‍ അവധിക്കാലത്ത് ഇന്ത്യയില്‍ കാലു കുത്തുന്നവരെ കാത്തിരുന്നു. ഹായ് എത്ര നിസ്വാര്‍ത്ഥമായ മാതാപിതാ സ്‌നേഹം അല്ലേ? ഇതെല്ലാം കുട്ടികളുടെ ‘നന്മക്കു’ വേണ്ടിയാണല്ലോ എന്നോര്‍ക്കുമ്പോഴാണു സമാധാനം.

ഇനി അമ്മയല്ല എന്നിരിക്കട്ടെ, അപ്പോള്‍ ആ ഫ്‌ളാഷ് മോബ് കൊണ്ട് നഷ്ടമായെന്നു പറയുന്ന അഞ്ചോ പത്തോ നിമിഷങ്ങള്‍ ആയിരിക്കുമോ അടിക്കാന്‍ അവരെ പ്രേരിപ്പിച്ചത്? അതോ തനിക്കു ഒരിക്കലും ചെയ്യാന്‍ സാധിക്കില്ല എന്ന് നിരാശയുള്ള ഒന്ന് വളരെ അനായാസമായി ഒരു പെണ്‍കുട്ടി ചെയ്യുന്നത് കണ്ടതിലുള്ള പ്രശ്‌നമോ? അതോ തല്ലി അങ്ങ് നേരെയാക്കിയേക്കാം എന്ന അധികാരമോ? എന്തായാലും കപടമധ്യവര്‍ഗ സദാചാര പുരുഷാധിപത്യ മലയാളി സമൂഹത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിക്ക് യോഗ്യതന്നെ അവര്‍. അവരോടൊപ്പം ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ നടത്തിയവരും.

മറ്റൊരു വ്യക്തിക്ക് വേദന ഉണ്ടാകുമ്പോള്‍ നന്നായി എന്നു പറയുന്ന ഒരു വികാരം എത്ര ഹീനമാണ്. ചിലപ്പോള്‍ നമുക്ക് ദേഷ്യമുള്ള ഒരാള്‍ക്ക് അപകടം പറ്റി എന്ന വാര്‍ത്ത ആദ്യ കേള്‍വിയില്‍ നമ്മളെ സന്തോഷിപ്പിച്ചേക്കാം. പക്ഷെ ഉടന്‍ തന്നെ കഷ്ടം എന്ന് തോന്നിയില്ലെങ്കില്‍ മാനവികത എന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ത്ഥം? ലഗേ രഹോ മുന്നാഭായ് എന്ന ചിത്രത്തില്‍, താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന ഒരു വ്യക്തി നല്ലവനാണോ എന്ന് പരിശോധിക്കാന്‍ സഹായം ആവിശ്യപ്പെടുന്ന ഒരു പെണ്‍കുട്ടിയോട് അയാള്‍ തന്നെക്കാള്‍ താഴ്ന്ന സാഹചര്യങ്ങളില്‍ ഉള്ള ഒരാളോട് എങ്ങനെയാണ് പെരുമാറുന്നത് എന്നത് ശ്രദ്ധിക്കാന്‍ ആണ് മുന്നാഭായ് പറയുന്നത്. അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കാന്‍ ആവിശ്യപ്പെടുമ്പോള്‍, അവരുടെ വേദനകൂടി പരിഗണിക്കാന്‍ നാം ബാധ്യസ്ഥരാണ്. മറ്റൊരാള്‍ക്ക് കിട്ടിയ മര്‍ദ്ദനത്തെ കണ്ടു രസിക്കുകയും, അത് നന്നായി എന്ന് അര്‍മ്മാദിക്കുകയും ചെയുന്നവര്‍ സമൂഹത്തിന്റെ കാന്‍സര്‍ ആണ്.

പ്രത്യേക പരാമര്‍ശം:ഫ്ലാഷ് മോബുകള്‍ നിര്‍മിക്കുന്ന ഗതാഗത കുരുക്കിനെ കുറിച്ച് വാചാലരായവര്‍ ആറ്റുകാല്‍ പൊങ്കാലയും, നബിദിന റാലികളും, കുരിശിന്റെ വഴിയും, മറ്റു കോടാനുകോടി ദൈവങ്ങളുടെ ആരാധാന റാലികളും ഉണ്ടാക്കുന്ന മാര്‍ഗ തടസം നീക്കാന്‍ കോടതികളില്‍ പരാതി നല്‍കുമെന്ന് വിശ്വസിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളെ മനപൂര്‍വം ഒഴിവാക്കിയത് തന്നെയാണ്. ഒരു ജനാധിപത്യ രാജ്യത്ത് ദൈവങ്ങളെക്കാള്‍ ആവിശ്യം രാഷ്ട്രീയത്തിനാണ് എന്നു ബോധ്യമുള്ളതു കൊണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍