UPDATES

സിനിമ

എംടിക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ? അതോ ബി ആര്‍ ഷെട്ടിയാകുമോ?

2019 ജൂലൈയില്‍ രണ്ടാമൂഴത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വിവാദത്തിന് തുടക്കം കുറിക്കുന്നത്.

മഹാഭാരതത്തെ അടിസ്ഥാനമാക്കി എം ടി വാസുദേവന്‍ നായര്‍ രചിച്ച രണ്ടാമൂഴം സിനിമയാകുന്നു എന്ന വാര്‍ത്ത ആവേശത്തോടെയായിരുന്നു മലയാളികള്‍ ഏറ്റെടുത്തത്. 2011 ലാണ് സിനിമ സംബന്ധിച്ച ആദ്യ റിപ്പോര്‍ട്ട് പുറത്തുവന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ഹരിഹരന്‍ ചിത്രം തയ്യാറാക്കുന്നെന്നായിരുന്നു അദ്യ വാര്‍ത്തകള്‍. 2017 ല്‍ വി എ ശ്രീകുമാര്‍ മേനോന്‍ ചിത്രം വീണ്ടും പ്രഖ്യാപിച്ചു. ഭീമനായി മോഹന്‍ലാല്‍ തന്നെ വെള്ളിത്തിരയിലെത്തുമെന്ന് തന്നെയായിരുന്നു അപ്പോഴത്തെയും റിപ്പോര്‍ട്ടുകള്‍. പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടിയുടെ നിര്‍മാണത്തില്‍ 1000 കോടി മുതല്‍ മുടക്കില്‍ ചിത്രം തയ്യറാവുമെന്നായിരുന്നു പ്രഖ്യാപനം. ഭീമന്റെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ഫാന്‍ പോസ്റ്ററുകളും പുറത്തുവിട്ടു.

എന്നാല്‍ ഒരിടവേളയക്ക് ശേഷം രണ്ടാമുഴം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ‘രണ്ടാമൂഴ’ത്തെ അടിസ്ഥാനമാക്കി എടുക്കുന്ന മഹാഭാരതത്തില്‍ നിന്നും എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു എന്ന വാര്‍ത്ത അമ്പരപ്പോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നതാണ് പിന്തിരിപ്പിച്ചതെന്നും എം ടി പറയുന്നു. തിരക്കഥ തിരികെ ലഭിക്കുന്നതിനായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. സിനിമയ്ക്കായി താന്‍ കൈപ്പറ്റിയ പണം തിരക്കഥ ലഭിക്കുന്ന മുറയ്ക്ക് തിരികെ നല്‍കുമെന്നും എംടി പറയുന്നു. മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി. മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വര്‍ഷം കൂടി സമയം നീട്ടി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഹര്‍ജിയില്‍ എം ടി പറയുന്നു.

2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന ബി ആര്‍ ഷെട്ടിയുടെ പ്രഖ്യാപനം വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വിവാദത്തിന് തുടക്കം കുറിക്കുന്നത്. രണ്ടാമൂഴം ഏഷ്യയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കിയായിരുന്നു ബി ആര്‍ ഷെട്ടിയുടെ പ്രഖ്യാപനം. മോഹന്‍ലാലിന് പുറമെ അമിതാബ് ബച്ചന്‍ ഉള്‍പ്പെടെ വന്‍ താരനിര ചിത്രത്തിന്റെ ഭാഗമാവുമെന്നായിരുന്നു പ്രഖ്യാപനം. വൈകാതെ ഒരു വലിയ ചടങ്ങില്‍, ആഘോഷപൂര്‍വ്വം ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ചിംഗ് സംഘടിപ്പിക്കുമെന്നും ബി.ആര്‍.ഷെട്ടി അന്ന് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ചിത്രം രാഷ്ട്രീയ വിവാദത്തിലും സ്ഥാനം പിടിച്ചിരുന്നു. മഹാഭാരതം എന്ന പേരില്‍ ചിത്രം പ്രഖ്യാപിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ചിത്രത്തിന് മഹാഭാരതം എന്ന പേര് നല്‍കരുതെന്നും സിനിമ കാണുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം. എംടിയുടെ ‘മനോവൈകല്യങ്ങള്‍’ക്ക് മഹാഭാരതമെന്ന് പേര് ഉപയോഗിക്കരുതെന്ന് രൂക്ഷ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറും രംഗത്തെത്തി. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയതോടെയാണ് ഈ വിവാദത്തിന് അവസാനമായത്. നിര്‍മാതാവ് ബി ആര്‍ ഷെട്ടിയെ വിളിച്ചായിരുന്നു പ്രധാനമന്ത്രി പിന്തുണയറിയിച്ചത്.

എന്നാല്‍ എം ടിയുടെ പിന്‍മാറ്റത്തോടെ രണ്ടാമൂഴത്തിന്റെ ഭാവി സംബന്ധിച്ച് ചര്‍ച്ചകളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഹരിഹരന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം നിരവധി ഹിറ്റ് കുട്ടുകെട്ടുകള്‍ പിറന്ന പഴയ സഖ്യത്തിലേക്ക് തിരിയുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

എന്നാല്‍ ചിത്രവുമായി മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നാണ് എംടിയുടെ അപ്രതീക്ഷിത നീക്കത്തിന് പിറകെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ പ്രതികരണം. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ചിതം വൈകാന്‍ ഇടയാക്കിയത്. എംടിയെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും, എംടി യെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചു. മുന്‍പ് സ്ഥിരമായി എംടി സാറിനെ കാണുകയോ, അല്ലെങ്കില്‍ ഫോണ്‍ വഴി അദ്ദേഹത്തെ പ്രോജക്റ്റിന്റെ പുരോഗതിയെ കുറിച്ച് അറിയിക്കുകയോ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചില തിരക്കുകള്‍ മുലം ഇതില്‍ വീഴ്ചവന്നു. ഇതായിരിക്കാം അദ്ദേഹം നിയമനടപടിക്ക് നീങ്ങാന്‍ കാരണമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി തയ്യാറാക്കുന്ന ഒടിയന്‍ എന്ന തന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ തിരക്കുകളും പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള രണ്ടാമുഴം വൈകുന്നതിന് കാരണമായെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കുമെന്നും സംവിധായകന്‍ പറയുന്നു. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്ന സൂചകളും അദ്ദേഹം നല്‍കുന്നുണ്ട്.

അതേസമയം തിരക്കഥ വിഷയമല്ലെന്നും സിനിമയുമായി മുന്നോട്ട് പോവുമെന്നുമായിരുന്നു നിര്‍മാതാവും വ്യവസായിയുമായ ബി ആര്‍ ഷെട്ടിയുടെ പ്രതികരണം. ഷെട്ടിയുടെ ഈ വാക്കുകള്‍ക്ക് പിന്നാലെ എം ടിയുടെ തിരക്കഥ സിനിമയാക്കാന്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി വിധി വന്നു കഴിഞ്ഞു.

എന്നാല്‍ വിഷയത്തില്‍ മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കണം. തന്റെ അഭിമാന പ്രൊജക്ടായി മോഹന്‍ലാല്‍ പല അഭിമുഖങ്ങളിലും വിശേഷിപ്പിച്ച രണ്ടാമൂഴം ഒരു സ്വപ്നമായി അവശേഷിക്കുമോ? മഹാസാഹിത്യകാരന് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ?

മോഹന്‍ലാല്‍ ഭീമനാകുന്നതില്‍ എന്താണ് പ്രശ്നം?

‘തിരക്കഥ ആരുടെതെന്ന് വിഷയമല്ല’; രണ്ടാമൂഴവുമായി മുന്നോട്ടു പോകുമെന്ന് നിർമാതാവ് ബിആർ ഷെട്ടി

‘രണ്ടാമൂഴം’ തിരക്കഥ സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍