UPDATES

ഫ്‌ളെക്‌സി സംവിധാനവുമായി റെയില്‍വേ; ടിക്കറ്റ് നിരക്ക് 50 ശതമാനത്തിലേറെ വര്‍ദ്ധിപ്പിക്കുന്നു

അഴിമുഖം പ്രതിനിധി

രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിലെ അടിസ്ഥാനടിക്കറ്റ് നിരക്കുകള്‍ അമ്പതുശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ച് റെയില്‍വേ. വിമാനക്കമ്പനികള്‍ സീസണുകള്‍ അനുസരിച്ച് യാത്രാക്കൂലിയില്‍ മാറ്റങ്ങള്‍ വരുത്തുന്ന ഫ്‌ളെക്‌സി നിരക്കു സംവിധാനം ട്രെയിനുകളിലും കൊണ്ടുവരുകയാണു റെയില്‍വേ മന്ത്രാലയം. ഇതിന്റെ ആദ്യഘട്ടമായാണ് പ്രീമിയം ട്രെയിനുകളില്‍ വരുത്തിയിരിക്കുന്ന നിരക്കു പരിഷ്‌കാരം. പുതിയ വര്‍ദ്ധനവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

പ്രീമിയം ട്രെയിനുകളില്‍ ആദ്യം ബുക്ക് ചെയ്യുന്ന പത്തുശതമാനം യാത്രക്കാര്‍ക്കു നിലവിലെ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധ്യമാകും. ബാക്കിയുള്ള 90 ശതമാനം ടിക്കറ്റുകളും ബുക്ക് ചെയ്യുമ്പോഴും അടിസ്ഥാന നിരക്കില്‍ പത്തുശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും. ആയതിനാല്‍, ഈ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന പകുതിയിലേറെ യാത്രക്കാരും നിലവിലെ യാത്രാനിരക്കില്‍ നിന്നും അമ്പതുശതമാനം കൂടുതല്‍ നല്‍കേണ്ടി വരും. തത്കാല്‍ ബുക്കിംഗ് ആവശ്യമുള്ളവര്‍ക്ക് അമ്പതുശതമാനം അധികം പണം നല്‍കി ടിക്കറ്റെടുക്കാം. എന്നാല്‍ ഇവരില്‍ നിന്നും തത്കാല്‍ ചാര്‍ജ് ഈടാക്കില്ല.

രാജധാനിയിലും തുരന്തോയിലും സെക്കന്‍ഡ്, സ്ലീപ്പര്‍, സ്ലീപ്പര്‍, തേര്‍ഡ് എസി, ടു എസി ടിക്കറ്റുകള്‍ക്കും ശതാബ്ദി ട്രെയിനുകളിലെ ചെയര്‍കാര്‍ സീറ്റിനുമാണ് നിരക്കുവര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് എസി, എക്‌സിക്യൂട്ടീവ് നിരക്കുകളില്‍ മാറ്റം ഉണ്ടാകില്ല.

ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ഇതിന് ആനുപാതികമായി സേവന നികുതിയും നല്‍കേണ്ടി വരും. ഏറ്റവും ഒടുവില്‍ എത്ര നിരക്കിലാണോ ടിക്കറ്റുകള്‍ക്ക് ചാര്‍ജ് ഈടാക്കിയിരിക്കുന്നത് ആ നിരക്കായിരിക്കും തത്‌സമയ ടിക്കറ്റിനും ഈടാക്കുക. ചാര്‍ട്ട് തയ്യാറാക്കുന്ന സമയത്ത് ഒഴിവു വരുന്ന സീറ്റുകള്‍ തത്‌സമയ ബുക്കിംഗിനായി മാറ്റിവയ്ക്കും.

തത്കാല്‍ ക്വോട്ടയില്‍ മാറ്റങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ സെക്കന്‍ഡ് സിറ്റിംഗ്, സ്ലീപ്പര്‍, സെക്കന്‍ഡ് എസി, തേര്‍ഡ് എസി, ചെയര്‍കാര്‍ ടിക്കറ്റുകള്‍ക്ക് അടിസ്ഥാനനിരക്കിന്റെ ഒന്നരമടങ്ങി തത്കാല്‍ ടിക്കറ്റുകള്‍ക്കായി നല്‍കേണ്ടി വരും.

ടിക്കറ്റ് ചാര്‍ജ് ഉയരുന്നതിനനുസരിച്ച് ആ വിവരം യാത്രക്കാരെ അറിയിക്കും. ഓരോ ട്രെയിനിലും ഓരോ ക്ലാസിലും ഏറ്റവുമൊടുവില്‍ ഈടാക്കിയ തുക ടിക്കറ്റില്‍ രേഖപ്പെടുത്തും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍