UPDATES

യാത്ര

2019 വരെ എന്തുകൊണ്ട് താജ് മഹലില്‍ പോകരുത്; 2018ല്‍ എവിടെയൊക്കെ പോകരുത്: ഫൊഡോര്‍ ട്രാവല്‍ ഗൈഡ്

വെനീസിലും ആംസ്റ്റര്‍ഡാമിലുമെല്ലാം ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം മടുപ്പിക്കുന്നതാണെന്നും ഈ സ്ഥലങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും ഉചിതമെന്നും ഫൊഡോര്‍ യാത്രക്കാരെ ഉപദേശിക്കുന്നു.

ഓരോ സീസണിലും സഞ്ചാരികള്‍ക്ക് പോകാന്‍ അനുയോജ്യമായ സ്ഥലങ്ങളെപ്പറ്റി പലരും പറയാറുണ്ട്. എന്നാല്‍ 2018ല്‍ സഞ്ചാരികള്‍ പോകരുതാത്ത ചില സ്ഥങ്ങളെ പറ്റിയാണ് ഫൊഡോര്‍ ട്രാവല്‍ ഗൈഡ് പറയുന്നത്. സുരക്ഷാപ്രശ്‌നങ്ങളുള്ള സ്ഥങ്ങളും അമിതമായ തിരക്ക് മൂലം അലോസരമുണ്ടാക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും ഫൊഡോറിന്റെ പട്ടികയിലുണ്ട്. അതില്‍ താജ് മഹലും ഉണ്ടെന്നതാണ് ശ്രദ്ധേയം. 2019 ആദ്യം വരെയുള്ള കാലത്തേയ്ക്ക് താജ് മഹല്‍ സന്ദര്‍ശിക്കാതിരിക്കുന്നതായിരിക്കും ഉചിതമെന്ന് പറയുന്ന ഫൊഡോര്‍ ട്രാവല്‍ ഗൈഡ് ഇതിനുള്ള കാരണവും പറയുന്നു. വെനീസിലും ആംസ്റ്റര്‍ഡാമിലുമെല്ലാം ടൂറിസ്റ്റുകളുടെ തള്ളിക്കയറ്റം മടുപ്പിക്കുന്നതാണെന്നും ഈ സ്ഥലങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും ഉചിതമെന്നും ഫൊഡോര്‍ യാത്രക്കാരെ ഉപദേശിക്കുന്നു.

ഫൊഡോറിന്റെ നോ ലിസ്റ്റിലുള്ള കേന്ദ്രങ്ങള്‍ ഇവയാണ്:

ഗാലപാഗോസ്, ഇക്വഡോര്‍ – ഇവിടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണം ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

താജ് മഹല്‍ – 369 വര്‍ഷം മുമ്പ് നിര്‍മ്മിച്ച താജ് മഹലിന് ഇതാദ്യമായി സമ്പൂര്‍ണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഒരു തരം മഡ് പേസ്റ്റ് ഉപയോഗിച്ചാണ് ക്ലീനിംഗ് നടത്തുന്നത്. ചളിനിറത്തിലുള്ള ഒരു താജ് മഹലിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അങ്ങോട്ട് പോകാതിരിക്കുന്നതായിരിക്കും നല്ലത്. 2019 ആദ്യം വരെയെങ്കിലും കാത്തിരിക്കൂ.

ഫാംഗ് എന്‍ജിഎ പാര്‍ക്ക്, തായ്‌ലന്റ് – തായ്ലന്റിലെ പല ബീച്ചുകളിലും വലിയ തിരക്ക് വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നു. ഈ ബീച്ചുകളെ പഴയ സ്ഥിതിയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ തല്‍ക്കാലം വഴി മാറി പോകുന്നതാണ് നല്ലത്.

മ്യാന്‍മര്‍ – ന്യൂനപക്ഷമായ റോഹിങ്ക്യ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും കൂട്ടക്കൊലകളും കൊണ്ട് അശാന്തമാണ് മ്യാന്‍മര്‍ ഇപ്പോള്‍.

എവറസ്റ്റ് – 2017ല്‍ ഏഴ് പര്‍വതാരോഹകര്‍ കൊടുമുടി കയറ്റത്തിനിടെ ഇവിടെ മരിച്ചു. അപകടകരമാണ് ഇപ്പോള്‍ സ്ഥിതിയെന്നാണ് വിലയിരുത്തല്‍. മാത്രമല്ല ചിലവേറിയ ദൗത്യമാണിത് (25,000 ഡോളര്‍ മുതല്‍ 45,000 ഡോളര്‍ വരെ).

മിസോറി (യുഎസ്) – അമേരിക്കയിലെ മിസോറിയില്‍ ആഫ്രിക്കന്‍ – അമേരിക്കക്കാര്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ ശക്തമാണ്. പൊലീസും അധികൃതരും ഏറെ വിവേചനപരമായാണ് പെരുമാറുന്നത്.

ഹോണ്ടുറാസ് – മധ്യ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ് കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമാണ്. കൊലപാതക നിരക്കില്‍ വളരെ മുന്നില്‍. പണം സൂക്ഷിക്കണം.

വന്മതിലും ബീജിംഗും – ചൈന – ലോകാദ്ഭുതങ്ങളിലൊന്നായ വന്മതിലിന്റെ പല ഭാഗങ്ങളും തകര്‍ച്ച നേരിടുന്നുണ്ട്. തലസ്ഥാനമായ ബീജിംഗ് ആണെങ്കില്‍ ലോകത്ത് ഏറ്റവുമധികം വായുമലിനീകരണമുള്ള നഗരവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍