UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഷ പച്ചക്കറി; കേരളം തമിഴ്നാട്ടില്‍ നടത്തിയ പരിശോധന നിയമാനുസൃതം

Avatar

ഉണ്ണികൃഷ്ണന്‍ വി

തമിഴ്നാട്ടില്‍  നിന്നും വരുന്ന പച്ചക്കറികളിലും പഴങ്ങളിലും വന്‍തോതില്‍ കീടനാശിനികളുടെ അംശമുണ്ടെന്നത് കേരള ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമാണ് അന്യസംസ്ഥാനത്തു നടത്തിയ പരിശോധന എന്ന വാദം ഉയര്‍ത്തി വകുപ്പ് കമ്മീഷണറായ ടി വി അനുപമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള നീക്കങ്ങളും നടന്നു. ക്രോപ് കെയര്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഭക്ഷ്യസുരക്ഷാവകുപ്പ് തമിഴ്നാട്ടില്‍ നടത്തിയ പരിശോധന നിയമങ്ങള്‍ക്കു വിധേയമായിത്തന്നെയാണെന്നാണ് അഴിമുഖത്തിന് ലഭിച്ച വിവരാവകാശരേഖകള്‍ തെളിയിക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന വിഷലിപ്തമായ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചു വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2014 നവംബര്‍ 18ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിഷയത്തെക്കുറിച്ചു പഠിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന തീരുമാനമുണ്ടാവുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് ജോയിന്‍റ് കമ്മീഷണര്‍ അനില്‍ കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ ഡി ശിവകുമാര്‍, റിസര്‍ച്ച് ഓഫീസര്‍ ജി ഗോപകുമാര്‍ എന്നിവരടങ്ങിയ കമ്മിറ്റിയ്ക്കു രൂപം നല്‍കി. ഇതേത്തുടര്‍ന്ന് കേരളത്തില്‍ നടത്തിയ വിശദമായ പരിശോധനയ്ക്കു ശേഷം  2015 മെയ് അഞ്ചാം തീയതി മുതല്‍ അഞ്ചു ദിവസം തമിഴ്നാടു സന്ദര്‍ശിച്ച കമ്മിറ്റി സംസ്ഥാനത്തെ ഉദ്യോഗസ്ഥരോടൊപ്പമാണ് കേരളത്തിലേക്ക് പച്ചക്കറികളും പഴങ്ങളും കയറ്റി അയയ്ക്കുന്ന ഫാമുകളില്‍ പരിശോധന നടത്തിയത്. നാഗര്‍കോവില്‍, തിരുനെല്‍വേലി, ഡിണ്ടിഗല്‍, കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളിലെ ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍മാരും ഹോര്‍ട്ടികള്‍ച്ചര്‍  ഓഫീസര്‍, കൊടൈക്കനാല്‍ കാര്‍ഷിക യൂണിവേഴ്സിറ്റിയിലെ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ തലവന്‍ എന്നിവര്‍ സംയുക്തമായുള്ള പരിശോധനയാണ് നടത്തിയത്. 

ഇതില്‍ നിന്ന് തന്നെ തന്‍റെ നിയമപരിധിക്കുള്ളില്‍ നിന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍ പ്രവര്‍ത്തിച്ചത് എന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാവുന്നു. ഏകപക്ഷീയമായ അന്വേഷണമാണ് നടത്തിയത് എന്നു സ്ഥാപിക്കാന്‍ ക്രോപ് കെയര്‍ ഫൌണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു വാദം ഫാമുകളില്‍ പോയി നേരിട്ട് സാമ്പിളുകള്‍ ശേഖരിക്കാന്‍ അന്യസംസ്ഥാനത്തുനിന്നുള്ള സംഘത്തിന് അവകാശമില്ല എന്നായിരുന്നു.

2006 ലെ കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര നിയമം  പ്രകാരം അന്യസംസ്ഥാനത്ത് പരിശോധന നടത്തുന്നതിന് പാലിക്കേണ്ട നിയമങ്ങള്‍ പാലിച്ചു കൊണ്ട് തന്നെയാണ് കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികളെടുത്തിരിക്കുന്നതെന്ന് രേഖകള്‍ പറയുന്നു. തമിഴ്നാട്ടിലെ ഫാമുകളില്‍ പ്രവേശിച്ച് സാമ്പിള്‍ ശേഖരിക്കാന്‍ കേരളത്തില്‍ നിന്നുള്ള സംഘത്തിന് അനുമതിയില്ലെന്നതിനാല്‍  അവരുടെ സാനിധ്യത്തില്‍ പരിശോധന നടത്തിയതും സാമ്പിളുകള്‍ എടുക്കാന്‍ സഹായിച്ചതും തമിഴ്നാട്ടിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു എന്ന് വകുപ്പ് കമ്മീഷണര്‍ നേരത്തെ തന്നെ അഴിമുഖത്തോട് വ്യക്തമാക്കിയിരുന്നു.

നാഗര്‍കോവില്‍, തിരുനെല്‍വേലി, ഡിണ്ടിഗല്‍, നീലഗിരി എന്നിവിടങ്ങളിലെ ഫാമുകളില്‍ നടത്തിയ പരിശോധനയില്‍ സംഘം കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. തികച്ചും അശാസ്ത്രീയവും അമിതവുമായ കീടനാശിനി ഉപയോഗമാണ് മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ ഫാമുകളില്‍ നടക്കുന്നതെന്ന് അവര്‍ കണ്ടെത്തുകയുണ്ടായി. ഇവിടങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെങ്കദളി, മുരിങ്ങക്ക, പടവലം, വെള്ളരി, നെല്ലിക്ക, കറിവേപ്പില, കാരറ്റ്, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, കാബേജ്, കോളിഫ്ലവര്‍, വഴുതനങ്ങ, കാരറ്റ് എന്നിവയിലാണ് കൂടിയ തോതില്‍ കീടനാശിനി ഉപയോഗം എന്നും സംഘം കണ്ടെത്തി. ഉരുളക്കിഴങ്ങ് കൃഷിക്കായി നടുന്നതിന് മുന്പ് ഫോറേറ്റ്, ഇന്‍ഡോഫില്‍ എന്നീ കീടനാശിനികള്‍ മണ്ണില്‍ ചേര്‍ക്കുന്നതായും പരിശോധനാഫലങ്ങള്‍ വെളിവാക്കുന്നു.   

നിഷ്കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ മൂന്നു മുതല്‍ അഞ്ചു മടങ്ങു വരെ അധികം അളവിലാണ് കര്‍ഷകര്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് എന്നു കണ്ടെത്തിയതായി വിവരാവകാശ നിയമം പ്രകാരം ലഭിച്ച രേഖ പറയുന്നു. കൂടാതെ  നിശ്ചിത ഇടവേളകളില്‍ മാത്രം ഉപയോഗിക്കേണ്ടുന്ന കീടനാശിനികളും മറ്റും അശാസ്ത്രീയമായ രീതിയില്‍ തോന്നുംപടി ഉപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്നും പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആലംകുളത്തുള്ള ഒരു ഫാമില്‍ ആന്റിബയോട്ടിക്കുകള്‍ അടക്കം 10 തരം കീടനാശിനികള്‍ ഉപയോഗിക്കുന്നുവെന്ന് സംഘം കണ്ടെത്തി. പാലിക്കേണ്ട നിയമങ്ങള്‍ അവഗണിച്ചാണ് ഇവയൊക്കെ നടക്കുന്നതെന്നും പലയിടത്തും കാലാവധി കഴിഞ്ഞവ പോലും ഉപയോഗിക്കപ്പെടുന്നു എന്നും സംഘം കണ്ടെത്തി.

2013ല്‍ പൂനയില്‍ 23 കുട്ടികള്‍ മരിക്കാന്‍ കാരണമായ മോണോക്രോട്ടോഫോസ് എന്ന കീടനാശിനിയാണ് ഇവിടെ നെല്ലിക്ക, കറി വേപ്പില എന്നിവ കൃഷി നടക്കുന്ന ഫാമുകളില്‍ ഉപയോഗിക്കുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും  മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഇവ ഉപയോഗിക്കുന്നത്. കേരളത്തിലേക്കെത്തുന്ന ചെങ്കദളി പഴം കൃഷി ചെയ്യുന്നയിടങ്ങളില്‍ ഫ്യൂറിഡാന്‍ അപകടകരമായ അളവിലാണ് കര്‍ഷകര്‍  ഉപയോഗിക്കുന്നത്.

സാധാരണ കൃഷി രീതികളെക്കാള്‍ കൂടുതല്‍ മരുന്ന് പ്രയോഗം കൂടുതല്‍ നടക്കുന്നത് പോളിഹൌസ് കൃഷിരീതിയിലാണ് എന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇത്തരം കൃഷിരീതി അവലംബിക്കുന്ന ഫാമുകളില്‍ ഹോര്‍മോണുകള്‍ അടക്കം അനേകം ഹനികാരകമായ വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.   

അപകടകരമായ ഒരു വസ്തുത ഇവിടെ വിളവെടുപ്പിനു ശേഷവും പച്ചക്കറികളിലും പഴങ്ങളിലും മരുന്നു പ്രയോഗം നടക്കുന്നതു കണ്ടെത്തിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കോളിഫ്ലവര്‍, വഴുതനം എന്നിവ വില്‍ക്കുന്നതിനു മുന്‍പായി കീടനാശിനി കലക്കിയ ലായനിയില്‍ മുക്കി വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ വെളിവായ ഒരു വിവരം തങ്ങള്‍ ഉപയോഗിക്കുന്ന കീടനാശിനികളുടെ അപകടകരമായ വശങ്ങളെക്കുറിച്ച് പല കര്‍ഷകര്‍ക്കും അറിവില്ല എന്നുള്ളതാണ്.  കീടനാശിനി ഉല്‍പ്പാദകരുടെ വാക്കുകള്‍ക്കനുസരിച്ചാണ്  മാരകമായ പല മരുന്നുകളും ഉപയോഗിക്കുന്നത് എന്നും സംഘം കണ്ടെത്തി.  കീടനാശിനി ഉപയോഗം നിയന്ത്രിക്കുന്നതിനായി തമിഴ്നാട് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് കര്‍ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയൊന്നും കര്‍ഷകര്‍ പാലിക്കാറില്ല. ഇവരെ നിയന്ത്രിക്കുന്നത്  കീടനാശിനി നിര്‍മ്മാണ കമ്പനികള്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കായി പ്രത്യേകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രേഖകള്‍ ‘മരുന്നു കമ്പനികള്‍’ അച്ചടിച്ച് ഇറക്കിയിട്ടുണ്ട്. ഓരോ ഫാമുകള്‍ക്കായും പ്രത്യേകം കീടനാശിനി വിദഗ്ധന്‍ പോലുമുണ്ട്. ഉദ്യോഗസ്ഥരേക്കാള്‍ സ്വാധീനം ഇവര്‍ക്ക് കര്‍ഷകര്‍ക്കിടയിലുള്ളതിനാല്‍ കീടനാശിനി ഉപയോഗം നിയന്ത്രിക്കാനും സര്‍ക്കാരിനു കഴിയാതെ പോകുന്നു.

കര്‍ഷകരെ ബോധവല്‍ക്കരിക്കുക എന്നതുമാത്രമാണ് ഇതിനുള്ള പ്രധാന പരിഹാരമാര്‍ഗ്ഗം എന്ന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കീടനാശിനികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ (1968, 1971 വര്‍ഷങ്ങളിലേത്) കര്‍ശനമായി നടപ്പിലാക്കുവാന്‍ കേരളാ സര്‍ക്കാര്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ക്രോപ് കെയര്‍ ഫൌണ്ടേഷന്‍ ഒരു സര്‍ക്കാര്‍ സംഘടനയല്ലെന്നും കീടനാശിനി ഉല്‍പ്പാദകരുടേയും വിതരണക്കാരുടെയും സംഘടനയ്ക്ക് സര്‍ക്കാര്‍ വിശദീകരണം കൊടുക്കേണ്ട ആവശ്യമില്ല എന്നും തനിക്കെതിരെ നിയമനടപടികളൊന്നും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള സാമ്പിളുകളില്‍ കൂടിയ അളവില്‍ കീടനാശിനികള്‍ ഉള്ളതായി കേരള സര്‍വ്വകലാശാല കണ്ടെത്തിയില്ല എന്ന ക്രോപ് കെയര്‍ ഫൌണ്ടേഷന്‍ വാദവും കമ്മീഷണര്‍ നിഷേധിക്കുന്നു. കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്തിയ ലാബ് ടെസ്റ്റുകളുടെ ഫലം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍വ്വകലാശാലയില്‍ നിന്നും തങ്ങള്‍ക്കു അത്തരത്തില്‍ രേഖകള്‍ ലഭ്യമായില്ല എന്ന ക്രോപ് കെയര്‍ ഫൌണ്ടേഷന്‍ വാദം അതോടെ നിലനില്‍പ്പില്ലാതെയാകുന്നു.  

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

   

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍