UPDATES

Avatar

കാഴ്ചപ്പാട്

കബനി നാരായണന്‍

ന്യൂസ് അപ്ഡേറ്റ്സ്

ഉടല്‍ എന്ന ഭക്ഷണക്രമം – ഭാഗം 1

ലീ പ്രൈസ് എന്ന കലാകാരിയുടെ ചിത്രങ്ങള്‍ ഈയടുത്താണ് കാണുന്നത്. മനോഹരം. അതിലോരോന്നും എന്നെ വല്ലാതെ വലച്ച ഒരു കാലത്തെ ഓര്‍മ്മിപ്പിച്ചു. ബിഞ്ച് ഈറ്റിങ്ങ് ഡിസോര്‍ഡര്‍ ഒരുപക്ഷെ ഏറ്റവും സാധാരണവും അത്രതന്നെ അവഗണിക്കപ്പെടുന്നതുമായ ഒരു രോഗാവസ്ഥയാണ്. പ്രൈസിന്റെ ചിത്രങ്ങളെല്ലാം സ്ത്രീയും ഭക്ഷണവും എന്ന ആശയത്തെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. അവര്‍ക്കും സമാനമായ അനുഭവങ്ങളുണ്ടായിരുന്നു. ഭക്ഷണവുമായുള്ള എന്റെ  അവിഹിതബന്ധവും കുത്തിവരച്ചിടാന്‍ അതെന്നെ പ്രേരിപ്പിച്ചു.

 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായിരുന്നു ഏറ്റവും കഠിനം. ഇപ്പോള്‍ നിയന്ത്രണത്തിലാണെങ്കിലും ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെടുന്നതിനു സമാനമാണിത്. ഒരിക്കല്‍ സംഭവിച്ചുകഴിഞ്ഞാല്‍ നീണ്ട ഉറക്കങ്ങള്‍ മാത്രമേയുള്ളു. എപ്പോള്‍ വേണമെങ്കിലും ഞെട്ടിയുണര്‍ന്നേക്കാം എന്നതാണ് യാഥാര്‍ത്ഥ്യം.

 


പൂപ്പല്‍

 

ബിഞ്ച് ഈറ്റിങ്ങ് ഡിസോര്‍ഡറിന് ഒരുപാട് കാരണങ്ങളുണ്ടായേക്കാം. എന്റെ കാര്യത്തില്‍ അത് കുട്ടിക്കാലത്ത് ശരീരഭാരത്തെ സംബന്ധിച്ചുണ്ടായിരുന്ന കളിയാക്കലുകളിലാണെന്നാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പെണ്‍കുട്ടികളില്‍ പ്രത്യേകിച്ചും സ്വന്തം രൂപത്തെക്കുറിച്ചുള്ള അധമബോധം ഉണ്ടാക്കിയെടുക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് കുട്ടിക്കാലം മുതല്‍ യൌവ്വനം വരെ സാധാരണ നടക്കാറുള്ളത്. പെണ്‍ സൌന്ദര്യം എന്നതുതന്നെ വരുമാനമാര്‍ഗ്ഗം, പ്രണയജീവിതം എന്നുവേണ്ട ജീവിതത്തിലെ എല്ലാ മേഖലകളിലും അവശ്യം വേണ്ടുന്നതാണെന്നാണ് കലയും സാഹിത്യവും സിനിമയും പഠിപ്പിക്കുന്നത്. വര്‍ണ്ണനകളാല്‍ പൊറുതിമുട്ടിയാവണം പെണ്ണുടലുകള്‍ പലതും പറക്കാന്‍ മറക്കുന്നതുതന്നെ. പലരും അധികം താമസിയാതെ ഈ വ്യവഹാരത്തിന്റെ അര്‍ത്ഥശൂന്യതയെയും അപഹാസ്യതയെയും കുറിച്ച് ബോധവതികളാകാറുണ്ട്. എന്നിരുന്നാലും മനസ്സില്‍ വന്നുപതിച്ചതെല്ലാം പിന്നീട് ശരീരത്തിലേയ്ക്കും ജീവിതത്തിലേയ്ക്കും അതിന്റെ വിഷമിറക്കുക സ്വാഭാവികമാണ്. നിയന്ത്രണത്തിനതീതവും.

 


ഓക്കാനം

 

ഇക്കാരണത്താലാണ് ശരീരത്തെക്കുറിച്ചുള്ള, രൂപത്തെക്കുറിച്ചുള്ള കളിയാക്കലുകളെ സംബന്ധിച്ച് ജാകരൂഗരാകേണ്ടതും. ഒരു നിറം അല്ലെങ്കില്‍ ഒരു ശരീരപ്രകൃതം മോശമാണ് എന്ന ബോധത്തില്‍ നിന്നാണ് അതിനെ ചൊല്ലിയുള്ള തമാശകള്‍ പോലും ഉത്ഭവിക്കുന്നത്. ഉദാഹരണത്തിന് വളരെ സാധാരണമായ, എത്ര പറഞ്ഞാലും മതിവരാത്തതെന്ന് തോന്നിപ്പിക്കുന്ന ഒരു തമാശയായ ‘കുളത്തിലൊന്നും ചാടിയേക്കല്ലേ, കരിയിളകും/കാണണമെങ്കില്‍ ടോര്‍ച്ചടിക്കണം’ അതിന്റെ അനേകം വകഭേദങ്ങളും (ഫിലിം സ്കൂളില്‍ ഉണ്ടായതാണെങ്കില്‍ ‘നിന്റെ മുകളില്‍ വൈറ്റ് ബാലന്‍സ് ചെയ്യാന്‍ പറ്റില്ല, ബ്ലാക്ക് ബാലന്‍സായാലോ?’എന്നായിരുന്നു). കറുപ്പ് നിറം കളിയാക്കപ്പെടാന്‍ യോഗ്യമാണ് എന്ന കാഴ്ചപ്പാടില്‍ നിന്ന് പിറക്കുന്നതാണ്. അതിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ ഇന്ത്യയില്‍ ജാതിയും പുറത്ത് വംശവും. അതുകൊണ്ടുതന്നെ കളിയാക്കലിനു പാത്രമാകുന്നവര്‍ക്ക് പ്രശ്നമില്ല എന്നാണെങ്കില്‍പ്പോലും, അവര്‍ അത് കേട്ട് ചിരിക്കുന്നുണ്ടെങ്കില്‍പ്പോലും ഓരോ തവണ അത് പറയുമ്പോഴും ആ ആശയത്തിന്റെ വിത്തുകള്‍ പാകുകയാണ്, പലപ്പോഴും പടര്‍ന്നുപന്തലിക്കാന്‍ അനുവദിക്കുകയാണ്. ശരീരഭാരത്തെച്ചൊല്ലിയുള്ളവയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സ്ത്രീയ്ക്ക് കല്‍പിച്ചുകൊടുക്കപ്പെട്ട ഒരു രൂപത്തിനു പുറത്തുള്ളവയെല്ലാം പരിഹാസ്യയോഗ്യമാണ് എന്ന ചിന്തയാണ് അവിടെ പ്രവര്‍ത്തിക്കുന്നത്.

 


സത്യമായും അവരെന്നെ ക്ഷണിച്ചിരുന്നു

 

നിറമോ രൂപമോ ഒന്നിനും ഒരാശയത്തിനും വഴങ്ങി പെരുമാറേണ്ടതല്ലെന്ന തിരിച്ചറിവ് വരാന്‍ അധികകാലമെടുത്തില്ല. പക്ഷെ അതിനും വളരെ മുമ്പുണ്ടായ ഈര്‍ഷ്യയില്‍ പിറന്ന ഭ്രാന്തിന് പല രൂപങ്ങളായിരുന്നു.

 

ഞാനുള്‍പ്പെടെ പല സ്ത്രീകള്‍ക്കും ഭക്ഷണം ഒരേസമയം പേടിപ്പെടുത്തുന്നതും സുന്ദരവുമായ ഒരു സ്വപ്നമാണ്. രോഗാവസ്ഥക്കാലത്ത് മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതില്ലാതായി. ഇപ്പോഴും വര്‍ദ്ധിച്ച സഭാകമ്പത്തോടെയാണ് ഒരു ചങ്ങാതിക്കൂട്ടത്തോടൊപ്പമുള്ള തീന്‍കുടി. ഭക്ഷണം കഴിക്കുന്നവരെ ശ്രദ്ധിച്ച് അവരുടെ രീതികള്‍ ഓര്‍ത്തുവയ്ക്കുകയും ഭക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് പതിവായി. പലതും വച്ചുണ്ടാക്കുകയും കൊടുത്തുവിടുകയും ചെയ്ത് സ്വയം കഴിക്കാതിരിക്കലാണ് വേറൊന്ന്. അതിനുശേഷം അതീവ രഹസ്യമായുള്ള തീറ്റവെറി. ഛര്‍ദ്ദിക്കാന്‍ വരുന്നതുവരെ, അനങ്ങാന്‍ പറ്റാതാകുന്നതുവരെ. അപൂര്‍വ്വമായെങ്കിലും വയറിളക്കത്തിനുള്ള ഗുളികകള്‍ കഴിക്കുകയും കഴിച്ചതെല്ലാം ഛര്‍ദ്ദിക്കാന്‍ തൊണ്ടതോണ്ടുകയുമാവാം. ചാക്രികമായ ശരീരഭാരത്തിന്റെ വ്യതിയാനങ്ങള്‍ ശരീരത്തില്‍ പേറുകഴിഞ്ഞ പോലുള്ള പാടുകളവശേഷിപ്പിച്ചു. ഇപ്പോളവ ഒരു അതിജീവനകഥയുടെ അവശേഷിപ്പായി കരുതുന്നു. പെറ്റിട്ടത് കുറച്ച് ചിത്രങ്ങള്‍.

 


വീഴ്ച

 

ഒരു ഭക്ഷണപ്രിയയെപ്പോലെ (foodie) സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നു ഞാന്‍. അതാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഒരുപക്ഷെ ആയിരിക്കാം. ഭക്ഷണവുമായുള്ള ബന്ധത്തെ മലീമസമാക്കുന്ന, വഞ്ചന ശീലമാക്കിയ ഒരേ സമയം ഭക്ഷണത്തെ പ്രണയിക്കുകയും വെറുക്കുകയും ചെയ്യുന്ന അതിവിചിത്രമായൊരു ഭക്ഷണപ്രിയ.

 

പിന്നെ ഞങ്ങളൊരു യാത്ര പോയി

Avatar

കബനി നാരായണന്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍